നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ..

Valappottukal
നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ..


രചന: ശ്രീജിത്ത് ആനന്ദ് തൃശ്ശിവപേരൂർ

ചേട്ടന്റെ ഉദ്ദേശം എന്താ?  പെണ്ണു കെട്ടാൻ ഉദ്ദേശിക്കണില്ലെങ്കിൽ അത് പറ.  എനിക്കെന്റെ ഭാവി നശിപ്പിക്കാൻ പറ്റില്ല.

അനിയൻ മുഖത്തുനോക്കി ചോദിച്ചപ്പോൾ.  പറയാൻ ഒരുപാട്  കാരണങ്ങൾ ഉണ്ടായെങ്കിലും..  ഞാൻ ഒന്നു മാത്രമേ പറഞ്ഞുള്ളു..

ഏട്ടൻ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ..

ഏട്ടന് പെണ്ണ് കിട്ടുന്നത് വരെ കാത്തിരുന്നിട്ടു നിന്റെ ഭാവി കളയണ്ട...  എന്നും പറഞ്ഞു..  അമ്മയാക്കിയ ചോറും എടുത്തു ഞാൻ കമ്പനിയിലേക്ക്  ഇറങ്ങി. 

മനസ്സിനൊരു ഭാരം പോലെ.. അനിയൻകുട്ടന്റെ ശബ്ദത്തിനൊക്കെ തന്നെ  വേദനിപ്പിക്കാൻ വിധം മൂർച്ച വന്നിരിക്കുന്നു.. 

അച്ഛൻ പോയപ്പോൾ ആണ് അറിഞ്ഞത് പെങ്ങളെ കെട്ടിക്കാൻ വേണ്ടി വീടിന്റെ ആധാരം സഹകരണ ബാങ്കിൽ വെച്ചത് കുടിശ്ശിക ആയി കിടക്കുകയാണെന്ന്.. 

പറമ്പിലെ നാളികേരവും അടക്കയും കൊടുത്തു കിട്ടുന്നത് കൊണ്ട് പലിശ പോലും അടച്ചു തീർക്കാൻ പറ്റാത്ത അത്ര ആയി എന്നു മനസിലാക്കിയപ്പോളാണ് പകുതിക്കു വെച്ച് പഠിപ്പു നിർത്തിയതും..
രാഘവേട്ടന്റെ തടി മില്ലിൽ പണിക്കു പോയി തുടങ്ങിയതും. 

അതിന്റെ ഇടയിൽ അനിയൻ കുട്ടന്റെ പഠിപ്പും.. പെങ്ങടെ കൊച്ചിന്റെ ഇരുപത്തിയെട്ടു കെട്ടും പിന്നാലക്കു പിന്നാലക്കു   വന്നപ്പോൾ ബാങ്കിലെ കടം  വീടാൻ വർഷങ്ങൾ പോയി.. 

അതിന്റെ ഇടയിൽ നെഞ്ചോടു ചേർത്തു വെച്ചവളെ നഷ്ടപ്പെട്ടു. 

ഇഷ്ടക്കുറവുകൊണ്ടല്ല..  നിവൃത്തികേടുകൊണ്ടു.  അല്ലെങ്കിലും സ്കൂൾ മാഷ്ടെ മോളെ ഒരു തടിമില്ലിലെ പണിക്കാരന്  കെട്ടിച്ചു കൊടുക്കാൻ മാഷ് തയ്യാറല്ലായിരുന്നു.. 

അവളുടെ കവിളത്തു പതിഞ്ഞ മാഷ്ടെ വിരൽ പാടിലും. അവൾ പിടിച്ചു നിന്നിരുന്നു . എന്നോടുള്ള  സ്നേഹം ഭ്രാന്താക്കിയവൾ.  അനുഭവിക്കുന്നത് കണ്ടിട്ട് സഹിക്കാതെ സ്വയം ഒഴിവായതാണ്..  യാത്രയാക്കിയതാണ്  .  മറക്കാൻ ശ്രമിച്ചിട്ടില്ല ഇന്നേ വരെ.   അതിനാലാവും ആ ഓർമകളിൽ നീറി നീറി ഇന്നും ജീവിക്കുന്നത്.

സ്നേഹം കൊണ്ടു തോറ്റുപോയാലും എന്നെങ്കിലും ജയിക്കണം എന്ന വാശിയായിരുന്നു

അതുകൊണ്ടാണ് തടിമില്ലിലെ ജോലികഴിഞ്ഞിട്ട്..  ടൗണിലേക്കുള്ള വെള്ളം വണ്ടി ഓടിക്കാൻ പോയത്.. 

ഇന്നിപ്പോ തിരിഞ്ഞു നോക്കുമ്പോൾ..  കർമ്മം കൊണ്ട് ഞാൻ ജയിച്ചിരുന്നു.. നല്ലൊരു വീടായി..  വണ്ടികളായി അനിയൻ എൻജിനിയറായി.

പത്താം ക്ലാസ് പാതിക്കു നിർത്തിയവന് ഇതെല്ലാം വലിയ നേട്ടങ്ങൾ തന്നെയാണ്

സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന്റെ കൂടെ വയസും പോയിരുന്നു.. 

വൈകിട്ട്  വന്നപ്പോൾ അമ്മ  ഉമ്മറത്തിരിപ്പുണ്ടായിരുന്നുപതിവു  കട്ടൻകാപ്പി കുടിക്കുബോഴാണ്  ഞാൻ അമ്മയോട് പറഞ്ഞത്.

മ്മടെ അനിയൻകുട്ടന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?  അമ്മയോട് വല്ലതും പറഞ്ഞിട്ടുണ്ടോ? 

ഓഫിസിലെ ഒരു കുട്ടിയായിട്ടു ഇഷ്ട്ടത്തിലാണത്രെ.  എന്നോട് ഒന്നുരണ്ടു തവണ സൂചിപ്പിച്ചിട്ടുണ്ട്.  ഫോണിൽ ഫോട്ടോയും കാണിച്ചു തന്നിണ്ടു.. 

എന്നാൽ പിന്നെ നമുക്കതു നോക്കിയാലോ..

അതിപ്പോ എങ്ങിനാടാ..  നീ ഇങ്ങനെ നിക്കുമ്പോൾ.  അമ്മയുടെ ഉത്തരത്തിൽ തീരുമാനത്തിൽ എത്താൻ   കഴിയാത്ത മനസിന്റെ വീർപ്പുമുട്ടൽ ഉണ്ടായിരുന്നു.. 

എന്റെ അമ്മേ..  ഇതിപ്പോ പഴയകാലമൊന്നുമല്ല.. എത്രയിടത്തു ഇങ്ങനൊക്കെ നടക്കുന്നു.  നമ്മുടെ വെള്ളം വണ്ടി ഓടിക്കുന്ന  രമേശേട്ടന്റെ മോൻ..  വിവേക്  ഒരാളോട് പോലും പറയാതെ അല്ലേ ആ അക്ഷയ സെന്ററിലെ കുട്ടീനേം കൂട്ടി വീട്ടിൽ വന്നത്..   രമേശേട്ടൻ  ജോലികഴിഞ്ഞു വരുമ്പോൾ വീടിന്റെ മുൻപിൽ ആൾകൂട്ടം കണ്ടു പേടിച്ചു.. വയ്യാണ്ട് കിടക്കണ അമ്മക്ക് എന്തേലും  പറ്റിയതാവും എന്നു.  ഓടിക്കിതച്ചു ചെന്നുനോക്കിയപ്പോൾ എന്താ.. മോൻ  ചെറുതായൊന്നു  കല്യാണം കഴിച്ചതാണെന്നു. അവന്റെ മൂത്തോന്. ഇപ്പോഴും പെണ്ണ് കണ്ടു നടക്കാ..

അപ്പോ അമ്മ ഇതൊന്നും ആലോചിച്ചു വിഷമിക്കണ്ട..  നമുക്കിത് നടത്താം..

എന്നും പറഞ്ഞു ഞാൻ തോർത്തും സോപ്പും എടുത്തു കുളക്കടവിലേക്കു പോയി.. 

അവിടെ കണ്ണനും അപ്പു ആശാനും നേരത്തെ എത്തിയിരുന്നു.. 

എന്തെടാ വൈകിയേ.. 

അമ്മേടടുത്തു സംസാരിച്ചിരുന്നു..  മ്മടെ അനിയൻ കുട്ടന് ഒരു കല്യാണകാര്യം.. 

അടിപൊളി..  അപ്പൊ മ്മടെ നാട്ടിൽ വീണ്ടും ഒരു അപ്പു ആശാൻ ജനിക്കാൻ പോവാണ് അല്ലേ.. 

അവന്റെ ചോദ്യത്തിന് അപ്പുവാശാനാണ് മറുപടി പറഞ്ഞത്.. 

അല്ലെങ്കിലും കുടുംബത്തിന്റെ ഭാരം ഏറ്റെടുക്കുമ്പോൾ..  അങ്ങിനെയാടാ.. 

ഇഷ്ടങ്ങൾ ഇല്ലാഞ്ഞിട്ടല്ല വേണ്ടാന്ന് വെക്കുന്നതാണ്..  എല്ലാം ഒതുങ്ങുമ്പോഴേക്കും കാലം കടന്നു പോയിട്ടുണ്ടാകും.  അങ്ങിനെയാണ് നീ പറഞ്ഞപോലെ അപ്പുവാശാൻമാർ ഉണ്ടാകുന്നതു..

അയ്യയേ.. സെന്റിമെന്റൽ ആകല്ലേ അപ്പുവേട്ട..  ഇതിപ്പോ  ശ്രീയേട്ടന് ചേട്ടനു..  ഈഗോ ആയിട്ടല്ലേ അല്ലെങ്കിൽ ബാല്യകാല സഖി ഇപ്പോഴും..  അവിടെ തന്നെ ഉണ്ടല്ലോ.. 

അവനെ ഞാനൊന്നും തറപ്പിച്ചു നോക്കിയപ്പോൾ.. ഞാനൊന്നും പറഞ്ഞില്ലേ എന്നും പറഞ്ഞു കുളത്തിലേക്ക് ഒറ്റ ചാട്ടം.. 

അപ്പുവാശാൻ അതുകണ്ടു ചിരിക്കുന്നുണ്ടായിരുന്നു.. 

അല്ലേടാ അവൻ പറഞ്ഞേലും കാര്യമില്ലേ..  ആ കുട്ടി എത്ര കാലായി ബന്ധം പിരിഞ്ഞു നിക്കണു..  മാഷ് ഗൾഫ് കാരന്റെ പത്രാസ് കണ്ടപ്പോൾ. മുന്നും പിന്നും ആലോചിക്കാതെ  കെട്ടിച്ചുകൊടുത്തതാ. അവനു മാനസികമായി പ്രശ്നമുണ്ടെന്നു പിന്നീടാ അറിഞ്ഞത്..

ഞാൻ കാണാറുണ്ട് ശ്രീ അവളെ മ്മടെ പുഴക്കരയിലെ കണ്ണന്റെ അമ്പലത്തിൽ വരാറുണ്ട്..  ആ മുഖത്തെ ചിരിയൊക്കെ പോയി..  സംസാരമൊന്നും ഇല്ലാന്നാ പറയണേ.  മാഷോടുപോലും.   പാവം കുട്ടി.. 

നിന്നൊക്കൊന്നുപോയി സംസാരിച്ചൂടെ.. 

ഇല്ല അപ്പുവാശാനെ..  അന്നത്തെ പ്രശ്നത്തിൽ പറയാൻ പാടില്ലാത്തതു ഞാനും പറഞ്ഞു..  മാഷും പറഞ്ഞു..  ഇനിയൊരു സംസാരം മാഷുമായിട്ട്.. 

എന്നെകൊണ്ട് പറ്റില്ല ആശാനേ.. 

ടാ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചവൻ അവസാനം ഒറ്റപെട്ടുപോകും..  എല്ലാവര്ക്കും അവരുടേതായ കാര്യങ്ങൾ വരുമ്പോൾ നമ്മളെയൊക്കെ മറക്കും. ഒന്നു  വീണുപോയാൽ പോലും ആരും ഉണ്ടാവില്ല..  എല്ലാവര്ക്കും തിരക്കായിരിക്കും..   അവൻ പറഞ്ഞപോലെ ഇനിയൊരു അപ്പുവാശാൻ വേണ്ടടാ നമ്മുടെ കൂട്ടത്തിൽ.. 

അതു പറയുമ്പോൾ ആ സ്വരം എവിടൊക്കെയോ ഇടറിയിരുന്നു.. 

ഉറങ്ങാൻ കിടക്കുമ്പോൾ ചുറ്റിലും ചോദ്യങ്ങളായിരുന്നു..  നേരംവെളുത്തു കുളിച്ചിറങ്ങുമ്പോൾ..  അമ്മയോട് പറഞ്ഞു ഞാൻ ഒരാളെ കാണാൻ പോവാ..  എന്താവും എന്നറിയില്ല..  പോയിട്ടുവരാം.

ജീപ്പ് മാഷ്ടെ വീടിന്റെ മുറ്റത്തേക്ക് കയറുമ്പോൾ ഞാൻ കണ്ടു മുറ്റത്തെ മന്ദാരത്തിനു വെള്ളം നനക്കുകയായിരുന്നു അവൾ..  എന്നെ കണ്ടപ്പോൾ ആ മുഖത്തുവന്ന ആശ്ചര്യം ഒതുക്കി ഒരു മങ്ങിയ ചിരി സമ്മാനിച്ചു. 

അച്ഛനെ കാണാൻ വന്നതാണ്.  അതിനു മുൻപ് തന്നോടൊന്നു സംസാരിക്കണം.. 

നിന്റെ കഴുത്തിൽ മറ്റൊരാളുടെ താലി ചാർത്തും മുൻപ് മനസുകൊണ്ട് ഞാൻ താലി ചാർത്തിയ പെണ്ണാണ് നീ..  കൂടെ കൂട്ടാൻ വന്നതാണ്..  ഓർക്കാൻ ഇഷ്ടപെടാത്തതൊക്കെ കീറീ കാറ്റിൽ പറത്തടോ.. ഈ മുഖത്തു ഇനിയും ചിരി വേണം.  ഇപ്പോ കണ്ടപോലല്ല..  നമ്മളാദ്യം കാണുമ്പോൾ നീയെനിക്കു സമ്മാനിക്കാറുള്ള ചിരിയില്ലേ. അതേ ചിരി.. 

കണ്ണിൽ നിന്ന് ഉതിർന്നതു സ്നേഹമാണ്.  എന്നറിയാം.  പഴയതൊക്കെ മറക്കാൻ സമയമെടുത്തോളു.. ഇനിയും കാത്തിരിക്കും 

 പുറത്തെ  ശബ്ദം കേട്ടിട്ടാവണം മാഷ്  പുറത്തേക്കു വന്നു.. 

വര്ഷങ്ങള്ക്കു ശേഷമുള്ള കൂടികാഴ്ചയായകാരണം മൗനം മുറിയാൻ കുറച്ചു സമയമെടുത്തു. 

അന്നു ഒന്നുമല്ലാത്തതിന്റെ പേരിൽ മാഷ്ടെ ചോദ്യങ്ങൾക്കു ഉത്തരമില്ലാതെ ഞാൻ നിന്നിട്ടുണ്ട്.   അന്നും ഞാൻ ഒന്നുവിളിച്ചാൽ എല്ലാം വിട്ടു എന്റെ കൂടെ വന്നേനെ..  അന്നും ഞാൻ പിന്മാറിയിട്ടേ ഉള്ളു..   കൊണ്ടുപോയി നോക്കാൻ പ്രാപ്തി ഇല്ലാഞ്ഞിട്ടല്ല..  ഒരു അച്ഛന്റെ അവസ്ഥ എനിക്കു അറിയാവുന്നതുകൊണ്ടാണ്.  എനിക്കും ഒരു അനിയത്തികുട്ടി ഉള്ളതാണ് എന്നോർത്തിട്ടാണ്.  അല്ലെങ്കിലും രണ്ടുഭാഗം ആലോചിക്കുന്നവർ എന്നും തോറ്റിട്ടേ ഉള്ളൂ മാഷേ.. 

ഇന്നു ഞാൻ വന്നതു..  എനിക്കു വേണം മാഷേ ഇവളെ..  മാഷിന്റെ അനുഗ്രഹത്തോടെ. കാലം ഇത്രയായിട്ടും വേറെ ഒരാളുപോലും എന്റെ ജീവിതത്തിലേക്ക് കയറി വരാതിരുന്നത് ഇവളെപോലെ മറ്റാരെയും സ്നേഹിക്കാൻ എനിക്കു കഴിയില്ല എന്നറിയാവുന്നതുകൊണ്ടാണ്. അതുമാത്രം പോരെ മാഷേ..  ഇവളെ പൊന്നുപോലെ നോക്കും എന്നു വിശ്വസിക്കാൻ? 

കയ്യിൽ മുറുകെ പിടിച്ചത് മാഷായിരുന്നു..  ആ പിടുത്തത്തിൽ ഒരു വിശ്വാസം ഉണ്ടായിരുന്നു.. 

ജീവിതം അങ്ങിനാണ്..  ഓർമകളുടെ ചങ്ങലകണ്ണികൾ ഉരഞ്ഞു മനസിനേറ്റ മുറിവു ഉണങ്ങിയിരിക്കുന്നു..   തിരിച്ചുള്ള യാത്രയിൽ ഫോൺ റിംഗ് ചെയ്തു

അനിയൻകുട്ടൻ കാളിങ്

ഏട്ടാ സോറി..  ഞാൻ പെട്ടന്നുള്ള ദേഷ്യത്തിൽ..

അവൻ പറഞ്ഞു മുഴുവിപ്പിക്കും മുൻപ്... 
ഞാൻ പറഞ്ഞു താങ്ക്സ് അനിയൻകുട്ടാ....താങ്ക്സ്

ഏട്ടാ..  എന്തിനു? 

ഞാൻ ചിരിച്ചു..
അവൻ അപ്പുറത്തു നിന്നു ഏട്ടാ ഏട്ടാ എന്നു വിളിക്കുന്നുണ്ടായിരുന്നു.. 

ഞാൻ കാൾ ഡിസ്കണക്ട് ചെയ്തു.. 

ജീപ്പ് പുഴക്കരെയുള്ള കൃഷ്ണന്റെ അമ്പലത്തിനു മുന്നിൽ നിന്നു. 

കൈകൾ കൂപ്പി കണ്ണടച്ചു

സ്നേഹംകൊണ്ട് ചേർത്തുപിടിച്ചതൊന്നും ഒരുകാലത്തും.. അകലാതിരിക്കട്ടെ.. കൃഷ്ണാ...

സ്നേഹപൂർവ്വം
രചന: ശ്രീജിത്ത് ആനന്ദ്  തൃശ്ശിവപേരൂർ

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top