രചന: സന്തോഷ് അപ്പുക്കുട്ടൻ
"ശ്രീക്കുട്ടി എന്തിനാ ആത്മഹത്യ ചെയ്തേ? നിങ്ങൾ തമ്മിൽ അരുതാത്തതെന്തെങ്കിലും....."
പറഞ്ഞുതീരും മുൻപെ അനുരാധയുടെ കവിൾത്തടത്ത് വിഷ്ണുവിന്റെ കൈ ശക്തിയിൽ ആഞ്ഞു പതിച്ചു.
കവിൾത്തടത്ത് ഒന്നു തടവാതെ അനുരാധ വിഷ്ണുവിനെ ഇമയടക്കാതെ നോക്കി നിന്നു.
അനുരാധയുടെ ചുവന്നുകിടക്കുന്ന കവിൾത്തടത്തിൽ ഒന്നു തലോടിയിട്ട്, വിഷ്ണു -പടികളിnങ്ങി പാപനാശിയിൽ നിന്നു.
വക്കുടഞ്ഞ മൺകുടങ്ങളും,
ചുവന്ന പട്ടുകളും പതിയെയൊഴുകുന്ന നീർചാലിലെ കുളിർ
മനസ്സിലേക്കാവാഹിക്കാനെന്നവണ്ണം അവൻ ഒരു നിമിഷം കണ്ണടച്ചു നിന്നു.
കൺപീലികളുടെ തടയണ തകർത്തു കൊണ്ട് ഒരിറ്റ് നീർ അവന്റെ കവിളിലേക്കിറ്റു വീണു.
ബ്രഹ്മഗിരി മലനിരകളിൽ നിന്നു വീശിയടിക്കുന്ന കാറ്റിന് പോലും തണുപ്പിക്കാനാവാതെ തന്റെ ഉള്ളം പൊള്ളിയ ടരുകയാണെന്ന് വിഷ്ണുവിന് തോന്നി.
തോളിൽ കൈപതിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി.
കവിളിൽ ചോരപ്പാടോടെയുള്ള അഞ്ചുവിരലും പതിഞു കിടക്കുന്ന അനുരാധയെ കണ്ടപ്പോൾ അവന്റെ ഉള്ളം തകർന്നു.
അവളുടെ ചുണ്ടുകൾ പതിയെ വിടർന്ന് മുല്ലമൊട്ടുകൾ തെളിഞ്ഞു.
അവൻ സങ്കടത്തോടെ ഇരു തോളിലും കൈവെച്ച് കൺമഷി കലങ്ങിയ ആ വലിയ മിഴികളിലേക്കു നോക്കി.
"കാശിയിലും, രാമേശ്വരത്തും, ഹരിദ്വാറിലും വെച്ച് നിന്നെ സങ്കടപ്പെടുത്തിയിരുന്നത് ഈ ചോദ്യമായിരുന്നോ?"
ഒന്നും പറയാതെ അവൾ തന്റെ പാദങ്ങളെ-തഴുകി പോകുന്ന നീരൊഴുക്കിലേക്ക് മിഴികൾ നട്ടു.
"പത്തു വർഷമായില്ലേ ശ്രീക്കുട്ടി നമ്മെ വിട്ടിട്ടുപോയിട്ട്? ഇപ്പോൾ ഇങ്ങിനെ ഒരു ചോദ്യത്തിന്റെ ഉദ്യേശം?"
അവൾ പതിയെ മിഴികളുയർത്തി വിഷ്ണുവിനെ നോക്കി.
" കാശിയിലും, രാമേശ്വരത്തും, ഹരിദ്വാറിലും വെച്ച് ചോദിക്കാതെ, ഇവിടെ ഈ തിരുനെല്ലിയിൽ വെച്ച് ഞാൻ ചോദിക്കാൻ ഒരു കാരണമുണ്ട്"
വിഷ്ണു സംശയത്തോടെ അനുരാധയെ നോക്കി.
" അച്ഛന്റെ പിതൃകർമ്മത്തിനാണ് ഞാനും ശ്രീക്കുട്ടിയും പിന്നെ വിഷ്ണുവും ഇവിടെ അവസാനമായി വന്നത് - ഓർമ്മയുണ്ടോ വിഷ്ണുവിന്?"
വിഷ്ണുവിന്റെ ചുണ്ടിൽ ഒരു പരിഹാസം മൊട്ടിട്ടു.
" അച്ഛനും,ഞാനും, ശ്രീക്കുട്ടിയും പിന്നെ വിഷ്ണുവും - ഈയൊരു വാചകത്തിലുണ്ട് നിന്റെ സംശയത്തിന്റെ കാതൽ!"
കാലിൽ തടഞ്ഞ ഒരു ചുവന്ന പട്ടെടുത്ത് നീരൊഴുക്ക് കൂടിയ ഭാഗത്തേക്കിട്ട് അവൻ മുഖമുയർത്തുമ്പോഴും ആ പരിഹാസചിരി ആചുണ്ടുകളിൽ നിന്ന് മാഞ്ഞിരുന്നില്ല.
" അല്ലെങ്കിലും അങ്ങിനെ തന്നെയല്ലേ പറയാൻ പറ്റൂ അനൂ? വേലി ചാടിപോയ ഒരു അമ്മായിയുടെ മകനെ കൂട്ടത്തിൽ ചേർക്കാൻ പറ്റില്ലല്ലോ?"
ആഞ്ഞുവലിച്ചൊരടി കിട്ടിയിട്ടും പുഞ്ചിരി മാറാതിരുന്ന അനുരാധയുടെ മുഖം കറുക്കുന്നത് വിഷ്ണു കണ്ടു.
"നീയിപ്പോൾ എന്താ പറഞ്ഞത്? നിന്നെ കൂട്ടത്തിൽ ചേർക്കാൻ പറ്റില്ലായെന്നോ?"
അനുരാധയുടെ കണ്ണകൾ നിറഞ്ഞു തുടങ്ങിയിരുന്നു.
"എന്നിട്ടാണോടാ അഞ്ചാം വയസ്സ് മുതൽ സ്വന്തം മകനെ പോലെ വീട്ടിൽ നിർത്തി പടിപ്പിച്ചത്?
ഞങ്ങളുടെ ആവശ്യങ്ങളെക്കാൾ നിന്റെ ആവശ്യത്തിന് മുൻഗണന നൽകിയത്?
നിന്റെ കാലിൽ ഒരു മുള്ള് കൊണ്ടാൽ പോലും നോവില്ലായിരുന്നോടാ ന്റെ അച്ഛന്?"
അനുരാധയുടെ മിഴികളിൽ തീപടരുന്നത് ഒരു ഞെട്ടലോടെ വിഷ്ണു കണ്ടു.
"അച്ചന്റെ ചിതാഭസ്മ മൊഴുക്കിയ ഈ പാപനാശിനിയിൽ നിന്നു തന്നെ നീ ഇതു പറയണം നന്ദിയില്ലാത്ത നായേ "
അനുരാധയുടെ ഉറക്കെയുള്ള സംസാരം കേട്ട് അടുത്തുള്ളവർ അവരെ ശ്രദ്ധിച്ചുതുടങ്ങി.
പൊടുന്നന്നെ വിഷ്ണു, അനുരാധയുടെ കൈയ്യും പിടിച്ച് പാപനാശിനിയിൽ നിന്നു കയറി -ക്ഷേത്രത്തിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ നടന്നു.
മൗനമായി, അനുരാധയുടെ കൈയ്യും പിടിച്ച് നടക്കുമ്പോൾ ഇരട്ടകളായ അനു എന്ന അനുരാധയുടെയും, ശ്രീക്കുട്ടിയെന്ന രാധയുടെയും സ്വഭാവ വിശേഷങ്ങൾ ഓർക്കുകയായിരുന്നു വിഷ്ണു .
രണ്ടും രണ്ടു തരത്തിലുള്ള സ്വഭാവം!
ഒരാൾ പകലിനെയിഷ്ടപ്പെടുമ്പോൾ മറ്റൊരാൾ രാത്രിയെ പ്രണയിക്കുന്നു.
ഒരാൾ മഴക്കാലത്തിനായ് കാത്തിരിക്കുമ്പോൾ മറ്റൊരാൾ മഞ്ഞു ക്കാലത്തിനായ് കാത്തിരിക്കുന്നു.
അതുപോലെ തന്നെയായിരുന്നു അനുരാധ എന്തും തുറന്നു പറയുന്ന ടൈപ്പും, രാധ എല്ലാം ഉള്ളിലൊതുക്കുന്നവളുമായിരുന്നു.
പക്ഷേ പരസ്പര സ്നേഹത്തിന്റെ കാര്യത്തിൽ, അവർ പരസ്പരം സ്നേഹിച്ചു തോൽപ്പിക്കുമായിരുന്നു.
"വിഷ്ണു എന്താ ഓർക്കുന്നേ?"
അനുരാധയുടെ ചോദ്യമുണർന്നപ്പോഴാണ് തങ്ങളിപ്പോൾ ക്ഷേത്രത്തിലേക്കുള്ള പടികൾ കയറിക്കൊണ്ടിരിക്കുകയാണെന്ന ബോധം വിഷ്ണുവിന് വന്നത്.
"നമ്മൾ കലഹിച്ചിടത്ത് നിന്ന് തുടങ്ങാം അനൂ - അമ്മാവന്റെ കർമ്മത്തിനായ് നമ്മളിവിടെ വന്നപ്പോൾ നിനക്ക് എന്താണ് അന്ന് മനസ്സിൽ തോന്നിയത്
വിഷ്ണുവിന്റെ ചോദ്യമുയർന്നതും, അനുരാധ അവസാന കൽപ്പടിയിൽ പൊടുന്നനെ നിന്നു.
ആവേശംക്കൊണ്ട് ആ സമയത്ത് പറഞ്ഞതു പോയതാണെങ്കിലും ഇപ്പോൾ പറയാൻ മനസ്സിനൊരു ബലക്കുറവ് പോലെ!
" ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം വിഷ്ണുവിനറിയോ? ഈ മുപ്പത് കരിങ്കൽ തൂണുകളിൽ ഈ ക്ഷേത്രം ഇങ്ങിനെ നിർമ്മിച്ചത് ഏത് തച്ചനാണെന്ന് അറിയോ?"
അടുത്തുള്ള ക്ഷേത്രത്തിലേക്ക് നോക്കി ടോപ്പിക്ക് മാറ്റാനായി അവൾ ചോദിച്ചപ്പോൾ അവൻ പൊട്ടി ചിരിച്ചു.
"എന്റെ അച്ഛൻ തച്ചനല്ലായെന്ന് മനസ്സിലായി - അങ്ങേർക്ക് കള്ളും കുടിച്ച് വന്ന് അമ്മയെ തല്ലിക്കഴിഞ്ഞ് ഇതിനൊന്നും നേരമില്ലായിരുന്നു."
വിഷ്ണുവിന്റെ ശബ്ദം നനഞ്ഞിരുന്നു.
" ഈ വിഷ്ണുവിന് വേണ്ടി ഒരു കൊച്ചുപുര പണിതിട്ടില്ല മൂപ്പർ, പിന്നയല്ലേ മഹാവിഷ്ണുവിന് ഇങ്ങിനെയൊരു അഡാർ കൊട്ടാരം "
അനുരാധ സങ്കടത്തോടെ അവന്റെ കൈ മുറുകെ പിടിച്ചു.
അവളുടെ കണ്ണകളും സജലങ്ങളായി.
"പ്രണയം വെറും മണ്ണാങ്കട്ടയാണ് അനൂ - അല്ലെങ്കിൽ വലിയൊരു വീട്ടിൽ നിന്ന് ഒരു തച്ചനായ അച്ഛനെയും വിശ്വസിച്ച് കൈപിടിച്ചിറങ്ങിയ അമ്മയ്ക്ക് എന്നും രാത്രിയിൽ മർദ്ദനമേറ്റ് കരയേണ്ടി വരുമായിരുന്നില്ല"
വിഷ്ണു -നീർ നിറഞ്ഞ മുഖത്തോടെ അനുരാധയെ നോക്കി.
"പ്രണയമെന്ന വാക്കിനെ ഞാൻ അത്രയ്ക്കും വെറുത്തു പോയത് അന്നു മുതലാണ് അനൂ "
നീർ നിറഞ്ഞ കണ്ണുകളെ നനയ്ക്കാനായി വിഷ്ണു പതിയെ, മലയിൽ നിന്നും വെള്ളമൊഴുകി വരുന്ന കരിങ്കൽപ്പാത്തിയുടെ അടുത്തേക്ക് നടന്നു.
ശുദ്ധമായ വെള്ളത്തിൽ മുഖം തുടച്ച് വിഷ്ണു, അനുരാധയെ നോക്കിയൊന്നു ചിരിച്ചു.
" ഇനി നമ്മൾ അകത്തു കയറി മഹാവിഷ്ണുവിനെ തൊഴുകയാണ്. അതിനു മുൻപ് മനസ്സിലുള്ളതൊക്കെ പുറത്ത് കളയണം. ഞാൻ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരം ബാക്കി വെച്ചിട്ടുണ്ട് അനു."
അനുരാധ ധർമ്മസങ്കടത്തിലായി.ആ ഉത്തരത്തിനുള്ള കാത്തിരിപ്പ് മാറാൻ പോകുന്നില്ലായെന്ന് അവൾ മനസ്സിലാക്കി.
" അത് എന്റെ വെറും ഡൗട്ടായിരുന്നെന്ന് ഇപ്പോൾ തോന്നുന്നു വിഷ്ണു.. "
അവൾ ഒരു നിമിഷം നിർത്തി വിഷ്ണുവിനെ നോക്കി.
" അന്ന് നമ്മൾ ഇവിടെ വന്നപ്പോൾ സദാമടിച്ചിയായ ശ്രീക്കുട്ടി, നിനക്ക് -പ്രസാദം കൊണ്ടുവന്നു തരാനും, പുലിനഖലോക്കറ്റ് വാങ്ങാനും വല്ലാത്ത ഉത്സാഹമായിരുന്നു.
ഒന്നും പുറത്ത് കാണിക്കാത്ത പ്രകൃതമല്ലേ അവളുടെത്? ഞാൻ വിചാരിച്ചു അവൾക്ക് നിന്നോട് പ്രണയമാണെന്ന് "
വിഷ്ണു ഒരു മങ്ങിയ പുഞ്ചിരിയോടെ അനുരാധയെ നോക്കി.
" അതുമാത്രമല്ല ശ്രീക്കുട്ടിയുടെ മരണത്തോടെ വിഷ്ണുവും വല്ലാതെ മാറി.
സദാ ഊർജ്ജ്വസലനായി നടന്നിരുന്ന വിഷ്ണു പെട്ടെന്ന് വിഷാദ മൂകനായി-
സദാ ക്ലീൻ ഷേവുമായി നടന്നിരുന്ന മുഖത്ത് രോമങ്ങൾ തിങ്ങിനിറഞ്ഞു.
ഒന്നുതൊഴാൻ പോലും പോകാത്ത കുടുംബക്ഷേത്രത്തിൽ, പെട്ടെന്നൊരു ദിവസം ശാന്തിക്കാരനായി പ്രത്യക്ഷപ്പെട്ടപ്പോൾ എന്റെ ഊഹം ശരിയാണെന്നും ഞാൻ നിനച്ചു -
പക്ഷെ പ്രണയത്തെ അങ്ങേയറ്റം വെറുക്കുന്നനാണെന്ന് ഇപ്പോഴാണ് മനസ്സിലായത് - സോറി വിഷ്ണൂ!"
അനുരാധയുടെ സജലങ്ങളായ മിഴികൾ തുറന്നടഞ്ഞു.
"മണ്ടീ ഈയൊരു ചോദ്യത്തിനാണോ പത്തു വർഷം നീ കാത്തിരുന്നത്?"
അതും പറഞ്ഞ് ചിരിയോടെ വിഷ്ണു, അനുരാധയുടെ കൈയ്യും പിടിച്ച് അകത്തേക്ക് വലിച്ചു.
" അഞ്ചു മിനിട്ട് വിഷ്ണു ... "
അകത്തേക്ക് കടക്കാതെ അവൾ പുറത്തു തന്നെ നിന്നു.
" ഈ പത്തു വർഷക്കാലവും ഈ- eചാദ്യം എന്റെ ഉള്ളിൽ തന്നെയുണ്ടായിരുന്നു വിഷ്ണൂ "
വിഷ്ണു അത്ഭുതത്തോടെ അനുരാധയെ നോക്കി.
" ആടി തീർക്കുന്ന സ്റ്റേജുകളിൽ, ചിലങ്ക മണികളുടെ ശബ്ദം പോലെ ഈയൊരു ചോദ്യവും എന്റെയുള്ളിൽ സദാ കിലുങ്ങിയിരുന്നു!"
"നിനക്ക് വട്ടാ"
വിഷ്ണു പൊട്ടിച്ചിരിച്ചു.
"വട്ടല്ല !പ്രണയമായിരുന്നു അത് "
അവളുടെ ശബ്ദം ഉറച്ചതായിരുന്നു.
പകപ്പോടെ അനുരാധ യെ നോക്കി വിഷ്ണു.
"നിന്നോടുള്ള പ്രണയം"
ബ്രഹ്മഗിരിയിൽ നിന്നൊഴുകി വന്ന കാറ്റിലവർ കുളിർന്നു പോയി.
" പക്ഷേ എന്റെ ശ്രീക്കുട്ടി മോഹിച്ചിരുന്നവനായിരുന്നു നീയെങ്കിൽ ഹൃദയം മുറിഞ്ഞാണെങ്കിൽ പോലും നിന്നെ ഞാൻ വിട്ടു കൊടുത്തേനെ! ഇനി വയ്യ വിഷ്ണൂ"
അവൾ കരച്ചിലോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
നീർ നിറഞ്ഞ മിഴികളോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി:
ഒന്നും മനസ്സിലാവാതെ ഒരു സ്തംഭനാവസ്ഥയിലായിരുന്നു വിഷ്ണു .
" നിന്നെ മറക്കാൻ വേണ്ടിട്ടാ ഞാൻ സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് രാപകലില്ലാതെ ഓടി നടന്ന് നൃത്തം ചെയ്തിരുന്നത് പക്ഷേ ?"
അവൾ ഒരു കൊച്ചു കുഞ്ഞ് പോലെ വിഷ്ണുവിനെ കെട്ടിപ്പിടിച്ചു.
" അപ്പോഴും പാദങ്ങൾ തളർന്നു പോകാമെന്നല്ലാതെ മനസ്സ് തളരുന്നുണ്ടായിരുന്നില്ല!
മനസ്സിൽ മുഴുവൻ നീയാ!"
നെഞ്ചിൽ നനവ് പടരുന്നതറിഞ്ഞ വിഷ്ണു അവളെ പതിയെ തഴുകി -
" ശ്രീക്കുട്ടിയെ നീ സ്നേഹിച്ചോന്ന് മാത്രമേ എനിക്കറിയാനുണ്ടായിരുന്നുള്ളൂ"
" അങ്ങിനെയാണെങ്കിലും ഞാൻ മറ്റൊരു വിവാഹം കഴിക്കില്ലായിരുന്നു വിഷ്ണൂ"
വിഷ്ണു നീരണിഞ്ഞ കണ്ണുകളോടെ അനുരാധയെ നോക്കി.
കണ്ണീർ നിറഞ്ഞ ഒരു പുഞ്ചിരിയോടെ അനുരാധ അവന്റെ നെഞ്ചിൽ മുഖമിട്ടുരസി.
"ഏതെങ്കിലും സ്റ്റേജിൽ ആടി തളർന്നു മരിക്കുമായിരുന്നു - നിന്റെ ഓർമ്മകളുമായി "
ഹൃദയമെന്ന കരിങ്കൽ ഭിത്തിക്കിടയിലൂടെ പ്രണയത്തിന്റെ നീരുറവകൾ പതിയെ ഒഴുകി തുടങ്ങുന്നത് വിഷ്ണു അറിഞ്ഞു.
"പ്രണയം മണ്ണാങ്കട്ടയല്ല വിഷ്ണൂ- അത് ആർക്കും പെട്ടെന്നൊന്നും വേർപ്പെടുത്താൻ കഴിയാത്ത വജ്രമാണ് "
അവൾ പൊടുന്നനെ അവന്റെ കൈയ്യും പിടിച്ച് പാപനാശിനിയിലേക്കുള്ള പടികൾ ഓടിയിറങ്ങി.
" ന്റെ അച്ഛൻ ഈ പാപനാശിനിയിലുണ്ട്. അച്ചനെ മുൻനിർത്തി പറയ് എന്നെ ഉപേക്ഷിക്കില്ലാന്ന് "
കണ്ണീരോടെയുള്ള അവളുടെ വാക്കുകൾ കേട്ടപ്പോൾ അവൻ കരഞ്ഞുപോയി.
സമ്മതമാണെന്ന അർത്ഥത്തിൽ അവളുടെ നെറ്റിയിൽ ചുംബനം കൊടുത്തിട്ട് അവൻ പതിയെ മുട്ടോളം വെള്ളമുള്ള പാപനാശിനിയിൽ മുങ്ങിനിവർന്നു.
അവൻ മുങ്ങി നിവരുന്നതും നോക്കി ഒരു കാട്ടുമരത്തടിയിൽ സ്വപ്നത്തിലെന്നവണ്ണം അനുരാധ നോക്കിയിരുന്നു.
പാപനാശിനിയിൽ മുങ്ങിനിവരുമ്പോൾ വിഷ്ണു പ്രാർത്ഥിച്ചിരുന്നത് അമ്മാവനോടായിരുന്നില്ല.
ശ്രീക്കുട്ടിയോടായിരുന്നു -
അവൾക്കു വേണ്ടിയാണ് അവൻ ആരും കാണാതെ ആ പാപനാശിനിയിൽ കണ്ണീരൊഴുക്കിയത്.
" അനുരാധയും, വിഷ്ണുവും നല്ല മാച്ചാണ് ട്ടോ! കൃഷണനും രാധയും പോലെ! നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് എനിക്കറിയില്ലായിരുന്നു!"
" ശ്രീക്കുട്ടി എന്തൊക്കെയാ ഈ പറേണത് ! നീ വെറുതെ തെറ്റി,,,,
പൊടുന്നനെയാണ് ശ്രീക്കുട്ടി അവന്റെ വായ് പൊത്തിയത്.
" നി ഒന്നും വിഷ്ണു പറയണ്ടാ, ഒരപേക്ഷയുള്ളൂ! അവളെ പൊന്നുപോലെ നോക്കണം"
വിഷ്ണു തലയിൽ കൈയ്യും വെച്ച് അവളെ നോക്കി നിന്നു.
അമ്മാവന്റെ കർമ്മത്തിന് വന്ന്, ഇവിടെ നിന്നും വാങ്ങിയ പുലിനഖലോക്കറ്റ് എനിക്കിഷ്ടമില്ലായെന്നു പറഞ്ഞതിനായിരുന്നു ശ്രീക്കുട്ടിയുടെ ഈ ഭാവമാറ്റം!
" അല്ലെങ്കിലും എനിക്കിഷ്ടം ഇരുട്ടിനെയാ! ആ ഞാൻ വെളിച്ചത്തെ എങ്ങിനെയാ പ്രണയിക്കുക "
തനിക്കൊരു വരണ്ട പുഞ്ചിരിയും തന്ന് അവൾ പോയത് ആ ഇരുട്ടിനെ തേടി തന്നെയായിരുന്നു.
പിറ്റേന് തെക്കേകുളത്തിൽ അവൾ പൊന്തി കിടക്കുമ്പോഴും അവളുടെ കൈയ്യിൽ ആ ലോക്കറ്റ് ഉണ്ടായിരുന്നു!
പച്ചവിറകിൽ വെന്തു നീറിയ മനസ്സുമായി എത്രയെത്ര രാത്രികൾ ഉറക്കമില്ലാതെ കടന്നു പോയ് -
കണ്ണീരും വെള്ളവും കൂടി കലരുന്നതിനിടയ്ക്ക് ആരോ തന്നെ കൈ പിടിച്ചുയർത്തിയപ്പോൾ വിഷ്ണു ഓർമ്മകളിൽ നിന്നുണർന്നു.
"ഭഗവാനെ തൊഴേണ്ടേ നമ്മൾക്ക് "
അനുരാധ കൈയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുമ്പോൾ അവന്റെ ദേഹത്തിൽ നിന്നും കണ്ണിൽ നിന്നും നീർ അടർന്നുവീഴുന്നത് അനുരാധ -കണ്ടില്ല,
നിലത്ത് പാകിയ വലിയ കരിങ്കൽ പാളികളിൽ നനവറിയിച്ചുക്കൊണ്ട് മുന്നോട്ടാഞ്ഞു നടന്ന അവരെ നോക്കി ഒരു തള്ള-മോണക്കാട്ടി ചിരിച്ചു:
" ശരിക്കും കൃഷ്ണനും രാധയും പോലുണ്ട്! "
തിരിഞ്ഞു നോക്കിയ വിഷ്ണു കണ്ടത് ആ വൃദ്ധയെയായിരുന്നില്ല
ചിരിച്ചുക്കൊണ്ട് കണ്ണിറുക്കുന്ന ശ്രീക്കുട്ടിയെ ആയിരുന്നു.
എല്ലാ സങ്കടങ്ങളും ഭഗവാന് സമർപ്പിച്ച്, അമ്മാവന്റെ മൗനാനുവാദവും വാങ്ങി അനുരാധയെ മനസ്സുക്കൊണ്ട് താലിയണിയിച്ച്, അവളെയും കൈകോർത്ത് ക്ഷേത്രപടികളിറങ്ങുമ്പോൾ,
"ഇനിയൊരു പെണ്ണിന്റെ കണ്ണീരും താൻ കാരണം പൊഴിയരുതേയെന്ന മനമുരുകിയ പ്രാർത്ഥനയിലായിരുന്നു വിഷ്ണു '-
പ്രണയത്തിരകൾ അലയടിക്കുന്ന അനുരാധയെയും കൈകോർത്ത് കൊണ്ട് അവൻ ഒരിക്കൽ കൂടി ആ -ക്ഷേത്രത്തിലേക്കും,
ക്ഷേത്രത്തിന്റെ പശ്ചാത്തലമായി നിൽക്കുന്ന ഇരുട്ട് കട്ടകുത്തിയതുപോലെയുള്ള ബ്രഹ്മഗിരി മലനിരകളെയും നോക്കി രണ്ടിറ്റ് കണ്ണീർ പൊഴിച്ചു.
താഴെയെത്തി അവർ, പാർക്ക് ചെയ്തിരുന്ന ട്രാവലറിൽ കയറുമ്പോൾ, എല്ലാ ഭക്തരും അവരെ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു.
തങ്ങൾക്കുള്ള സീറ്റിലെത്തിയതും, ഈറൻമാറാത്ത വിഷ്ണുവിന്റെ നെഞ്ചിലേക്ക് അനുരാധ ചാരിയിരുന്നു.
സാന്ത്വനത്തിന്റെ സ്പർശമായി അവന്റെ വിരലുകൾ അനുരാധയെ തഴുകിക്കൊണ്ടിരുന്നു
അവനെ നോക്കിക്കൊണ്ടിരുന്ന ആ നക്ഷത്രമിഴികളിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു.
ഓടി തുടങ്ങിയ ട്രാവലറിന്റെ പിൻഗ്ലാസ്സിലൂടെ അവർ തിരിഞ്ഞുനോക്കുമ്പോൾ, വേനൽമഴ പെയ്തൊഴിഞ്ഞ മണ്ണിൽ ആണ്ടുത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു.
ലൈക്ക് കമന്റ് ചെയ്യൂ...
Instagram ഉപയോഗിക്കുന്ന ഒരാൾ ആണോ നിങ്ങൾ, വളപ്പൊട്ടുകൾ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ... ഇതിനായി Valappottukal എന്ന് ഇൻസ്റ്റാഗ്രാമിൽ search ചെയ്യൂ... അല്ലെങ്കിൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ...
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
