ദേവ നന്ദനം, Part 22

Valappottukal
ദേവ നന്ദനം 🌹
➖➖➖➖➖
Part - 22 (അവസാന ഭാഗം)
_________

   
" എന്നാൽ എന്റെ നന്ദൂസിന് ഇനിയും സന്തോഷം തരുന്ന രണ്ട് കാര്യങ്ങളുണ്ട്. "

" അതെന്താ ദേവേട്ടാ? "

"ഇവിടെ ആരും അറിയാത്ത രണ്ട് കാമുകന്മാർ ഉണ്ട്.  അവരുടെ കാര്യം കൂടെ സെറ്റ് ആക്കിയാൽ നമുക്ക് ഇരട്ടി സന്തോഷിക്കാം. "

" കാമുകന്മാരോ ? " നന്ദു ഒന്നും മനസ്സിലാവാതെ ദേവനെ നോക്കി.

" ടാ വിച്ചൂ..കുറച്ച് മുമ്പേ നിധി പറഞ്ഞത് കേട്ടുവല്ലോ, ഇനിയെങ്കിലും ചങ്കുറപ്പോടെ പറയെടാ അവളോട് നിനക്ക് അവളെ ഇഷ്ടമാണെന്ന്. "

ദേവൻ പറയുന്നത് കേട്ടതും സുധിയും വൈശാഖും ഒഴികെ ബാക്കി എല്ലാവരും ഒരു പോലെ ഞെട്ടി.

" എന്ത്,.., വൈശാഖ് സാറിന് നിധിയോട് ?.."

" അതേ ഒടുക്കത്തെ പ്രേമമാണ്. മിണ്ടാപ്പൂച്ച പാല് കട്ട് കുടിക്കുന്നത് പോലെ, ആരും അറിയാതെ മനസിലിട്ട് നടക്കുകയായിരുന്നു നിങ്ങളുടെ ഈ സാർ. ബാൻഗ്ലൂരിൽ വന്നതിന് ശേഷമാ ഞാനും അറിയുന്നത്."

ദേവൻ പറയുന്നത് കേട്ട് കിളിപോയി കണ്ണ് രണ്ടും ബുൾസൈ പോലെ പുറത്തേക്ക് തള്ളി വായ തുറന്ന അവസ്ഥയിൽ ആയിരുന്നു നിധി.

" നിധീ...നിധീ.. " നന്ദു കുലുക്കി വിളിച്ചപ്പോഴാണ് നിധിക്ക് സ്വബോധം തിരിച്ചു കിട്ടിയത്.

" ദേവേട്ടൻ പറഞ്ഞത് കേട്ടല്ലോ, ഇപ്പോൾ എന്റെ മോൾക്ക് മനസ്സിലായല്ലോ സാർ നോട്ടമിട്ടത് എന്നെയല്ല നിന്നെ തന്നെയാ എന്ന്. സാറിന്റെ മനസിൽ പണിത പാലം എന്റെ ഹൃദയത്തിലേക്കായിരുന്നില്ല നിന്റെ ഹൃദയത്തിൽ എത്താൻ വേണ്ടിയായിരുന്നു എന്ന്. "  നന്ദു ആകെ ഷോക്കടിച്ചു  നിൽക്കുന്ന നിധിയുടെ ചെവിയിൽ പോയി പറഞ്ഞു

        അവൾ പറഞ്ഞത് കേട്ട് ദയനീയമായി ഒന്ന് നോക്കിയത് അല്ലാതെ മറുപടി കൊടുക്കാൻ നിധിക്കായില്ല. എന്ത് പറയണമെന്നറിയാതെ തരിച്ചു നിൽക്കുന്ന നിധിയുടെ മുമ്പിലേക്ക് വൈശാഖ് പതിയെ ചെന്ന് നിന്നു.

" ദേവ് പറഞ്ഞത് സത്യമാണ്. ഇഷ്ടമാണ് ഒരുപാട്. ഇത്രയധികം കൂട്ടുകാരിയെ സ്നേഹിക്കുന്ന , ജീവിതം നഷ്ടപ്പെട്ടു എന്ന അവസ്‌ഥയിൽ അവളുടെ കൈപിടിച്ചു കൂടെ നടന്ന് തിരികെ അവളെ ജീവവിതത്തിലേക്ക് കൂട്ടി കൊണ്ടു വന്ന ആ മനസും ധൈര്യവും ഉണ്ടല്ലോ, അതിനെയാണ് ഞാൻ ആദ്യമേ സ്നേഹിച്ചു തുടങ്ങിയത്. എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല, ഇഷ്ടമാണ് ഒരുപാടൊരുപാട്. ഈ സ്നേഹവും കരുതലും എനിക്ക് കൂടെ തന്ന് വന്ന് കൂടെ എന്റെ ഭാര്യയായി എന്റെ ജീവിതത്തിലേക്ക്. "

     വൈശാഖ് പറയുന്നത് നിറകണ്ണുകളോടെ കേട്ടതല്ലാതെ മറുപടി പറയാൻ
 നിധിക്കായില്ല.

" എന്റെ നിധി സമ്മതിക്കും സാർ, അവൾക്ക് സാറിനെ ഇഷ്ടമാണ്, പക്ഷെ സാറിന്റെ ഈ ഇഷ്ടം അവൾ ഒട്ടും പ്രതീക്ഷിച്ചതല്ലല്ലോ, കേട്ടതിന്റെ ഷോക്ക് മാറിയിട്ടില്ല പെണ്ണിന് ഇതു വരെ. അല്ലെങ്കിലും എന്റെ നിധിയെ പോലെ ഒരു പെണ്ണിനെ കെട്ടാൻ അർഹത സാറിനെ പോലുള്ള ഒരു നല്ല മനുഷ്യനെ ഉള്ളൂ . എനിക്ക് ഉറപ്പുണ്ട് അവൾ ഈ കൈകളിൽ സുരക്ഷിതയായിരിക്കും  എന്ന്. "   നിധിയുടെ കൈ മുറുകെ പിടിച്ച് വൈശാഖിനോട് സംസാരിക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണീരിനെ പിടിച്ചു നിർത്താൻ നന്ദുവിനായില്ല.

" ഞാൻ എന്റെ വാക്ക് പാലിച്ചു കേട്ടോ വിച്ചൂ, നിധി സമ്മതം മൂളിയാൽ അവളുടെ വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങൾ ഏറ്റു. അല്ലേ നന്ദൂസെ ? "

" അതേ, ആ കാര്യത്തിൽ സാറിന് ടെൻഷൻ വേണ്ട.

അല്ല ദേവേട്ടാ, രണ്ട് കാമുകന്മാർ ഉണ്ടെന്നല്ലേ പറഞ്ഞത്. അപ്പോൾ രണ്ടാമത്തെ കാമുകൻ സുധിയേട്ടൻ ആണോ ? "

" ഹ ഹ ഹ, അതെല്ലോ.. കൂട്ടത്തിൽ എല്ലാവരെയും ഞെട്ടിപ്പിചു കളഞ്ഞത് ഈ മാക്രി ആണ്. നസമ്മുടെ പ്രേമത്തിന് കൂട്ട് നിന്ന് ആരും അറിയാതെ സ്വന്തം പ്രേമം സെറ്റ് ആക്കി കളഞ്ഞില്ലേ പഹയൻ. "

ദേവൻ പറയുന്നത് കേട്ട് മനസ്സിലാവാതെ നന്ദു ദേവനെയും സുധിയെയും മാറി മാറി നോക്കി.

" സംശയിക്കേണ്ട നന്ദൂസെ, ഇവന്റെ പെണ്ണ് വേറെ ആരുമല്ല, നിന്റെ സ്വന്തം അനിയത്തി ഇല്ലേ ശിൽപ അവൾ തന്നെ. "

" ചിപ്പിയോ..." ഇത്തവണ കിളി പോയത് നന്ദുവിനാണ് .

" അതേ അവൾ തന്നെ, രണ്ടും കൂടെ എന്തൊക്കെയായിരുന്നു, അടികൂടുന്നു , ഒരുമിച്ച്
നിൽക്കാൻ പോലും പറ്റില്ല, കീരിയും പാമ്പും പോലെ അല്ലായിരുന്നോ..."

" എന്നാലും എടീ ഭയങ്കരീ.. ഒരു സൂചന പോലും അവൾ എനിക്ക് തന്നില്ലല്ലോ. കാണട്ടെ അവളെ ഞാൻ വച്ചിട്ടുണ്ട്. "  മുഖത്ത് വന്ന ഞെട്ടൽ മാറാതെ നന്ദു പറഞ്ഞു.

" മനപ്പൂർവ്വമല്ലായിരുന്നു നന്ദന ഒന്നും പറയാതിരുന്നത്. സാഹചര്യം അതായിരുന്നു . നിങ്ങളുടെ പ്രേമ സല്ലാപത്തിന് കാവലിരുന്ന് അവസാനം ഞങ്ങൾ തമ്മിൽ അടുപ്പത്തിലായി. നിങ്ങളുടെ കല്യാണം എല്ലാവരും തിരിച്ചു വന്നിട്ട് ഉറപ്പിക്കുമെന്നായിരുന്നല്ലോ ധാരണ. അപ്പോൾ ഞങ്ങളുടെ കാര്യവും പറയാം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നെ സംഭവിച്ചതൊക്കെ പ്രതീക്ഷിക്കാത്തത് യായിരുന്നുവല്ലോ. ദേവൻ ചതിച്ചു എന്ന് നിങ്ങൾ വിശ്വസിച്ചതോടെ ശിൽപ എന്നെയും വെറുത്തു കാണും എന്ന് എനിക്കറിയാമായിരുന്നു. കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കിപ്പിക്കാൻ ഞാൻ അവളെ ഒരിക്കൽ വിളിച്ചിട്ടുണ്ടായിരുന്നു, ബട്ട് തന്റെ അല്ലെ അനിയത്തി കേൾക്കാൻ പോലും അവൾ മനസ് കാണിച്ചില്ല. എന്റെ നമ്പർ തന്നെ അവൾ ബ്ലോക്ക് ചെയ്ത് കളഞ്ഞു. പിന്നീട് വിച്ചു ജോലി ചെയ്യുന്ന കമ്പനിയിൽ താനും ജോയിൻ ചെയ്ത്  കാര്യങ്ങളൊക്കെ ഒരു വിധം ഓകെ ആയി ദേവ് പഴയ ദേവ് ദത്ത് ആയി തിരിച്ചു വരാൻ തുടങ്ങിയപ്പോൾ രണ്ടും കൽപ്പിച്ച് ഒരു ദിവസം ഞാൻ നിങ്ങളുടെ നാട്ടിൽ പോയി. കോളേജിൽ നിന്ന് വരുന്ന വഴി പെണ്ണിനെ  കൈയോടെ പൊക്കി എന്റെ മുന്നിൽ  നിർത്തി കാര്യങ്ങളെല്ലാം പറഞ്ഞു. ആദ്യമൊക്കെ ബഹളം വെച്ചുവെങ്കിലും കാര്യങ്ങളെല്ലാം കേട്ട് കഴിഞ്ഞപ്പോൾ പാവം കരഞ്ഞു പോയി . "

" അപ്പോൾ ചിപ്പിക്കും നേരത്തെ അറിയാമായിരുന്നു അല്ലേ ? പിന്നെ എന്തേ അവൾ എന്നോട് ഒന്നും പറഞ്ഞില്ല? "

" അത് ഞങ്ങൾ പറഞ്ഞിട്ടായിരുന്നു നന്ദൂസെ, നാട്ടിലേക്ക് തിരിക്കും മുമ്പാണ് ഇവൻ എന്നോട് കാര്യങ്ങളൊക്കെ പറയുന്നത്. പിന്നെ ഞാനാ പറഞ്ഞത് ശിൽപയോട് അറിഞ്ഞ കാര്യങ്ങൾ തല്ക്കാലം ആരോടും പറയരുതെന്ന് പറയണം എന്ന്. കാരണം എനിക്ക് പൂർണമായും പഴയ ദേവ് ദത്തിലേക്ക് മാറാൻ ടൈം ആവശ്യമുണ്ടായിരിന്നു , മനസ് കൊണ്ടും പ്രവർത്തി കൊണ്ടും. അങ്ങനൊരു തിരിച്ചു വരവോടെ എന്റെ നന്ദൂസിന്റെ മുമ്പിൽ എത്തിയിട്ട് മാത്രമേ സത്യങ്ങൾ എല്ലാവരും  അറിയാവൂ എന്നത് എന്റെ നിർബന്ധമായിരുന്നു. "

" അതേയ് ഇങ്ങനെ ഇവിടെ പുരാണവും പറഞ്ഞ് നിന്നാൽ മതിയോ..? നാളെ രാവിലെ ഗുരുവായിൽ വെച്ച്  താലി കെട്ടാ നിങ്ങളുടെ. ഇപ്പോൾ കഴിഞ്ഞത് വെറും സാംപിൾ ആയിട്ട് കൂട്ടിയാൽ മതി രണ്ടും. നിങ്ങളുടെ രണ്ട് പെരുടെയും വീട്ടുകാർ ഇന്ന് വൈകുന്നേരത്തിന് മുൻപേ അവിടെയെത്തും. അപ്പോഴേക്കും നമുക്കും അവിടെ എത്തേണ്ടേ ? "

" നീ നേരത്തെ അവിടെ എത്താൻ കാണിക്കുന്ന ഉത്സാഹത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോൾ ഞങ്ങൾ എല്ലാവർക്കും മനസിലാവും മോനെ സുധീ..."

  വൈശാഖ് സുധിയെ ആക്കിയത് കേട്ട് ചമ്മി നിൽക്കുന്ന സുധിയുടെ മുഖം കണ്ട് അവിടെ ഒരു പൊട്ടിച്ചിരിയുയർന്നു. മനസറിഞ്ഞുള്ള സന്തോഷത്തിന്റെ പൊട്ടിച്ചിരി.

 ദേവന്റേയും വൈശാഖിന്റെയും കാറുകളിലായാണ് എല്ലാവരും ഗുരുവായൂരേക്ക് പുറപ്പെട്ടത്. വൈശാഖിന്റെ അച്ഛനും അമ്മയും  അവരുടെ കൂടെ വേണം എന്നത് നന്ദുവിന്റെ നിർബന്ധമായത് കൊണ്ട് കൂടെ അവരും ഉണ്ടായിരുന്നു. വൈശാഖിന്റെ ബാംഗ്ലൂരിൽ ഉള്ള ഒരു  ഫ്രണ്ടിന്റെ ഒഴിഞ്ഞ ഫ്‌ളാറ്റ് ഗുരുവായൂർ അമ്പലത്തിനു സമീപമായിരുന്നു. അതു കൊണ്ട് എല്ലാവർക്കും ഒരു ദിവസം താമസിക്കാനുള്ള അറേഞ്ചുമെന്റ്‌സ് ഒക്കെ വൈശാഖ് അവിടെ ഒരുക്കിയിരുന്നു. വൈകുന്നേരത്തിന് മുമ്പ് തന്നെ ഉണ്ണിക്കണ്ണന്റെ നാട്ടിൽ അവർ എത്തിച്ചേർന്നു. അവർക്ക് മുമ്പേ തന്നെ നന്ദുവിനെയും ദേവന്റെയും വീട്ടുകാർ അവിടെ എത്തിയിരുന്നു.

കാറിൽ നിന്ന് ഒരുമിച്ചിറങ്ങി വരുന്ന നന്ദുവിനെയും ദേവനെയും കണ്ടതും കാണാനാഗ്രഹിച്ച ആ കാഴ്ച്ച രണ്ട് പേരുടെയും വീട്ടുകാർ നിറകണ്ണുകളോടെ നോക്കി കണ്ടു.

"  അച്ഛേ...." അവരെ തന്നെ നോക്കി പുറത്ത് കാത്തു നിൽക്കുന്ന മാധവനെ കണ്ടതും നന്ദു ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

"എത്ര നാളായെടാ എന്റെ മോൾ ഇങ്ങനെ നിറഞ്ഞ മനസോടെ അച്ഛേ എന്ന് വിളിച്ചിട്ട്. അച്ഛേടെ വാവയ്ക്ക് ഇപ്പോൾ സന്തോഷായില്ലേ, എന്റെ മോളുടെ
 സന്തോഷത്തെ ഇപ്പോൾ തിരിച്ചു കിട്ടിയില്ലേ.."

അച്ഛന്റെയും മോളുടെയും ആ സ്നേഹം  ചുറ്റുമുള്ള എല്ലാവരെയും ഈറനണിയിപ്പിച്ചു.

"എന്നാലും എത്ര നാളായി നീ ഞങ്ങളെ ഒന്ന് കാണാൻ വന്നിട്ട്, ഞങ്ങളെ കുറിച്ച് ചിന്തയുണ്ടായിരുന്നുവേങ്കിൽ ഇങ്ങനെ കാണാതിരിക്കാൻ ഇവൾക്ക് പറ്റുമോ എന്ന് ചോദിക്ക് മാധവേട്ടാ.." അംബിക കണ്ണു തുടച്ചു കൊണ്ട് പരിഭവം പറഞ്ഞു തുടങ്ങി.

" എന്റെ അംബികാമ്മെ വന്ന് കേറുന്നതിന് മുമ്പേ ഈ പരിഭവങ്ങളുടെ കേട്ട് ഇറക്കി വെക്കല്ലേ....അല്ലെങ്കിലും പണ്ടേ എന്നെ കാണുമ്പോൾ ഈ അമ്മയ്ക്ക് കുശുമ്പ് ആണല്ലേ അച്ഛേ.."

നന്ദു പറയുന്നത് കേട്ട് എല്ലാവരും ചിരിക്കാൻ തുടങ്ങി. എന്നാൽ അവളുടെ ശ്രദ്ധ മുഴുവൻ അവളെ നോക്കാതെ മാറി നിൽക്കുന്ന നവനീതിലായിരുന്നു. അവൾ മെല്ലെ അവന്റെ അരികിലേക്ക് പോയി.

"  കുഞ്ഞേട്ടാ..." ഇടറിയ അവളുടെ ശബ്ദം കേട്ടതും കരഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ച ആ സഹോദര സ്നേഹം  എല്ലാവരുടെയും ഹൃദയത്തിലാണ് പതിച്ചത്.

" എങ്ങനെ തോന്നിയെടീ നിനക്ക് ഇങ്ങനെ ഞങ്ങളെ കാണാതിരിക്കാൻ. അതിന് മാത്രം എന്ത് തെറ്റാടീ ഞങ്ങൾ നിന്നോട് ചെയ്തത്. ഇപ്പോൾ നീ നാട്ടിലേക്ക് വന്ന് പോയിട്ട് ഒരു വർഷം ആവാറായി അറിയോ..എന്നാൽ ഞങ്ങൾ ബാംഗ്ലൂരേക്ക് വരാന്ന് വിചാരിച്ചാൽ അവിടെയും നീ വിലക്ക് കല്പിച്ചതല്ലേ.. "

" എന്റെ ഏട്ടന് അറിയില്ലേ എന്നെ. നിങ്ങളുടെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാത്തത് കൊണ്ടായിരുന്നു. അവിടുത്തെ പുതിയ ലൈഫിൽ എല്ലാം മറക്കുകയായിരുന്നു ഞാൻ. പഴയ ഓർമകളിൽ നിന്ന് ഒളിച്ചോട്ടം അത് മാത്രമേ വിചാരിച്ചുള്ളൂ, എന്റെ ഏട്ടൻ എന്നോട് ക്ഷമിക്ക്. "

" ഹേയ് സാരമില്ല,ഏട്ടൻ വിഷമം കൊണ്ട് പറഞ്ഞതല്ലേ.." അവളുടെ കണ്ണ് തുടച്ചു കൊണ്ട് അവൻ പറഞ്ഞു.

" എന്നാലും അളിയോ ഒരിക്കൽ രക്ഷപ്പെട്ട് പോയിട്ട്  വീണ്ടും ഈ ട്രെയിനിന് തല വയ്‌ക്കാൻ തീരുമാനിച്ചുവല്ലേ.."  നവനീത് ദേവനെ നോക്കി കണ്ണിറുക്കി ചോദിച്ചത് കേട്ട് നന്ദുവോഴികെ എല്ലാവരിലും ചിരി പടർത്തി.

" ദേ..കുഞ്ഞേട്ടാ .." അവൾ കൃത്രിമ ദേഷ്യം കാണിച്ചു മുഖം വീർപ്പിച്ചു നിന്നു.

ഇതിനിടെ ദേവൻ പതിയെ മാധവന് മുമ്പിൽ പോയി നിന്ന് ആ കാൽക്കൽ മുട്ട് കുത്തിയിരുന്നു, ഒരു ക്ഷമാപണം പോലെ.

" എന്താ മോനെ ഇത്..എഴുന്നേൽക്ക്."മാധവൻ പതിയെ അവനെ പിടിച്ചെഴുന്നേല്പിച്ചു.

" മാപ്പ് പറഞ്ഞാൽ തീരുന്നതല്ല എന്നറിയാം, എന്നാലും മാപ്പ്‌, മനപ്പൂർവമല്ലെങ്കിലും എല്ലാവരുടെയും മനസ് വേദനിപ്പിച്ചതിന്. "

" എന്റെ മോൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ.. എല്ലാം ഒരു തെറ്റിദ്ധാരണ ആയിരുന്നുവല്ലോ, വെറുപ്പായിരുന്നു മോനോടും നിങ്ങൾ എല്ലാവരോടും. പക്ഷെ രണ്ട് ദിവസം മുമ്പ് ഹരി വന്ന് എല്ലാ തെറ്റുകളും പറഞ്ഞ് ഞങ്ങളുടെ കാൽക്കൽ വീണപ്പോൾ ആ വെറുപ്പിന് പകരം ഇരട്ടി സ്നേഹമാണ് ഞങ്ങൾക്ക് മോനോട് തോന്നിയത്. എന്റെ നന്ദു അനുഭവിച്ചതിനേക്കാൾ കൂടുതൽ  മോൻ സ്വയം അനുഭവിച്ചില്ലേ,.സ്വന്തം അച്ഛനെയും അമ്മയെയും അനിയനേയും പോലും ഇത്ര വർഷം പിരിഞ്ഞു നിന്നില്ലെ. ഇത്രയധികം എന്റെ മോളെ ജീവനായി കരുതുന്ന മോനോട്  ക്ഷമിച്ചില്ലെങ്കിൽ ദൈവം പോലും ഞങ്ങൾക്ക് മാപ്പ് തരൂല്ല.. " കണ്ണ് തുടച്ചു കൊണ്ട് മാധവൻ പറഞ്ഞത് കേട്ടപ്പോൾ മനസിനകത്തെ വലിയ ഭാരം ഇറക്കി വച്ച പോലെയായിരുന്നു ദേവന് അപ്പോൾ തോന്നിയത്.

" മോളെ നന്ദൂ...ഞങ്ങളോട് മോൾക്ക് പരിഭവം ഉണ്ടെന്ന് ഞങ്ങൾക്ക് അറിയാം. എന്നാലും എന്റെ ഇളയ മോൻ ചെയ്ത തെറ്റ് അറിയാതെ നിങ്ങളെ പിരിക്കാൻ തയ്യാറായ ഞങ്ങളോട് മോൾ ക്ഷമിക്കുവാൻ കഴിയുമെങ്കിൽ... "

" അയ്യോ ആന്റി അങ്ങനെ പറയല്ലേ..എനിക്ക് ആരോടും ഒരു പരിഭാവുമില്ല. ഹരിയോട് പോലും." അത് പറഞ്ഞ് പുഞ്ചിരിയോടെ നന്ദു ഹരിയെ നോക്കി.

" എന്റെ മോന്റെ ഭാഗ്യമാ മോള്. ആര് വിചാരിച്ചാലും നിങ്ങളെ പിരിക്കാൻ സാധിക്കില്ല. " നന്ദുവിന്റെ നെറ്റിയിൽ വിശ്വനാഥൻ  വാത്സല്യത്തോടെ ചുംബിച്ചു.

പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ അകത്ത് നിന്ന് ഇറങ്ങി വരുന്ന താടിയൊക്കെ നീട്ടി വളർത്തിയ ഒരു പ്രായമുള്ള മനുഷ്യനിലേക്കായി .

" നിങ്ങൾക്ക് മനസിലായില്ല അല്ലെ, ദേവന് പോലും പെട്ടെന്ന് മനസിലാവില്ല. ഇതാണ് എന്റെ വല്യേട്ടൻ. തീര്ഥാടനത്തിൽ  ആയിരുന്നു. കുറച്ചു മുൻപാണ് ഇവിടെ എത്തിയത്. " വിശ്വ നാഥൻ പറയുന്നത് കേട്ട് എല്ലാവരും അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി.

 " വല്യച്ഛൻ...വല്യച്ഛൻ എങ്ങനെ   ഇവിടെ ? " ദേവൻ സംശയത്തോടെ ചോദിച്ചു.

"  അമ്പലങ്ങളായ അമ്പലങ്ങൾ തോറും തീര്ഥാടനത്തിൽ ആയിരുന്നു ഞാൻ. ഇന്നലെ വെളുപ്പിന് ഞാൻ ഒരു സ്വപ്നം കാണുകയുണ്ടായി. സ്വപ്നത്തിൽ ഞങ്ങളുടെ അച്ഛൻ വന്ന്  എന്നോട് പറഞ്ഞു 'വർഷങ്ങളായി കാത്തിരുന്ന ആ മുഹൂർത്തം വന്നെത്തിയിരിക്കുന്നു. ദത്തനും സുഭദ്രയും ഒന്നിക്കാൻ പോകുന്നു. തറവാട് ആ സംഗമത്തിനായി ഒരുങ്ങികഴിഞ്ഞു , എന്ന്.' സ്വപ്നത്തിൽ നിന്നും ഞാൻ ഞെട്ടി എഴുന്നേറ്റപ്പോൾ അതിന്റെ പൊരുൾ മനസ്സിലായില്ലെങ്കിലും ഞാൻ ഒരു സമാധാനത്തിന് വേണ്ടി ഇന്നലെ തന്നെ  വിശ്വനെ വിളിച്ചു. അപ്പോഴാണ്  അവൻ  നിങ്ങളുടെ കാര്യങ്ങളൊക്കെ പറയുന്നത്. "

" അതേ ദേവാ...ഇന്നലെ ഉച്ച കഴിഞ്ഞാണല്ലോ സുധി എന്നെ വിളിച്ച്  എല്ലാം കലങ്ങി തെളിഞ്ഞതും ഇന്ന് തന്നെ ഇവിടെ എത്തണം എന്നും, നിങ്ങളുടെ വിവാഹ കാര്യവുമൊക്കെ പറയുന്നത്. കാത്തിരുന്ന ആ സന്തോഷ വാർത്ത ഞങ്ങളെ തേടിയെത്തിയതും ഞാൻ ഇന്നലെ രാത്രിയിലേക്ക് തന്നെ ഫ്ലൈറ് ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോഴാണ് വല്യേട്ടന്റെ ഫോണും എന്നെ തേടി വന്നത്. നടന്ന കാര്യങ്ങളൊക്കെ വല്യേട്ടനോട് പറഞ്ഞപ്പോൾ ഏട്ടനും ഇന്നിവിടെ എത്തിച്ചേരും എന്ന് അറിയിച്ചു. "

" നിങ്ങൾക്കൊക്കെ  വിശ്വാസം  ഉണ്ടെന്നോ എന്നറിയില്ല, എന്നാലും പറയാം, ഇവിടെ വന്ന് മാധവൻ പറഞ്ഞപ്പോഴാ അറിയുന്നത്, സുഭദ്രയുടെ ജന്മ നക്ഷത്രം തന്നെയാ നന്ദു മോളുടേതും എന്ന കാര്യം. ദത്തന്റെ നക്ഷത്രമാണ് ദേവന് എന്ന കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നുവെങ്കിലും മോളുടെ നക്ഷത്രം കൂടി കേട്ടപ്പോൾ എന്റെ സ്വപ്നം സത്യമായിരുന്നുവെന്ന് എനിക്ക് മനസിലായി.അതേ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഞാൻ പറയാം, കാലങ്ങളായി തറവാട് കാത്തിരുന്ന രണ്ട് കൂടിച്ചേരലുകളാണ് നിങ്ങളുടെ  വിവാഹത്തിലൂടെ നടക്കാൻ പോകുന്നത്. അത് പൊലെ നക്ഷത്രങ്ങൾ ഒന്നല്ലെങ്കിൽ കൂടിയും പണ്ട് ദത്തന്റെ അനുജൻ ചെയ്ത അതേ തെറ്റ് തന്നെയാണ് ഇവിടെ ഹരിയും നിങ്ങളോട് ചെയ്തത്.   എന്നാൽ അന്ന് ചെയ്ത തെറ്റിൽ മനം നൊന്ത് അലഞ്ഞു തിരിഞ്ഞു ശാന്തിയില്ലാതെ മരിക്കുകയായിരുന്നു ദത്തന്റെ അനിയൻ ജയരാജൻ.എന്നാൽ ഇവിടെ ഹരി ചെയ്ത തെറ്റുകൾക്ക് പശ്ചാത്തപത്തോടൊപ്പം ഇവരേ ഒരുമിപ്പിചു കൊണ്ട് പ്രായശ്ചിത്തവും ചെയ്തു കഴിഞ്ഞപ്പോൾ ശാന്തി കിട്ടാതെ പോയ ദത്തന്റെ അനിയന്റെ ആത്മാവിനും കൂടെ ശാന്തി ലഭിച്ചിരിക്കുന്നു. "

      വല്യച്ഛൻ പറയുന്നത് ഒരു അത്ഭുതത്തോടെ കേട്ട് നിൽക്കുകയായിരുന്നു എല്ലാവരും.
    പണ്ട് കൗതുകത്തോടെ കേട്ടിരുന്ന  ദത്തന്റേയും സുഭദ്രയുടെയും പുനർജന്മം ഞങ്ങളാണോ എന്ന ചിന്ത ദേവന്റെയും നന്ദുവിനെയും കണ്ണിൽ ഒരു പോലെ  ആശ്ചര്യം വിരിയിച്ചു.

     " എല്ലാവരും ഇവിടെ നിൽക്കാൻ തന്നെയാണോ പ്ലാൻ, അകത്തേക്ക് കയറുന്നില്ലേ..? "വൈശാഖിന്റെ പെട്ടെന്നുള്ള ചോദ്യം  ആശ്ചര്യത്തോടെ നിന്നിരുന്ന എല്ലാവരെയും  വീണ്ടും പഴയ സ്ഥിതിയിലേക്ക് കൊണ്ട് വന്നു.

" അതേ വേറൊന്നും കൊണ്ടല്ല, അല്ലെങ്കിൽ ഇവിടെ  നിന്ന് കണ്ണ് കൊണ്ട് കഥകളി കളിച്ചു ദേ ഇവർക്ക് രണ്ട് പേർക്കും കോങ്കണ്ണ് വരും."   വൈശാഖ് പറഞ്ഞപ്പോഴാണ് ഇതിൽ ഒന്നും ശ്രദ്ധിക്കാതെ അവരുടെ മാത്രം ലോകത്തിൽ മുഴുകിയിരിക്കുന്ന സുധിയെയും ശില്പയെയും എല്ലാവരും ശ്രദ്ധിച്ചത്.

" ഡീ , ചിപ്പീ നിന്നെ ഞാൻ കാണാനിരിക്കുകയായിരുന്നു. നീ അകത്തേക്ക് വാ.." നന്ദു ശില്പയെയും കൂട്ടി അകത്തേക്ക് പോയി. പുറകേ ചിരിച്ചു കൊണ്ട് എല്ലാവരും നടന്നു.

   
    വിവാഹം പെട്ടെന്ന് തീരുമാനിച്ചത് കൊണ്ട് നാട്ടിൽ ചെന്ന് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് ഒരു റിസപ്ഷൻ നടത്താമെന്ന് എല്ലാരും കൂടെ തീരുമാനിച്ചു.വർഷങ്ങൾക്ക് ശേഷം രണ്ട് കുടുംബവും അന്ന് സന്തോഷത്തോടെയും സമാധാനത്തോടെയും കിടന്നു, നാളെ നടക്കാൻ പോകുന്ന കാത്തിരുന്ന മുഹൂർത്തം മനസിൽ കണ്ടു കൊണ്ട്.

        അതി രാവിലെ തന്നെ എഴുന്നേറ്റ് വിവാഹത്തിന്റെ ഒരുക്കത്തിലായിരുന്നു എല്ലാവരും.

   
        ഉണ്ണിക്കണ്ണന്റെ പ്രിന്റ് ഉള്ള വയലറ്റ് കരയുള്ള സെറ്റ് സാരിയും അതിന് ചേർന്ന വയലറ്റിൽ ഗോൾഡൻ വർക്കുകൾ ചെയ്ത ബ്ലൗസും ധരിച്ച് കഴുത്തിലും കൈയിലും നിറയെ  സ്വർണാഭരണങ്ങളിഞ്ഞു കാതിൽ കല്ല് വെച്ച വലിയ ജിമിക്കിയും അണിഞ്ഞ് തലയിൽ നിറയെ മുല്ലപ്പൂവും വെച്ച് അണിഞ്ഞോരുങ്ങി നിൽക്കുന്ന നന്ദുവിനെ കണ്ടതും അംബികയുടെ കണ്ണ് നിറഞ്ഞു.

" കണ്ണ് തട്ടാതിരിക്കട്ടെ എന്റെ കുഞ്ഞിന്.." അതും പറഞ്ഞ് അവർ നന്ദുവിനെ കൈ കൊണ്ട് ഉഴിഞ്ഞു.

ഗോൾഡൻ കരയുള്ള മുണ്ടും  അതേ കരയുള്ള മേൽമുണ്ടും   ആയിരുന്നു ദേവന്റെ വേഷം. വേറെ ഒരുക്കത്തിന്റെ ആവശ്യം ഒന്നും ഇല്ലെങ്കിലും അവന്റെ കൂടെ നിന്ന് പൗഡർ ഇട്ട് കൊടുക്കാനും മുടി ചീകി കൊടുക്കാനുമൊക്കെ ആവേശത്തോടെ വൈശാഖും സുധിയും മുമ്പിൽ തന്നെ ഉണ്ടായിരുന്നു.

  എല്ലാവരുടെയും അനുഗ്രഹത്തോടെ ഉണ്ണിക്കണ്ണന്റെ നടയിൽ വെച്ച് നന്ദുവിന്റെ കഴുത്തിൽ ദേവൻ കെട്ടിയ താലി വീഴുമ്പോൾ അതിനോടൊപ്പം തന്നെ അറിയാതെ രണ്ട് തുള്ളി കണ്ണീരും അവളുടെ കണ്ണിൽ   നിന്നടർന്നു വീണു. ഒരു നുള്ള് കുങ്കുമം കൊണ്ട് അവളുടെ സീമന്ത രേഖ ചുമപ്പിച് തുളസിമാലകൾ പരസ്പരം അണിഞ്ഞു കൊണ്ട് നന്ദുവിനെ സ്വന്തമാക്കിയപ്പോൾ കാത്തിരുന്ന് കിട്ടിയ പ്രണയത്തിന്റെ പൂർണ്ണതയിൽ ആയിരുന്നു ദേവന്റെ മനസ്.
     
           മക്കളുടെ കൈകൾ പരസ്പരം ചേർത്തു വച്ച് കൊടുക്കുമ്പോൾ മുറിഞ്ഞു പോയെന്ന് കരുതിയ സൗഹൃദം ഒന്നു കൂടെ കൂട്ടി ഉറപ്പിക്കുകയായിരുന്നു മാധവനും വിശ്വനും.

        വിവാഹം കഴിഞ്ഞ് തിരിച്ചു ബാംഗ്ളൂരേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു  വൈശാഖും നിധിയും ശരണും ആൻവിയുമൊക്കെ.

        തിരിച്ചു പോകാൻ നേരം പരസ്പരം കെട്ടിപ്പിടിച്ചു കരയുന്ന നിധിയും നന്ദുവും എല്ലാവരുടെയും മനസിൽ ഒരു  നോവായി മാറി. പ്രണയത്തെ പോലും തോൽപ്പിച്ചു എല്ലാവരെയും അത്ഭുതപ്പെടുത്തിയ സൗഹൃദമാണ്. നിധിയിൽ നിന്ന് നന്ദുവിനെ അടർത്തി മാറ്റിയെടുക്കുമ്പോൾ ദേവന്റെ  മിഴികളും അറിയാതെ നിറഞ്ഞു.

.........

         ഒരു ഗ്ലാസ് പാലുമായി കോവണിപ്പടി കയറുമ്പോൾ നന്ദുവിന്റെ ഉള്ളം എന്തെന്നില്ലാതെ മിടിച്ചു കൊണ്ടേ ഇരുന്നു.
      പാതി ചാരിയ വാതിൽ പതിയെ തുറന്ന് അകത്ത് കയറിയ നന്ദു ദേവനായി ചുറ്റും കണ്ണോടിച്ചുവെങ്കിലും അവിടെയെങ്ങും അവസ്‌നേ കണ്ടില്ല. പെട്ടെന്ന് കഴുത്തിന് പുറകിലായി ഒരു ചുടു നിശ്വാസം വന്ന് നിന്നപ്പോൾ നന്ദുവിന് ഉള്ളിൽ നിന്നും ഒരു മിന്നൽ പ്രവാഹം ഉണ്ടായി.
ദേവൻ പതിയെ അവളെ അവനഭിമുഖമായി പിടിച്ചു നിർത്തി, നാണം കൊണ്ട് കൂമ്പിയ നന്ദുവിന്റെ മുഖം പതിയെ അവനു നേരെ ഉയർത്തി.

     " ഇതെന്താ പതിവില്ലാത്ത രണ്ട് സാധനം എന്റെ നന്ദൂസിന്റെ കൂടെ ഉണ്ടല്ലോ..? "

" എന്ത് ? " നന്ദു സംശയ രൂപേണ അവനെ നോക്കി.

" ഒന്ന് പാൽ, അത് നീ കുടിക്കാറില്ലല്ലോ..പിന്നെ നാണം,അത് പൊതുവെ എന്റെ കാന്താരിക്ക് ഉണ്ടാവറില്ലല്ലോ..? "

" ഒന്ന് പോ ദേവേട്ടാ.." നന്ദു പരിഭവം നടിച്ചു വീണ്ടും തിരിഞ്ഞു നിന്നു.

" എന്റെ മോള് ഇവിടെ വരെ കൊണ്ട് വന്നതല്ലേ, അതു കൊണ്ട് ഞാനൊന്ന് ടേസ്റ്റ് ചെയ്തേക്കാം " അതും പറഞ്ഞ് ദേവൻ നന്ദുവിന്റെ കൈയിൽ നിന്ന് പാൽ ഗ്ലാസ് വാങ്ങി ഒന്ന് വായിൽ വെച്ചൽപം കുടിച്ചതിനുശേഷം നന്ദുവിന് നേരെ ഗ്ലാസ്സ് നീട്ടി.

" ഇനി മോള് കുടിക്ക് അങ്ങനെയല്ലേ ചടങ്ങ്, അത് നമ്മളായിട്ട് തെറ്റിക്കണ്ട." അൽപ്പം കുസൃതി കലർന്ന സ്വരത്തിൽ അവൻ പറഞ്ഞു.

" അയ്യോ ദേവേട്ടാ..ഞാൻ.. എനിക്ക് പറ്റില്ല. പാൽ കുടിച്ചാൽ ഞാൻ ചർദ്ധിക്കും എന്നറിയാലോ.."

" അതൊന്നും പറഞ്ഞാൽ പറ്റൂല്ല, അല്പം കുടിച്ചേ പറ്റൂ..ചടങ്ങ് തെറ്റിച്ചാൽ അത് നമ്മുടെ ദാമ്പത്യത്തെ ബാധിക്കുമെന്നാ അമ്മ പറഞ്ഞറിവ്. "

" അയ്യോ...ദേവേട്ടാ..എന്നാൽ കുറച്ച് ബൂസ്റ്റ് കിട്ട്വോ,? "

      നിഷ്കളങ്കതയോടെയുള്ള നന്ദുവിന്റെ ചോദ്യം കേട്ട് ദേവന് ചിരി നിർത്താനായില്ല.

" ഫസ്റ്റ് നൈറ്റിൽ ബൂസ്റ്റ്‌  ചോദിക്കുന്ന ആദ്യത്തെ ഭാര്യ നീയായിരിക്കും  നന്ദൂസെ.."

     ദേവന്റെ നിർത്താതെയുള്ള ചിരി കണ്ടപ്പോൾ നന്ദുവിന് ദേഷ്യവും സങ്കടവും ഒരു പോലെ വന്നു. അവൾ മുഖവും വീർപ്പിച്ചു ജനാലയ്ക്ക് അടുത്ത് പോയി നിന്ന് പുറത്തേക്ക് നോക്കാൻ തുടങ്ങി.

ദേവൻ പാൽ ഗ്ലാസ് ടേബിളിന്  മുകളിൽ വച്ച്  ജനാലയിലൂടെ പുറത്തേക്ക് നോക്കി  നിൽക്കുന്ന നന്ദുവിന്റടുത്തേക്ക് നടന്നു.

      മുഖത്ത് ഗൗരവം വരുത്തി അവന് മുഖം കൊടുക്കാതെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്ന നന്ദുവിന്റെ ഇടുപ്പിൽ ദേവന്റെ കൈ അമർന്നതും  അവൾ ഞെട്ടി തിരിഞ്ഞ് നിന്നു.

" ഇത്ര വേഗം പിണങ്ങിയോ എന്റെ കാന്താരി, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ. അതേയ്   ഈ രാത്രി ഇങ്ങനെ പിണങ്ങി എന്നെ കഷ്ടപ്പെടുത്താനാണോ പ്ലാൻ? അത്ര വലിയ കണ്ട്രോൾ ഒന്നും ഇല്ലാട്ടൊ നിന്റെ ദേവേട്ടന്. "

" ദേവൻ പറഞ്ഞത് കേട്ടപ്പോൾ നന്ദുവിന്റെ മുഖം നാണത്താൽ പൂത്തുലഞ്ഞു. പതിയെ പ്രണയാർദ്രമായി അവൾ അവന്റെ കണ്ണുകളിലേക്ക് മിഴികളുയർത്തി  നോക്കി. ആ കണ്ണുകളിൽ അവൾ കണ്ടു അവളോട് അവനുള്ള അടങ്ങാത്ത പ്രണയവും തന്നിലേക്കലിയാൻ തുടിക്കുന്ന ആ മനസും.

   " ഈ നോട്ടം , ശോ ഇങ്ങനെ നോക്കിയാൽ നീ വീണ്ടും എന്നെ ആ പഴയ പേര് വിളിക്കേണ്ടി വരുവേ.. "

      " എന്ത് പേര് ? " നന്ദു മനസ്സിലാവാതെ ദേവനെ നോക്കി.

" പണ്ട് നീ എനിക്കിട്ട  അതേ പേര് തന്നെ, ഉമ്മച്ചൻ. " ദേവൻ താടി തടവിക്കൊണ്ട് കുസൃതിയോടെ പറഞ്ഞു.

" ഛീ.വൃത്തികേട്ടവൻ "

" അതേ ഡി , ഞാൻ വൃത്തികേട്ടവൻ തന്നെയാ..ചേട്ടൻ എന്തൊക്കെ വൃത്തികേടുകൾ കാണിക്കുമെന്ന് കാണിച്ചു തരാവേ.. അതിന് മുമ്പ് ഒരു ഗിഫ്റ്റ് തരാം എന്റെ നന്ദൂസിന്.

         നിനക്ക് ഓർമയുണ്ടോ നന്ദൂസെ, അന്ന് നിന്റെ ബർത്ത് ഡേയ്ക്ക് ഞാൻ പാദസരം ഗിഫ്റ്റ് ആയി തന്നപ്പോൾ പറഞ്ഞത് ? അന്ന് ഞാൻ പറഞ്ഞിരുന്നു കൂട്ടത്തിൽ  ഒരു ഗിഫ്റ്റ് കൂടി വാങ്ങിച്ചിട്ടുണ്ടെന്നും താലി കെട്ടി എന്റെ നന്ദൂസിനെ സ്വന്തമാക്കുന്ന അന്ന് ഞാനത് തരുമെന്നും. "

" അതേ.. ശരിയാണല്ലോ.... എന്താ ആ ഗിഫ്റ്റ്.? "

"  ഗിഫ്റ്റ് കാണിച്ചു തരാം, ബട്ട് നീ എനിക്ക് വാക്ക് തരണം അന്ന് പാദസരം ഇട്ട് തന്നത് പോലെ ഇതും ഞാൻ തന്നെ നിനക്ക് അണിയിച്ചു തരുന്നതിൽ വിരോധമില്ല എന്ന്. "

" അതിനെന്താ ദേവേട്ടാ... ദേവേട്ടൻ തന്നെ അണിയിച്ചു തന്നോള്ളൂ... മാലയാണെങ്കിലും വളയാണെങ്കിലും പാദസരമാണെങ്കിലും,  എന്റെ ദേവേട്ടൻ തന്നെ ഇട്ട് തന്നാൽ മതി എനിക്ക്. "

നന്ദു പറയുന്നത് ഒരു കള്ള ചിരിയോടെ ദേവൻ കേട്ടു.

" ഇനി വാക്ക് മാറാൻ പാടില്ലാട്ടോ.. മാലയും വളയും ഒന്നുമല്ല, ദാ ഇതാ സാധനം." ദേവൻ അവന്റെ പോക്കറ്റിൽ വെച്ച ചെറിയ ഗിഫ്റ്റ് ബോക്സ് തുറന്ന് അതിൽ നിന്നും ഒരു പൊന്നരഞ്ഞാണം പുറത്തെടുത്തു.

 " ഇതോ.." നന്ദു ആകെ ചൂളിയ അവസ്ഥയിലായി.

" അതേ ഇത് തന്നെ, എന്താ വാക്ക് മാറ്റാൻ ഉദ്ദേശമുണ്ടോ?"

    അതിന്റെ മറുപടി ഒരു നാണത്തിൽ ഒതുക്കി നന്ദു മുഖം കുനിച്ചു നിന്നു.

 നാണത്താൽ പൂത്തുലഞ്ഞ നന്ദുവിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് ആ പിടയ്ക്കുന്ന കണ്ണുകളിൽ തന്നെ നോക്കി നിന്നു ദേവൻ. ആ കണ്ണുകളിൽ കാണുന്ന പ്രണയത്തിന്റെ തീക്ഷ്ണതയും അവളുടെ വിറയാർന്ന ചുവന്ന അധരങ്ങളും അവനെ വല്ലാതെ അവളിലെക്കടുപ്പിച്ചു.  അവന്റെ ഇരു കൈകളാലും അവളെ കോരിയെടുത്തു അവർക്കായി തീർത്ത പൂ മെത്തയിലേക്ക് കൊണ്ട് പോകുമ്പോൾ ആ ഹൃദയമിടിപ്പിന്റെ താളം ആസ്വദിക്കുകയായിരുന്നു അവൾ.മുല്ലപ്പൂക്കളാൽ തീർത്ത മെത്തയിലേക്കവളെ കിടത്തി ആ നെറുകെയിൽ സ്നേഹ ചുംബനം അറിയിച്ചപ്പോൾ പിടയ്ക്കുന്ന ആ മിഴികൾ കൂമ്പിയടയുന്നത് അവൻ  ആസ്വദിക്കുകയായിരുന്നു. പാതി ചാരിയ ജനാലയിലൂടെ വന്ന ഇളം കാറ്റ് അവർ രണ്ട് പേരെയും തഴുകി അതിന്റെ സന്തോഷം അവരെ അറിയിചു. ഇരുവരുടെയും പ്രണയത്തെ  വികാരങ്ങൾ കയ്യടക്കിയപ്പോൾ, രാത്രിയുടെ ഏതോ യാമത്തിൽ ഇരു മെയ്യുകളും ഒന്നായി അലിഞ്ഞു ചേർന്നു.

💓💓💓💓💓

രണ്ട് വർഷങ്ങൾക്ക് ശേഷം..
__________         ____________

     
   " ദേ ദേവേട്ടാ...എഴുന്നേറ്റെ., എന്തൊരു ഉറക്കമാ ഇത്. ദേവേട്ടാ.."

" എന്താ നന്ദൂസെ ഇത്,  കുറച്ച് നേരം കൂടി ഉറങ്ങട്ടെന്നെ.."

" എന്താ ഇത് മനുഷ്യാ, ഇന്ന് ഹരിക്ക് പെണ്ണ് കാണാൻ പോവേണ്ട ദിവസല്ലേ,ദേ എല്ലാവരും റെഡി ആയി നിൽക്കുവാ.. "

" ശോ.. ഇവളെ കൊണ്ട് വലിയ ശല്യമായല്ലോ..ദാ ഞാൻ എഴുന്നേറ്റു. സമാധാനയല്ലോ.."

" ഒരു വിധമാണ് ഹരി ഇന്ന് പോവാന്ന് സമ്മതിച്ചത്.ഇനി നമ്മളായിട്ട് അത് ലേറ്റ് ആക്കണ്ട , പോയി പല്ലു തേച്ച് കുളിച്ചെച്ചും വാ.." നന്ദു ദേവനെ  ബാത്റൂമിലേക്ക് ഉന്തി വിട്ടു.

" മോളെ നന്ദൂ.. ദാ റിചൂട്ടൻ കരയുന്നു, മോളിവന് പാല് കൊടുക്ക്. "  6 മാസം പ്രായമുള്ള ഋഷഭ് ദേവൻ എന്ന റിച്ചൂട്ടനെ എടുത്ത് ഇന്ദിരാമ്മ അകത്തേക്ക് വന്നു.

" അമ്മേടെ കണ്ണന് വിശന്നോടാ.." നന്ദു കുഞ്ഞിനെ എടുത്തു കവിളിൽ ഒരുമ്മ കൊടുത്തു.

" മോളെ..ദേവൻ ഇതു വരെ റെഡി ആയില്ലേ..താഴെ വിശ്വേട്ടനും ഹരിയുമൊക്കെ റെഡി ആയി നിൽക്കുവാ.."

"എഴുന്നേറ്റ് ബാത്റൂമിൽ പോയിട്ടുണ്ട് അമ്മേ...ഇപ്പോ വരും. "

" എന്നാൽ ഞാൻ പോയി എല്ലാർക്കും ബ്രേക്ക് ഫാസ്റ്റ് എടുത്തു വയ്ക്കാം. റെഡി ആയിക്കഴിഞ്ഞ്  മോള് അവനെയും കൂട്ടി താഴേക്ക് വാ.."

" ശരി അമ്മേ.."  നന്ദു കുഞ്ഞിനെയും എടുത്ത് കിടക്കയിൽ ഇരുന്ന് പാൽ കൊടുക്കാൻ തുടങ്ങി. അപ്പോഴേക്കും ദേവൻ ബാത്റൂമിൽ നിന്ന് ഫ്രഷ് ആയി പുറത്തേക്ക് വന്നു.

" എന്താ ഒരു കള്ള ചിരിയും കള്ള നോട്ടവും ? " തലയിൽ ടവൽ കൊണ്ട് തുവർത്തി കൊണ്ട് കുസൃതിയോടെ നോക്കുന്ന ദേവനെ നോക്കി നന്ദു പുരികം ഉയർത്തി.

" എനിക്കെന്താ എന്റെ സുന്ദരിയായ ഭാര്യയെ നോക്കിക്കൂടെ, അതെങ്ങനെ കള്ള നോട്ടമാവും. അല്ലെടാ റിച്ചൂട്ടാ...മോന്റെ അമ്മ അച്ഛനെ കള്ളൻ എന്ന് വിളിക്കുന്നത് കേട്ടോ..? " ദേവൻ ഡ്രെസ്സ് ചെയ്ത് കൊണ്ട് കുഞ്ഞിനോടെന്ന പോലെ കണ്ണാടിയിൽ നന്ദുവിനെ നോക്കി പറഞ്ഞു.

" അതേ അതേ, നല്ല ആളോട് തന്നെ പറയണം. കാണാൻ മാത്രമല്ല ആ കള്ള ചിരിയും അച്ഛന്റേത് പോലെ തന്നെ മോന് കിട്ടിയിട്ടുണ്ട്. കള്ളക്കണനാ കള്ളക്കണ്ണൻ. " നന്ദു അത് പറഞ്ഞപ്പോഴേക്കും പല്ലില്ലാത്ത മോണ കാട്ടി
റിച്ചൂട്ടൻ ചിരിക്കാൻ തുടങ്ങി.

" നോക്ക് ദേവേട്ടാ...ഇവന് കാര്യം മനസിലായി കേട്ടോ, കണ്ടില്ലേ ചിക്കുന്നത്. "

" അല്ലെങ്കിലും നീ എന്താ വിചാരിച്ചത് നന്ദൂസെ...എന്റെ മോന് ഒന്നും മനസിലാവില്ലെന്നോ, അവൻ അച്ഛന്റെ മോനാ..എല്ലാ കാര്യങ്ങളും മനസിലാക്കി കളയും, നിന്റെ ഒരു വേലത്തരവും അവന്റെയടുത്തും നടക്കില്ല.അല്ലെടാ മുത്തേ..." ദേവൻ നന്ദുവിനും കുഞ്ഞിനും അരികിലായി പോയിരുന്നു.

" ഓ...അല്ലെങ്കിലും നിങ്ങൾ അച്ഛനും മോനും ഒന്ന്. ഞാൻ പുറത്ത്. " നന്ദു മുഖം വീർപ്പിച്ചു.

അച്ചോടാ..എന്റെ ആദ്യത്തെ കുഞ്ഞു വാവ പിണങ്ങിയോ.. ദേ റിച്ചൂട്ടാ അമ്മ നമ്മളോട് പിണങ്ങി കേട്ടോ.. ഇനിയിപ്പോൾ അമ്മയുടെ പിണക്കം മാറ്റാൻ അച്ഛൻ രാവിലെ തന്നെ ഉമ്മച്ചൻ ആവേണ്ടി വരുമെന്നാണ് തോന്നുന്നത് മോനെ.."

" അയ്യടാ രാവിലെ തന്നെ ലോഡ് ഷുഗരുമായിട്ട് ഇറങ്ങിയിരുക്കുവാ അല്ലെ.. എനിക്ക് ഒരു പിണക്കവുമില്ല. തൽകാലം എന്റെ ദേവേട്ടൻ വേഗം റെഡി ആയേ..താഴെ എല്ലാവരും നമ്മളെ വെയിറ്റ് ചെയ്ത് നിൽക്കുവാ.."  കുസൃതിച്ചിരിയോടെ അടുത്തേക്ക് വന്ന ദേവന്റെ ചുണ്ടിൽ വിരൽ വെച്ച് നന്ദു പറഞ്ഞു.

" ഏതായാലും തരാൻ വിചാരിച്ചതല്ലേ, അതു കൊണ്ട് ചെറിയ ഒരു മധുരം രാവിലെ തന്നെയാകാം .."

 ചുണ്ടിൽ തടസമായി വച്ച നന്ദുവിൻറെ വിരലിൽ ചെറുതായി മുത്തി അവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി.

" രാവിലെ തന്നെ ശ്വാസം മുട്ടിച്ചു കൊല്ലുമോ  ദേവേട്ടാ.." ചെറിയ കിതപ്പോടെ ചുണ്ടുകൾ  തമ്മിൽ വേർ പെട്ടപ്പോൾ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട് നന്ദു പറഞ്ഞു.

" എനിക്ക് എന്റെ നന്ദൂസിനോടുള്ള പ്രണയത്തിന് രാവിലെയെന്നോ രാത്രിയെന്നോ ഉണ്ടോ മോളെ..., ദാ റിച്ചൂട്ടന് കാര്യം മനസിലായി, അവൻ കിടന്ന് ചിരിക്കുന്നത് കണ്ടില്ലേ.."  കട്ടിലിൽ മലർന്നു കിടന്ന് അവരെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന കുഞ്ഞിനെ നോക്കി ദേവൻ പറഞ്ഞു. നിറഞ്ഞ വാത്സല്യത്തോടെ അവർ രണ്ട് പേരും അവരുടെ പ്രണയത്തിന്റെ പൂർണതയെ നോക്കി ചിരിച്ച്  മൃദുവായ അവന്റെ  ഇരു കവിളിലുമായി അവരുടെ സ്നേഹ ചുംബനം നൽകി.

   "എന്നാൽ ഇറങ്ങാമല്ലേ ദേവാ..."

" ഇറങ്ങാം ഡാഡ്..അല്ല, ഹരി എവിടെ ?? "

" അവൻ പുറത്തുണ്ട്.നിനക്കറിയാലോ അവന് വലിയ താൽപര്യമില്ല ഇതിന്."

" അങ്ങനെ പറഞ്ഞ് എത്ര നാൾ ഇങ്ങനെ നടക്കും...അവനും വേണ്ടേ ഒരു കൂട്ട്. അമ്മയും ഡാഡും അവനെ കുറിച്ചോർത്ത് ടെൻഷൻ ആവേണ്ട, അവനെ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്.എന്നാൽ വൈകിക്കേണ്ട , എല്ലാർക്കും ഇറങ്ങാം വാ.."

 ദേവൻ പറഞ്ഞ വാക്കുകൾ മാത്രം മതിയായിരുന്നു ആ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാൻ.കാരണം, അവർക്കറിയാം പണ്ട്  ദേവനോട് ചെയ്ത് പോയ തെറ്റുകൾ തിരുത്തിയത്തിന് ശേഷം ഹരി മറ്റെന്തിനെക്കാളും ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് ദേവന്റെയും നന്ദുവിന്റെയും  വാക്കിനും സന്തോഷത്തിനുമാണ്.

നിറഞ്ഞ സന്തോഷത്തോടെയും പ്രതീക്ഷയോടെയും അവർ വീട്ടിൽ നിന്നിറങ്ങി, ഹരിയുടെ ജീവിതത്തിലെ പ്രകാശത്തിന് വേണ്ടി.

*******
       വൈകുന്നേരത്തെ ഇളം വെയിൽ കൊണ്ട് കുളപ്പടവിൽ   പരസ്പരം കൈകോർത്തിരിക്കുകയായിരുന്നു ദേവനും നന്ദുവും.

" ദേവേട്ടാ.."


" എന്താ നന്ദൂസെ.."

നമ്മുടെ എല്ലാരുടെയും പ്രാർത്ഥനയുടെ ഫലമായി എല്ലാം ഭംഗി ആയി നടന്നു. ഇന്ന് പെണ്ണ് കാണാൻ പോയിട്ട് എല്ലാവർക്കും പരസ്പരം ഇഷ്ടമായല്ലോ.."

" ഹിമ നല്ല കുട്ടിയാണ് , അതു കൊണ്ട് തന്നെ ഡാഡിനും അമ്മയ്കും അവളെ വളരെ ബോധിച്ചു. അനന്യയുമായുള്ള റിലേഷൻ ഷിപ് വരെ ഹരി അവളോട് സംസാരിച്ചിട്ടും ആ കുട്ടി അവനെ ആക്സപ്റ്റ് ചെയ്തു. എല്ലാം തുറന്ന് പറയാൻ കാണിച്ച ഹരിയുടെ മനസാണ് അവൾക്ക് ഇഷ്ടമായത് എന്നാണ് ഇങ്ങോട്ട് പോരുന്നതിന് മുമ്പ് അവൾ എന്നോട് പറഞ്ഞത്. അങ്ങനൊരു കൂട്ട് തന്നെയാണ് എന്റെ അനിയനും വേണ്ടത്. അവനെ മനസിലാക്കുന്ന നല്ലൊരു കൂട്ട്, എന്റെ നന്ദൂസിനെ പോലെ. "  ദേവൻ നന്ദുവിനെ അവനിലേക്ക് ചേർത്ത് പിടിച്ചു.

" നാളെ ഈവനിംഗ് ഫ്ലൈറ്റിന് നമുക്ക് പോകണ്ടേ, ശോ ഇടയ്ക്കിടെയുള്ള ഈ പോക്ക് വരവാണ് ബുദ്ധിമുട്ട്. "

"  നീയാണോ ഈ പറയുന്നത് നന്ദൂസെ.. ദേവ് ഗ്രൂപ്പിന്റെ എം.ഡി യാ നീ ഇപ്പോൾ, അത് മറക്കണ്ട. "

" മറന്നത് കൊണ്ടല്ല, ഇവിടെ നാട്ടിൽ കുറെ നാൾ നിന്നപ്പോൾ ഇവിടെ എല്ലാവരെയും വിട്ട് ഇനി അവിടെ കുറെ മാസം കഴിയണമല്ലോ എന്നോർക്കുമ്പോഴാ.."

" എന്തോ...എന്താ പറഞ്ഞത്, അവിടെ നിന്ന് ഇങ്ങോട്ട് പോരുമ്പോഴും ഇതൊക്കെ തന്നെയല്ലേ നീ പറയാറ്, നിന്റെ നിധിയേയും ചിപ്പിയെയും വിട്ട് വരുമ്പോൾ. പാവം എന്റെ വിച്ചൂ..മര്യാദയ്ക്ക് ബാംഗ്ലൂർ കഴിഞ്ഞവനാ, അവളെ കെട്ടിയത് കൂടി നിങ്ങൾക്ക് പിരിഞ്ഞിരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു ബഹളം കൂട്ടിയതോട് കൂടി ദുബായിൽ സെറ്റിൽ ആവേണ്ടി വന്നില്ലേ .."

" അതു കൊണ്ടെന്താ..നിങ്ങൾ മൂന്ന് കൂട്ടകാർക്ക്  കൂടി  സന്തോഷമല്ലേ അതുകൊണ്ട്.മൂന്നാൾക്കും ഒന്നിച്ച് അടിച്ചു പൊളിക്കാൻ പറ്റുന്നുണ്ടല്ലോ ...നിധി അടുത്ത മാസം തന്നെ നാട്ടിലേക്ക് വരും, അവൾക്ക് മാസം ഏഴ് ആവാറായി. "

" അപ്പോൾ അതാ കാര്യം, എന്റെ മോൾക്ക് നാട്ടിൽ നിൽക്കണം എന്നുള്ള ആഗ്രഹം അതു കൊണ്ടാണ് അല്ലേ.... അതിനെന്താ നമ്മൾ നാല് മാസം കഴിഞ്ഞ്  തിരിച്ചു വരുമല്ലോ..അപ്പോൾ ഹരിയുടെ വിവാഹവും ആഘോഷിക്കാം , സുധിയും ചിപ്പിയും കൂടെ വരും അപ്പോൾ നമ്മുടെ കൂടെ. "

" നാളെ രാവിലെ ഒന്ന് വീട് വരെ പോകണം. പോകുമ്പോൾ കുറച്ചു മധുരവും വാങ്ങിക്കണം, ഏട്ടത്തിക്കും വിശേഷമുള്ളതല്ലേ.."

" എന്നാലും കല്യാണം കഴിഞ്ഞ് ഒരു വർഷം തികയും മുമ്പെ നിന്റെ കുഞ്ഞേട്ടൻ കയറി ഗോളടിച്ചല്ലോ, ഇനി സുധി അടങ്ങി ഇരിക്കും എന്ന് തോന്നുന്നില്ല, അവരുടെ വിവാഹത്തിന് രണ്ട് മാസം മുൻപായിരുന്നുവല്ലോ  അവന്റേയും  ചിപ്പിയുടെയും വിവാഹം. "

   ദേവൻ പറയുന്നത് കേട്ട് നന്ദു ചിരിച്ചു കൊണ്ട് അവന്റെ തോളിൽ ചാഞ്ഞു.

" ദേവേട്ടാ...നമ്മുടെ ആഗ്രഹം പോലെ തന്നെ എല്ലാവരും ഒന്നായി. നിധിയും സാറും, ചിപ്പിയും സുധിയേട്ടനും, ശരണും ആൻവിയും, എല്ലാവരും. ഇപ്പോളിതാ ഹരിയ്ക്കും ഒരു ജീവിതം ആകുന്നു. നഷ്ടപെട്ടു പോയി എന്നു വിചാരിച്ച നമ്മുടെ പ്രണയം തിരിച്ചു കിട്ടിയത് കൊണ്ടല്ലേ ഈ സന്തോഷം എല്ലാവർക്കും ഇപ്പോൾ അനുഭവിക്കാൻ പറ്റുന്നത്. വല്യച്ഛൻ പറയുന്നത് പോലെ ദത്തന്റേയും സുഭദ്രയുടെയും ആത്മാക്കൾ നമുക്ക് കാവലുണ്ടായിട്ടുണ്ടാകും  അല്ലെ ദേവേട്ടാ..? "

അങ്ങനെ വിശ്വസിക്കാനാണ് എനിക്കും ഇഷ്ടം നന്ദൂസെ. മുമ്പ് ഡാഡ് പറഞ്ഞപ്പോൾ എനിക്ക് അതിലൊന്നും വിശ്വാസമുണ്ടായിരുന്നില്ല, എന്നാൽ നമ്മുടെ ജീവിതം തന്നെ എന്നെ ആ വിശ്വാസത്തിലേക്ക് കൊണ്ടെത്തിച്ചു. നമ്മുടെ പ്രണയത്തിന് , ഒന്നിക്കാൻ പറ്റാതെ പോയ ആ ആത്മാക്കൾ കാവലുണ്ട്, എന്നും...എപ്പോഴും....."

 ഒരിക്കലും അവസാനിക്കാത്ത  പ്രണയത്തോടെ ദേവൻ നന്ദുവിനെ ചേർത്ത്  പിടിച്ചപ്പോൾ അവർക്ക് ചുറ്റും ചെമ്പകപ്പൂവിന്റെ സുഗന്ധം പരത്തി ആ ഇളം കാറ്റ് വീണ്ടും അവരെ തഴുകി അതിന്റെ സാന്നിദ്ധ്യമറിയിച്ചു, അനശ്വര പ്രണയത്തിന് സാക്ഷിയായി അപ്പൂപ്പൻ കുളവും...

*അവസാനിച്ചു.*

ദേവ നന്ദനം ഇവിടെ അവസാനിക്കുകയാണ്. ദേവ നന്ദനത്തെ ഹൃദയത്തിൽ ഏറ്റിയ നിങ്ങൾ എല്ലാവർക്കും എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു. ഇങ്ങനൊരു തുടർക്കഥ എഴുതുന്നത് ആദ്യത്തെ അനുഭവമാണ്, അതു കൊണ്ട് തന്നെ പല തെറ്റുകളും വന്നിട്ടുണ്ടാവാം.ആ കുറവുകളെല്ലാം ക്ഷമിച്ച് ദേവനെയും നന്ദുവിനെയും നിധിയെയും അതു പോലെ ഈ കഥയിലെ കൊച്ചു കൊച്ചു കഥാപാത്രങ്ങളെയൊക്കെ നെഞ്ചിലേറ്റി നിങ്ങൾ എനിക്ക് വലിയൊരു സപ്പോർട്ട് തന്നെയാണ് തന്നത്.

          കുറെ വർഷം മുമ്പ് ചെറിയ ക്ലാസിൽ പഠിക്കുമ്പോഴാണ് അവസാനമായി സ്റ്റോറി എഴുതിയത്, അവിചാരിതമായാണ് വീണ്ടും എഴുത്തിനായി കയ്യിൽ പേന എടുത്തത്, അതിന് കാരണം എന്റെ പ്രിയ കൂട്ടുകാരി തന്നെയാണ്.അവളെ വല്ലാതെ മിസ് ചെയ്തപ്പോഴാണ് എഴുതാൻ തുടങ്ങിയതും, നിധിയെന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട കാരക്ടർ മനസിൽ വന്നതും.നിധിയെ പോലെ എന്റെ കൂട്ടുകാരി ബോൾഡ് ആണെങ്കിൽ നന്ദുവിനെ പോലെ ഞാനും വളരെ മടിച്ചിയാണ്.അതുകൊണ്ട്, ഒരു തിരിച്ചു വരവ് ഉണ്ടാവുമെന്നത് സംശയമാണ്..

  ഒരിക്കൽ കൂടി, എനിക്ക് സ്നേഹവും സപ്പോർട്ടും തന്ന് ഫ്രണ്ട്സ് ആയും സഹോദരങ്ങൾ ആയും മാറിയ എന്റെ പ്രിയ വായനക്കാരോടും, തുടക്കക്കാരിയായ എന്നെ സ്വീകരിച്ച വളപൊട്ടുകൾ പേജിനോടും, പിന്നെ തുടക്കം തൊട്ട് പൂർണ പിന്തുണയുമായി കൂടെ നിന്ന എന്റെ അഡ്മിൻ ബ്രോയ്ക്കും  ബിഗ് ബിഗ് താങ്ക്സ്.....
ലൈക്ക് ചെയ്ത് 2 വരി കുറിക്കാതെ ആരും പോകല്ലേ...

❤ സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം അഞ്ജു❤

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top