യാമി, Part 3

Valappottukal
യാമി💝0️⃣3️⃣
ഭാഗം❤️03

ഓഫ്‌ ഷോൾഡർ ടോപ്പും...പ്ലാസോ പാന്റും അതായിരുന്നു യാമിയുടെ വേഷം..
മുടി പതിവ് പോലെ അലസമായി വിടർത്തി ഇട്ടിരുന്നു..കറുത്ത ഫ്രെയിം കണ്ണട മുഖത്തെ ഭംഗി ഇരട്ടിപ്പിച്ചു..
ഗോപി ഇതിനോടകം അവളുടെ ലഗേജ് എല്ലാം അകത്തേക്ക് എടുത്ത് വച്ചു..
അയാള് പറഞ്ഞത് പോലെ തന്നെ ആകെ കല്യാണത്തിരക്ക്  ആയിരുന്നു വാരൃത്ത്..
പരിചയമുളള മുഖങ്ങൾ ഒന്നും പുറത്ത് നിൽക്കുന്നവരിൽ കാണാത്തത് കൊണ്ട് അവള് ഉള്ളിലേക്ക് നടന്നു..

പടി ചവിട്ടും മുന്നേ കണ്ടിരുന്നു പുറത്തേക്ക് പാഞ്ഞു വരുന്ന ഒരു പടയേ..
മുന്നിൽ കത്തിച്ച വിളക്ക് താലത്തിൽ പിടിച്ച് കൊണ്ട് ആദ്യം ജാനകി മുത്തശ്ശി ഇറങ്ങി..
ബാക്കി ഉളളവർ പിറകേയും..

അവളെ കണ്ടതും മുത്തശ്ശിയുടെ മുഖം വിടർന്നു..
കയ്യിലിരുന്ന താലം കൊണ്ട് മൂന്ന് വട്ടം ഉഴിഞ്ഞ് സിന്ദൂരം നെറ്റിയിൽ തൊടുവിച്ച് അടുത്ത് നിന്ന സ്ത്രീയുടെ കയ്യിലേക്ക് അവരത് കൊടുത്തു..

"മുത്തശ്ശിയുടെ പൊന്ന് വാ.."
സ്നേഹത്തോടെ യാമിയെ ചേർത്ത് പിടിച്ച് ജാനകി ഉള്ളിലേക്ക് കൊണ്ട് പോയി..
പുത്തൻ പെണ്ണിനെ കാണാൻ ഇതിനോടകം അകത്ത് നിന്നും പുറത്ത് നിന്നും ഒക്കെ ആളുകൾ എത്തി കൊണ്ടിരുന്നു..
പല മുഖങ്ങളും യാമിക്ക് അപരിചിതമായിരുന്നു..
ചിലത് നേർത്ത ഒരു ഓർമ്മ മാത്രം..
കൂട്ടത്തിൽ കണ്ണുകൾ പരതി നടന്നത് എന്തോ കണ്ടുപിടിച്ച സന്തോഷത്തിൽ അവളുടെ മനസ്സും തെളിഞ്ഞു..
വരുണി അവളെ നോക്കി കണ്ണുകൾ ഇറുക്കി കാട്ടി..

"മുത്തശ്ശിയുടെ യാമിമോൾ ഞങ്ങളെയൊക്കെ മറന്നോ?"
ജാനകിയുടെ ചോദ്യത്തിന് മറുപടിയായി അവളൊന്ന് ചിരിച്ചതേയുള്ളൂ..

"ഈ മുടിയൊക്കെ എന്താ ഇങ്ങനെ ഇരിക്കുന്നത്?" ജാനകി തെല്ലൊരു ഈർഷ്യയോടെ ആണത് തിരക്കിയത്
ഒപ്പം വരുണിയെ ഒന്ന് നോക്കുക കൂടി ചെയ്തു..

"അവിടൊക്കെ ഇങ്ങനെയാണ് മുത്തശ്ശി.. ഇതാണ് ഫാഷൻ.."
അവൾ കാര്യമായിട്ടാണ് പറഞ്ഞതെങ്കിലും തൽക്കാലം വരുണിയെ രക്ഷിക്കണമെന്നേ കരുതിയുള്ളൂ..

"നീ വന്ന് കുളിച്ചു വേഷമൊക്കെ മാറ്... യാത്രാക്ഷീണം ഇല്ലേ..."
വരുണി പറഞ്ഞത് ജാനകിയും ശരി വച്ചു..

ചുറ്റുമൊന്ന് നോക്കിയ ശേഷം വരുണി യാമിയേ വിളിച്ച് അകത്തേക്ക് നടന്നു...

"ഇവരാരും മനുഷ്യരെ കണ്ടിട്ടില്ലേ മമ്മേ..
എന്ത് നോട്ടാണ്.. "
യാമി ഇഷ്ടക്കേട് അപ്പോൾ തന്നെ വരുണിയേ അറിയിച്ചു..

"നാട്ടിൻപുറം അല്ലേ...
വസ്ത്രധാരണം ഒക്കെ കുറച്ചു കൂടി നീ ശ്രദ്ധിക്കണം... കുറ്റം നൂറ് കണ്ടുപിടിക്കും..
നല്ലത് പറയാനാകും പാട്.."

മുറിയിലെത്തി പറയുന്നതിനോപ്പം വാണി അലമാര തുറന്ന് കോട്ടന്റെ ചുരിദാർ എടുത്ത് കട്ടിലിൽ വച്ചു..

"ഇതെന്തിനാ.. ഡ്രസ്സ് ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.."

"തൽക്കാലം ഇത് ഇട്ടാൽ മതി..
കയ്യിൽ ഉള്ളത് ഒക്കെ അവിടെ തന്നെ ഇരിക്കട്ടെ.."

"മമ്മാ.!!!.."
യാമിക്ക് ദേഷ്യത്തിന് ഒപ്പം സങ്കടവും വന്നു..

"ഇൗ ഇട്ടിരിക്കുന്നതിന് എന്താ കുഴപ്പം...
മുത്തശ്ശിയെ മനസ്സിലാക്കാം മമ്മ കൂടി ഇങ്ങനെ തുടങ്ങിയാൽ..."

നെറുകയിൽ ഒന്ന് തഴുകി അവൾക്കരികിലായി വാണിയും ഇരുന്നു...

"ഇനി നിൻറെ വീട് ഇവിടമാണ്..
ഇവിടെ ഉള്ളവരുടെ ഇഷ്ടമാണ് മോളുടെ ഇഷ്ടവും..
നവീന് ഇഷ്ടാണെങ്കിൽ മോൾ ഇതൊക്കെ ഇട്ടോളു..
അല്ലാതെ.."
ഒന്ന് നിർത്തിയ ശേഷം..

"പുതിയ ചുറ്റുപാടാണ്...
നീ വളർന്നതിൽ നിന്നും ഒരുപാട് വ്യത്യസ്ഥവും..
ഒന്ന് അഡ്ജസ്റ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ ശരിയാകും...
നവീൻ നല്ല പയ്യനാണ് യാമി...
നിനക്ക് മനസ്സിലായോ മമ്മ പറയുന്നത്..."

"നിനക്ക് മനസ്സിലായോ? നീ കേൾക്കുന്നുണ്ടോ?
നീ അനുസരിക്കണം..
ഇതൊന്നുമല്ലാതെ നിനക്ക് ഒാക്കെയാണോ
എന്ന് ഒരിക്കലെങ്കിലും നിങ്ങൾ രണ്ടാളും എന്നോട് ചോദിക്കുമോ മമ്മ"
കട്ടിലിലിരുന്ന തുണിയുമായി അവൾ ബാത്ത് റൂമിൽ കയറി വാതിലാഞ്ഞടച്ചു...

വരുണി കണ്ണുകളടച്ച് അവിടെ തന്നെ കുറച്ച് സമയം ഇരുന്നു....

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

യശോദറിന് രണ്ടു ചേട്ടന്മാരും ഒരു പെങ്ങളും ആണ് ഉള്ളത്... എല്ലാവർക്കും ഈരണ്ട് മക്കൾ വീതം..
ഒരേയൊരു പെങ്ങളുടെ മകൻ ആണ് നവീൻ
വാര്യത്തെ അനന്തരാവകാശി..
യാമി ഒഴികെ ബാക്കി പെൺകുട്ടികൾ എല്ലാം അവനെക്കാൾ മൂത്തത് ആയതിനാലും.. യശോദറിനോടുള്ള ജാനകിയുടെ അമിതമായ സ്നേഹത്തിന്റെയും അനന്തര ഫലമാണ് ഇൗ കല്യാണം തന്നെ...

കല്യാണത്തിന്റെ തിരക്കുകൾ ഒക്കെ തറവാട്ടിൽ മുന്നേ തുടങ്ങിക്കഴിഞ്ഞിരുന്നു..
ബന്ധുക്കൾ ഓരോരുത്തരായി ഏകദേശം എത്തിയും കഴിഞ്ഞു..

യാമി വാരൃത്ത് എത്തിയിട്ട് ഇന്ന് ഒരു രാത്രിയും ഒരു പകലും പിന്നിട്ടു... നാളെ കഴിഞ്ഞാൽ കല്യാണം..
എന്നിട്ടും ഇതുവരെ നവീനേ ഒന്നു കാണാൻകൂടി അവൾക്ക് പറ്റിയില്ല...

അകത്തിരുന്ന് പെണ്ണുങ്ങളുടെ പരദൂഷണ കമ്മിറ്റിയിൽ അൽപനേരം പങ്കെടുത്തിട്ട്‌ യാമി തൊടിയിലേക്ക് ഇറങ്ങി...
പന്തല് പണിക്കാർക്ക് നിർദ്ദേശം കൊടുക്കുന്ന മുത്തശ്ശന് അരികിലേക്കാണ് ചെന്നത്..
വല്യച്ഛന്മാരും അമ്മാവന്മാരും യശോദറും ഒക്കെ അല്പം മാറി എന്തോ പറഞ്ഞു നിൽക്കുന്നുണ്ട്...

അവളെ കണ്ടതും മുത്തശ്ശൻ കൈയാട്ടി അടുത്തേക്ക് വിളിച്ചു..
അരികിൽ എത്തിയതും കൈക്കുള്ളിൽ ആക്കി തോളോട് ചേർത്തു പിടിച്ചു നിർത്തി പരിചയമില്ലാത്ത ഒന്ന് രണ്ട് പേർക്ക് അഭിമാനത്തോടെ കല്യാണപ്പെണ്ണിനെ പരിചയപ്പെടുത്തിക്കൊടുത്തു..

"നവീനെവിടെ മുത്തശ്ശാ.."
കുറച്ചു സമയത്തിനു ശേഷം അവൾ തിരക്കി..

"ആഹാ... അപ്പോൾ മോൾ ഇതുവരെ അവനെ കണ്ടില്ലയോ?"

ഇല്ലെന്ന് ചുമല് കൂച്ചിയാണ് മറുപടി പറഞ്ഞത്..

"പുറത്തെവിടെയോ രാവിലെ പോയതാണ് അവന് നിന്നുതിരിയാൻ കല്യാണം പ്രമാണിച്ച് സമയമില്ല" മുത്തശ്ശൻ ചിരിച്ചു

"അതെന്താ ഇത്ര ജോലി?"
തെല്ലൊരു കൗതുകത്തിൽ ആണ് അവൾ തിരക്കിയത്...

"ആരുടെ കാര്യമാണ്?"
ചോദ്യം വല്യച്ഛൻറെ വകയാണ്, ഒപ്പം ബാക്കിയുള്ളവരും ഉണ്ട്

"മോൾ ഇതുവരെ നവിമോനെ ഒന്ന് കണ്ടില്ലെന്ന് പറയുകയായിരുന്നു.. അവൾക്ക് ഒന്നു സംസാരിക്കണമെന്ന്...ആവശ്യം ന്യായമാണ്..."
മുത്തശ്ശൻ മകനോട് പറഞ്ഞു

"അതിൻറെ ആവശ്യം ഒന്നും തൽക്കാലമില്ല..
നാളെ കഴിഞ്ഞാൽ കല്യാണമാണ്..
പറയാനുള്ളതൊക്കെ അത് കഴിഞ്ഞും ആകാലോ.."
യശോധറിന്റെ മറുപടി യാമിയെ തെല്ലൊന്ന് വേദനിപ്പിച്ചു..ചുണ്ടിൽ തെളിഞ്ഞു നിന്നിരുന്ന ചിരി പതിയെ മാഞ്ഞു..
ഒന്ന് മൂളിയിട്ട്‌ അവള് വീടിനകത്തേക്ക് തിരികെ നടന്നു

"ഇതൊന്നു കഴിഞ്ഞു കിട്ടണവരെ ഇനി ടെൻഷനാണ്"
നവീന്റെ അച്ഛൻറെ വാദം യശോദറും ശരിവെച്ചു..

ഒക്കെ കേട്ട് ഒന്ന് അമർത്തി മൂളി മുത്തശ്ശൻ വീണ്ടും പണിക്കാരിലേക്ക് ശ്രദ്ധചെലുത്തി..

💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝🌹💝

മനോഹരമായി, പൂക്കളാൽ അലങ്കരിച്ച പന്തലിലേക്ക് യശോദറും വരുണിയും ചേർന്നാണ് യാമികയെ ഹൽദി ഫംഗ്ഷനായി കൊണ്ടുവന്നിരുത്തിയത്..

അവളുടെ മുഖത്തെ തെളിച്ചം കാൺകെ വരുണിക്ക് ഒരു തരത്തിൽ ആശ്വാസമായിരുന്നു...
ഒരുപക്ഷേ അവൾ പുറമേ ചിരിക്കുകയാണോ എന്നുപോലും ഇടയ്ക്ക് അവർക്ക് സംശയം തോന്നിയിരുന്നു...

അത് മനസ്സിലാക്കിയതും ഫംഗ്ഷൻ തുടങ്ങും മുമ്പേ തന്നെ യാമി അമ്മയുടെ കൈകൾ ചേർത്തു പിടിച്ചു പറഞ്ഞു..
"മമ്മ സങ്കടപ്പെടേണ്ട..ഒരുപാട് സന്തോഷത്തോടെ തന്നെയാണ് ഞാൻ ഇവിടെ ഇരിക്കുന്നത്...
എന്നെ ഓർത്തുള്ള മമ്മയുടെ മുഖത്തെ വിഷമം മാത്രമേ ഉള്ളൂ എനിക്കിപ്പോൾ സങ്കടം..."

"നവീനോട് സംസാരിക്കാൻ പോലും കഴിഞ്ഞില്ലല്ലോ മോളെ നിനക്ക്.."

"അതൊന്നും കാര്യമാക്കണ്ട... ഡാഡി പറഞ്ഞതുപോലെ നാളെ തൊട്ട് ദിവസങ്ങൾ നീണ്ടു നിവർന്ന് കിടക്കുകയല്ലേ ഞങ്ങൾക്ക് മുന്നിൽ.."

മറുപടി ചിരിയായി വിടരുമ്പോൾ രണ്ടു മനസ്സുകളും സന്തോഷത്താൽ നിറഞ്ഞിരുന്നു...

രണ്ടുദിവസം കൊണ്ട് വാരിയത്ത് ഉള്ളവരുമായി അപരിചിതത്വം ഏറെക്കുറെ യാമിക്ക് മാറി...

മഞ്ഞ സ്റ്റോൺ വർക്ക് ചെയ്ത അനാർക്കലി ആയിരുന്നു യാമിയുടെ വേഷം..
മുടി ഒരു വശത്തേക്ക് മെടഞ്ഞിട്ട്‌ ഇടയ്ക്കിടെ ആയി മഞ്ഞനിറത്തിലുള്ള ചെറിയ പൂക്കളും വെച്ചു..

ഓരോരുത്തരായി മഞ്ഞൾ അവളുടെ ദേഹത്ത് തേച്ചുകൊടുത്ത്‌ കൊണ്ട് ചടങ്ങ് തുടങ്ങി...
കൈകൾ രണ്ടും മനോഹരമായി മെഹന്ദി അതിനിടയിൽ അണിയിച്ചു...
ചിരിയും കളിയുമായി അവൾക്കു ചുറ്റും എല്ലാവരും കൂടി...

ഇടയിൽ എന്തോ പറഞ്ഞു ചിരിച്ച്‌ യാമി മിഴികൾ ഉയർത്തുമ്പോയാണ് ഇളം മഞ്ഞ നിറത്തിലേ കുർത്ത ധരിച്ച ആളെ ശ്രദ്ധയിൽപ്പെടുന്നത്..

യശോദറിനൊപ്പം സംസാരിച്ചു നിൽക്കുകയാണ്...
ഇടയ്ക്ക് നോട്ടം അവളിലേക്കും പാളുന്നുണ്ട്...

"നവീൻ.." യാമിയുടെ ചുണ്ടുകൾ മൊഴിഞ്ഞു...

(തുടരും..)

ശ്രുതി❤️

നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top