എൻ ജീവൻ❤️[The Conclusion] ഭാഗം- 23

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 23

"സർ..."

"മ്മ്..."

"മോൻ അവരുടെ കസ്റ്റഡിയിലാണോ?"

"ഹ്മ്മ്..."

"സാറുടനെ എന്തെങ്കിലും ചെയ്യണ്ടേ? അവർ മോനെ എന്തെങ്കിലും ചെയ്താലോ..."

"അവരെന്റെ മോനെ ഒന്നും ചെയ്യാൻ പോണില്ല. ഗോഡൗണിൽ മയക്കുമരുന്ന് വെച്ചിട്ടുണ്ടോന്ന് അറിയാൻ വേണ്ടിയാ ഞാൻ സുകുമാരനോട്‌ അധികം വൈകാതെ ഷിന്റോയുടെ ഗോഡൗൺ സെർച്ച് ചെയ്യാൻ പോകണമെന്ന് പറഞ്ഞത്. അത് കോൺസ്റ്റബിൾ വാസു  കേൾക്കാൻ വേണ്ടി തന്നെയായായിരുന്നു. ഷിബുവിനോട് ഒരു ചായ്‌വ് ഉള്ളതായി ഞാൻ ശ്രദ്ധിച്ചിരുന്നു. ഡ്രഗ് ഐറ്റംസ് ഉണ്ടെങ്കിൽ അവരത് മാറ്റാൻ നോക്കും. ഇതുവരെ ഷിന്റോ എന്നോട് നേരിട്ടോ അല്ലാതെയോ സംസാരിച്ചിട്ടില്ല. വീട്ടിലൊരാള് വന്നുവെന്ന് ഞാൻ പറഞ്ഞില്ലേ? അതവൻ തന്നെയാ. ഈ കാര്യം അറിയുമ്പോൾ ഇതിനെ കുറിച്ച് സംസാരിക്കാൻ എന്നെ വിളിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ,  അവന്മാർ എന്റെ മോനെ വെച്ച് എന്നോട് വില പേശാൻ തീരുമാനിച്ചു. ആ തീരുമാനം അവന്റെ നാശത്തിനായിരുന്നുവെന്ന് അവൻ ഇന്നറിയും. ഞാൻ പോവാ അങ്ങോട്ട്..."

"സർ... ഞങ്ങളും കൂടി?"

"വേണ്ടാ... ഞാൻ വിളിക്കാം. അപ്പോൾ വന്നാൽ മതി"

പിന്നെ എന്തൊക്കെയോ കൂടി സുകുമാരനോട്‌ പറഞ്ഞിട്ട് കാർത്തി പുറത്തേക്കിറങ്ങി രശ്മിയെ കാൾ ചെയ്തു.

"ഹെലോ രെച്ചു..."

"ഏട്ടാ..."

"രെച്ചു നീ കരയല്ലേ... നിക്കു എവിടെയാണെന്ന് കണ്ടെത്തി കഴിഞ്ഞു"

"എവിടെയാ ഏട്ടാ? പറയ്..."

"അമ്മയോടും മാമിയോടും നിക്കുവിന്റെ കാര്യം പറഞ്ഞോ?"

"ഇല്ലാ..."

"ആഹ് പറയണ്ട... അവരോട് നിക്കു വിനെ രഞ്ജു വന്ന് അവരുടെ വീട്ടിൽ കൊണ്ടു പോയെന്ന് പറയ്. രാജീവിനെ വിളിച്ച് ഞാൻ പറഞ്ഞേക്കാം.  രാത്രി ഞാൻ വീട്ടിൽ വരുമ്പോൾ നമ്മുടെയൊപ്പം നിക്കു കാണും"

"മ്മ്..."

"ഫോൺ നിവിക്ക് കൊടുക്ക്..."
രശ്മി നിവിക്ക് ഫോൺ കൈ മാറി.

"ഹെലോ നിവി..."

"പറയ് അച്ഛാ..."

"മോള് ടെൻഷനടിക്കണ്ട. നിക്കുവിനെ ആ അബിന്റെ അപ്പൻ കൊണ്ടു പോയതാ..."

"ആണോ? അയാൾക്ക് നല്ലതുപോലെ കൊടുക്കണേ അച്ഛാ..."

"മ്മ്... ശെരി. മോള് അമ്മയെ ടെൻഷനടിപ്പിക്കാതെ നോക്ക്. മറ്റുള്ളവരെ അറിയിക്കേണ്ട. ഓക്കേ?"

"ഓക്കേ അച്ഛാ..."
കാർത്തി കാൾ കട്ട്‌ ചെയ്തിട്ട് കാറിൽ കയറി.
****❤️*****
അന്ന അവന്മാരെ കണ്ടതും മൈൻഡ് ചെയ്യാതെ അവളുടെ റൂമിലേക്ക് കയറി വാതിലടച്ചു.

"തള്ളേ.... ഇവളങ്ങു വളർന്നു വലുതായി കളഞ്ഞല്ലാ... എല്ലാം പാകമായെന്നാ തോന്നുന്നെ... അല്ലേടാ ആന്റപ്പാ"
ഒരുത്തൻ പറഞ്ഞു.

"അതവളെ ടേസ്റ്റ് ചെയ്തു നോക്കിയാലല്ലേ അറിയൂ അളിയാ.."

"എന്നാ വാ... നമുക്കൊന്നു ടേസ്റ്റ് ചെയ്ത് കളയാം. ഇപ്പൊ പറ്റിയ സമയമാ. വീട്ടിലാരുല്ലാ. ആ പയല് മുകളീന്ന് വരാൻ പോണില്ല"

"അടുക്കളയില് ഒരു ചേടത്തിയുണ്ട്"
വേറൊരുത്തൻ പറഞ്ഞു.

"ഓഹ്... അവരെ നമുക്ക് ഒരു മുറിയിലിട്ട് പൂട്ടാടാ... അവർക്ക് അത്രയും ശക്തിയൊന്നുമില്ല. ഒരു കൊതുകിനെ പോലെയല്ലേ ഇരിക്കുന്നെ. ഇവിടെ വെച്ചുണ്ടാക്കാൻ നിൽക്കുന്നതാ..."

"മ്മ്... അത്‌ ശെരിയാ... ഇന്ന് പുറം പണിക്ക് ആരും ഇല്ലാത്തത് കൊണ്ട് കൊള്ളാം... അവരെ എങ്ങനെ പൂട്ടും?"

"ഇപ്പൊ കണ്ടോ... ചേടത്തി... കൂയ്..."

അവന്റെ വിളി കേട്ട് അടുക്കളയിൽ നിന്നും സിസിലി ഹാളിലേക്ക് വന്നു.

"മ്മ്... എന്നാ വേണം? നിങ്ങളോടൊക്കെ ഇവിടെ കേറിപ്പോകരുതെന്ന് ഷിന്റോച്ചായൻ പറഞ്ഞതല്ലേ..."

"അതിപ്പൊ വന്നു പോയില്ലേ... ചേടത്തി എനിക്കൊരു ഗ്ലാസ്സ് വെള്ളം കൊണ്ടു വാ... വല്ലാത്ത ദാഹം. തൊണ്ടയൊക്ക എന്തോ പോലെ... നിങ്ങൾക്ക് വേണോടാ..."
ബാക്കിയുള്ളവർ വേണ്ടെന്ന് തലയാട്ടി.

"ചേടത്തി പോയി എനിക്ക് മാത്രം ഒരു ഗ്ലാസ്സ് വെള്ളം കൊണ്ടു വാ... വേഗമാകട്ടെ... ഐസ് ഇട്ടിരുന്നേൽ കൊള്ളാമായിരുന്നു..."

"ഹ്മ്മ്..."
അവനെയൊന്നു രൂക്ഷ്മമായി നോക്കിയിട്ട് സിസിലി വെള്ളമെടുക്കാനായി അടുക്കളയിൽ പോയി. 

"ടാ... അവര് വരുമ്പോൾ അവരുടെ വായും പിന്നെ കയ്യും കൂടി എന്തരേലും വെച്ച് കെട്ടണം. മുൻവശത്തെ വാതില് അടക്ക്‌.  നീ പോയി ദാ ആ മുറിയില് ചെന്ന് എന്തരേലും എടുത്തോണ്ട് വാ വേഗം..."
അവൻ ആന്റപ്പനെ മേരിയുടെ റൂമിലേക്ക് പറഞ്ഞുവിട്ടു. രണ്ടു ഷാളും എടുത്തുകൊണ്ട് ആന്റപ്പൻ തിരികെ വന്നു.

സിസിലി വന്നതും ആന്റപ്പൻ ഒരു ഷാള് കൊണ്ട് അവരുടെ വായ മൂടിക്കെട്ടാൻ നോക്കി. അവരുടെ കയ്യിൽ നിന്നും ചില്ലുഗ്ലാസ്സ് തറയിൽ വീണു പൊട്ടി പല കഷ്ണങ്ങളായി ചിതറി. ബാക്കി രണ്ടുപേർ അവരുടെ കൈകൾ പിന്നിലേക്ക് വെപ്പിച്ചു. ആന്റപ്പന്റെ കയ്യിലിരുന്ന മറ്റേ ഷാള് കൊണ്ട് വേറൊരുത്തൻ കൈകൾ നന്നായി ഇറുക്കി കെട്ടിവെച്ചു. എന്നിട്ടവരെ  മേരിയുടെ റൂമിലകത്തേക്ക് തള്ളിയിട്ടശേഷം പുറത്തു നിന്നും പൂട്ടി. അന്നയുടെ റൂമിന്റെ വാതിലിൽ അവന്മാർ കുറെ തവണ തട്ടിയതിനു ശേഷമാണ് അവൾ വാതിൽ തുറന്നത്. അവർ മൊത്തം നാലു പേരായിരുന്നു. വാതിൽ തുറന്നപാടെ എല്ലാവരും കൂടി വാതിൽ തള്ളി തുറന്നു അകത്തേക്ക് കയറി കുറ്റിയിട്ടു.

"അമ്മച്ചി... അബിച്ചായാ..."
അന്ന നിലവിളിച്ചുകൊണ്ട് വാതിൽ തുറക്കാനായി ഒരു ശ്രമം നടത്തി നോക്കി.

"നീ ഇവിടെ നിന്നും കൊണ്ട് തൊള്ള  കീറി വിളിച്ചാൽ ആരും വരത്തില്ലാടി.

"അന്ന മോള് യൂണിഫോം മാറ്റാൻ പോയതാണോ? ഞങ്ങള് ചേട്ടന്മാര് മാറ്റി തരാലോ..."

"എന്നെയൊന്നും ചെയ്യരുത്. പ്ലീസ്..."

"ഇതെന്തര് വർത്താനമാണ് കൊച്ചേ... ഒന്നും ചെയ്യാതെ ഇരിക്കാൻ വേണ്ടിയാണോ ഞങ്ങള് കഷ്ടപ്പെട്ട് നിങ്ങളുടെ സിസിലി ചേടത്തിയെ മുറിയിലിട്ട് പൂട്ടിയത്... "
അവരുടെ മുന്നിൽ നിന്നുകൊണ്ട് അന്ന ഭയന്നു വിറക്കാൻ തുടങ്ങി.

"ആന്റപ്പാ... നീയല്ലേ തല മൂത്തത്. ആദ്യം നീ തന്നെ തുടങ്ങിക്കോ... എടുത്ത് ഇവളെ ബെഡിലിടടാ..."

ആന്റപ്പൻ അവളെ തൂക്കിയെടുത്ത് ബെഡിലേക്കിട്ടു. ഒരുത്തൻ അവിടെ കസേരയിലിട്ടിരുന്ന അവളുടെ യൂണിഫോം ചുരിദാറിന്റെ നീളമുള്ള ഷാൾ  എടുത്ത് അവളുടെ വായിൽ കുത്തിത്തിരുകി. ആന്റപ്പനൊഴികെ ബാക്കിയെല്ലാവരും അന്നയുടെ കയ്യും കാലും പിടിച്ചു വെച്ചു. അപ്പോൾ തന്നെ കറന്റും പോയി.

"പുല്ല്... കറന്റ്‌ പോയാ... മനുഷ്യൻ ചൂടെടുത്ത് ചാകുമല്ലോ..."
ആന്റപ്പൻ ഉടനെ അവിടെയുള്ള ജനൽ തുറന്നിട്ടു.

"ടാ... ജന്നല് തുറക്കേണ്ട കാര്യമുണ്ടായിരുന്നോ?"

"അതിനിവിടെ മതിലല്ലേ... അപ്പുറത്താണേൽ ആരുമില്ലാലോ..."

"മ്മ്... വേഗം... ആരാ വരുന്നതെന്നറിയാൻ പറ്റില്ല. കാര്യം കഴിഞ്ഞിട്ട് നമുക്കിവളെ അബിന്റെ റൂമിൽ ചെന്നു കൊണ്ടിടാം. അവനാണ് ചെയ്തതെന്ന് കരുതിക്കോട്ടെ..."

"അത്‌ നീ പറഞ്ഞത് ശെരിയാ... മോളെ അന്നേ... നിന്റെ അബിച്ചായൻ ഇപ്പൊ  സ്വർഗത്തിൽ നിന്നും ഭൂമിയില് തിരിച്ചെത്തി കാണും. സമയം ഇത്രേം ആയില്ലേ... നമുക്കൊരുമിച്ച്  സ്വർഗത്തില് പോകാം..."
എന്നും പറഞ്ഞ് ആന്റപ്പൻ അവന്റെ ബനിയൻ വേഗം ഊരിക്കളഞ്ഞു. ഒന്നുറക്കെ കരയാൻ പോലുമാകാതെ അന്ന കിടന്നു. അവളുടെ ശബ്ദം തൊണ്ടയിൽ തടഞ്ഞു നിന്നു.

ഈ നേരത്താണ് മേരി തിരികെ വന്നത്.

"ഇതെന്താ മുൻഭാഗം അടഞ്ഞു കിടക്കുന്നെ?"

അകത്തേക്ക് തള്ളി നോക്കിയപ്പോൾ വാതിൽ കുറ്റിയിട്ടേക്കുവാണെന്ന് മനസ്സിലായി. മേരി ഉടനെ കാളിംഗ് ബെൽ അടിക്കാനായി പോയതും അന്നയുടെ ചെരിപ്പ് കണ്ടു.

"അന്ന വന്നോ..."
അവരുടനെ കോളിംഗ് ബെൽ അടിച്ചു.

"സൗണ്ട് കേൾക്കുന്നില്ലാലോ... കറന്റ്‌ ഇല്ലേ ഈശോയേ..."

മേരി അടുക്കളയുടെ ഭാഗത്തേക്ക്‌ പോയി.

"സിസിലി... എടി സിസിലിയേ..."

'വിളി കേൾക്കുന്നില്ലലോ... അല്ലേൽ മുറ്റത്ത് നിന്ന് പതിയെ വിളിച്ചാൽ മതി. ഓടിയെത്തുന്നവളാ... പറയുമ്പോലെ അവളിപ്പോഴാണല്ലോ കുളിക്കാൻ കേറുന്നെ... മാർക്കോസിച്ചായൻ വാതിലും പൂട്ടിയിട്ട് ഉറങ്ങുവാണോ...'
എന്നിങ്ങനെ മനസ്സിൽ ആലോചിച്ചുകൊണ്ട് അവർ വീടിന്റ പുറകിലൂടെ അന്നയുടെ റൂമിന്റെ ഭാഗത്തേക്ക്‌ പോയി.

'അന്നയെ വിളിക്കാം. ഇപ്പോൾ വന്നതല്ലേ ഉള്ളു. ഉടനെയെങ്ങും കുളിക്കാൻ കേറിക്കാണില്ല. ആഹ്... ജന്നല് തുറന്നിട്ടുണ്ടല്ലോ...'

മേരി വേഗം ജന്നലിന്റെ അടുത്തേക്ക് നടന്നു. അതിലൂടെ റൂമിനകത്ത് കണ്ട കാഴ്ച അവരെ വിറകൊള്ളിച്ചു. അന്നയുടെ യൂണിഫോം മാറ്റാൻ ശ്രമിക്കുകയായിരുന്നു.

"എടാ..........."
മേരി സർവ്വ ശക്തിയും എടുത്ത് അലറി വിളിച്ചു.

ആ അലർച്ചയിൽ അവന്മാരെല്ലാം പെട്ടന്ന് പേടിച്ചു പോയി.

"അയ്യോ... മേരിയാന്റി..."
ആന്റപ്പൻ വേഗം ഊരിയെറിഞ്ഞ ബനിയൻ കയ്യിലെടുത്തു.

മേരിയുടനെ അവിടെന്ന് പാഞ്ഞു വന്ന് പുറത്തു തേങ്ങ പൊതിക്കാനിട്ടിരുന്ന കമ്പി പാരാ എടുത്തു. എന്നിട്ട് അടുക്കളയുടെ പിൻവാതിൽ ശക്തിയോടെ ചവിട്ടി തുറന്നു. അത്‌ ചേർത്ത് ചാരി ഇട്ടിരിക്കുകയായിരുന്നു. അപ്പോഴേക്കും അവന്മാർ വാതില് തുറന്ന് പുറത്തിറങ്ങി ഓടി. എല്ലാവരുടെയും കാലിൽ നേരത്തെ തറയിൽ വീണു പൊട്ടിയ ചില്ലു ഗ്ലാസ്സിന്റെ ചീളുകൾ തറച്ചു. അത്‌ കാര്യമാക്കാതെ ചോരയൊലിപ്പിച്ചുകൊണ്ട് അവർ മുൻവശത്തെ വാതില് തുറന്നു. മേരി കമ്പിപാരാ എടുത്തെറിഞ്ഞു. അത്‌ ആന്റപ്പന്റെ മുതുകിൽ കൊണ്ടു. അവൻ മുതുക് തടവി കൊണ്ടു പുറത്തേക്കിറങ്ങി. വൈകാതെ അവർ വന്ന ബൈക്കിൽ അവന്മാര് തിരിച്ചു പോയി. മേരി വാതിൽ കുറ്റിയിട്ടിട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് അന്നയുടെ റൂമിനകത്തേക്ക് കയറി.

"മോളെ അന്നേ..."

"അമ്മച്ചി..."
വായിൽ കുത്തി തിരുകിയ ഷാള് അന്ന മാറ്റിയിരുന്നു. പക്ഷേ, ശബ്ദത്തിന് നല്ല ഇടർച്ചയുണ്ടായിരുന്നു.

"അമ്മച്ചി മോൾക്ക് കുടിക്കാൻ വെള്ളം കൊണ്ടു വരാം. മോൾക്ക്‌ ഒന്നുല്ലാ..."
അവർ അവളെ മാറോടു ചേർത്തണച്ചുകൊണ്ട് തലയിൽ തടവി.

"അമ്മച്ചി... സിസിലി ചേടത്തി..."

"സിസിലിക്ക്‌ എന്തു പറ്റി? മോളിവിടെ ഇരിക്ക്"

മേരി ഉടനെ അന്നയുടെ റൂമിൽ നിന്നുമിറങ്ങി. അവരുടെ റൂം പുറത്തു നിന്ന് പൂട്ടിയത് കണ്ടപ്പോൾ സിസിലി അതിന്റകത്ത്  കാണുമെന്ന് അവർക്ക് മനസ്സിലായി. മേരിയുടനെ റൂം തുറന്നു. നിലത്ത് വീണു കിടന്ന സിസിലിയെ എണീപ്പിച്ച് കയ്യിലെ കെട്ടൊക്കെ അഴിച്ചു. അവരുടനെ വായിലെ കെട്ട് സ്വയം അഴിച്ചു.

"മേരി... അവന്മാര് എന്നെ..."
സിസിലി കരയാൻ തുടങ്ങി.

"സിസിലി ഇവിടെ ഇരിക്ക്. ഞാൻ കുടിക്കാൻ വെള്ളം കൊണ്ടു വരാം..."

മേരി അവരെ ആശ്വസിപ്പിച്ചിട്ട് അടുക്കളയിൽ പോയി ആദ്യം പിൻവാതിൽ കുറ്റിയിട്ടു. എന്നിട്ട് രണ്ടു വലിയ ഗ്ലാസ്സ് എടുത്ത് ജഗ്ഗിൽ നിന്നും വെള്ളം രണ്ടിലും ഒഴിച്ചു. ഒരെണ്ണം സിസിലിക്ക് കൊടുത്തിട്ട് മറ്റേ ഗ്ലാസ്സുമായി അന്നയുടെ റൂമിൽ ചെന്നു. അവൾ അതേ ഇരുപ്പാണ്.

"മോളെ... ഈ വെള്ളം കുടിക്ക്..."

മേരി അന്നയെ വെള്ളം കുടിപ്പിച്ചു.

"മോൾക്ക് മതിയോ..."
ഉടനെ അവൾ കരയാൻ തുടങ്ങി.

"മോള് കരയല്ലേ... അമ്മച്ചി ഇങ്ങ് വന്നില്ലേ..."

"ഞാൻ പേടിച്ചു പോയി അമ്മച്ചി... ഇന്നത്തോടെ എന്റെ ലൈഫ് നശിച്ചുവെന്ന് ഞാൻ കരുതി. ഇവിടെ കിടന്ന് ഈശോയെ ഉള്ളുരുകി പ്രാർത്ഥിച്ചപ്പോഴാ അമ്മച്ചിയുടെ അലർച്ച കെട്ടത്"

"ഹ്മ്മ്... നീ വാ... അബിന്റെയടുത്ത് ഒന്നു പോകണം. അവനോട് എനിക്ക് ചിലത് പറയാനുണ്ട്. നീ വാ..."
കണ്ണു തുടച്ചുകൊണ്ട് മേരി എണീറ്റു. എന്നിട്ട് അന്നയുടെ കയ്യിൽ പിടിച്ച് റൂമിന് പുറത്തേക്കിറങ്ങി.

"മേരി... ചവിട്ടല്ലേ... ഡി കുപ്പിച്ചില്ലു കിടക്കുന്നു. ഞാനിപ്പോ തൂത്തു വരാം"

"ഹ്മ്മ്... "

മേരിയുടനെ മുകളിലെ അബിന്റെ റൂമിലേക്ക്  അന്നയുമായി ചെന്നു. അവനവിടെ അടുത്ത സിറിഞ്ച് കുത്തിവെക്കാനായി മരുന്ന് കേറ്റുകയായിരുന്നു.

"ഡാ അബിനേ..."

അബിന്റെ കയ്യിൽ നിന്നും സിറിഞ്ച് തറയിൽ വീണു.

"എന്താ അമ്മച്ചി... നിങ്ങൾക്ക്? പതുക്കെ വിളി... ഞാൻ പൊട്ടനൊന്നുമല്ല..."

ഇത് കേട്ടതും മേരി പാഞ്ഞു ചെന്ന് അബിന്റെ രണ്ടു കരണത്തും മാറി മാറി അടിച്ചു.

"അതേടാ... നീ പൊട്ടനല്ല. കേൾക്കാൻ ചെവിയൊക്കെ ദൈവം നിനക്ക് തന്നിട്ടുണ്ട്. പക്ഷേ, നിന്റെ ഈ പെങ്ങള് ഒന്നു അലറി കരഞ്ഞാൽ പോലും നീ കേൾക്കില്ല. നീ ഇവളുടെ കോലം കണ്ടോ... ഞാൻ വന്നപ്പോൾ നിന്റെ മറ്റവന്മാര് എല്ലാം കൂടി പിച്ചി ചീന്താനായി നിൽക്കുവായിരുന്നു. എങ്ങനെയാടാ ആ അലവലാതികള് ഇവിടെ വന്നേ... നിന്നെ അന്വേഷിച്ചായിരിക്കുമല്ലേ??  ഞാൻ വരാനല്പം താമസിച്ചിരുന്നെങ്കിൽ എന്റെ മോള്...  എന്തെങ്കിലും സംഭവിച്ചിരുന്നെകിൽ അവന്മാരെയും കൊന്നിട്ട് ഇവളും ഞാനും കൂടി വിഷം കഴിച്ച് ചാകുമായിരുന്നു. നിനക്കും ഞാൻ ചോറിൽ വിഷം കലർത്തിയേനെ... എന്തിനാടാ നീ ജീവിക്കുന്നേ? ആർക്ക് വേണ്ടി? നീ എനിക്ക് കൂടുതൽ വേദനകളേ തന്നിട്ടുള്ളു. നിന്നെപ്പോലൊരു തല തെറിച്ച സന്താനത്തിനെ ഞാൻ പ്രസവിച്ചത് കൊണ്ടായിരിക്കും. അന്നയുടെ പ്രായമുള്ള ഏതോ കൊച്ചിനെ നീ നശിപ്പിച്ചു കൊന്നുവല്ലേ... ഇന്നലെ അവരെല്ലാവരും സംസാരിക്കുന്നത് ഞാൻ കേട്ടായിരുന്നു. അപ്പോഴും നിന്നോട് ക്ഷമിക്കണേ എന്നാ ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചത്.  നീ ചെയ്ത ആ പാപത്തിന്റെ ഫലം ഇവള് ഇന്ന് അനുഭവിക്കേണ്ടി വന്നേനെ... എന്തോ... എന്റെ കൊച്ചിനെ ഈശോ കാത്തു. ജന്മം തന്ന തന്തക്കും തള്ളക്കും എന്തിന് കൂടെപ്പിറപ്പിന് വരെ നീ കാരണം വേദനിക്കേണ്ടി വന്നു. ഇതുവരെ നിന്റെ നല്ലതിന് വേണ്ടി നീ നന്നാകാൻ വേണ്ടി ദൈവത്തോട് കരഞ്ഞുകൊണ്ട് മുട്ടിപ്പായയിൽ നിന്ന് ഞാൻ പ്രാർത്ഥിച്ചിട്ടുണ്ട്. എന്നാലിന്ന് ഞാൻ അറിഞ്ഞു പ്രാകുവാ...  നീയൊരു കാലത്തും നന്നാകാൻ പോണില്ലെടാ..."

"അമ്മച്ചി വേണ്ടാ... അബിച്ചായനെ ഒന്നും പറയണ്ടാ... വാ... നമുക്ക് പോകാം..."
അന്ന മേരിയുടെ കൈയ്യിൽ കേറി പിടിച്ചു.

"നീയിത് കണ്ടോടാ... നീ കാരണം ഇത്രേം നേരം പൊട്ടിക്കരഞ്ഞ പെണ്ണാ... ഞാൻ വന്നില്ലായിരുന്നുവെങ്കിൽ എന്റെ കൊച്ചിന്റെ ശവം ചിലപ്പോൾ അവന്മാർ ബാക്കി വെക്കുമായിരുന്നു. നിന്നെ പ്രാകാൻ തുടങ്ങിയപ്പോൾ ഇവൾക്ക് കൊണ്ടു. ഇവൾക്കിപ്പോഴും നിന്നെ ജീവനാ... നിനക്കും അങ്ങനെ തന്നെയായിരുന്നില്ലേ... ഇപ്പൊ നിന്റെ കാര്യം മാത്രം...  നിന്നെ പറഞ്ഞിട്ട് കാര്യമില്ല. നിന്നെ ഇങ്ങനെയാക്കിയത് നിന്റെ അപ്പൻ തന്നെയാണല്ലോ... എങ്കിലും അങ്ങേര് വരെ അവസാനം നിന്റെ ശല്യം കാരണം ഇവിടെ തന്നെ അടച്ചിട്ടു. എന്നിട്ടും നീ മാറിയില്ലാലേ... നിനക്കൊരു തുള്ളി വെള്ളം പോലും ഞാൻ ഇനി നിന്റെ കൈകൊണ്ട് തരത്തില്ലാ... നീ ചത്താൽ പോലും ഞാൻ തിരിഞ്ഞു നോക്കില്ലാ... നീയൊക്കെ ജീവിച്ചിരുന്നിട്ട് ആർക്കാ പ്രയോജനം? ഇതുപോലെ അലവലാതികൾ കേറിയിറങ്ങും എന്നല്ലാതെ... നീയൊക്കെ ചാകുന്നത് തന്നെയാ നല്ലത്..."
അത്രയും പറഞ്ഞ് മേരി റൂമിൽ നിന്നിറങ്ങി. അന്ന അബിനെ  നോക്കി തന്റെ കണ്ണു തുടച്ചുകൊണ്ട് അവരുടെ പിന്നാലെ ചെന്നു.

അബിൻ  ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു. അവന്റെ കാതുകളിൽ മേരി പറഞ്ഞ വാക്കുകളും കണ്ണുകളിൽ കീറിപ്പറിഞ്ഞ യൂണിഫോം ഇട്ടുകൊണ്ട് നിന്നിരുന്ന അന്നയുടെ രൂപവുമായിരുന്നു. അവൻ ദേഷ്യത്തോടെ തലയിൽ രണ്ടു കൈകളും വെച്ചുകൊണ്ട് നിലത്തേക്കിരുന്നു. കൈ വിരലുകൾ അവന്റെ തലമുടിയിഴകളിൽ മുറുകെ പിടിക്കാൻ തുടങ്ങി.
*****❤️*****
"ഷിന്റോച്ചായാ ഗോഡൗണിലെ സാധനങ്ങള് മാറ്റിയോ?"

"ഇല്ലടാ... അതവിടെ തന്നെയുണ്ട്"

"ശേ... മാറ്റിയില്ലേ? എത്രയും വേഗം മാറ്റാൻ വേണ്ടിയല്ലേ ഞാൻ നേരത്തെ വിളിച്ചു പറഞ്ഞത്"

"ഇനി അതിന്റെ ആവശ്യമൊന്നും ഇല്ലടാ..."

"അതെന്താ?"

"ഞാനാ കമ്മീഷണറുടെ മോനെയങ്ങ് പൊക്കി. മാർക്കോസ് കൊണ്ടുവരാൻ പോയേക്കുവാ. സ്കൂളിന്റെ അവിടെയുള്ള ബസ്സ് സ്റ്റോപ്പിൽ ചെന്ന് പൊക്കി. അധികം പാടുപെടേണ്ടി വന്നിലല്ലെന്നാ വർക്കിച്ചൻ പറഞ്ഞെ. അവന്റെ അതേ ഛായയാ... ചോദിച്ചപ്പോൾ കമ്മീഷണറുടെ മോനാണെന്ന് സമ്മതിക്കുകയും ചെയ്തു"

"എന്റെ കർത്താവേ... അച്ചായാ...  നിങ്ങളെന്ത്‌ പണിയാണ് കാണിച്ചത്? നിങ്ങള് പണി ചോദിച്ചു മേടിക്കുവാണോ? കമ്മീഷണർ ഇനി എന്താ ചെയ്യാൻ പോണേന്ന് പറയാൻ പറ്റില്ല. എന്നോടൊരു വാക്ക് ചോദിച്ചോ മനുഷ്യാ നിങ്ങള്..."

"ഡാ... അബിന്റെ കേസും കൂടി ഒതുക്കി തീർക്കണ്ടേ... അതാ ഞാൻ മാർക്കോസ് പറഞ്ഞപ്പോൾ സമ്മതിച്ചത്"

"ആഹ് ശെരി. നിങ്ങളുടെ അളിയൻ പറഞ്ഞപ്പോൾ ഉടനെയങ്ങ് സമ്മതിച്ചല്ലോ... ഇനി പുന്നാര അളിയൻ പറയുന്നതും കേട്ട് ജീവിച്ചാൽ മതി. എന്നെ ഒരു കാര്യവും പറഞ്ഞ് വിളിക്കരുത്"
അത്രയും ദേഷ്യത്തോടെ പറഞ്ഞ് ഷിബു കാൾ കട്ട്‌ ചെയ്തു.

ഷിന്റോ ഉടനെ മാർക്കോസിനെ വിളിച്ചു.

"പറ അച്ചായാ..."

"ഡാ നിങ്ങള് എവിടെയെത്തി?"

"ഞങ്ങള് എത്താറായി... എന്താ വല്ല കുഴപ്പവുമുണ്ടോ?"

"കമ്മീഷണറുടെ മോനെന്തേ?"

"അവനിവിടെ മര്യാദക്കുട്ടിയായി ഇരിപ്പുണ്ട്"

"വേണ്ടായിരുന്നു എന്ന് തോന്നുന്നുടാ..."

"ഓഹ്... ഷിബുവിനെ വിളിച്ച് പറഞ്ഞായിരിക്കും... അച്ചായൻ മിണ്ടാതെയിരിക്ക്‌. ഞാൻ എല്ലാം നോക്കിക്കോളാമെന്ന് പറഞ്ഞില്ലേ..."

"മ്മ്... ശെരി"
ഷിന്റോ കാൾ വെച്ചു. വൈകാതെ തന്നെ മാർക്കോസ് നിക്കുവിനെയും കൊണ്ട് ഗോഡൗണിലെത്തി.

ഷിന്റോ: ടാ... ഇവൻ കാറിലിരുന്നിട്ട് എന്തേലും ബഹളം വെച്ചോ?"

മാർക്കോസ്: ഏയ്... ഇല്ലെന്നേ... അതുകൊണ്ട് വായൊന്നും മൂടി കെട്ടിയില്ല. പിന്നെ,  ആള് കൊച്ചല്ലേ...

ഷിന്റോ: എന്താടാ കൊച്ചെറുക്കാ ഈ മാമന്മാരെ കണ്ടിട്ടൊരു പേടിയും തോന്നിയില്ലേ?

നിക്കു: ഇല്ലാ...
അവൻ കൂളായി നിന്നുകൊണ്ട് പറഞ്ഞു.

മാർക്കോസ്: അതെന്താ മോനെ?

നിക്കു: എന്നെ നിങ്ങളൊന്നും ചെയ്യാൻ പോകുന്നില്ല. വൈകാതെ ഒരു ഫൈറ്റ് നേരിൽ  കാണാലോ എന്ന എക്സൈറ്റ്മെന്റോടെയാ ഞാൻ നിൽക്കുന്നെ. അതും എന്റെ ഹീറോയുടെ...

ഷിന്റോ: നിന്റെ ഹീറോയോ?

നിക്കു: അതെ... എന്റെ ഹീറോ എന്റെ...
അവൻ പറഞ്ഞു മുഴുവനാക്കും മുന്നേ പുറത്ത് നിന്നവന്മാരുടെ അലർച്ച കേട്ടു.

നിക്കു: ദേ എന്റെ ഹീറോ എത്തിക്കഴിഞ്ഞു.

നിക്കു കൈകൊട്ടി കൊണ്ട് പറഞ്ഞു.  മാർക്കോസും ഷിന്റോയും പുറത്തേക്ക് നോക്കിയപ്പോൾ കാർത്തി ഒരുത്തനെ കവിളിൽ തട്ടുന്നതാണ് കണ്ടത്. പെട്ടന്ന് തന്നെ അവൻ നിലത്തേക്ക് കമിഴ്ന്നു വീണു. അവൻ ചോര തുപ്പാൻ തുടങ്ങി.

"ടാ... ഇവനെ അങ്ങ് തീർത്തേക്ക്..."
ഷിന്റോ വിളിച്ചു പറഞ്ഞു.

ഇത് കേട്ട് നാലു ഗുണ്ടകൾ കാർത്തിയുടെ മുന്നിലേക്ക് ചാടി വീണു.

കാർത്തി ഒരുത്തന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. അവൻ പിന്നിലേക്ക് മലർന്നു വീണു. അടുത്ത് ഇടിക്കാൻ വന്നവന്റെ കവിളെല്ലു നോക്കി കൈമുട്ടുകൊണ്ട് ഒരു ഇടി കൊടുത്തു. അവന്റെ വായിൽ നിന്നും ചോര തെറിച്ചു. ഇത് കണ്ട് ഷിന്റോ കൂടുതൽ ആളുകളെ വിളിക്കാൻ തുടങ്ങി.

കാർത്തി അതൊന്നും കാര്യമാക്കാതെ അവന്മാരെ ഇടിച്ചു വീഴ്ത്തി കൊണ്ടിരുന്നു. കാർത്തിയുടെ പിന്നിലൂടെ കഴുത്തിൽ പിടിച്ചവനെ മുന്നിലേക്ക് കൊണ്ടുവന്ന് കാലുമുട്ട് മടക്കി അടിവയറ്റിലൊരെണ്ണം കൊടുത്തു. എന്നിട്ടവന്റെ മുതുകിൽ കൈമുട്ട് മടക്കി ഇടിക്കാൻ തുടങ്ങി. വേറൊരുത്തൻ കത്തിയുമായി വന്നപ്പോൾ അവന്റെ കൈ തിരിച്ച് കത്തി കളഞ്ഞ ശേഷം കയ്യിൽ പിടിച്ച് വലിച്ച്  അവിടെത്തെ ഭിത്തിയിൽ അവന്റെ മുഖം ആഞ്ഞു പതിപ്പിച്ചു.

"അച്ഛാ... സൂപ്പർ... തെരി ബേബി..."
നിക്കു വിസിലടിച്ചുകൊണ്ട് പറഞ്ഞു.

കാർത്തിയുടെ നോട്ടം ഷിന്റോയിലായി.

"എന്താടോ ഇത്? കമ്മീഷണറോടൊക്കെ ഇങ്ങനെ കൊച്ചിനെ വെച്ചൊക്കെ ബ്ലാക്ക് മെയിൽ ചെയ്തിട്ട്... അടിക്കാനും ഇടിക്കാനുമൊക്കെ നല്ല ആളുകളെ നിർത്തി കൂടെ? നീയെന്താ വിചാരിച്ചത്? എന്റെ മോനെ വെച്ച് എന്നോട് വില പേശാമെന്നോ? ഞാൻ ഉടനെയൊന്നും ചെയ്യില്ലെന്ന് വിചാരിച്ചുവല്ലേ? അവിടെയാണ് നിനക്ക് തെറ്റിയത്. എന്റെ വരവ് നീ പ്രതീക്ഷിച്ചില്ല. പകരം കോമ്പ്രമൈസ് ചെയ്തുകൊണ്ടുള്ള എന്റെ ഫോൺ കാളാണ്‌. അല്ലേ? നിന്റെ ഈ സാമ്രാജ്യം വൈകാതെ തന്നെ ഞാൻ തകർക്കും. കുറച്ചു വെയിറ്റ് ചെയ്യ്"

പെട്ടെന്നൊരുത്തൻ അലറി കൊണ്ടു കാർത്തിയെ അടിക്കാനായി ഓടി വന്നപ്പോൾ കാർത്തി തന്റെ തോക്കെടുത്ത് അവന്റെ മുട്ടിനു താഴെ ഷൂട്ട്‌ ചെയ്തു. അവനുടനെ മുന്നിലേക്ക് മുഖമടച്ചു വീണു. ഷിന്റോയും മാർക്കോസും മുഖത്തോട് മുഖം നോക്കി ഭയന്നു നിന്നു.
ഈ സമയം അബിൻ തന്റെ കയ്യിലെ ഞരമ്പ് അറുത്ത് തന്റെ ജീവൻ ഭൂമിയിൽ നിന്ന് പറഞ്ഞയക്കാനുള്ള ശ്രമത്തിലായിരുന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇതും വായിച്ചു നോക്കാനുള്ള ടൈം കിട്ടിയില്ല😬. നാളെ തീരും കേട്ടോ]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top