എൻ ജീവൻ❤️[The Conclusion] ഭാഗം- 22

Valappottukal
എൻ ജീവൻ❤️[The Conclusion]
ഭാഗം- 22


ഷിന്റോയും ഷിബുവും പരസ്പരം മുഖത്തേക്ക് നോക്കി.

ഷിന്റോ: എന്നതാണേലും നീ പറയെടാ...

മാർക്കോസ്: എനിക്കാദ്യം ഒരാളെ കാണണം. എന്നിട്ട് പറയാം.

ഷിബു: ആരെ?

മാർക്കോസ്: ഞാൻ നേരത്തെ പറഞ്ഞില്ലേ... അവനെ എനിക്കൊന്നു കാണണം. എങ്ങനെയെങ്കിലും നമ്മുടെ കൂട്ടത്തിൽ കൂട്ടണം.

ഷിന്റോ: അത്‌ എന്നാത്തിനാടാ നമ്മുടെ കൂട്ടത്തിൽ കൂട്ടുന്നെ?

മാർക്കോസ്: ആ കമ്മീഷണർക്ക്‌ പറ്റിയ പണി കൊടുക്കാൻ നമ്മളെക്കാൾ നല്ലത് അവനാ...

ഷിബു: അതെന്താ?

മാർക്കോസ്: അവന്റെ കഥ നിങ്ങൾക്ക് അറിയാത്തോണ്ടാ... കമ്മീഷണർക്ക്‌ എത്ര മക്കളാ?

ഷിബു: ഒരു പെണ്ണും ഒരു ആണും...

മാർക്കോസ്: ഹ്മ്മ്... നമ്മുടെ ചെക്കനിട്ട് പണിയാൻ വന്നാൽ അവന്റെ മോനെ വെച്ച് പണി കൊടുക്കണം അച്ചായാ...

ഷിന്റോ: ഇതിപ്പൊ അവന് ആ കേസിൽ അബിൻ ആണ് ചെയ്തതെന്ന് കണ്ടുപ്പിടിച്ചാവോ...

മാർക്കോസ്: അന്ന് അവന്റെയൊപ്പം പൊന്മുടിക്ക്‌ പോയത് എവിടെയുള്ള പയ്യന്മാരാ?  കോളേജില് പഠിക്കുന്നതാണോ?

ഷിന്റോ: അത്‌ ഇവിടെ ഒരു പണിക്കും പോകാത്ത  വെള്ളമടിച്ചു നടക്കുന്നവന്മാരാ.

മാർക്കോസ്: മ്മ്... അന്ന് ചത്ത പെണ്ണിന് എത്ര വയസ്സു വരും?

ഷിബു: പതിനെട്ടു തികഞ്ഞിട്ടില്ലായിരുന്നു.

മാർക്കോസ്: ഓഹ്... അബിൻ തന്നെയാണെന്ന് അവൻ സമ്മതിച്ചോ?

ഷിന്റോ: മ്മ്... സമ്മതിച്ചു. അന്ന് ഓവറായിട്ട് കുടിച്ചിരുന്നു അവൻ.

മാർക്കോസ്: ഹ്മ്മ്... കമ്മീഷണർ ആള് പുലിയാണല്ലേ... അവനെ കേട്ടറഞ്ഞിടത്തോളം എനിക്ക് അങ്ങനെയാ തോന്നിയത്.

ഷിബു: മ്മ്... ആള് നിസ്സാരക്കാരനല്ല...

മാർക്കോസ്: നമുക്കവനെ അടിച്ചും ഇടിച്ചുമൊന്ന് തോൽപ്പിക്കാനാവില്ല. അവന്റെ ഫാമിലിയെ വെച്ചു വേണം നമ്മൾ കളിക്കാൻ... അവന് തന്റെ ആൾക്കാരെയെല്ലാം ജീവനാ... അവന്റെ പെണ്ണുമ്പിള്ള നല്ലൊരു ചരക്കാന്നാ മറ്റവൻ പറഞ്ഞതിൽ നിന്നും എനിക്ക് മനസ്സിലായത്.

ഷിന്റോ: എന്നവൻ പറഞ്ഞോ?

മാർക്കോസ്: അങ്ങനെ പറഞ്ഞില്ല. പക്ഷേ,  അവൻ അവളെ വർണിക്കുന്നത് കേട്ടപ്പോൾ അങ്ങനെ ആയിരിക്കുമെന്ന് എനിക്ക് തോന്നി. അവന് അവളോട് അസ്ഥിക്ക് പിടിച്ച പ്രേമമായിരുന്നു.

ഷിബു: മ്മ്... അത്‌ ശെരിയാ... കഴിഞ്ഞ മാസവും കൂടി ഞാൻ കണ്ടതേ ഉള്ളു. കോളേജിൽ പഠിക്കുന്ന പെണ്ണിന്റെ തള്ള ആണെന്ന് പറയില്ല. വേണമെങ്കിൽ നഴ്‌സറിയിലോ മറ്റോ പഠിക്കുന്ന കൊച്ചിന്റെ തള്ളയാക്കാം. അത്രക്കും ഗ്ലാമർ പീസാ... കമ്മീഷണറോട് ആദ്യം എനിക്ക് അസൂയ തോന്നിയത് ഈ കാര്യത്തിലാ. നമുക്കുള്ളത് അഞ്ചിലും മൂന്നിലും പഠിക്കുന്ന പിള്ളേരാ. എന്നാൽ അതുങ്ങളുടെ തള്ളയെ കണ്ടാലോ മക്കളുടെ പേരക്കുട്ടിയെ എടുത്ത് താലോലിക്കുന്ന പ്രായമായെന്ന് പറയും. അമ്മച്ചിന്മാരുടെ ലുക്കാ സൂസന്നക്ക്‌.

മാർക്കോസ്: പാവം... നിന്റെ രണ്ടു മക്കളെ പെറ്റു എണീറ്റപ്പോഴല്ലേ അവൾ ഈ കോലത്തിലായത്. അതിന് മുൻപ് കൊഴപ്പമൊന്നും ഇല്ലായിരുന്നല്ലോ.

ഷിബു: അവൾ മാത്രേ രണ്ടു പെറ്റള്ളോ? ആ കമ്മീഷണറുടെ ഭാര്യയും രണ്ടു പെറ്റതല്ലേ?
എന്ന് അരിശത്തോടെ പറഞ്ഞുകൊണ്ട് ഷിബു അവിടെയിരുന്ന മദ്യത്തിന്റെ ബോട്ടിൽ തുറന്ന് വായിലൊഴിക്കാൻ തുടങ്ങി.

മാർക്കോസ്: അത്‌ നീ സൂസന്നയെ നേരാവണ്ണം നോക്കാത്തത്കൊണ്ടാ.

ഷിന്റോ: രണ്ടുപേരും കൂടി ഇതെങ്ങോട്ടാ പറഞ്ഞോണ്ട് പോകുന്നേ?

മാർക്കോസ്: നിങ്ങളൊന്നു ക്ഷമി മനുഷ്യാ... നിങ്ങൾക്കിത് പിടിക്കുന്നില്ലെന്ന് എനിക്കറിയാം. പിന്നെ,  അവൻ ജയിലിൽ നിന്നും ഇറങ്ങിയപ്പോ മര്യാദരാമനായിട്ടാ ഇറങ്ങിയത്. അവനെ രാവണനാക്കുന്ന കാര്യം ഞാനേറ്റു.

ഷിന്റോ: എന്താ നിന്റെ ഉദ്ദേശം?

മാർക്കോസ്: അതൊക്കെ പറയാം. കമ്മീഷണറ് നമ്മുടെ നേരെ പണിയാൻ വരുമ്പോൾ ഞാൻ അവനിട്ട് കൊടുത്തോളം.  നിങ്ങളുടെ ഗോഡൗണില് പുതിയ വല്ല ഐറ്റംസും ഉണ്ടോ?

ഷിന്റോ: മ്മ്... ഞാൻ ഉപയോഗിച്ചു നോക്കിയില്ല. എങ്ങനെയെങ്കിലും അതൊക്കെ വിറ്റ് കാശാക്കണം.

ഷിബു: അച്ചായാ അവന്മാർ എവിടെയാ താമസം?

ഷിന്റോ: നമ്മുടെ ഗോഡൗണിന്റെ അപ്പുറത്തെ ചെറിയൊരു വീടില്ലേ? അവിടെ തന്നെയാ രാത്രി വന്ന് കിടക്കുന്നെ... ഇപ്പൊ കോളേജ് അവധിയല്ലേ... കോളേജ് പിള്ളേരെ എങ്ങനെയെങ്കിലും വശത്താക്കാനാ അവന്മാര് നോക്കുന്നെ...

ഷിബു: അവന്മാരോട് വേറെ എവിടെയെങ്കിലും മാറി താമസിക്കാൻ പറയ്.

ഷിന്റോ: അത്‌ ഞാൻ എങ്ങനെയാടാ പറയുന്നെ? ഞാൻ പറഞ്ഞ വിലക്ക് അവന്മാർ സാധനം തന്നു.

മാർക്കോസ്: അച്ചായൻ ഇതിന്റെ ഇരട്ടി വിലക്കല്ലേ വേറെയിടത്ത് കിടത്തുന്നെ...

ഷിന്റോ: കമ്മീഷണറ് എങ്ങാനും ഗോഡൗണിൽ സെർച്ച് ചെയ്യാൻ വരുമോടാ ഷിബു?

ഷിബു: നമ്മുടെ മൊത്തം ഡീറ്റെയിൽസ് എടുത്തു കഴിഞ്ഞായിരിക്കും. എപ്പോഴാണ് അങ്ങോട്ട്‌ വരുക എന്ന് പറയാൻ പറ്റില്ല. അതിനു മുൻപ് സാധനങ്ങള് അവിടെന്ന് കടത്തണം.

ഷിന്റോ: ഇപ്പൊ പറ്റത്തില്ലടാ... ആവശ്യക്കാരൊക്കെ ഇപ്പൊ തിരക്കിലാ... അടുത്തയാഴ്ച ബാംഗ്ലൂരിൽ നിന്നും സേട്ട്ജിയുടെ ആളുകൾ വരും.

മാർക്കോസ്: അങ്ങേർക്ക് ഇതൊന്നും അവിടെ കിട്ടില്ലേ?

ഷിന്റോ: കിട്ടും. ഞാനുമായി കമ്പനി ആയതിൽ പിന്നെ എന്റെ അടുത്ത് നിന്നാ മേടിക്കുന്നെ?

മാർക്കോസ്: അവന്മാർ ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകും?

ഷിന്റോ: അതൊക്കെ കൊണ്ടുപോകും. നീ ആഹാരം കഴിച്ചിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്

മാർക്കോസ്: ഓഹ്... ഞാൻ പോവാ...  ഇതും കൂടിയൊന്നു തീർക്കട്ടെ.
എന്ന് പറഞ്ഞുകൊണ്ട്  മാർക്കോസ് തന്റെ കയ്യിലെ ഗ്ലാസിലിരിക്കുന്ന ബാക്കി മദ്യം കൂടി വായിലൊഴിച്ചു.

പിറ്റേന്ന് രാവിലെ മാർക്കോസ് അബിനെ കാണാനായി ചെന്നു. അയാളെ കെട്ടിപ്പിടിച്ച് അവൻ കരഞ്ഞു. എന്നിട്ട് നിവിയുടെ കാര്യവും കൂടെ പറഞ്ഞു.

"എന്നെയൊന്നു പുറത്തേക്ക് വിടാൻ പറ അങ്കിളേ... എനിക്കിവിടെ ഇരുന്നിട്ട് പ്രാന്ത് പിടിക്കുന്നു. കയ്യിലൊരു ഫോണ് പോലുമില്ലാ..."

"നിനക്കിപ്പോ എന്താ ആദ്യം വേണ്ടേ? ഫോണല്ലേ? സാദാ ഒരു ഫോണ് പോരെ? ഞാൻ നിനക്ക് നാളെ ഒപ്പിച്ചു തരാം. അല്ലാ... ഫോണ് മാത്രം മതിയോ? ആരേലും വിളിക്കണമെങ്കിൽ സിമ്മും കൂടി വേണ്ടേ?"

"വേറൊരു സിം അലമാരയിൽ ഇരിപ്പുണ്ട്. അതിലെല്ലാ കോൺടാക്ട്സും ഉണ്ട്"

"മ്മ്... എങ്കിൽ ശെരി... ഞാൻ നാളെ   ഒപ്പിച്ചു കൊണ്ടുവരാം. പിന്നീട് നിന്റെ ആഗ്രഹം ഞാൻ നടത്തി തരാം. കമ്മീഷണറെ ഒതുക്കട്ടെ... എന്നിട്ടാകാം കമ്മീഷണറുടെ മോളെ... പിന്നെ നാളെ ഞാൻ വേറൊരു സാധനം കൂടി കൊണ്ടു വരുന്നുണ്ട്. നിന്റെ അപ്പന്റെ ഗോഡൗണിൽ പുതിയ ഐറ്റം ഇറങ്ങിയിട്ടുണ്ടെന്നാ കേട്ടത്"

"ആഹ്... എങ്കിൽ അതും കൂടി കൊണ്ടു വന്നേക്ക്‌..."

"നീ പോയൊന്നു കുളിക്കടാ..."

"കുളിക്കാൻ ഞാൻ എവിടേലും പോകുന്നുണ്ടോ? അങ്കിള് പോയി ഫോണൊപ്പിക്ക്‌..."

"ഹ്മ്മ്..."
ഒന്നമർത്തി മൂളിക്കൊണ്ട് മാർക്കോസ് അബിന്റെ മുറിയിൽ നിന്നിറങ്ങി.

അന്ന് വൈകുന്നേരം തന്നെ കാർത്തിയുടെ ഫാമിലി രാജീവിന്റെ വീട്ടിൽ നിന്നും തിരികെ വന്നിരുന്നു.  വെക്കേഷൻ കഴിഞ്ഞു. പിറ്റേന്ന് നിവി അവളുടെ സ്കൂട്ടിയിലാണ് കോളേജിൽ പോയത്. രഞ്ജുവിനെ കണ്ടു സംസാരിച്ച ശേഷം തിരികെ നടന്നപ്പോൾ പതിവുപോലെ കിരണിനെ കണ്ടു. നിവിയുടെ കൂടെ മരിയയും ഒപ്പമുണ്ട്.

"എങ്ങനെയുണ്ടായിരുന്നു സിസ് ഓണമൊക്കെ?"

"അടിപൊളിയായിരുന്നു. അവിടെയോ?"

"ആഹ്... കുഴപ്പമില്ല"

"മരിയ ഓണം അടിച്ചു പൊളിച്ചോ?"
മെൽവിൻ ചോദിച്ചു.

"അറിഞ്ഞിട്ടിപ്പോൾ എന്തിനാവോ?"

"ഏയ്... ഒന്നുല്ല... വെറുതെ ചോദിച്ചെന്നെ ഉള്ളു"

"ഇങ്ങനെ എപ്പോഴും ക്ലാസ്സിൽ പോയി കാണാറില്ലേ? ഈ കാര്യം സിസ് എപ്പോഴാ വീട്ടിൽ പറയുന്നെ?"

"അതൊക്കെ അറിഞ്ഞു ബ്രോ... വീട്ടിൽ എല്ലാർക്കും സമ്മതമാണ്. ഞാൻ M.Sc.യിലൊക്കെ ആകുമ്പോൾ കല്യാണം നടത്തും"

"ഐവാ... അത്‌ കൊള്ളാലോ... നല്ല ഫാമിലിയാണല്ലോ"

"ബ്രോക്ക്‌ എന്റെ ഫാമിലിയെ കാണണ്ടേ? ഞാൻ ഫോട്ടോ കാണിച്ചു തരാം"

നിവി അവളുടെ ഫോണിൽ അവരുടെയെല്ലാം ഫോട്ടോ കിരണിനു കാണിച്ചു കൊടുത്തു.

"ആഹാ... ഓണത്തിന് സാരിയാണോ ഉടുത്തേ... നല്ല ഭംഗിയായിട്ടുണ്ട്. ഇതാണോ സിസ്സിന്റെ ബ്രദർ?"

"അതെ... എങ്ങനെ മനസ്സിലായി?"

"ഇവന് കമ്മീഷണറുടെ ഫേസ് കട്ട്‌ ഉണ്ട്..."

"ഏഹ്?"

"ഓ സോറി തന്റെ അച്ഛന്റെ..."

"ഹ്മ്മ്... പിന്നേ... അന്ന് ഓണം സെലിബ്രേഷന് ബ്രോയുടെ ഫോണിലെടുത്ത സെൽഫിയില്ലേ... അതൊന്നു അയക്കോ?"

"ആഹ് അയക്കാം... അല്ലാ... എനിക്ക് സിസ്സിന്റെ നമ്പർ അറിയില്ലലോ..."

"ഓ സോറി... ഞാൻ പറഞ്ഞു തരാം. സേവ് ആക്കിക്കോ... "

"ഓക്കേ..."
നിവി കിരണിന് മൊബൈൽ നമ്പർ കൊടുത്ത ശേഷം അവിടെ നിന്നും ക്ലാസ്സിലേക്ക് നടന്നു.

"ഡാ കിരണേ... മരിയ ഇപ്പൊ പണ്ടത്തെ പോലെ എന്നോട് മിണ്ടുന്നില്ലല്ലോ... അല്ലേൽ അവളാ ഇങ്ങോട്ട് ആദ്യം എന്നോട് എന്തേലും ചോദിക്കുന്നത്..."

"ഓണം സെലിബ്രേഷന്റെ അന്ന് നിന്റെ സ്വഭാവം അവൾക്ക് മനസ്സിലായി കാണുമെടാ..."

"എന്ത് സ്വഭാവം?"

"നീയൊരു അസ്സൽ വായ്നോക്കിയാണെന്ന്..."

"അപ്പൊ നീയോ?"

"നിന്റെ അത്രയൊന്നും നമ്മളില്ലേ...  നീ വാ... നമുക്ക് ക്ലാസ്സിൽ കേറിയിരിക്കാം. ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ഉള്ളതല്ലേ... സാറ് നേരത്തെ വരും"
കിരൺ മെൽവിന്റെ തോളിൽ കയ്യിട്ടു കൊണ്ട് ക്ലാസ്സിനകത്തു കയറി.

"നിവി... നീ ഇന്നലെ അയച്ച മെസ്സേജ് വായിച്ചപ്പോൾ ഒരുപാട് സന്തോഷമായി. അങ്ങനെ നിങ്ങളുടെ കാര്യം സെറ്റ് ആയല്ലേ..."

"മ്മ്..."
നിവി ചിരിച്ചുകൊണ്ട് മൂളി.

"അല്ലാ... നീയെന്താ മെൽവിൻ ചേട്ടനോട് അങ്ങനെ പറഞ്ഞേ?"

"ഓഹ്... ആ വായിനോക്കിയോട് മിണ്ടാൻ ഞാനില്ല. അന്ന് ഞാനൊരു പെൺക്കുട്ടി അടുത്ത് നിൽക്കുന്നുണ്ടെന്നുള്ള കാര്യം പോലും ഓർക്കാതെയാ മറ്റു പെൺപ്പിള്ളേരെ കുറിച്ച് വർണിച്ചു കൊണ്ട് നിന്നത്"
മരിയ പറഞ്ഞു കഴിഞ്ഞതും അലൻ അവളുടെ അടുത്തേക്ക് വന്നു.

"മറിയാമ്മേ... എങ്ങനെയുണ്ടായിരുന്നു ഓണമൊക്കെ..."

"നന്നായിരുന്നു... അലനോ?"

"മ്മ്... അടിപൊളിയായിരുന്നു... എന്നാ ശെരി... ഞാനങ്ങോട്ട്..."
എന്നും പറഞ്ഞ് അലൻ ബെഞ്ചിൽ ചെന്നിരുന്നു.

"എന്താടാ? എന്ത് പറ്റി? മരിയയെ ഒന്നു ചൊറിഞ്ഞിട്ട് വരാമെന്ന് പറഞ്ഞ് പോയവൻ പെട്ടന്ന് തിരിച്ചു വന്നല്ലോ"
വിശാൽ പറഞ്ഞു.

"എന്തോ ടാ... ഇന്ന് മറിയാമ്മേ എന്ന് വിളിച്ചപ്പോ മുഖം കൂർപ്പിച്ചു നോക്കിയൊന്നുമില്ല. പിന്നെ,  ഞാനവളോട് ഓണം എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ എന്നോട് തിരിച്ചും ചോദിച്ചെടാ... ആദ്യമായിട്ടാ അവൾ എന്റെ പേര് പറയുന്നെ... പെരുത്ത് സന്തോഷം തോന്നുന്നു..."

"ആഹാ... കൊള്ളാലോ..."

"ദേ ടാ... ഇപ്പൊ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നോക്കി ചിരിച്ചു..."

"ങേ?! അപ്പൊ ഇനി ചൊറിയേണ്ട കാര്യമില്ലെന്ന് തോന്നുന്നു. അല്ലേ? അവൾക്ക് എന്തേലും ഇഷ്ടം നിന്നോട് തോന്നി തുടങ്ങിയോ?"

"ആവോ... ഈശോക്കറിയാം... അല്ലാ... നിന്റെ ആളിത് വരെ വന്നില്ലല്ലോ..."

"എന്റെ ഏത് ആള്?"

"ടാ ടാ... എന്റെ അടുത്ത് നിന്റെ പൊട്ടൻ കളി വേണ്ടാട്ടോ... വിഷ്ണുപ്രിയയുടെ കാര്യമാ ഞാൻ പറഞ്ഞെ. ഇപ്പൊ മനസ്സിലായോ?"

"അത്..."

"എന്താടാ ഒരു അത്‌..."

"എനിക്കിഷ്ടമൊക്കെ തന്നെയാ... അവൾക്ക് എന്നോടുണ്ടോ എന്നറിയില്ല"

"ആഹ്... നമുക്ക് നോക്കാം. ഈ യക്ഷി എന്തിനാടാ എപ്പോഴും നിവിന്റെ പിന്നാലെ നടക്കുന്നെ... ഈശോയെ അവനെ കാത്തോളണേ..."
അലൻ വർഷയേയും നിവിനേയും നോക്കി പറഞ്ഞു.
....
"മരിയേ... എന്താണിപ്പൊ അലനോടൊരു സോഫ്റ്റ്‌ കോർണർ?"

"ഏയ്... അങ്ങനെയൊന്നുമില്ലാടി... ആള് പാവമാ... എന്നോട് വെറുതെ ചൊറിയാൻ വരുന്നതാ. ഈ ക്ലാസ്സിലെ വേറൊരു പെണ്ണിനെയും വായിനോക്കുന്നത് ഞാൻ കണ്ടിട്ടില്ല"

"ഓഹോ... വേണമെങ്കിൽ ഞാൻ സപ്പോർട്ട് ചെയ്യാട്ടോ..."
നിവി മരിയയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.

"വേണമെങ്കിൽ ഞാൻ പറയാട്ടോ..."
മരിയ അലനെയൊന്നു പാളി നോക്കിയിട്ട് പറഞ്ഞു.
*****❤️*****
"ടാ മോനേ... എണീക്ക്... ഇന്നാ ഫോൺ ഞാൻ കൊണ്ടുവന്നിട്ടുണ്ട്"
മാർക്കോസ് അബിന്റെ കയ്യിലൊരു  സാംസങ്ങിന്റെ പഴയ ഒരു മോഡൽ മൊബൈൽ കൊടുത്തു.

"ഹാ... ആ അലമാരക്കകത്ത് ഒരു ചെറിയ കവർ ഇരിപ്പുണ്ട്. എടുത്ത് താ... അതിൽ സിം ഉണ്ട്"

"ഹ്മ്മ്..."
മാർക്കോസ് അലമാര തുറന്ന് ആ കവറിൽ കിടന്ന ഒരു വോഡാഫോണിന്റെ സിം അബിന്റെ കയ്യിൽ കൊടുത്തു.

"അബിനേ... ഈ ഫോണ് നിന്റെ അപ്പച്ചനും അമ്മച്ചിയൊന്നും കാണരുത് കേട്ടോ... കണ്ടാൽ എന്റെ കാര്യം പോക്കാ... ഷിന്റോച്ചായൻ എന്നെ കൊല്ലും"

"അതൊക്കെ ഞാൻ നോക്കിക്കോളാം... അങ്കിള് പോ..."

"ദേ... ഞാൻ പറഞ്ഞ സാധനം... സിറിഞ്ചുമുണ്ട്. ഇത് അങ്ങ് ഉള്ളിൽ എത്തുമ്പോൾ മോന്റെ സങ്കടമൊക്കെ മാറും.
അബിനെയൊന്നു നോക്കിയിട്ട് വാതിൽ പുറത്തു നിന്ന് കുറ്റിയിട്ടിട്ട് അയാൾ താഴേക്ക് ചെന്നു.

"ആങ്ങളേ... ഇനി പുറത്തു പോകുന്നുണ്ടോ?"

"ഇല്ലാ... എന്താ മേരി?"

"ഞാനൊന്നു നമ്മുടെ വീട് വരെ പോയിട്ട് വരാം... അപ്പച്ചനെയൊന്നു കാണണം"

"ഞാനും കൂടി വരാടി..."

"അത്‌ വേണ്ടാ... ഇവിടെ ആരെങ്കിലും വേണം. അന്ന മോള് സ്കൂളിൽ നിന്നും വരുമ്പോഴേക്കും ഇങ്ങ് എത്തണം. ഉച്ചക്ക് അബിന് ചോറു കൊണ്ടു കൊടുക്കണേ... സിസിലിയോട് പറഞ്ഞാൽ മതി. അവളെടുത്ത് തരും"

"മ്മ്... ശെരി. നീ പോയിട്ട് വാ. ഞാനിവിടെ ഇരിക്കാം"

മേരി തലയാട്ടിക്കൊണ്ട് അവരുടെ റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറ്റി പുറത്തേക്ക് പോയി.
*****❤️*****
കോളേജിൽ ഉച്ചക്കുള്ള ഇന്റർവെൽ കഴിഞ്ഞപ്പോൾ എല്ലാവരോടും ഓഡിറ്റോറിയത്തിലേക്ക് ചെല്ലാൻ അനൗൺസ്മെന്റ് വന്നു.

"നിവി... വല്ല പ്രോഗാമും കാണോ?"

"ആവോ... അറിയില്ല. എന്തേലും അത്യാവശ്യക്കാര്യം പറയാനായിരിക്കും"

"അപ്പൊ ബാഗെടുക്കണോ?"

"എടുത്തേക്കാം. നമുക്ക് പ്രോഗ്രാം കഴിഞ്ഞിട്ട് അത്‌ വഴി പോകാം"

"മ്മ്... ശെരി"
ക്ലാസ്സിലെല്ലാവരുടെയും ഒപ്പം നിവിയും മരിയയും ഓഡിറ്റോറിയത്തിലേക്ക് ചെന്നു.
അവിടെ അപ്പോഴേക്കും ഏകദേശം ഫുൾ ആയി കഴിഞ്ഞിരുന്നു. നിവിക്കും മരിയക്കും മുന്നിലുള്ള ഒരു ബെഞ്ചിൽ ഇരിക്കാൻ കുറച്ചു സ്ഥലം കിട്ടി. സ്റ്റേജിലേക്ക് നോക്കിയപ്പോഴാണ് അവിടെ കസേരയിലിരിക്കുന്ന ആളെ കണ്ട് നിവിയും മരിയയും അതിശയത്തോടെ മുഖത്തോട് മുഖം നോക്കി.
കുട്ടികളും ടീച്ചർസും എല്ലാവരും  എത്തിക്കഴിഞ്ഞെന്ന് തോന്നിയപ്പോൾ പ്രിൻസിപ്പൽ മൈക്കിന്റെ അടുത്തേക്ക് വന്നു.

"ഡിയർ സ്റ്റുഡന്റസ്... ബി സൈലന്റ്... ഇവിടെയിപ്പോൾ നമ്മോടൊപ്പം ഇരിക്കുന്നത് നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും. സിറ്റി പോലീസ് കമ്മീഷണർ കാർത്തിക് സാറാണ് ഇവിടെ വന്നിരിക്കുന്നത്. സാറിന് നിങ്ങളോടൊക്കെ കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. നിങ്ങൾക്കറിയാം സിറ്റി പോലീസ് കമ്മീഷണർ ആകുമ്പോൾ എന്തുമാത്രം തിരക്ക് കാണുമെന്ന്. അപ്പോൾ അതൊക്കെ മാറ്റിവെച്ച് നിങ്ങളുടെ അടുത്ത് വന്നെങ്കിൽ പറയാൻ പോകുന്ന കാര്യം എന്തുമാത്രം ഇമ്പോർട്ടന്റ് ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളു. ബാക്കി സാർ പറയും. വരൂ സർ..."

പ്രിൻസിപ്പൽ പറഞ്ഞത് കേട്ട് കസേരയിൽ നിന്നും ഒരു പുഞ്ചിരിയോടെ കാർത്തി എണീറ്റ് മൈക്കിനടുത്തേക്ക് വന്നു.

"ഗുഡ് ആഫ്റ്റർ നൂൺ ടു ആൾ..."

"ഗുഡ് ആഫ്റ്റർ നൂൺ സർ..."
ഓഡിറ്റോറിയത്തിലിരുന്ന കുട്ടികൾ തിരിച്ചു പറഞ്ഞു.

"ഇപ്പോൾ നിങ്ങളുടെ പ്രിൻസിപ്പൽ പറഞ്ഞല്ലോ... ഞാനെന്റെ തിരക്കൊക്കെ മാറ്റി വെച്ചിട്ട് ഇവിടെ വന്നെങ്കിൽ നിങ്ങളോട് പറയാൻ പോകുന്ന കാര്യം അത്ര മാത്രം ഇമ്പോർട്ടന്റ് ഉള്ളതാണെന്ന്.  അദ്ദേഹം പറഞ്ഞത് ശെരിയാണ്. ഇമ്പോർട്ടന്റ് ആയ കാര്യം തന്നെയാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഡ്രഗ് മാഫിയയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇപ്പോൾ തുടങ്ങിയതല്ല. പണ്ട് മുതലേ ഇതൊക്കെയുണ്ട്. സ്കൂൾ പരിസരത്ത് മിട്ടായിയിൽ മയക്കുമരുന്ന് ചേർത്ത് കുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന കേസൊക്കെ നിങ്ങൾ കേട്ടിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. അതുപോലെ ഈ ക്യാമ്പസസിനു പുറത്ത് ഡ്രഗ് ഐറ്റംസ് വിൽക്കാൻ വേണ്ടി കുറച്ചു ആളുകൾ ഇവിടെ കറങ്ങുന്നുണ്ട്"

കാർത്തി പറഞ്ഞത് കേട്ട് കുട്ടികൾ പരസ്പരം നോക്കി സംസാരിക്കാൻ തുടങ്ങി.

"നിങ്ങളാരും ടെൻഷനടിക്കാൻ വേണ്ടി ഞാൻ പറഞ്ഞതല്ലാ..."

പ്രിൻസിപ്പൽ ഉടനെ എണീറ്റ് എല്ലാവരോടും മിണ്ടാതെയിരിക്കാൻ ആംഗ്യം കാട്ടി. പതിയെ അവിടെ പഴയതു പോലെ നിശബ്ദമായി. കാർത്തി വീണ്ടും പറയാൻ തുടങ്ങി.

"ദയവുചെയ്ത് എനിക്ക് നിങ്ങളോട് പറയാനുള്ളത് അതിലൊന്നും ചെന്ന് അകപ്പെടരുത് എന്നാണ്. സ്പെഷ്യലി ബോയ്സിനോട്‌... ഞാൻ കണ്ണൂരിൽ ആയിരുന്നപ്പോൾ അവിടെയൊരു കോളേജിൽ കുറച്ചു പയ്യന്മാർ അവരുടെ വലയിൽ പെട്ടു. അവർ ആ പയ്യന്മാരെ വെച്ച് ക്യാമ്പസിന്റെ അകത്തു ഡ്രഗ്സ് വില്പന നടത്തി. ഈ കാര്യമറിഞ്ഞ് അവിടെത്തെ പ്രിൻസിപ്പൽ ആ പയ്യന്മാരെ ഡിസ്‌മിസ്സ് ചെയ്തു. പക്ഷേ, അതവിടം കൊണ്ട് തീർന്നില്ലായിരുന്നു. അവരെപ്പോലെ വീണ്ടും കുറച്ചു പയ്യന്മാർ ഇതേറ്റെടുത്തു. അങ്ങനെ ഡ്രഗ് അഡിക്ട് ആയി ക്ലാസ്സിൽ വെച്ച് സ്വന്തം ക്ലാസ്സ്മേറ്റ് ആയ ഒരു പെൺക്കുട്ടിയെ റേപ്പ് വരെ ചെയ്യാൻ അവർ മുതിർന്നു. പക്ഷേ,  എന്തോ ആ കുട്ടിയുടെ ഭാഗ്യം കൊണ്ട് ടീച്ചർസും സാറുന്മാരും കണ്ട് രക്ഷപ്പെടുത്തി. ആ പയ്യന്മാരെ ഡ്രഗ് അഡിക്ഷൻ സെന്ററിൽ ആക്കുകയും ചെയ്തു. അപ്പോഴേക്കും ഞാനും എന്റെ ഗ്രൂപ്പും ചേർന്ന് മാഫിയയെ പിടി കൂടിയിരുന്നു. അവരെ ചോദ്യം ചെയ്തപ്പോൾ കുറച്ചു കാര്യങ്ങൾ കൂടി അറിയാൻ കഴിഞ്ഞു. ചില കുട്ടികൾ മയക്കുമരുന്നു വാങ്ങാൻ കാശില്ലെന്ന് പറയുമ്പോൾ അവര് ആവശ്യപ്പെടുന്ന കാര്യം ചെയ്തു കൊടുക്കേണ്ടി വരും. അങ്ങനെ ഒരുത്തൻ ഡ്രഗ്സിനു വേണ്ടി അവന്റെ സ്വന്തം അനിയത്തിയെ അവർക്ക് ബലി കഴിപ്പിക്കാൻ കൊടുത്തു. ആ കുട്ടി ഇപ്പോൾ മെന്റൽ ഹോസ്പിറ്റലിലാണ്. അവൻ പിന്നീട് സൂയിസൈഡും ചെയ്തു"

കാർത്തി പറഞ്ഞതൊക്കെ എല്ലാവരും ഭയത്തോടെ കേട്ടിരുന്നു.

"ഡ്രഗ്സും ഡ്രിങ്ക്സും പിന്നെ ഈ സിഗരറ്റൊന്നുമല്ലാ യഥാർത്ഥ ലഹരി. ഇപ്പോൾ നിങ്ങളുടെ പ്രായത്തിൽ വഴി തെറ്റാൻ ചാൻസ് കൂടുതലാണ്.  ഒരു ഇരുപത്തി അഞ്ചു വയസ്സു വരെ ഒരു കാര്യം ശെരിക്കു ആലോചിക്കാതെ എടുത്തുചാടി തീരുമാനമെടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഞാൻ ഈ പറഞ്ഞത് എല്ലാവരുടെയും കാര്യമല്ല. നല്ലതുപോലെ ആലോചിച്ചു തീരുമാനം എടുക്കുന്നവരുമുണ്ട്. മുതിർന്ന ചിലർ അതിന്റെ ദൂഷ്യഫലങ്ങൾ അറിഞ്ഞിരുന്നിട്ടും മനപ്പൂർവം ചെന്നു ചാടും. അവരെ പറഞ്ഞിട്ട് കാര്യമില്ല. എന്നെ സംബന്ധിച്ച് എന്റെ ലഹരി എന്നു പറയുന്നത് എന്റെ കുടുംബമാണ്. കുടുംബത്തിൽ നിന്നും കിട്ടുന്ന സന്തോഷമാണ്. ഈ സന്തോഷമൊന്നും മയക്കുമരുന്ന് ഉപയോഗിച്ചാലൊന്നും കിട്ടത്തില്ല.  അവരെ വേദനിപ്പിക്കുന്ന യാതൊന്നും ഞാൻ ഇതുവരെ ചെയ്തിട്ടില്ല. ഈ  പിന്നെ, ഞാൻ ഈ ഇട്ടിരിക്കുന്ന യൂണിഫോമിനോടും വല്ലാത്തൊരു ഇഷ്ടമുണ്ട്. നമ്മൾ സ്വന്തമായി നേടിയെടുത്ത എല്ലാത്തിലും നമുക്കൊരു പ്രേത്യേക അടുപ്പം കാണും"

"സാറിത് വരെ അതിന് മയക്കുമരുന്ന് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?"

ആഡിറ്റോറിയത്തിന്റെ പുറകിൽ നിന്നും കോശി വിളിച്ചു ചോദിച്ചു.

"ഇതിപ്പോൾ ആരാ എന്നോട് ചോദിച്ചതെന്ന് ഞാൻ കണ്ടില്ല. സാരല്ല... പിന്നെ,  ഞാനിത് വരെ ഒരു സിഗരറ്റ് പോയിട്ട് ബീഡിക്കുറ്റി പോലും വലിച്ചിട്ടില്ല. അതൊക്കെ വലിക്കാൻ പ്രേരിപ്പിച്ച എന്റെ സുഹൃത്തുക്കളെ ഞാൻ അവയിൽ നിന്നൊക്കെ പിന്തിരിപ്പിച്ചിട്ടേ ഉള്ളു. എന്നോടുള്ള ഇഷ്ടം കൊണ്ട് ചിലർ വേണ്ടെന്ന് വെച്ചിട്ടുണ്ട്. കഞ്ചാവ് കേസിൽ പിടിച്ചവരൊക്കെ പറയുന്നത് അത്‌ വലിക്കുമ്പോൾ അങ്ങ് സ്വർഗത്തിൽ പോകുന്ന ഫീല് കിട്ടുമത്രേ. സ്വബോധം നഷ്ടപ്പെട്ടിട്ടുള്ള സ്വർഗത്തിൽ പോക്കൊന്നും എനിക്ക് വേണ്ടാ. സോ,  ഞാനത് യൂസ് ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ചിലർ അവരുടെ വേദനകളെ മറക്കാൻ വേണ്ടി യൂസ് ചെയ്തതാണെന്ന് പറയും. അതൊന്നും ഒരു പോംവഴിയല്ല. എന്റെ മകൾ ഇവിടെ പഠിക്കുന്നുണ്ട്. അവളെ പോലെ തന്നെയാണ് എനിക്ക്  നിങ്ങളെല്ലാവരും. നമ്മുടെ കുടുംബത്തെ വേദനിപ്പിച്ചിട്ട് സ്വയം നമ്മുടെ മനസ്സും ശരീരത്തെയും ഇല്ലാതാക്കിയിട്ട് കിട്ടുന്ന സുഖമോ സന്തോഷമോ ഒന്നും നിങ്ങളെ ശെരിക്കുളള സ്വർഗത്തിലേക്ക് എത്തിക്കില്ലാ. ഈ ഭൂമിയിൽ തന്നെയാണ് ശെരിക്കുള്ള സ്വർഗം. നല്ലതുപോലെ പഠിച്ച് നിങ്ങൾ ആഗ്രഹിക്കുന്ന ജോലി സമ്പാദിച്ച് കുടുംബത്തോടൊപ്പം കഴിയുമ്പോൾ ശെരിക്കുള്ള സ്വർഗം നിങ്ങളെ തേടിയെത്തും. നിങ്ങളെയും നിങ്ങളുടെ ഫാമിലി& ഫ്രണ്ട്സിനെയും സംരക്ഷിക്കുന്ന കടമ നിങ്ങൾക്കുണ്ട്. എല്ലാം  നഷ്ടപ്പെടുത്തിയിട്ട് പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല. ആകെയൊരു ലൈഫേ ഉള്ളു. അതിനെ ഇല്ലാതാക്കാൻ പലരും വന്നെന്നിരിക്കും. അവരെയൊക്കെ ഇഗ്നോർ ചെയ്തിട്ട് നിങ്ങൾ നിങ്ങളുടെ കാര്യം നോക്കി പോവുക. പോസിറ്റീവ് ആയി എപ്പോഴും ചിന്തിക്കുക. അത്‌ നിങ്ങളുടെ ലൈഫ് ഉന്നതങ്ങളിൽ എത്തിക്കും. ഇതൊരു ഉപദേശം എന്ന് ഞാൻ പറയുന്നില്ല. കുട്ടികൾക്ക് ഉപദേശം ഇഷ്ടപ്പെടില്ലെന്ന് എനിക്ക് നല്ലതു പോലെ അറിയാം. ഞാൻ ഫോളോ ചെയ്ത കാര്യം നിങ്ങളോട് പറഞ്ഞെന്നെ ഉള്ളു. സ്വീകരിക്കുന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. ആരേയും ഒന്നും പറഞ്ഞ് അടിച്ചേൽപ്പിക്കാൻ ഞാനില്ല. പിന്നെ, ഞാൻ കണ്ടതും കേട്ടതുമായ കുറച്ചു എക്സ്പീരിയൻസും... 
ഇതൊക്കെ മനസ്സിൽ നിന്ന് തള്ളി കളയുന്നതിനു മുൻപ് അറ്റ്ലീസ്റ്റ് ഒരു തവണയെങ്കിലും ആലോചിച്ചു നോക്കുക... ഓക്കേ, ഇത്രയും നേരം ഇത് കേട്ടിരുന്ന നിങ്ങൾക്കെന്റെ താങ്ക്സ്..."
എന്ന് പറഞ്ഞ് കാർത്തി കുട്ടികളെ നോക്കി ചിരിച്ചുകൊണ്ട് കൈ കൂപ്പി.

"താങ്ക്യൂ സർ..."
എല്ലാവരും കയ്യടിച്ചു.

"പിന്നേ... നേരത്തെ എന്നോടൊരു ചോദ്യം ചോദിച്ച ആ മിടുക്കന് നല്ല ശീലങ്ങൾ ഉണ്ടെന്ന് മനസ്സിലായി കേട്ടോ..."
കാർത്തി കളിയാക്കലിന്റെ രൂപത്തിൽ പറഞ്ഞു. ഇത് കേട്ട് കോശി അവിടെന്ന് കുറച്ചും കൂടി ബാക്കിലേക്ക് ഒളിച്ചു. ബാക്കിയുള്ളവർ ചിരിച്ചു.
നിവി കാർത്തിയെ നോക്കി തംബ്‌സപ്പ് കാണിച്ചു. അവൻ അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് അവിടെയിരുന്നു.

"നമ്മുടെ കാർത്തിക് സാറിന് തിരക്കുണ്ടെന്ന് ഞാൻ പറഞ്ഞല്ലോ... സർ പോവുകയാണ്.  ആൾ ഓഫ് യൂ വൺസ് എഗൈൻ സേ താങ്ക് യൂ..."

"താങ്ക് യൂ സർ..."
കാർത്തി എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. എന്നിട്ട് അവിടെ നിന്നുമിറങ്ങി...

"ഹോ... നിവിയേ... അങ്കിളിന്റെ സ്പീച് സൂപ്പറാട്ടോ... കലക്കി"

"എന്റെ അച്ഛൻ സൂപ്പറാന്ന് മോളെനിക്ക് പറഞ്ഞു തരണ്ടട്ടോ..."

"ഓഹ്... നീ ലക്കിയാടി..."
നിവി അത്‌ കേട്ട് ചിരിച്ചു.

"വാ... നമുക്ക് വീട്ടിൽ പോകാം. ക്ലാസ്സിൽ നിന്ന് രഞ്ജുവേട്ടൻ വന്നില്ലെന്ന് തോന്നുന്നു. ഞാൻ മെസ്സേജ് അയച്ചോളാം"

"മ്മ്...  ശെരി..."
നിവിയും മരിയയും പാർക്കിംഗ് ഏരിയയിലേക്ക് പോയി.

ഈ സമയം ഷിബു അവിടെയുള്ള വേറൊരു കോൺസ്റ്റബിൾ വഴി കാർത്തി ഷിന്റോയുടെ ഗോഡൗൺ സെർച്ച് ചെയ്യാനിരിക്കുകയാണെന്ന് അറിഞ്ഞു. അവനുടനെ ഈ വിവരം ഷിന്റോയേയും മാർക്കോസിനെയും വിളിച്ചു പറഞ്ഞു. മാർക്കോസ് ഉടനെ അബിനോട് പറഞ്ഞിട്ട് അവിടെ നിന്നുമിറങ്ങി. കുറച്ചു സമയം കഴിഞ്ഞപ്പോൾ അബിൻ അവിടെയുള്ള പയ്യന്മാരെ വീട്ടിൽ വിളിച്ചു വരുത്തി. അവർക്ക് പുതുതായി കിട്ടിയ മയക്കുമരുന്ന് കൊടുത്തു. അവന്മാർ തിരികെ താഴെ വന്നപ്പോഴായിരുന്നു അബിന്റെ അനിയത്തി സ്കൂളിൽ നിന്നും വന്നത്. അവരുടെ കണ്ണുകൾ അവളിലേക്കായി...
*****❤️*****
"ങേ?! നീയിന്ന് നേരത്തെ വന്നോ? ക്ലാസ്സ്‌ കട്ട്‌ ചെയ്തോ?"

"അത്‌... ഇന്ന് അച്ഛൻ കോളേജിൽ വന്നിരുന്നു"

"കോളേജിലോ?  എന്തിന്?"

"അച്ഛന്റെ വക കിടിലൻ സ്പീച് ഉണ്ടായിരുന്നു. ഡ്രഗ് മാഫിയയെ പറ്റി... അത്‌ കഴിഞ്ഞപ്പോൾ ഞങ്ങൾ അവിടെ നിന്നുമിറങ്ങി. ഞങ്ങൾ മാത്രമല്ല വേറെ കുറച്ചു പിള്ളേരും..."

"ആഹാ... അത്‌ ശെരി"

"രെച്ചുമ്മ ആരെയാ പുറത്തേക്ക് നോക്കുന്നേ?"

"നിക്കു ഇതുവരെ വന്നില്ലാ... ഇന്ന് സ്കൂൾ എക്സിബിഷനാണെന്ന് പറഞ്ഞിരുന്നു"

"സമയം നാലു കഴിഞ്ഞല്ലോ... ഇനി എക്സിബിഷൻ കഴിഞ്ഞില്ലേ... അമ്മ അവന്റെ ക്ലാസ്സ്‌ ടീച്ചറെയൊന്നു വിളിച്ചു നോക്ക്"

"മ്മ്മ്..."
രശ്മി ചെന്ന് അവളുടെ ഫോണെടുത്ത് നിക്കുവിന്റെ ക്ലാസ്സ്‌ ടീച്ചറെ വിളിച്ചു.

"ഹലോ... ജയ ടീച്ചറല്ലേ?"

"യെസ്... ആരാ സംസാരിക്കുന്നെ?"

"ടീച്ചർ ഞാൻ 8th ബി യിലെ നിഖിൽ കാർത്തിക്കിന്റെ അമ്മയാണ്... രശ്മി"

"ഓഹ് രശ്മി... മനസ്സിലായി. സോറിട്ടോ... ഞാൻ നമ്പർ സേവ് ചെയ്തില്ലായിരുന്നു. എന്താ രശ്മി?"

"അത്‌ ടീച്ചർ... നിഖിൽ ഇതുവരെ വീട്ടിൽ എത്തിയിട്ടില്ല. എക്സിബിഷൻ കഴിഞ്ഞോ ഇല്ലയോ എന്നറിയാൻ വേണ്ടിയായിരുന്നു ഞാൻ വിളിച്ചത്..."

"എത്തിയില്ലേ? സ്കൂൾ എന്നത്തേയും പോലെ തന്നെയാ ഇന്നും വിട്ടത്. എക്സിബിഷനിൽ നിഖിലിന്റെ ടീമിനാണ് ഫസ്റ്റ് പ്രൈസ് കിട്ടിയത്. ചിലപ്പോൾ ബസ്സിൽ കേറിയില്ലായിരിക്കും. ഇവിടെ തന്നെ ഫ്രണ്ട്സുമായി നിൽപ്പുണ്ടായിരിക്കും. ഞാനിപ്പോൾ ബസ്സ് സ്റ്റോപ്പിലേക്ക് നടക്കുവാ... ഞാൻ നോക്കിയിട്ട് രശ്മിയെ വിളിക്കാം"

"മ്മ്... ശെരി ടീച്ചർ..."
രശ്മി കാൾ കട്ട്‌ ചെയ്തു. പെട്ടന്ന് തന്നെ ടീച്ചർ തിരിച്ചു വിളിച്ചിട്ട് അവിടെയൊന്നും നിക്കുവിനെ കണ്ടില്ലെന്ന് പറഞ്ഞു.

"എന്റെ രെച്ചുമ്മേ ടെൻഷനടിക്കാതെ വേഗം അച്ഛനെ വിളിച്ചു പറയ്"

"ഹ്മ്മ്..."

രശ്‌മി ഉടനെ കാർത്തിയെ വിളിച്ചു കാര്യം പറഞ്ഞു. അവൻ അവളെ സമാധാനിപ്പിച്ചിട്ടു കാൾ കട്ട്‌ ചെയ്തു.

"എന്താ സർ?"
കോൺസ്റ്റബിൾ സുകുമാരൻ ചോദിച്ചു.

"അത്... മോനിതു വരെ വീട്ടിൽ ചെന്നില്ല. സ്കൂളിന്റെ പരിസരത്തൊന്നും ഇല്ലെന്നാ ക്ലാസ്സ്‌ ടീച്ചർ പറഞ്ഞത്"

"അയ്യോ ആണോ? നേരത്തെ സർ ഇവിടെ ഇല്ലായിരുന്നപ്പോൾ ഷിബു സാറ് വന്ന് മറ്റേ കോൺസ്റ്റബിളിനോട്‌ എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു. നമ്മൾ തമ്മിൽ സംസാരിച്ചത് കോൺസ്റ്റബിൾ കേട്ടു കാണും. ഇതെങ്ങാനും ഷിബു സാറിനോട് പറഞ്ഞോ സാറേ?"
കാർത്തി മറുപടിയൊന്നും പറയാതെ നിന്നു.

പെട്ടന്ന് അവിടെയുള്ള ലാൻഡ് ഫോൺ റിങ് ചെയ്തു. കാർത്തി ഉടനെ അത്‌ അറ്റൻഡ് ചെയ്തു.

"ഹെലോ..."

"ഹലോ കമ്മീഷണർ സർ... ഞാനാ ഷിന്റോ... ഇളയ സന്താനം വീട്ടിലിതു വരെ എത്തിയില്ലെന്നുള്ള വിവരം ഇപ്പോൾ അറിഞ്ഞു കാണുമല്ലേ... കൊച്ചനിവിടെ എന്റെ അടുത്ത് തന്നെയുണ്ട്"

"നിങ്ങൾക്കെന്താ വേണ്ടത്?"
കാർത്തി ദേഷ്യത്തോടെ ചോദിച്ചു.

"ആഹാ... ഇത് ഞാനങ്ങോട്ട് നേരത്തെ ചോദിക്കാൻ ഇരുന്നതാ... ചോദിച്ച സ്ഥിതിക്ക്‌ പറഞ്ഞേക്കാം... എന്റെ നേർക്കോ എന്റെ സ്ഥാപനങ്ങൾക്ക് നേരെയോ പിന്നെ ഫാമിലിയുടെ നേർക്കോ ഉണ്ടാക്കാൻ വരരുത്. ഗോഡൗൺ സെർച്ച് ചെയ്യാനുള്ള ആ മോഹമൊക്കെ അങ്ങ് മാറ്റി വെച്ചേക്ക്. അത്‌ മാറ്റും വരെ നിന്റെ മോൻ ഇവിടെ തന്നെയുണ്ടാകും. നല്ല സുഖമായിട്ട്....  കേട്ടോ കമ്മീഷണർ സാറേ..."
അത്രയും പറഞ്ഞ് ഷിന്റോ കാൾ കട്ട്‌ ചെയ്തു.

"ഹെലോ ഹെലോ... "
കാർത്തി റിസീവർ തിരികെ വെച്ചു. എന്നിട്ട് ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി മേശയിൽ ഇടിച്ചുകൊണ്ട് നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[വായിച്ചു നോക്കിയിട്ടില്ലാ🙃. മനസ്സിൽ വന്നതുപോലെ എഴുതി😬.  ഇഷ്ടപ്പെടുമോ എന്നറിയില്ല😑🙏🏻]

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top