അച്ഛന്റെ നവവധു (ഭാഗം ഒന്ന് )
രചന: ശാലിനി മുരളി
അന്ന് ജോലിക്ക് പോയിട്ട് വന്ന അച്ഛന്റെ ഒപ്പം അപരിചിതയായ ഒരു സ്ത്രീയെ കണ്ടു ഞങ്ങൾ മക്കൾ അമ്പരപ്പോടെ വാതിലിന്റെ മറവിൽ പതുങ്ങി നിന്നു..
അത് കണ്ട് പേരെടുത്തു ഉറക്കെ വിളിച്ചു കൊണ്ട് അച്ഛൻ ഞങ്ങളെ എല്ലാവരെയും അവർക്ക് മുന്നിലേക്ക് നിരത്തി നിർത്തി.
"മക്കളെ ഇതാരാണെന്ന് അറിയാമോ.. ഇനിമുതൽ നിങ്ങളുടെ അമ്മയാണ് ഇത്. അമ്മേ എന്ന് വിളിച്ചാൽ മതി കേട്ടോ.."
കേട്ടത് അംഗീകരിക്കാൻ ബുദ്ധിമുട്ട് തോന്നിയ അനിയൻ എന്നെ തുറിച്ചു നോക്കി. ഞാൻ ആകട്ടെ വല്യേച്ചിയെയും!
അവരുടെ മുഖത്തെ മങ്ങൽ കണ്ടപ്പോൾ ഇത് തമാശ അല്ലെന്ന് ഞങ്ങൾക്ക് തോന്നി തുടങ്ങി.
അച്ഛൻ ആകട്ടെ വേഷം മാറാനും കുളിക്കാനുമൊക്കെയായി അകത്തേക്ക് പോയിക്കഴിഞ്ഞു.ഭിത്തിയിൽ മാല ചാർത്തി സൂക്ഷിച്ച അമ്മയുടെ വലിയ ഫോട്ടോയ്ക്ക് മുന്നിൽ അവർ ഏറെ നേരം നോക്കി നിന്നു.
"നല്ല സുന്ദരി ആയിരുന്നല്ലേ അമ്മ..."
അവരുടെ ചോദ്യം കേൾക്കാത്ത മട്ടിൽ ഞങ്ങൾ ദൃഷ്ടി മറ്റെവിടെയോ കൊളുത്തി വെച്ചു.
"ഈ മോൾക്ക് അമ്മയുടെ നല്ല ഛായ ഉണ്ടല്ലോ."
ചേച്ചിയെ നോക്കിയാണ് അവരത് പറഞ്ഞത്. പക്ഷെ അത് സമ്മതിച്ചു കൊടുക്കാൻ താല്പ്പര്യം ഇല്ലാത്തത് പോലെ ഞങ്ങൾ രണ്ട് പേരും തല വെട്ടിച്ചു.
"അല്ലല്ല ഞങ്ങളും അമ്മയുടെ കൂട്ടാണ്."
ഒരു വലിയ തമാശ കേട്ടത് പോലെ അവർ ഇളകി ചിരിച്ചു..
"എനിക്ക് നിങ്ങളെ മൂന്ന് പേരെയും ഇഷ്ടപ്പെട്ടു കേട്ടോ.. എന്നെയും ഇഷ്ടപ്പെട്ടെന്ന് കരുതട്ടെ.."
എവിടുന്നോ പെട്ടെന്നൊരു സുപ്രഭാതത്തിൽ അച്ഛനോടൊപ്പം വന്ന് കേറിയ ഒരാളെ അങ്ങനെ പെട്ടന്ന് അംഗീകരിച്ചു കൊടുക്കാൻ പറ്റുമോ.
ആരും ഒന്നും മിണ്ടാതെ മുറിയിലേക്ക് പോയി.
അവർ അവിടെ പരുങ്ങി നിൽക്കുന്നത് കണ്ടെങ്കിലും ഈ പ്രശ്നം അച്ഛൻ മാത്രം സഹിച്ചാൽ മതി എന്നുള്ള ധാരണയിൽ ഞങ്ങൾ മൂവരും എത്തിച്ചേർന്നു..
അന്ന് അത്താഴം കഴിക്കാൻ വിളിച്ചത് അവരായിരുന്നു.അതുവരെ അച്ഛൻ വന്ന് വിളിച്ചു കൊണ്ട് പോയി എല്ലാവരോടുമൊപ്പം ഇരുന്ന് കഴിക്കുമ്പോൾ ആണ് സ്കൂളിലെയും കൂട്ടുകാരുടെയും ഒക്കെ വിശേഷങ്ങൾ പറഞ്ഞിരുന്നത്.
ഇന്ന് അച്ഛൻ അത് മറന്നു പോയോ ?
അതോ അവരെ ഈ ജോലി ഏൽപ്പിച്ചതാണോ ?
എന്തായാലും അച്ഛൻ വരട്ടെ.. വാശിയിൽ ഒട്ടും കുറവില്ലാത്ത ഞാൻ കട്ടിലിൽ കയറി കണ്ണും പൂട്ടി കിടന്നു..
പക്ഷെ വയർ ഒരു വല്ലാത്ത നിലവിളി തുടങ്ങിയിട്ട് കുറച്ചു നേരമായിരുന്നു.
വല്യേച്ചിയും കുഞ്ഞനിയൻ ഹരിക്കുട്ടനും ബുക്ക് തുറന്നു വെച്ചു വെറുതെ നോക്കിയിരുന്നു.
"ആഹാ മൂന്നു പേർക്കും ഇന്ന് അത്താഴം ഒന്നും വേണ്ടേ.."
അച്ഛന്റെ സ്വരം കേട്ടത്തോടെ വല്ലാത്ത ആശ്വാസമായി.
ഒന്നും മിണ്ടാതെ അച്ഛന്റെ പിന്നാലെ നടക്കുമ്പോൾ ഇന്ന് അവർ എവിടെയായിരിക്കും കിടക്കുന്നതെന്ന് ഓർത്തായിരുന്നു വല്യേച്ചിയുടെ ടെൻഷൻ.
അമ്മയുടെ കറികളുടെ ഒരു സ്വദും അവരുടെ കറികൾക്ക് തോന്നിയില്ല.അവർ വെച്ചത് കൊണ്ടാവും അച്ഛൻ താൽപ്പര്യത്തോടെ കഴിക്കുന്നുണ്ടായിരുന്നു.
ഉത്സാഹത്തോടെ അരികിൽ നിന്ന് വിളമ്പി കൊടുക്കുന്ന അവരോട് കൂടെയിരിക്കാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ ഒരു മടിയും കൂടാതെ അവർ കസേര വലിച്ചിട്ട് ഇരുന്നു.
അതോടെ വിശപ്പ് കെട്ടതു പോലെ ആയി.
പതിയെ ഓരോരുത്തരായി എഴുന്നേറ്റു കൈ കഴുകാനായി പോയി.
മുറിയിൽ എത്തിയിട്ടും ഒരു വല്ലാത്ത
നിശബ്ദത ഞങ്ങളെ വട്ടം ചുറ്റി..
ഇതുവരെ എന്ത് സ്വാതന്ത്ര്യം ആയിരുന്നു ഞങ്ങൾക്ക് ഈ വീട്ടിൽ.ഇനി എങ്ങനെ ആയിരിക്കുമോ.അവർ അമ്മയ്ക്ക് പകരം വന്നതാണെങ്കിൽ ഇവിടെ ഞങ്ങളുടെ നേർക്ക് അധികാരം കാട്ടാതിരിക്കുമോ.
അച്ഛനും അവരുടെ പക്ഷത്താണെന്ന് തോന്നുന്നു.
അടുക്കളയിൽ പാത്രം കഴുകുന്നതിന്റെ ശബ്ദ കോലാഹലങ്ങളും അച്ഛന്റെ ചിരിയും കേട്ട് വല്ലാത്ത അസ്വസ്ഥത തോന്നുന്നു.
മുറിയിൽ കൂനി പിടിച്ചിരുന്ന ഞങ്ങളുടെ അരികിൽ വന്ന് ഒരു ഗുഡ് നൈറ്റ് പറയുന്ന ശീലവും അച്ഛൻ ഉപേക്ഷിച്ചു എന്ന് തോന്നുന്നു.
ആരോടൊക്കെയോ ഉള്ള വാശി പോലെ മുറിയിലെ ലൈറ്റ് അണച്ചു വാതിൽ വലിച്ചടച്ചു. ഹരിക്കുട്ടനെ നടുക്ക് കിടത്തി ഞങ്ങൾ രണ്ട് പേരും ഇരുട്ടിലേക്ക് കണ്ണുകൾ തുറന്നു വെച്ചു..
അച്ഛൻ അന്ന് മുറിയിൽ വന്നതേയില്ല.അതോ അടച്ചു പൂട്ടിയ വാതിലിനപ്പുറം ഒരു നിമിഷമെങ്കിലും വന്ന് നിന്നിട്ടുണ്ടാവുമോ..
ഉറക്കം വരാതെ കിടക്കുമ്പോൾ അമ്മയെ കുറിച്ച് ഓർത്ത് വല്ലാത്ത സങ്കടം വന്നു.
അമ്മ ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ട് പോകേണ്ടിയിരുന്നില്ല. അതുകൊണ്ടല്ലേ ഇപ്പോൾ അച്ഛൻ ഏതോ ഒരുത്തിയെ വീട്ടിൽ പാർപ്പിക്കാൻ കൊണ്ട് വന്നത്.
അമ്മയുടെ അസുഖം കൂടി ആശുപത്രിയിൽ കിടക്കുമ്പോഴൊക്കെ ഞങ്ങളെ മൂന്ന് പേരെയും അമ്മ ചേർത്ത് പിടിച്ചു കണ്ണുനീരൊഴുക്കുമായിരുന്നു.
ഒരുപാട് നീണ്ട മുടിയുണ്ടായിരുന്ന അമ്മയുടെ തലയിൽ ഒരൊറ്റ മുടിപോലും അന്നുണ്ടായിരുന്നില്ല.
അമ്മ മരിച്ചു പോകും എന്ന് പറഞ്ഞു കരഞ്ഞപ്പോൾ അനിയൻ ഉറക്കെ നിലവിളിച്ചു.രണ്ടു പെണ്മക്കൾക്ക് ശേഷം ഉണ്ടായ ആൺ തരിയെ അമ്മയ്ക്ക് ജീവനായിരുന്നു. അച്ഛനും!
പെട്ടെന്ന് ആയിരുന്നു അമ്മയുടെ മരണം!
അത് ഒരു കണക്കിന് നന്നായി എന്നാണ് എല്ലാവരും പറഞ്ഞത്. ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നില്ലല്ലോ എന്നത് മാത്രം ആയിരുന്നു എല്ലാവരുടെയും മനസ്സിനെ സമാധാനിപ്പിച്ചത്. പക്ഷെ അമ്മയില്ലാത്ത ഒരു ജീവിതമോ വീടോ സ്വപ്നം കാണാൻ പോലും ഞങ്ങളെക്കൊണ്ട് ആവില്ലായിരുന്നു..
എപ്പോഴും എന്തിനും അമ്മേ അമ്മേ എന്നുള്ള വിളി നാവിൽ നിന്ന് വിട്ടൊഴിയാൽ ഒരുപാട് നാളുകൾ വേണ്ടി വന്നു. എന്നിട്ടും കിടക്കുന്നതിനു മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും അമ്മയുടെ മുഖം മാത്രം ആണ് മനസ്സിൽ.. അതിനിനി ആരൊക്കെ മുന്നിൽ അവതരിച്ചാലും മാറ്റമുണ്ടാവാൻ പോകുന്നില്ല.
അമ്മയുടെ വലിയ ഫോട്ടോ ചുവരിൽ തൂക്കുമ്പോൾ അച്ഛന്റെ കണ്ണുകളിൽ നിന്ന് അരുവി പോലെ കണ്ണുനീർ ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.
ആ അച്ഛൻ ആണ് ഇന്ന് ഏതോ
ഒരുത്തിയെയും കൊണ്ട് വന്നേക്കുന്നത്!
ചിന്തകൾ കൊളുത്തി വലിച്ചുകൊണ്ട് പോയൊരു ദിക്കിലെവിടെയോ വെച്ച് ഉറക്കം വന്ന് കീഴ്പ്പെടുത്തി കളഞ്ഞു!
രാവിലെ പതിവിലും വൈകിയാണ് എല്ലാവരും ഉണർന്നത്. പതിവ് പോലെ നേരെ അടുക്കളയിലേക്ക് നടക്കാൻ തുടങ്ങിയ തന്നെ ചേച്ചി പിടിച്ചു നിർത്തി.
"എവിടെക്കാ ഇത്ര ധൃതിയിൽ. അവരുടെ ആ തിരുമോന്ത കാണാനാണോ നീയിപ്പോൾ അങ്ങോട്ടേക്കൊടുന്നത്.."
ഒന്ന് നിന്നു. വീണ്ടും ചേച്ചിയെ സൂക്ഷിച്ചു നോക്കി. അങ്ങനെ അങ്ങ് വിട്ട് കൊടുക്കാൻ പറ്റുമോ.. ഇത്രയും നാൾ നമ്മുടേത് മാത്രമായിരുന്ന വീടും അടുക്കളയുമൊക്കെ ഒരു നിമിഷം കൊണ്ട് ആർക്കെങ്കിലും തീറെഴുതി കൊടുക്കാനോ ?
" ചേച്ചി ഇങ്ങോട്ട് വാ. നമുക്ക് നോക്കാം എന്താ അവിടെ നടക്കുന്നതെന്ന്.. "
വല്യേച്ചിയുടെ കയ്യും പിടിച്ചു ഞാനും അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ ആകെ മൊത്തം ഒരു മാറ്റം വന്നത് പോലെ ഒരു തോന്നൽ.
വല്ലാത്ത അടുക്കും ചിട്ടയും. അടുപ്പിൽ വേവുന്ന കടലക്കറിയുടെ മസാല ഗന്ധം അവിടെ മുഴുവനും പരന്നൊഴുകുന്നു..
മൂക്കും വിടർത്തി നിന്ന എന്നെ ശാസിക്കുന്ന
ഒരു നോട്ടം നോക്കിയിട്ട് ചേച്ചി രണ്ടു ഗ്ലാസ് എടുത്തു.
"ആഹാ നിങ്ങൾ എഴുന്നേറ്റോ. എന്നും ഇത്രയും വൈകിയാണോ എഴുന്നേൽക്കാറ്.."
ഗ്ലാസ്സിലേക്ക് ചൂട് പാൽ ചായ ഒഴിക്കുമ്പോൾ ഞാൻ അവരെ ശ്രദ്ധിച്ചു.
രാവിലെ കുളിയും തേവാരവുമൊക്കെ കഴിഞ്ഞ മട്ടുണ്ട്!
നെറ്റിയിൽ കുങ്കുമ പൊട്ടും ഭസ്മവും.. സീമന്ത രേഖയിൽ നീളത്തിൽ അണിഞ്ഞിരുന്ന കുങ്കുമത്തിന്റെ തരികൾ കണ്ണിലേക്കു അടിച്ചു കയറിയത് പോലെ ഞാൻ കണ്ണുകൾ ഒന്ന് ഞെരുടി.
മുൻപ് അമ്മയുടെ നിറുകയിൽ മാത്രമേ ഈ ചുവപ്പ് കണ്ടിരുന്നുള്ളൂ.
അമ്മയും ഇതേപോലെ രാവിലെ കുളിച്ചു കുറിയും തൊട്ടേ അടുക്കളയിൽ കയറിയിരുന്നുള്ളൂ.
ഇവർ ഞങ്ങളുടെ അമ്മയുടെ സ്വഭാവം അച്ഛനിൽ നിന്ന് മനസ്സിലാക്കിയിട്ട് ഞങ്ങളെയും അച്ഛനെയും കൈയിലെടുക്കാനുള്ള അടവാണോ??
അപ്പോഴേക്കും അച്ഛനും കുളിയും കഴിഞ്ഞു നിറഞ്ഞ ചിരിയോടെ എത്തി.
ഒരുപാട് നാളുകൾക്കു ശേഷം അച്ഛന്റെ മുഖത്തൊരു പ്രസാദം വന്നിരിക്കുന്നു !
"എന്താ രണ്ട് പേർക്കും അമ്മയെ ഇഷ്ടായോ "
ഒന്ന് തുറിച്ചു നോക്കിയിട്ട് ഞങ്ങൾ തിരികെ നടന്നു..
"ഒന്നും കാര്യാക്കണ്ട കേട്ടോ. പിള്ളേരല്ലേ കുറച്ചു സമയം എടുക്കും.."
പിന്നിൽ അച്ഛന്റെ സ്വരം കേട്ടു. കഷ്ടം തോന്നുന്നു അച്ഛന്റെ കാര്യം ഓർത്ത്. എന്ത് കണ്ടിട്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ബന്ധം..
അന്ന് നിസ്സഹകരണ മനോഭാവത്തോടെ തന്നെ ഞങ്ങൾ മൂന്ന് പേരും സ്കൂളിൽ പോയി.
ടീച്ചർ എങ്ങനെ അറിഞ്ഞുവോ ആവോ.
പുതിയ അമ്മയെ കുറിച്ച് ചോദിച്ചപ്പോൾ
"നിക്ക് ഇഷ്ടപ്പെട്ടില്ല" എന്ന് മാത്രം മറുപടി കൊടുത്തു..
സ്കൂൾ വിട്ടു തിരികെ വീട്ടിലേക്ക് പോകുമ്പോൾ ഞങ്ങൾ ഒരു പദ്ധതി ആസൂത്രണം ചെയ്തു.
അമ്മൂമ്മയുടെ വീട്ടിൽ പോവുക. വീട്ടിലേക്ക് പോകുന്ന ഭാഗത്ത് തന്നെ ആണ് അമ്മയുടെ വീടും. അവിടെ ചെന്ന് എല്ലാ സങ്കടങ്ങളും പറഞ്ഞു കഴിഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.മാമൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാതിരിക്കില്ല.
എല്ലാം കേട്ടിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ടപ്പോൾ ഒരു പന്തികേട് മണത്തു.
അവരൊക്കെ എല്ലാം അറിഞ്ഞു കഴിഞ്ഞിട്ടുണ്ടാവുമോ ടീച്ചറിനെ പോലെ !
സതീഷ് മാമൻ ഞങ്ങൾ പറഞ്ഞത് കേട്ട് അമ്മൂമ്മയെ നോക്കി ഒന്ന് ചിരിച്ചു. ഒപ്പം മാമിയും.
"മക്കളെ നിങ്ങളോട് ഒന്നും പറയാതിരുന്നത് മനഃപൂർവം അല്ല. പെട്ടന്ന് ഇതൊക്കെ അംഗീകരിക്കാൻ നിങ്ങൾക്ക് കുറച്ചു വല്ലായ്മ തോന്നും. അവളൊരു പാവമാണ്.
അപ്പൂപ്പന്റെ വകയിലുള്ള ഒരനിയത്തിയുടെ മകളാണ്. അച്ഛനും അമ്മയും തീരെ ചെറുപ്പത്തിലേ മരിച്ചു പോയി. വളർത്തിയതും പഠിപ്പിച്ചതുമൊക്കെ നിങ്ങടെ അപ്പൂപ്പൻ ആണ്.
നല്ല ഒരു കല്യാണം ഒത്തു വന്നപ്പോൾ അത് നടത്താൻ എല്ലാവരും കൂടി തീരുമാനിച്ചതാണ്. പക്ഷെ അവൾക്ക് അതിനു യോഗം ഇല്ലാണ്ട് പോയി. ആ പയ്യൻ ഒരു ആക്സിഡന്റിൽ മരിച്ചതോടെ ഇനി ഒരു കല്യാണവും വേണ്ടെന്ന് പറഞ്ഞു നിന്നതാ. ഞങ്ങളൊക്കെ ഇല്ലാതെ ആയാൽ അതിനുപിന്നെ ആരുണ്ട്. അതുകൊണ്ട് സതീഷ് ആണ് നിങ്ങടെ അച്ഛനോട് ഈ കാര്യം പറഞ്ഞത്. പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കില്ല. നിങ്ങൾക്ക് വിഷമമാവും എന്ന് പറഞ്ഞ്!
പിന്നെ അവളുടെ കഥ കേട്ടപ്പോൾ ഒരു ജീവിതം കൊടുക്കാൻ അവൻ തയാറായതാ. നിർമ്മല ഒരു പാവം കുട്ടിയാണ്. നിങ്ങളെ അവൾ പൊന്നു പോലെ നോക്കും എനിക്കുറപ്പുണ്ട്.."
അവിടെയും ഒരു രക്ഷയുമില്ല എന്ന് മനസ്സിലായതോടെ ഞങ്ങൾ തിരിച്ചു നടന്നു. ഇനി ആരോടും ഒന്നും പറഞ്ഞിട്ടും ഒരു കാര്യവുമില്ല. വരുന്നതൊക്കെ അനുഭവിക്കാനായിരിക്കും അമ്മ ഞങ്ങളെ ഇട്ടിട്ട് പോയത്.
കണ്ണുനീർ ആരും കാണാതെ തുടച്ചു കളഞ്ഞിട്ട് ഹരിക്കുട്ടന്റെ കയ്യും പിടിച്ചു ഞങ്ങൾ മൂന്നുപേരും ആഞ്ഞു നടന്നു..
ഞങ്ങൾ വരുന്നതും കാത്തു കൊണ്ട് ഒരുപാട് നാളുകൾക്കു ശേഷം ഒരു പുതിയ ആൾ വരാന്തയിൽ നിൽപ്പുണ്ടായിരുന്നു.
രചന: ശാലിനി മുരളി ✍️