അച്ഛന്റെ മകൾ

Valappottukal
അച്ഛന്റെ മകൾ

"ഇന്ന് ഒരു കോഴിയും മുട്ടയിട്ടില്ലേ അച്ഛാ"

വടക്കേപ്പുറത്ത് നിന്ന് അമ്മുവിന്റെ ഉറക്കെയുള്ള ചോദ്യം കേട്ടപ്പോൾ, പുകഞ്ഞു തീർന്ന ബീഡി വലിച്ചെറിഞ്ഞുക്കൊണ്ട് ദാസൻ പതിയെ പുഞ്ചിരിച്ചു.

" കോഴിമുട്ടയിടുന്നില്ല നന്ദിനി പശൂന്റെ പാലിൽ കുറവ് ഇങ്ങിനെയായാൽ ഞാൻ എന്തു ചെയ്യും ന്റെ ദേവീ "

"നമ്മൾക്ക് മാത്രം മതിയോ മോളെ ഹർത്താൽ? അവർക്കും വേണ്ടേ?"

മധുരം കുറഞ്ഞ കട്ടൻചായ ഊതിക്കുടിക്കുന്നതിനിടയിൽ ദാസൻ ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ, അവൾ ചീറിക്കൊണ്ട് അച്ഛന്റെ അടുത്തേക്കോടിയെത്തി.

"എന്തോന്ന്... എന്തോന്ന് .... അവർ ഹർത്താൽ നടത്തിയാൽ നമ്മൾക്ക് ജീവിക്കേണ്ടേ? കുഞ്ഞുന്റെ സ്ക്കൂൾ ഫീസ് ഇതുവരെ കൊടുത്തിട്ടില്ല - അച്ഛന് എല്ലാം തമാശ"

പണിയെടുത്ത് ക്ഷീണിച്ച മകളെ അടുത്തിരുത്തി, ആ തലയിൽ നിന്ന് അടുക്കളകരിനുള്ളിയെടുക്കുമ്പോൾ ദാസന്റെ കണ്ണു നിറഞ്ഞു.

"എന്റെ മോൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ?"

ചുമയോടൊപ്പം വന്ന ദാസന്റെ ചോദ്യം വല്ലാതെ പതറിയിരുന്നു.

അവളുടെ നിറഞ്ഞ മിഴികൾ ഒരു നിമിഷം ചിതലരിക്കുന്ന മേൽക്കുരയിലേക്ക് നീണ്ടു.

പൊടുന്നനെ നിറഞ്ഞ കണ്ണുകൾ തുടച്ചുക്കൊണ്ട് അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു.

"അയ്യേ അച്ഛൻകരയുന്നോ? ഞാൻ വെറുതെ ചൂടാക്കിയതല്ലേ ന്റെ അച്ഛനെ"

അമ്മു, അച്ഛന്റെ ശുഷ്ക്കിച്ച കരമെടുത്ത് മടിയിൽ വെച്ച് പതിയെ തലോടി.

പെട്ടെന്ന്,ഒരു പൊട്ടിക്കരച്ചിലോടെ ദാസൻ, അമ്മുവിന്റെ നെറ്റിയിൽ തെരുതെരെ ഉമ്മ വെച്ചു.

" ഈ കുടുംബത്തിന് വേണ്ടി ന്റെ മോൾ പെടുന്ന പെടാപാട് അച്ഛനറിയാതെയല്ല. ഒരു ആൺക്കുട്ടി പോലും ഇത്രയ്ക്ക് കഷ്ടപ്പെടില്ല"

ദാസൻ അവളുടെ മുഖം കൈകുമ്പിളി ലാക്കി ആ കണ്ണുകളിൽ നോക്കി വിതുമ്പി.

"അച്ഛൻ തളർന്നു പോയതോണ്ടല്ലേ മോളേ... അല്ലെങ്കീ രാജകുമാരിയായ് കഴിയേണ്ട ന്റെ മോളാ"

" അച്ഛൻ കരയരുതെന്ന് ഞാൻ പറഞ്ഞില്ലേ?"

അമ്മുവിന്റെ ശബ്ദത്തിൽ  ദേഷ്യം പടർന്നിരുന്നു.

" അച്ഛന്റെ കണ്ണീരു കണ്ടാൽ നിക്ക് സഹിക്കില്ല. നമ്മളെ വിട്ട്, തെക്കേപറമ്പിലേക്ക് പോകുമ്പോൾ ന്റെ അമ്മ കണ്ണീരോടെ എന്നോട് എന്താണെന്നോ പറഞ്ഞത്? ന്റെ കെട്ട്യോനെയും, കുഞ്ഞൂനേം പൊന്നുപോലെ നോക്കണമെന്ന്.

ന്റെ മോളെ ദൈവം നോക്കിക്കൊള്ളുമെന്ന്!

അവൾ അച്ഛനെയും ചാരി ആ ഇറയത്തിരുന്നു തെക്കേപറമ്പിലേക്ക് നോക്കുമ്പോൾ അവളുടെ കണ്ണുകൾ ചോരുകയായിരുന്നു.

ചെറിയ ചാറ്റൽ മഴ അവരെ നനയ്ക്കുന്നതോ, തണുത്തുറഞ്ഞ കട്ടൻചായയിൽ ഈച്ചകൾ ചത്തൊടുങ്ങിയതോ അവർ അറിഞ്ഞില്ല.

"അച്ഛാ ഇങ്ങിനെയിരിക്കാതെ കഞ്ഞി കുടിക്കാൻ നോക്ക്. എനിക്ക് ജോലിക്ക് പോകേണ്ട സമയമായി "

കണ്ണീര് തുടച്ചുക്കൊണ്ട് ഇറയത്ത് നിന്നെഴുന്നേറ്റ അമ്മു, പൊടുന്നനെയാണ് ഇടവഴി കടന്നു വരുന്ന രണ്ടു പേരെ കണ്ടത്.

" അച്ഛാ ആരോ ഇങ്ങോട്ടേയ്ക്ക് വരുന്നുണ്ട്. വഴിതെറ്റി വരുന്നതാണെന്നു തോന്നുന്നു "

അമ്മു രണ്ടു നിമിഷം അവിടെ നിന്ന ശേഷം വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ, രണ്ടു പേരിൽ ചെറുപ്പക്കാരനായവൻ ധൃതിയിൽ നടന്നു മുറ്റത്തെത്തി.

" കുട്ടി അവിടെ ഒരു നിമിഷം നിന്നേ... "

അമ്മു -നിന്നതും അയാളുടെ കണ്ണുകൾ അമ്മുവിന്റെ അച്ഛന്റെ നേർക്കു നീണ്ടു.

" ഞാൻ അർജ്ജുൻ.ഇത് എന്റെ അച്ഛൻ മാധവൻ. എനിക്ക് വേണ്ടി അച്ഛന്റെ മോളെ പെണ്ണു ചോദിക്കാനാ ഞാൻ വന്നത് "

പുറത്തേയ്ക്ക് വരാതെ തൊണ്ടയിൽ തന്നെ കുറുകിയടഞ്ഞ ഒരു ചുമയിൽ അച്ഛൻ വിഷമിക്കുന്നത് അമ്മു കണ്ടു.

അച്ഛന്റെ ഭാവവും കണ്ട് ചങ്കിടിച്ചു നിന്ന അമ്മുവിനെ, അർജ്ജുന്റെ ശബ്ദമാണുണർത്തിയത്.

"ചാറ്റൽ മഴ കൊണ്ടു നനഞ്ഞു നിൽക്കുന്ന ഞങ്ങളെ അകത്തേക്കൊന്നു ക്ഷണിക്കടോ "

" അകത്തേക്ക് കയറൂ അച്ഛാ "

മാധവനു പിന്നാലെ കയറാൻ തുടങ്ങിയ അർജ്ജുന്റെ കൈ അവൾ പതിയെ പിടിച്ചു,

"നമ്മൾക്ക് ഇത്തിരി മഴ നനയാം ചേട്ടാ "

ഒന്നും പറയാതെ അർജ്ജുൻ, അമ്മുവിന് പിന്നാലെ നടക്കുമ്പോൾ മാധവൻ ചിരിയോടെ അമ്മുവിന്റെ അച്ഛനെ നോക്കി.

"ന്യൂജെൻ പിള്ളേരുടെ ഓരോ രീതികളേ"

തെങ്ങോലപട്ടകളിൽ നിന്നുതിർന്നു വീഴുന്ന ജലകണങ്ങളും ഏറ്റുവാങ്ങി അവർ മുഖത്തോടുമുഖം നോക്കി നിന്നു.

"അല്ല ചേട്ടാ.. ഈ വീടും,സ്ഥലവും കണ്ടിട്ട് ചേട്ടനെങ്ങിനെയാ ഇവിടെ വന്നു പെണ്ണു ചോദിക്കാൻ തോന്നിത്?"

"ഞാൻ തന്നെ മാത്രം നോക്കുന്നുള്ളൂ.രണ്ടാമതായിട്ട് ഇതൊന്നും കൊള്ളിക്കാൻ എന്റെ ബെഡ്റൂമിൽ -സ്പേസ് ഇല്ല"

" ഞാൻ സീരിയസായിട്ടു പറയുന്നതാ ചേട്ടാ.
കഷ്ടിച്ചാണ് ഞങ്ങൾ ജീവിക്കുന്നത്- "

"ഞാൻ,അച്ഛൻ, അനിയൻ അതിനപ്പുറത്തേക്ക് എനിക്കൊരു സ്വപ്നവുമില്ല ചേട്ടാ "

"സ്വപ്നങ്ങൾ ഇല്ലെങ്കിലും, ദൈവം അമ്മുവിനായി കരുതി വെച്ച ഒരു കർത്തവ്യമുണ്ട് "

അമ്മു ചോദ്യഭാവത്തോടെ അർജ്ജുന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെയൊരു കള്ളച്ചിരി പടർന്നിരുന്നു.

"അർജ്ജുന്റെ കുട്ടികളെ പ്രസവിച്ചു കൂട്ടുകയെന്ന കർത്തവ്യം "

"ഈ ചേട്ടനോട് കാര്യം പറഞ്ഞാൽ മനസ്സിലാവില്ല. എനിക്ക് ജോലിക്ക് പോകണം. കാര്യങ്ങളെല്ലാം ഞാൻ ചേട്ടന്റെ അച്ഛനോട് പറഞ്ഞോളാം"

അമ്മു വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതു, അർജ്ജുൻ ആ കൈകളിൽ പിടുത്തമിട്ടു.

ഒന്നു രണ്ട് കരിവളകൾ ഉടഞ്ഞു വീണു.

ചാറ്റൽ മഴത്തുള്ളികൾ അവളുടെ നെറ്റിയിലൂടെ ഒഴുകി ചുണ്ടിൽ ഉരുണ്ട് നിന്നു.

ആ മഴ തുള്ളികൾക്കും മായ്ക്കാനാവാതെ, കണ്ണീരിന്റെ പാട് അവ ളുടെ കവിൾത്തടങ്ങളിൽ തെളിഞ്ഞു നിന്നു.

" ഞാൻ എന്നെ പറ്റി പറയാം. അമ്മു എന്നും ജോലി കഴിഞ്ഞു വരുനബസ്സ് എന്റെതാണ്. കൊല്ലങ്ങളായി രണ്ടു ബസ്സിൽ ഒതുങ്ങി നിൽക്കുകയാണ് ഞങ്ങൾ.
എന്റെ ധൂർത്ത് കൊണ്ടാണ് പുരോഗതിയില്ലാത്തതെന്ന് അച്ഛൻ പറയുമെങ്കിലും, അമ്മയില്ലാത്ത കുട്ടിയെന്ന പരിഗണനയിൽ എന്നെ ചീത്ത പറയാറില്ല "

അവൻപുഞ്ചിരിയോടെ അമ്മുവിനെ നോക്കി.

"പിന്നെ അച്ഛന് ഒരാഗ്രഹമുള്ളത്, അച്ഛന്റെ കണ്ണടയും മുൻപ്, എന്നെ കാര്യ ഗൗരവമുള്ള ഒരു പെൺകുട്ടിക്ക് കെട്ടിച്ചു കൊടുക്കണമെന്നാണ് "

ഒരു കുഞ്ഞ് പറയും പോലെ നിഷ്കളങ്കനായി പറയുന്ന അർജ്ജുന്നിൽ നിന്ന് കണ്ണെടുക്കാൻ അമ്മുവിന് തോന്നിയില്ല.

" അങ്ങിനെ കാര്യ ഗൗരവമുള്ള പെൺകുട്ടികളെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് തന്നെ കാണുന്നത്.

"ചേട്ടാ ... ഞാൻ "

അമ്മു എന്തോ പറയാനൊരുങ്ങിയപ്പോഴെക്കും അർജ്ജുൻ അവളുടെ വായ് പൊത്തി.

" പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം.

 അച്ഛൻ, അനിയൻ, കുടംബം ഇതൊക്കെയല്ലേ?

നമ്മുടെ വിവാഹം കഴിഞ്ഞാൽ അവർ നമ്മുടേതല്ലേ അമ്മൂ?

ഒരു പെൺകുട്ടിയെ കെട്ടുന്നത് അവളുടെ ചുറ്റുപാടുകൾ കണ്ടിട്ടാവരുത്‌.
അവളെ കണ്ടിട്ടായിരിക്കണം.ആ-തിയറിയിൽ വിശ്വസിക്കുന്നവനാണ് ഞാൻ "

അമ്മുവിന്റെ കണ്ണുകൾ എന്തിനാണെന്നറിയാതെ നിറഞ്ഞു തുടങ്ങി.

"ഒരു രൂപപോലും എനിക്ക് സ്ത്രീധനം കിട്ടില്ലായെന്നറിയാം. എന്നാലും സാരല്ല"

അവൻ ഒരു ചെറു ചിരിയോടെ അമ്മുവിനെ നോക്കി.

"അതെന്താ ചേട്ടൻ അങ്ങിനെ പറഞ്ഞേ?''

"ബാക്കി കിട്ടാനുള്ള ഒരു രൂപയ്ക്ക് വേണ്ടി കണ്ടക്ടറോട് വാശി പിടിക്കുന്ന ഒരു പെൺകുട്ടിയുടെ രൂപം മനസ്സിൽ കൊത്തിവെച്ചിട്ടുണ്ട്. "

"ചേട്ടാ... അത് "അമ്മു ചമ്മലോടെ മുഖം താഴ്ത്തി.

അർജ്ജുൻ പതിയെ അവളുടെ മുഖമുയർത്തി.

"താൻ ചെയ്തതാണ് ശരി. ഒരു രൂപയ്ക്ക് നമ്മുടെ ജീവിതത്തിൽ വലിയ വിലയില്ലെന്നറിയാം. പക്ഷേ ചില നിമിഷങ്ങളിൽ ആ ഒരു രൂപയ്ക്ക് വേണ്ടി നാം വട്ടം തിരിയും. അങ്ങിനെയൊരു നിമിഷം എന്റെ ജീവിതത്തിൽ ഇല്ലാതിരിക്കാൻ കൂടിയാണ്, നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും "

അവന്റെ നനയുന്ന കണ്ണുകളെ നോക്കി സമ്മതത്തിന്റെ ഒരു പുഞ്ചിരി അമ്മു നൽകി.

അവൾ ഇടംകണ്ണിട്ട് അച്ഛനെയും, അർജ്ജുന്റെ അച്ഛനെയും നോക്കി.

അവർ എന്തോ സംസാരിച്ചിരിക്കുന്നത് കണ്ട അവൾ അർജ്ജുന്റെ അടുത്തേക്ക് നീങ്ങി നിന്നു.

" ചേട്ടന്റെ നെഞ്ചിൽ ഒരിത്തിരി നേരം ചാരി നിൽക്കണമെന്നുണ്ട്. അത്രയ്ക്കും ഓടിതളർന്നു ഞാൻ.
ഇപ്പോഴാണ് എനിക്ക് തളർച്ച തോന്നുന്നത്!

അല്ലെങ്കിലും താങ്ങാൻ ആളുണ്ടെന്ന് നമ്മൾക്ക് തോന്നുമ്പോഴല്ലേ നമ്മൾക്ക് തളർച്ചയുണ്ടാവുന്നത്

കണ്ണീരിലുടെ ഒരു പുഞ്ചിരി സമ്മാനിച്ച് അമ്മു, അർജ്ജുന്റെ കൈ പിടിച്ചു.

"നെഞ്ചിൽ ഞാൻ കല്യാണം കഴിഞ്ഞിട്ട് ചാരി നിന്നോളാം ചേട്ടാ!
ചേട്ടൻ വന്നിട്ട് കാര്യങ്ങളൊക്കെ അച്ഛനോടു സംസാരിക്ക് "

അവളുടെ കുസൃതിയും കണ്ട് പുഞ്ചിരിച്ച്, അവൾക്ക് പിന്നാലെ നടക്കുമ്പോൾ ചാറ്റൽ മഴ നിന്ന് അന്തരീക്ഷം തെളിഞ്ഞു നിന്നു.


Santhosh Appukkuttan

കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
To Top