അറുപിശുക്കൻ....

Valappottukal

"നീയാ എച്ചി മോഹനന്റെ മോൻ അല്ലേ?  അച്ഛന്റെ തനി കൊണം കാണിച്ചോളോ ട്ടാ...... കൊള്ളാം  കണക്കും മലയാളവും ഒരു നോട്ടിൽ തന്നെ അതും കട്ട കുത്തി എഴുതിയിരിക്കുന്നു "

ക്ലാസ്സ്‌ റൂമിന്റെ നാൽചുവരിനുള്ളിൽ കണക്കു മാഷിന്റെ ശബ്ദമാകെ മുഴങ്ങിക്കേട്ടപ്പോൾ,  കുമ്പിട്ടു നിന്ന എന്റെ കുഞ്ഞിക്കണ്ണിൽ നിന്ന് ഒരിറ്റ് നീരാ വരയിടാത്ത ബുക്കിലേക്ക് പതിച്ചു

പഠിക്കണ കാലത്ത് എനിക്കൊക്കെ ആകെ ഒരു പുസ്തകമേ ഉണ്ടായിരുന്നുള്ളൂ അതിൽ തന്നെയാണ് കണക്കും സയൻസും സാമൂഹ്യപാഠവും മലയാളവുമൊക്കെ എഴുതാറ്  അതുകൊണ്ട് നിനക്ക് ഒരുപുസ്തകത്തിൽ തന്നെ രണ്ട് വിഷയം കൊള്ളിച്ചു എഴുതാം എന്ന് കനപ്പിച്ചു പറഞ്ഞിരുന്ന അച്ഛനോട് ആദ്യമായെനിക്ക് അമർഷം തോന്നി

തല ഉയർത്താതെ തന്നെ തിരിച്ചു ബെഞ്ചിലേക്ക് നടന്നടുക്കുമ്പോൾ ക്ലാസ്സിലാകെ കൂട്ടച്ചിരി ഉയർന്നു,  ഷിബിയും ബിബിയും പൊന്നപ്പനും അട്ടഹസിച്ചു കൊണ്ടെന്നെ വരവേറ്റു,  അപ്പുറത്തെ ബെഞ്ചിലിരുന്ന് സുമിയും ശ്രുതിയും വായടക്കി ചിരിക്കുന്നത് കണ്ടപ്പോൾ ദേഷ്യത്തെക്കാളേറെ സങ്കടമാണ് തോന്നിയത്

ലാസ്റ്റ് ബെഞ്ചിന്റെ തണുത്ത കുമ്മായച്ചുവരിനോട് പുറം ചാരി തലകുനിച്ചിരുന്നപ്പോൾ ഇളം ചൂടുള്ള കൈകളാൽ എന്റെ തോളിൽ തട്ടിക്കൊണ്ട് അവൻമാത്രമാണ് എന്നെയൊന്നു സമാധാനിപ്പിച്ചത്,  എന്റെ ആത്മാർത്ഥ മിത്രം ദിലീപ്

"പോട്ടെടാ സാരല്ല്യ വിട്ട് കള "

അവനത് പറയുമ്പോളും ചെവിയിലാകെ ഒരു മൂളക്കം  മാത്രമാണ് ഉണ്ടായിരുന്നത്,  പിശുക്കന്റെ മകൻ എന്ന് കൂട്ടുകാർ മൊത്തം മാറി മാറി വിളിച്ചപ്പോഴും ഒരൽപ്പം പോലും വിഷമം തോന്നിയിരുന്നില്ല,

പക്ഷെ അന്ന്,  മാഷങ്ങനെ പറഞ്ഞപ്പോൾ മനസ്സൊന്നു പിടഞ്ഞതാണ് , സഹപാഠികൾ ഒന്നടങ്കം അത് കേട്ടു അലതല്ലിച്ചിരിച്ചപ്പോഴും തെല്ലു പോലും ദുഃഖം തോന്നിയില്ല,  പക്ഷെ കൂട്ടത്തിൽ കൂടി മാഷും ആ വേദിയൊരു ഹാസ്യ സദസ്സാക്കി മാറ്റിയപ്പോൾ ആ  എട്ടുവയസ്സുകാരനത്  താങ്ങാൻ കഴിഞ്ഞില്ലായിരുന്നു

കണ്ണ് തുടച്ചു ക്ലാസ്സിൽ ശ്രദ്ധ കൊടുത്തിരിക്കുമ്പോളാണ് പ്യൂൺ കുമാരേട്ടൻ ക്ലാസ്സിലേക്ക് കടന്നു വരുന്നത്

5B യിൽ പഠിക്കുന്ന ആമിയുടെ അമ്മക്ക് കാൻസർ ആണ്,  സഹായനിധിയിലേക്ക് ഓരോ ക്ലാസിലെയും ഓരോ കുട്ടികളിൽ നിന്ന് 100 രൂപ വച്ചു പിരിക്കാനാണ് തീരുമാനം എന്ന് പ്യൂണേട്ടൻ പറഞ്ഞു

" ഈ ക്ലാസ്സിൽ 50 പേര് ആണുള്ളത് 49 പേര് പൈസ തരും എന്ന് ഉറപ്പാണ് "

അതും പറഞ്ഞു മാഷിന്റെ നോട്ടം വന്നത് അവസാനാബെഞ്ചിലിരിക്കുന്ന എന്നിലേക്ക് ആണ്,  അത് കണ്ട് എല്ലാവരും കൂട്ടത്തോടെ അടക്കി ചിരിക്കുന്നത് കണ്ടപ്പോൾ ആർക്കും മുഖം കൊടുക്കാതെ ഡസ്കിലേക്ക് മുഖം കൊടുക്കുകയായിരുന്നു ഞാൻ

അപ്പോഴും ചേർത്തി നിർത്തി ദിലീപ് എന്നോട് ഇത്രയേ പറഞ്ഞൊള്ളു

" ആദി നീ മരണാമാസ്സാട, അത് മാഷിന് അറിയില്ല അതാണ് " എന്ന്

സ്കൂളിൽ നിന്ന് നേരെ ചെന്നത് അമ്മയുടെ അരികിലേക്കാണ്,  ഇന്നേ വരെ പത്തിന്റെ പൈസ പോലും മിട്ടായി വാങ്ങിക്കാൻ വേണം എന്ന് പറഞ്ഞു ആവശ്യം ഉന്നയിക്കാത്ത ഞാൻ അന്നാദ്യമായി ഈ കാര്യം അമ്മയോട് ഉണർത്തിച്ചതാണ്

അടുപ്പിൽ തീയൂതുന്ന അമ്മ ഒരൊറ്റ മൂളലിൽ അത് ഒതുക്കിയപ്പോൾ എന്നിലെ വാശിക്കാരൻ സടകുടഞ്ഞെഴുന്നേറ്റു, 

ചായക്ക് പുറമെ അത്താഴവും വേണ്ട എന്ന എന്റെ ശപഥം കണ്ടിട്ടാകണം അമ്മ അച്ഛനോട് പറഞ്ഞു നോക്കാം എന്ന് വാക്ക് തന്നതും l

അപ്പൊ തൊട്ട് വാല് പോലെ അച്ഛന്റെ പിന്നാലെ തന്നെ കൂടി,  ഊണ് കഴിക്കുമ്പോളും ആ വായിൽ നിന്ന് സമ്മതം മൊഴിയുമോ എന്ന് നോക്ക് കാത്തുകെട്ടി നിന്നെന്നല്ലാതെ ഫലം ഒന്നും ഉണ്ടായില്ല

ആ ഹാളിൽ തൂക്കിയിട്ട നിഴലടിക്കുന്ന വെള്ളക്കുപ്പായത്തിൽ ഇരിക്കുന്ന  കണ്ണട വെച്ച ഗാന്ധിജിയുള്ള നൂറിന്റെയാ പച്ച നോട്ട്  എന്നേ നോക്കി കളിയാക്കി ചിരിക്കും പോലെയാണെനിക്ക് തോന്നിയതന്നേരം

"ഉറങ്ങുന്നില്ലേ "?

കടുപ്പിച്ചുള്ള ആ ചോദ്യം കേട്ടപ്പോൾ തന്നെ ഉള്ളിൽ സങ്കടം നുരഞ്ഞു പൊന്തി,  എന്റെ ദയനീയമായ നോട്ടം അപ്പോഴും ആ വെള്ളക്കുപ്പായത്തിൽ നിഴലടിച്ചായാ പച്ചനോട്ടിലേക്ക് തന്നെയായിരുന്നു

ഇല്ല അച്ഛൻ തരില്ല,  എന്റച്ഛൻ ഒരു അറുപിശുക്കനാണ്

ഉറങ്ങാൻ കിടന്നപ്പോളും എന്റെ മനസ്സ് ആ നൂറിന്റെ നോട്ടിൽ തന്നെയായിരുന്നു,  പൈസയില്ലാതെ പോയാൽ പിറ്റേദിവസം  നേരിടേണ്ടി വരുന്ന അപമാനത്തെ ഓർത്തപ്പോൾ എന്നിലെ ആത്മാഭിമാനി ഉണരുകയായിരുന്നു, പട്ടിണി കിടന്നാലും  മോഷ്ടിക്കരുത് എന്ന് പറഞ്ഞു പഠിപ്പിച്ച അമ്മയുടെ വാചകങ്ങളെ അപ്പാടെ മറക്കുകയായിരുന്നു ഞാനന്നേരം

എന്റെ അഭിമാനത്തിന്റെ വിലയുള്ള ആ നൂറിന്റെ നോട്ട് ആ നിഴലടിച്ച പോക്കറ്റിൽ നിന്നും കയ്യിട്ടെടുക്കുമ്പോൾ ഒരു തരിമ്പ് കുറ്റബോധം പോലും തോന്നിയിരുന്നില്ലെനിക്ക്

പിറ്റേ ദിവസം ആർക്കും മുഖം കൊടുക്കാതെ വീട്ടിൽ നിന്നും സ്കൂളിലേക്ക് ഇറങ്ങണം എന്നാണ് വിചാരിച്ചത്

സാധാരണ 9 മണിക്ക് ഇറങ്ങാറുള്ള ഞാൻ ഉത്സാഹത്തോടെ  8 മണിക്ക് തന്നെ പോകണം എന്ന് പറഞ്ഞു ഇറങ്ങാൻ നിന്നപ്പോൾ അമ്മയെന്നെ തടഞ്ഞു,

"അച്ഛൻ വന്നിട്ട് പോയാൽ മതി,  അച്ഛന് നിന്നെയൊന്നു കാണണം എന്ന് പറഞ്ഞു "

അത് കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിടിപ്പിന്റെ താളമൊന്നു കൂടി, 

ഈശ്വരാ പൈസയെടുത്തത് അച്ഛൻ അറിഞ്ഞു കാണും,  ഇന്ന് തല്ല് ഉറപ്പാണ്  കോലായിൽ കുത്തിക്കേറ്റി വച്ച ആ വള്ളിചൂരലിലേക്ക് എന്റെ ദൃഷ്ട്ടിയോന്ന് പതിഞ്ഞു,  ഇന്നേ വരെ അച്ഛനെന്നെ തല്ലിയിട്ടില്ല,  ഇന്ന് ആദ്യമായി ആ ചൂരലിന്റെ ചൂട് എന്റെ ത്വക്ക് അറിയാൻ പോകുന്നു

എന്റെ മുഖത്തെ തെളിച്ചം മെല്ലെ മങ്ങിത്തുടങ്ങി പുഞ്ചിരിയുടെ പ്രസന്നത മാഞ്ഞു കണ്ണിൽ ഭീതി പടർന്നു,  പടികയറി വരുന്ന അച്ഛന്റെ മുഖത്തേക്ക് നോക്കാൻ തന്നെയെനിക്ക് ഭയമായിരുന്നു

"ഇന്ന നീ ഇന്നലെ ചോദിച്ച പൈസ,  നൂറിന് പകരം അഞ്ഞൂറ്  ഉണ്ട്‌, പറ്റിയാൽ അവരെ നമുക്കൊന്ന് കാണാൻ പോണം നിന്റെ സ്കൂളിൽ  പഠിക്കണ കുട്ടിയുടെ അമ്മയല്ലേ "എന്ന്

അച്ഛനാ ചൂരലെടുത്തൊന്ന് ആഞ്ഞടിച്ചെങ്കിൽ എനിക്കിത്ര വിഷമം വരില്ലായിരുന്നു,  കുമ്പിട്ടു നിന്ന മുഖത്തെ ആ തഴമ്പിച്ച കൈകളാൽ  വാരിയെടുത്തിട്ട് അച്ഛനെന്നോട് ചോദിച്ചു,

"എന്ത് പറ്റിയെടാ ആദി " എന്ന്

കവിൾത്തടം കവിഞ്ഞൊഴുകിയപ്പോൾ പോക്കറ്റിലുരുന്ന തോണ്ടി മുതൽ ഞാനെന്റെ അച്ഛന്റെ നേർക്ക് നീട്ടി, മുട്ടുകുത്തിയിരുന്നു കൊണ്ട് വള്ളിച്ചൂരലിന്റെ രുചിയേൽക്കാൻ ഞാനെന്റെ കൈകൾ മെല്ലെ മലർത്തിക്കൊടുത്തു.

അവിടെയും അച്ഛനെന്നെ തോല്പിക്കുകയായിരുന്നു,  ആ നൂറിന്റെ നോട്ട് കയ്യിലേക്ക് വാങ്ങിക്കൊണ്ട് അച്ഛൻ ഇത്രയേ പറഞ്ഞുള്ളൂ എന്നോട്

" പിടിച്ചു പറിക്കാൻ ശ്രമിക്കരുത് അത് പൈസയാണെങ്കിലും സ്നേഹമാണെങ്കിലും,  അങ്ങനെ ചെയ്താൽ വിലയുണ്ടാകില്ല,  മൂല്യമുണ്ടാകില്ല പൈസക്കും സ്നേഹത്തിനും,"

ഒന്നും മിണ്ടാതെ മെല്ലെയൊന്നു തലയാട്ടാനേ എനിക്ക് കഴിഞ്ഞുള്ളു അപ്പോൾ

" എന്തായാലും അമ്മ അറിയണ്ട,  അമ്മോട് പറഞ്ഞിട്ട് സ്കൂലേക്ക് പൊക്കോ "

പതിവുമ്മ കൊടുക്കാനായി ഞാനമ്മക്ക് അരികിലേക്ക് ചെന്നപ്പോൾ തന്നെ എനിക്കറിയാമായിരുന്നു അമ്മയത് അറിഞ്ഞിട്ടുണ്ടാകും എന്ന്,  അറിയാത്ത ഭാവം നടിച്ചു കൊണ്ട് എന്റെ മുൻപിൽ നിന്ന അമ്മയുടെ നിറഞ്ഞ  കണ്ണുകൾ എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു അത്

പടിയിറങ്ങുമ്പോഴും ഇടക്കിടക്ക് ഞാൻ തിരിഞ്ഞു നോക്കിയിരുന്നു  ആ അറുപിശുക്കനെ.........

എന്റെ മാത്രം അച്ഛനെ,.........

 ആ മുഖത്തിന് മുൻപെങ്ങോ കണ്ടിട്ടില്ലാത്ത സൗന്ദര്യവും തേജസ്സും  ഉള്ള പോലെ തോന്നിയിരുന്നു അന്ന്

സ്കൂളിലേക്കായി ഞാൻ നടന്നു നീങ്ങുമ്പോൾ പിൽക്കാലത്തെ ഓർമ്മകൾ എന്നേ പിറകിലേക്ക് പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു

അതെ എന്റച്ഛൻ പിശുക്കനാണ്............

ഒരു പനി വന്നാൽ കൂടെ ആശുപത്രിയിലേക്കെന്നെ കൊണ്ടോടാറുള്ള എന്റെയച്ഛൻ,  ആ  അച്ഛന്റെ കാല് പണിക്കിടയിൽ വെട്ട് കല്ല് കൊണ്ടൊന്ന് ആഴത്തിൽ  മുറിഞ്ഞപ്പോൾ മുറിപ്പച്ച പിഴിഞ്ഞൊഴിച്ചു നാളെയത് ഉണങ്ങിക്കോളും എന്ന് പറഞ്ഞതാണന്ന്..............

വീട്ടുകാർക്കൊപ്പം അമ്പലത്തിലേക്ക് പോകാറുള്ളപ്പോൾ ഒരു ഒരൊറ്റ രൂപ നാണയം പോലും നേർച്ചയായി ഇടാറില്ല അച്ഛൻ , 

വഴിപാട് കൗണ്ടറിലേക്ക് അമ്മയുടെ കണ്ണൊന്നു പാളിയാൽ ഒരു നോട്ടംകൊണ്ട് തന്നെ അതില്ലാതാക്കിക്കളയാറുണ്ടച്ഛൻ, 

എങ്കിലും അമ്പലത്തിന് പുറത്തുള്ള പട്ടിണിപ്പാവങ്ങളായ യാചകർക്ക് പോക്കറ്റിൽ കയ്യിട്ട് തപ്പി വാരിയെടുക്കാറുള്ളയാ  ചില്ലറത്തുട്ട് എണ്ണിനോക്കാതെത്തന്നെയാണ് കൊടുക്കാറുള്ളതും

എനിക്ക് നാല് വയസ്സുള്ളപ്പോൾ അമ്മയൊന്നു കുളിമുറിയിൽ തെന്നി വീണു,  അമ്മേടെ നടുവേദയുടെ ചികിത്സക്കുള്ള പണത്തിനായി നെട്ടോട്ടം ഓടുന്ന സമയം,  അന്നും വീട്ടിലെ ജോലിയും എന്റെ കാര്യങ്ങളും നോക്കാൻ നിക്കുന്ന കാരണം അച്ഛന് ജോലിക്ക് പോകാൻ പറ്റാറില്ലായിരുന്നു.............

വീട്ടിലെ അരിയും പച്ചക്കറിയും തീർന്നിരിക്കുന്ന സമയത്ത്  ആകെ ഉണ്ടായിരുന്ന പച്ചരിയും ഉഴുന്നും ചേർത്ത് അച്ഛൻ നാല് ദോശയുണ്ടാക്കി, അതിൽ  രണ്ടെണ്ണവും അമ്മയെക്കൊണ്ട് നിര്ബന്ധിച്ചാണ് അച്ഛൻ തീറ്റിച്ചതും.............

ബാക്കിയുള്ള രണ്ട് ദോശയിൽ ഒരെണ്ണം തിന്ന് തീർത്തിട്ടും കൊതി തീരാത്തയാ നാലുവയസ്സുകാരൻ ഒരെണ്ണം കൂടെ വേണമെന്നുള്ള ആവശ്യം ഉന്നയിച്ചു

അന്നേരം പ്ലേറ്റ് ൽ ഉള്ള അച്ഛന്റെ ദോശയും കൂടെ പുഞ്ചിരിച്ചുകൊണ്ട് തന്നെ  എനിക്ക് നീട്ടിയപ്പോൾ ഞാൻ കൊഞ്ചിക്കൊണ്ട് അച്ഛനോട് ചോദിച്ചു

"അപ്പൊ അച്ഛന് വേണ്ടേ അച്ഛാ "എന്ന്

അന്നച്ഛൻ പറഞ്ഞ മറുപടി ഇന്നെനിക്ക് ഇപ്പോളും ഓർമയുണ്ട്

" ആദിമോനെ അച്ഛനിന്നു രാവിലെ ഒരു സ്വപ്നം കണ്ടു, അച്ഛന് നല്ല വിശപ്പുള്ളപ്പോളാണ് ആ മാലാഖ മ്മടെ വീടിന്റെ ഉമ്മറത്ത് വന്നു നിന്നത്, അപ്പൊ അച്ഛനാ മാലാഖയോട് കുറച്ച് ദോശ തരാമോ എന്ന് വരം ചോദിച്ചു. അന്നേരം ഇതുപോലത്തെ പത്ത് ദോശ തന്നിട്ട് വയറു നിറച്ചു കഴിച്ചോളാനും പറഞ്ഞ് ആ മാലാഖയങ്ങു പറന്നു പോയി,  അതിലെ ആറെണ്ണം അച്ഛൻ തിന്നു,  ബാക്കി നാലെണ്ണത്തിൽ ഉള്ളതാണ് ഇത്,  അച്ഛന്റെ വയറു നിറഞ്ഞെട കണ്ണാ മോൻ ഇത് കൂടെ തിന്നോ "എന്ന്

നാലാം വയസ്സിൽ ഞാനന്ന് ദഹിപ്പിച്ചു കളഞ്ഞ പച്ചക്കള്ളത്തേ ഇടയ്ക്കിടെ തികട്ടിയെടുക്കുമ്പോൾ എന്റെ കണ്ണാകെ നിറഞ്ഞു  തുളുമ്പാറുണ്ട്

അന്നും അന്തിക്ക് സുഭിക്ഷമായി വയറു നിറയെ ഉണ്ണാറുള്ള എന്നേ നോക്കി വറ്റില്ലാത്ത കഞ്ഞിവെള്ളം ഒറ്റയിറക്കിന് കുടിച്ചു തീർക്കുമ്പോൾ ഒരിക്കൽ പോലും ഞാൻ ചോദിച്ചിട്ടില്ല, വിശപ്പില്ലെ അച്ഛാ "എന്ന്

വാരിക്കോരി തീറ്റിച്ചിട്ടും കാലി വയറിൽ കഞ്ഞിവെള്ളവും ആയി ഒരുപാട് കാലം പോറ്റിയിട്ടുണ്ട് അച്ഛൻ ഞങ്ങളെ, 

ഇന്നും ഉച്ചക്ക് ഊണുസമയം കഴിഞ്ഞു വയറെരിഞ്ഞിരിക്കുമ്പോളും പറമ്പിലുള്ള വാഴക്കന്നിനും, കവുങ്ങിനും, തെങ്ങിനും ജാതിക്കും, ചേമ്പിനും,  ചേനക്കുമൊക്കെ വാരിക്കോരി വളമിടാറുണ്ട് എന്റെയച്ഛൻ

ശരിയാ എന്റച്ഛൻ പിശുക്കനാ,  അറുപിശുക്കനാ കാരണം എന്റച്ഛൻ ഏറ്റവും അധികം പിശുക്കിയിട്ടുള്ളത് അച്ഛനോട് തന്നെയായിരുന്നു

ക്ലാസിലെത്തി അറ്റെൻഡൻസ് എടുത്തിട്ട്  സഹായനിധിയിലേക്ക് ഉള്ള പൈസ പിരിക്കുന്ന കർത്തവ്യത്തിലേക്ക് കടന്നതും കണക്ക് മാഷ് തന്നെയായിരുന്നു

എല്ലാവരും പൈസ കൊടുത്തതിന് ശേഷം ഏറ്റവുo അവസാനം ആണ് എന്റെ ഊഴം വന്നത്,  എണീറ്റ് മാഷിന്റെ അരികിലേക്ക് നടന്നെത്തിയപ്പോൾ മാഷെന്നെ പരിഹാസച്ചുവയോട് കൂടെയൊന്നൊരു നോട്ടം നോക്കി

"50 രൂപയെങ്കിലും കൊണ്ടുവന്നിട്ടുണ്ടോടാ നീ "?

ആ ചോദ്യം കേട്ടതും മാഷിന് നേരെ ആ അഞ്ഞൂറിന്റെ നോട്ട് നീട്ടിയിട്ട് മെല്ലെ ഞാനാ മുഖത്തു നോക്കിത്തന്നെ പറഞ്ഞു

" ശരിയാ മാഷേ എന്റച്ഛൻ പിശുക്കനാ ,  പക്ഷെ എന്റച്ഛൻ പിശുക്കുന്നത് ജീവിക്കാൻ വേണ്ടിയാ " എന്ന്

തിരിച്ചു ഞാനാ ബെഞ്ചിലേക്ക് നടന്നപ്പോൾ ഷിബിയുടെയും ബിബിയുടെയും പൊന്നപ്പന്റെയും മുഖത്തിലേക്ക് ഞാൻ മാറി മാറി നോക്കി,  മൗനിയായവർ മുഖം തിരിച്ചപ്പോൾ അപ്പുറത്തേ ബെഞ്ചിലിരുന്ന് അന്ന് അടക്കിച്ചിരിച്ച സുമിയെയും ശ്രുതിയെയും ഞാനൊന്ന് പാളി നോക്കി,  ഇരുവരും പുസ്തകം കൊണ്ട് മുഖം മറച്ചപ്പോൾ ഒരാൾ മാത്രം എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നുണ്ടായിരുന്നു

എന്റെ ആത്മമിത്രം ദിലീപ് ആയിരുന്നു അത്, 

അടുത്ത് ചെന്നിരുന്നപ്പോൾ ആ വലതുകൈ കൊണ്ടെന്നെ ചേർത്ത് പിടിച്ചവൻ അപ്പോഴും പറയുന്നുണ്ടായിരുന്നു

"ആദി നീ മരണമാസ്സാട,  മാഷിന് അറിയില്ല അത് അതാണ് " എന്ന്

#ആദർശ്_മോഹനൻ

Follow Valappottukal

To Top