'എങ്ങോട്ടിറങ്ങി ഓടും, ഭഗവാനെ! ഇയാളെന്തു കാണിക്കാനാണ് ഇങ്ങനെ അടുത്ത് വന്നു നിക്കുന്നത്. എനിക്കിട്ടു പൊട്ടിക്കാൻ ആണെങ്കിൽ ഒരു രണ്ടടി പുറകില് നിന്നൂടെ?ദേ പിന്നേം അടുത്തോട്ടു വരുന്നു... ഈശ്വരാ... ഒന്ന് പേടിപ്പിച്ചു നോക്കാം. .. കൃഷ്‌ണാ... മിന്നിച്ചേക്കണേ. ..'
"ഡോ... തനിക്കു കഴിഞ്ഞ ദിവസം കിട്ടിയതൊന്നും പോരേ? എന്റെ അടുത്ത് കളിക്കാൻ നിക്കണ്ട... ഞാൻ ആള് മഹാ പിശകാണ്. മര്യാദയ്ക്ക് നീങ്ങി നിന്നോ! ഇല്ലെങ്കിൽ..."
'ദേ പിന്നേം മുന്നോട്ട്...'
മതിലിൽ തേച്ചൊട്ടിച്ചത് പോലെ ആണ് ഇപ്പൊ മിക്കിയുടെ നിൽപ്പു. ഒരു സൈഡിൽ ബീമും, മറ്റേ സൈഡിൽ മതിലും ആണ്. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങാൻ വയ്യ. ആകെ പോവാൻ പറ്റുന്നതു മുന്നോട്ടാണ്. അവിടെ ആണെങ്കിൽ നമ്പർ ത്രീയും.
വെളിച്ചം കുറവ് ആണെങ്കിലും, ഇത്ര അടുത്ത് വന്നു നിക്കുന്നത് കാരണം, നമ്പർ ത്രീയിന്റെ മുഖത്തെ കലിപ്പ് നല്ല വൃത്തിക്ക് കാണാൻ പറ്റുന്നുണ്ട്. ... പക്ഷെ ഇപ്പോഴും ഡയലോഗ് ഡെലിവറി ഇല്ല.
"എടോ, തന്നോട് മാറാനാ പറഞ്ഞേ..."
"ഇല്ലെങ്കിൽ നീ എന്ത് ചെയ്യും?" ഒഹ് വാ തുറന്നു!
അവൾ ഉള്ള ധൈര്യം ഒക്കെ സംഭരിച്ചു, മുഖത്തു കുറച്ചു കൂടെ കലിപ്പ് വരുത്തി, അവനെ പിടിച്ചു തള്ളാനായി കൈ പൊക്കി.
ആ കൈ അവൻ അങ്ങനെ തന്നെ പിടിച്ചു, അവളുടെ പുറകിലേക്കാക്കി ഒരു കൈ കൊണ്ട് പിടച്ചു, ലോക്ക് ചെയ്തു.
മറ്റേ കൈ കൊണ്ട് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് പറഞ്ഞു, "നീ എന്താടി വിചാരിച്ചെ, നാട്ടുകാരുടെ ഒക്കെ മുൻപിൽ എന്നെ നാണം കെടുത്തിയിട്ടു, നിനക്ക് അങ്ങ് സുഖം ആയി ജീവിക്കാമെന്നോ! കുറച്ചു ദിവസം ആയി നിന്നെ ഞാൻ നോക്കി ഇരിക്കുന്നു. .. എന്നെ നാണം കെടുത്തിയതിനു ഒരു ചെറിയ ഡോസ് എങ്കിലും നിനക്കിട്ടു തിരിച്ചു തന്നില്ലെങ്കിൽ, എന്തിനാടി ഞാൻ പിന്നെ ആണാണെന്നു പറഞ്ഞു നടക്കുന്നത്. "
അവളുടെ കവിളിലും കയ്യിലും ഉള്ള അവന്റെ പിടി ഒന്നുകൂടെ മുറുകി.
തെറ്റ് പറയരുതല്ലോ, ഒന്നൊന്നര പിടി ആയിരുന്നു. വേദനിച്ചിട്ടു അവളുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. പേടി ആണെങ്കിൽ അതങ്ങു ഉച്ചസ്ഥായിൽ ആണ്. എന്ത് ചെയ്യണം ന്നു ഒരു ഐഡിയ കിട്ടുന്നില്ല.
'കാലിൽ വീഴാംന്നു വച്ചാൽ ഈ കാലൻ കയ്യിന്നു വിടണം. സോറി പറയാംന്നു വച്ചാൽ, വായിൽ ഇങ്ങനെ കുത്തിപിടിച്ചാൽ എങ്ങനെ പറയും. ഇയാളിതെന്തിനുള്ള പുറപ്പാടാണ്. കുറെ നേരം ആയല്ലോ. അയ്യോ എന്റെ സിനിമയും തീർന്നു പോവും. എങ്ങനെ ഇതിന്റെ പുറത്തു ചാടും... തിങ്ക് മിക്കി തിങ്ക്...'
പെട്ടന്ന് അവളുടെ തലയിൽ ഒരു ബൾബ് കത്തി.
ഒന്നും നോക്കാതെ, അവൾ അവന്റെ കാലിൽ ആഞ്ഞു ചവിട്ടി. പെട്ടന്നുള്ള ചവിട്ടിൽ അവൻ "അമ്മെ " എന്ന് ഒരു വൃത്തികെട്ട ശബ്ദത്തിൽ വിളിച്ചു കൊണ്ട്, അവളുടെ മേലുള്ള പിടിയും വിട്ടു, പുറകിലേക്ക് മാറി. ആ ടൈം മതിയായിരുന്നു മിക്കിക്കു. കുനിഞ്ഞു പോയ അവന്റെ തോളിൽ പിടിച്ചു ഒറ്റ തള്ളു. അവൻ മറിഞ്ഞു താഴെ വീഴാൻ പോയി. അവൻ ബാലൻസ് തിരിച്ചു പിടിക്കുന്ന ടൈമിൽ, അവൾ തപ്പിത്തടഞ്ഞു ഡോറിന്റെ അടുത്തെത്തി. ഡോറിന്റെ മുകളിലെ കൊളുത്തെടുത്തു മാറ്റുമ്പോഴേക്ക്, നമ്പർ ത്രീ അവളെ പുറകിൽ നിന്ന് പിടിച്ചു വലിച്ചു, അവനു നേരെ തിരിച്ചു, മതിലിലേക്കു ചേർത്ത് നിർത്തി, വീണ്ടും കൈകൾ പുറകിലേക്ക് ലോക്ക് ചെയ്തു. ഇത്തവണ അവൻ ഒരു കാര്യം കൂടെ ചെയ്തു. അവന്റെ ഒരു കാലു വച്ച്, അവളുടെ രണ്ടു കാലും, മതിലിലേക്കു ചേർത്തു വച്ച് അമുക്കി പിടിച്ചു. ഇനിയും ചവിട്ടതിരിക്കാൻ ഒരു മുകരുതൽ.
പല്ലി ചത്തിരിക്കുന്നതു പോലുണ്ട്, ഇപ്പൊ അവളുടെ നിപ്പ് കണ്ടാൽ.
"ഇനി നീ എന്തോ കാണിക്കും?" അവൻ കുനിഞ്ഞു അവളുടെ മുഖത്തിനു നേരെ മുഖം കൊണ്ട് വന്നു.
['മുൻമുനേ...' *** മുനേ... മുനേ...മുനേ .... ആ വിളി എക്കോ അടിച്ചതാ...***
'കാറണ്ട... ഞാൻ ഇവിടെ ഉണ്ട്...'
'സാമദ്രോഹി! ഒളിച്ചിരിക്കുവായിരുന്നല്ലേ...'
'അല്ലാതെ ഈ സിറ്റുവേഷനിൽ ഞാൻ എന്ത് കാണിക്കാനാ..'
'ബ്ലാഡി ഫൂൾ! ഇതിനുള്ളത് ഞാൻ പിന്നെ തരാം. .. ഇപ്പൊ മിണ്ടാതിരിക്കാതെ, ഞാൻ ഇനി എന്ത് കാണിക്കും ന്നു പറാ...'
'കാലു അനക്കാൻ ഒരു വകുപ്പും ഇല്ല?'
'അനക്കാൻ പറ്റുമായിരുന്നെങ്കി ഞാൻ ഇങ്ങനെ നിക്കുവോ?'
'നിന്റെ കാലും കയ്യും അല്ല... വാ ആണ് പൂട്ടിപ്പിക്കേണ്ടത്. ..'
'ആഹ് ഐഡിയ കിട്ടി! വായ!'
'ഐഡിയകിട്ടിയ വാഴയാ? എന്തൂട്ട്?'
'തെങ്ങേമ് വാഴേം ഒന്നും അല്ല. .. ഐഡിയ കിട്ടിന്നു.... അവന്റെ ഷോൾഡർ... അതെനിക്കു ആക്സസിബിൾ ആണ്. അത് കടിച്ചു പറിച്ചു രക്ഷപ്പെടാം...'
'നോ! അത് ചെയ്യരുത്... നിനക്ക് പണി കിട്ടും. ..']
അത് പറഞ്ഞു തീരുന്നതിനു മുന്നേ, അവന്റെ ഷോൾഡറിൽ അവളുടെ പല്ലുകൾ അമർന്നു.
കടിയുടെ വേദന കൊണ്ട്, അവളുടെ തല പിടിച്ചു മാറ്റാൻ, അവൻ അവളുടെ കയ്യിലെ പിടിവിട്ടു, അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.
ഇത്രയും സംഭവിക്കാൻ വെയിറ്റ് ചെയ്തിരുന്നത് പോലെ, മാള് houseകീപ്പിങ് സ്റ്റാഫ് വന്നു ഡോർ തുറന്നു.
അങ്ങേരു ഞെട്ടി വാതിൽക്കൽ തന്നെ നിൽപ്പുണ്ട്. അപ്രതീക്ഷിതം ആയി കുറെ ലൈറ്റ് അവിടെ ഒക്കെ പരന്നപ്പോൾ, നമ്മുടെ ഗുസ്തിക്കാരും ഞെട്ടി.
നമ്പർ ത്രീ, അവളുടെ മേലെ ഉള്ള പിടി വിട്ടു. .. മിക്കി അവന്റെ ഷോൾഡറിലെ പിടിയും വിട്ടു. .. അയ്യോ സോറി. ..കടിയും വിട്ടു. ..
പിടിവലിയിൽ, മിക്കിടെ ടോപ് ഒരു സൈഡിൽ ഷോൾഡറിൽ നിന്ന് ഇറങ്ങി പോയിരുന്നു.
തല്ക്കാലം ഇപ്പൊ 3 പേരുടെയും കിളികൾ ഒന്നും കൂട്ടിൽ ഇല്ല.
ആദ്യം കിളി വഴി കണ്ടുപിടിച്ചു തിരിച്ചെത്തിയത് നമ്പർ ത്രീടെ ആണ്. അവൻ, അപ്പോഴും ഞെട്ടി നിക്കുന്ന മിക്കിയെ ഒന്ന് നോക്കി. എന്നിട്ടു ഒരു കള്ള ചിരി ഫിറ്റ് ചെയ്ത്, ആ ചേട്ടനെ ഒന്ന് നോക്കി, അവന്റെ ചുണ്ടൊന്നു തുടച്ചു.
ഇത് കണ്ടതും ആ ചേട്ടന് നാണം കൊണ്ട് നിക്കാൻ വയ്യ. ദേണ്ടെ, അങ്ങേരു കാലു കൊണ്ട് കളം വരക്കുന്നു.
['അയ്യേ! ഇയാളിതെന്തറിഞ്ഞിട്ടാ ഈ കാണിക്കണേ!'
'നിന്നോട് ഞാൻ പറഞ്ഞതല്ലേ കടിക്കല്ലേന്നു! പിന്നെ അങ്ങേരെ തെറ്റ് പറഞ്ഞിട്ട് കാര്യം ഇല്ല. അങ്ങേരു വരുമ്പോ നല്ല ഒന്നാന്തരം scene ആയിരുന്നല്ലോ ഇവിടെ!'
'അതിനു ഞാൻ എന്ത് ചെയ്തെന്നാ?'
'അയാള് കയറി വരുമ്പോ ഉള്ള നിങ്ങടെ നിൽപ്പും, പിന്നെ നിന്റെ ടോപ്പിന്റെ അവസ്ഥയും. ആരായാലും തെറ്റിദ്ധരിച്ചു പോവും.'
അപ്പോഴാണ് അവൾക്കു അവളുടെ ടോപ്പിന്റെ അവസ്ഥനോക്കിയത്. പെട്ടന്ന് തന്നെ, അവൾ അത് പിടിച്ചു നേരെ ഇട്ടു.]
"ചേട്ടാ...ഇ..." ഇല്ല... അവളെ പറയാൻ അവൻ സമ്മതിച്ചില്ല... അതിനു മുന്നേ അവൻ ചാടി കയറി പറഞ്ഞു,"ചേട്ടാ... പ്ലീസ്, നാറ്റിക്കരുത്. ഞങ്ങൾക്ക് ഒരു ദുർബല നിമിഷത്തിൽ പറ്റിപ്പോയതാ..."
"അല്ല, അങ്ങനെ അല്ല... ഈ ചെ..." വീണ്ടും സമ്മതിക്കുന്നില്ല... അടുത്ത ഡയലോഗ് അവളെ നോക്കി... "മോളൂ, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലെടാ... ചേട്ടൻ ഒക്കെ കണ്ടു... അല്ലെ ചേട്ടാ?"
'അയ്യേ, ദേ പിന്നേം കളം വരയ്ക്കുന്നു! ഇയാക്കിതെന്തിന്റെ കേടാ...'
"അങ്ങനെ ഒന്നും അല്ല, ചേട്ടാ... ഈ..."
"എന്റെ മോളേ, സാരം ഇല്ല... ചേട്ടന് മനസ്സിലാവും. ഞാനും ഇ പ്രായം ഒക്കെ കഴിഞ്ഞല്ലേ വന്നേ... പിന്നെ, വേറെ ആരെങ്കിലും കണ്ടാൽ, എന്റെ പണി പോവും. നിങ്ങള് പുറത്തേക്കു ചെല്ല്."
'ഇയാളെന്തു തേങ്ങ ആണീ പറയുന്നേ. കോപ്പ്!'
"താങ്ക് യു, ചേട്ടാ... വാ മോളൂ..." ലവൻ അതും പറഞ്ഞു, മിക്കിയുടെ കയ്യും പിടിച്ചു പുറത്തോട്ടിറങ്ങി.
അവൾ കൈ വിടീക്കാൻ നോക്കുന്നുണ്ടെങ്കിലും, നോ രക്ഷ! അവന്റെ പിടുത്തം കാരണം, അവൾക്കു കൈ നല്ല വേദന എടുക്കുന്നുണ്ട്.
റൂമിന്റെ പുറത്തിറങ്ങി, ഒരു കോർണറിലേക്കു വലിച്ചു അവളെ പിടിച്ചു നിർത്തി.
"ഡി! കണ്ടല്ലോ. .. ഇതില് കൂടുതൽ നിന്ന് നാറ്റിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല... ഇനി നീ എന്റെ അടുത്ത് കളിയ്ക്കാൻ നിന്നാ, പൊന്നു മോളെ! പെണ്ണാണെന്നൊന്നും ഞാൻ നോക്കില്ല. ബാക്കി വച്ചേക്കില്ല നിന്നെ." അവളുടെ മുഖത്തേക്ക് കൈ ചൂണ്ടി പറഞ്ഞിട്ട്, അവൻ തിരിഞ്ഞു നടന്നു പോയി.
അവൻ പോയ directionലേക്ക് നോക്കുമ്പോഴാണ്, സിനിമ ഹാളിലേക്കുള്ള ഡോറിന്റെ അവിടെ അവളെ തറപ്പിച്ചു നോക്കി കൊണ്ട് നിന്ന നമ്പർ ഫൈവിന്റെയും, ഒരു പരിഹാസ ചിരിയും ആയി നിന്ന വേറെ ഏതോ ചെറുക്കന്റെയും കണ്ടത്. നമ്പർ ത്രീ, സ്റ്റോർ റൂമും കടന്നു, അവരുടെ അടുത്തെത്തി, എന്തോ പറഞ്ഞു ഹൈ ഫൈവ് ഒക്കെ കൊടുത്തു, എന്തോ വലിയ കാര്യം ചെയ്തത് പോലെ അവളെ നോക്കി ചുണ്ടു കൊട്ടി നിന്നു.
അപ്പൊ ആണ് നേരെത്തെ കണ്ട houseകീപ്പിങ്ങിലെ ചേട്ടൻ റൂമിൽനിന്നു ഇറങ്ങി വന്നതു. അവളെ കണ്ടു ഒരു ചിരി ചിരിച്ചു, അങ്ങോട്ടേക്ക് വന്ന വേറെ ഒരു സ്റ്റാഫിനോടും എന്തോ പറഞ്ഞു അവളെ ചൂണ്ടി കാണിച്ചു കൊടുത്തു. ആ സ്റ്റാഫ് അവളെ ഒന്ന് അടിമുടി നോക്കി, ഒരു വഷളൻ ചിരി ചിരിച്ചു. എന്നിട്ടു ആദ്യത്തെ ചേട്ടനോട് ഏതാണ്ട് പറഞ്ഞു, ചിരിച്ചു.
എന്തോ വൃത്തികെട്ട കമന്റ് ആണ് പറഞ്ഞെ എന്ന് മിക്കിക്കു മനസ്സിലായി. അവൾക്കു സങ്കടവും ദേഷ്യവും ഒക്കെ ഒരുമിച്ചു വന്നു. അങ്ങനെ വന്നാൽ, മിക്കിക്കു ഒരു പ്രെശ്നം ഉണ്ട്. ദേഷ്യത്തെക്കാൾ കൂടുതൽ മുഖത്തുകാണുന്നത്, സങ്കടം ആയിരിക്കും. കണ്ണൊക്കെ നിറഞ്ഞു, മൂക്കും കവിളും ഓക്കെ ചുവന്നു തുടുക്കും.
അവൾ നമ്പർ ത്രീയെ ഒന്ന് കൂടെ നോക്കി. അവളുടെ കണ്ണൊക്കെ നിറഞ്ഞുള്ള നിൽപ്പ് കണ്ടിട്ടാണോ, അതോ ആ ആളുകൾ അവളെ കുറിച്ച് പറഞ്ഞത് കേട്ടിട്ടാണോ, എന്തോ, അവരുടെ ആരുടേയും മുഖത്തു ഇപ്പൊ ചിരി ഇല്ല. എന്തോ ഒരു ഭാവം. മിക്കി മനസ്സിലായില്ല.
അവൾ പെട്ടന്ന് കണ്ണൊക്കെ തുടച്ചിട്ട്, പുറത്തേക്കുള്ള ഡോർ ലക്‌ഷ്യം വച്ച് നടന്നു.
['എങ്ങോട്ടാ ധൃതി വച്ച് ഓടുന്നേ?'
'പോ മുൻമുനേ! എന്നോട് ഇപ്പൊ മിണ്ടാതെ! എനിക്ക് നല്ല സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ട്.'
'ഞാൻ മിണ്ടുന്നില്ല... പക്ഷെ ഒരു കാര്യം പറയാം.'
'വേണ്ട... എനിക്കൊന്നും കേൾക്കണ്ട.'
'ഇത് നീ കേട്ടേ പട്ടു, മിക്കി. നിലക്ക്'
'എന്താ?'
'പുറത്തോട്ടു ഓടി പോവുന്നതിനു മുന്നേ, നിന്റെ ബാഗ് പോയി എടുത്തിട്ട് വാ. ഫോണും ബാഗിനകത്തല്ലേ? അത് രണ്ടും ഇല്ലാതെ എങ്ങോട്ടു പോവാനാ ? എങ്ങനെ പോവാനാ?'
'അയ്യോ... നേരാണല്ലോ! ഞാൻ ഇനി എങ്ങനെ തിരിഞ്ഞു അങ്ങോട്ട് പോവും? അവന്മാര് എന്തിയേ?'
'അവിടെ തന്നെ ഉണ്ട്... ഇങ്ങോട്ടു തന്നെ നോക്കി നിക്കുവാ.'
'ഛേ! നാണക്കേടായല്ലോ... വല്യ ഡ്രമാറ്റിക് ആയി, നടന്നു പോന്നതാ... പോന്നതിനിലും സ്പീഡിൽ അങ്ങോട്ട് പോയാൽ, ബോർ അല്ലേ?'
'ബാഗും ഫോണും ഇല്ലാതെ പുറത്തോട്ടിറങ്ങിയാൽ, വമ്പൻ പോസ്റ്റ് ആവും. ഒന്നും ചെയ്യാൻ പറ്റില്ല. നിന്റെ ഫ്രണ്ട്സ് വരുന്നത് വരെ, പുറത്തു തന്ന നിക്കേണ്ടി വരും. നീ പോയി ബാഗ് എടുത്തിട്ട്, ഒന്നുകൂടെ അതെ സ്റ്റൈലിൽ തിരിച്ചു പോ...'
'ശ്ശൊ! എന്നാലും എന്തൊരു നാണക്കേടാണ്! ഇന്ന് ആരെ ആണോ കണി കണ്ടേ??!?'
'നിക്കിനെ.'
'ഹ്മ്മ്മ്... ആ അലവലാതിനെ ഇനി രാവിലെ വീട്ടിൽ കയറ്റരുതെന്നു പറയണം അമ്മനോടും അച്ഛെനോടും.']
മിക്കി തിരിഞ്ഞു, ആരെയും നോക്കാതെ, താഴത്തോട്ടു മാത്രം നോക്കി, സ്പീഡിൽ സിനിമ ഹാളിലേക്ക് കയറി. അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവരും.
ഒരു കണക്കിന് സീറ്റ് കണ്ടുപിടിച്ചു, നിക്കിയുടെ കയ്യിൽ നിന്ന് കയ്യിൽന്നു ബാഗും വാങ്ങി, പുറത്തേക്ക് പോയി. എന്താ സംഭവിച്ചേ എന്ന് മനസ്സിലാവാതെ നിക്കിയും, വെങ്കിയും, ചച്ചുവും അവളുടെ പുറകെ ഇറങ്ങി.
മിക്കി വീണ്ടും, അവന്മാരെ നോക്കാതെ, അവരെ മറികടന്നു പുറത്തേക്കു പോയി.
അവളുടെ പുറകെ ഇറങ്ങി വന്ന നിക്കിയും, വെങ്കിയും, ചച്ചുവും അവരെ അവിടെ കണ്ടു ഞെട്ടി. എന്തോ കാര്യമായി സംഭവിച്ചു എന്ന് നിക്കിക്ക് തോന്നി. അവന്മാരെ ഒന്ന് നോക്കിയിട്ടു, നിക്കി മിക്കിയുടെ പുറകെ ഓടി. അവളുടെ പുറകെ വെങ്കിയും, ചച്ചുവും.
******************* (തുടരും...) അതേ
ലൈക്ക് ചെയ്തു അഭിപ്രായങ്ങൾ കുറിക്കണേ....
രചന: സെഹ്‌നസീബ്
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....