ഈ യാത്രയിൽ 03

Valappottukal

രചന: Seshma Dhaneesh
"അയ്യോ... എനിക്കറിയില്ലായിരുന്നു അമ്മേ" അവൾ സുഭദ്രയോട് പറഞ്ഞു മഹിക്കു നേരെ തിരിഞ്ഞു "സോറി മഹിയേട്ട... നാളെ മുതൽ പതിവ് തെറ്റിക്കില്ല" ദേവിയുടെ മഹിയേട്ട എന്ന ഒരൊറ്റ വിളിയിൽ കുടിച്ചു കൊണ്ടിരുന്ന ചായ തെരുപ്പിൽ കേറി ചുമച്ചു... കുറച്ചു സമയമെടുത്തു ഒന്നു നേരെയാക്കാൻ... അച്ഛനും അമ്മക്കും ഒന്നും മനസിലായില്ല... മഹി വിരണ്ട മുഖഭാവത്തോടെ ദേവിയെ നോക്കി. അവന്റെ മനസ്സിൽ അപ്പോഴും കൈവിരൽ ഞൊട്ടി ഡോ എന്നു വിളിച്ച ഭദ്രകാളി ദേവിയുടെ മുഖമായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനു ഇടയിലും മഹി ഇടം കണ്ണിട്ടു ദേവിയെ നോക്കി കൊണ്ടിരുന്നു. അവളാണെങ്കിൽ അതൊന്നും ശ്രെദ്ധിക്കുന്ന പോലുമില്ല. അച്ഛനെയും അമ്മയെയും ഭക്ഷണം കഴിപ്പിക്കുന്ന തിരക്കിലാണ്. അച്ചുവിന് വിശപ്പില്ലെന്നും പറഞ്ഞൊഴിഞ്ഞു. കവിളിലെ തിണർത്തു കിടക്കുന്ന പാട് വേറാരും കാണാതിരിക്കാൻ മനപൂർവ്വം വിശപ്പില്ല എന്നു പറഞ്ഞൊഴിഞ്ഞു. നാണക്കേട് അല്ലെ...

മഹി അപ്പോഴാണ് ഒരു കാര്യം ശ്രെദ്ധിക്കുന്നത്. അച്ഛന്റെ പ്ലേറ്റിൽ രണ്ടാമതും ഇഡ്‌ലി വിളമ്പുന്നു. "ദേവി..." മഹിയുടെ കടുപ്പിച്ചുള്ള വിളിയിൽ ദേവിയുടെ കയ്യിലെ ഇഡ്‌ലി പാത്രം താഴെ വീണു. വായിൽ വയ്ക്കാൻ പോയ ഇഡ്‌ലി കഷ്ണം അച്ഛന്റേം അമ്മേടേം കയ്യിൽ നിന്നും പോയി. അമ്മാതിരി അലർച്ചയായിരുന്നു. "എന്താടാ ഇങ്ങനെ കിടന്നു അലറുന്നെ" അമ്മയുടെ ചോദ്യത്തിന് രോക്ഷത്തോടെ ഒരു നോട്ടമെറിഞ്ഞു മഹി ദേവിയുടെ നേർക്കു തിരിഞ്ഞു. "നീയെന്താ ഈ കാണിക്കുന്നെ..." മഹിയുടെ ആ ചോദ്യം പോലും എന്തിനാണെന്ന് ദേവിക്ക് മനസിലായില്ല. അവൾ സംശയത്തോടെ അച്ഛനെയും അമ്മയെയും നോക്കി. അമ്മ അവളെ നോക്കി സമാധാനത്തോടെ കണ്ണടച്ചു കാണിച്ചു. അച്ഛൻ ഒരു കൈ നെറ്റിയിൽ വച്ചു തല കുമ്പിട്ടിരുന്നു. "ഈ പ്രായമായ മനുഷ്യന് എന്തെല്ലാം അസുഖങ്ങൾ ഉണ്ടെന്നു നിനക്കറിയോ. ഒരു ചിന്തയുമില്ലാതെ നീയിങ്ങനെ ഭക്ഷണം വിളമ്പികൊണ്ടിരുന്ന...". മഹി എന്തെങ്കിലുമൊരു കാരണമുണ്ടാക്കി ദേഷ്യപ്പെടുമ്പോലെയാണ് ദേവിക്ക് തോന്നിയത്.
"അതിനു മോൾക്ക്‌ അറിയില്ലല്ലോ... " അച്ഛൻ മറുപടി പറഞ്ഞപ്പോഴും അവൻ രോക്ഷത്തോടെ നോക്കി പേടിപ്പിച്ചു എഴുനേറ്റു പോയി. അല്പനിമിഷത്തിനു ശേഷം അച്ഛനും അമ്മയും എഴുനേറ്റു. ദേവിക്ക് എന്തോ സങ്കടം തോന്നി. വീട്ടിലൊരു ഡോക്ടർ ഉണ്ടെന്നു കരുതി ഇത്ര ചിട്ടയിലായിരിക്കും ഭക്ഷണക്രമങ്ങളെന്നു അവൾക്കറിയില്ലായിരുന്നു.

മുറിയിൽ ചെന്നിട്ടും മഹി അസ്വസ്ഥതയോടെ നടക്കാൻ തുടങ്ങി. വന്നു കേറിയത് പാവം പിടിച്ച ഒരു പെണ്ണല്ല. അവളുടെ അടുത്തു വല്ലാതെ വിളച്ചിലെടുക്കാൻ കഴിയില്ല. ഉപദ്രവിക്കണം... എന്തൊക്കെ ചെയ്താലും അവളിവിടെ നിന്നും വിട്ടുപോകില്ലെന്നു ഉറപ്പായി. പിടിച്ചു നിൽക്കും... അപ്പൊ മെന്റൽ ഹറാസ്... ഇനി അതേ ഒരുവഴിയുള്ളൂ.. എങ്കിലും മനസിലാകാത്ത ഒരു കാര്യം അവൾക്കു ലച്ചുവിനെ എങ്ങനെയറിയാമെന്ന... അവൾ പറഞ്ഞ പോലെ ഹോസ്പിറ്റലിൽ വച്ചു ഒരുമിച്ചു കണ്ടിട്ടുണ്ടാകും... കാണാൻ ഒരു ഭംഗിയൊക്കെയുണ്ട്.. ഒരേ സമയം ദേവിയായും ദേഷ്യം വന്നാൽ ഭദ്രകാളിയായും പരിണമിക്കുന്ന മൊതല്.... അച്ചുവിനെ കൂട്ടു പിടിക്കാം.... അല്ലെങ്കി വേണ്ട... അങ്ങനെ ചെയ്യുന്നത് ശരിയല്ല.... മഹി മുന്നോട്ടു എന്തു ചെയ്യുമെന്ന സംശയത്തിലായിരുന്നു... അച്ചുവിനെ കൂട്ടു പിടിക്കാത്തതിനു വേറെയും കാരണമുണ്ട്... നാളെ ഒരു വീട്ടിൽ ചെന്നു കേറേണ്ടതാണ്... അപ്പൊ ഇതുപോലുള്ള വഷളതരങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല... അവൻ ചിന്തയിലാണ്ടു നിന്നു. അല്ലെങ്കിലും ഒരു പെണ്ണിനെ നിലക്ക് നിർത്താൻ ഞാൻ ഒറ്റക്കു പോരെ... അവൻ വക്രിച്ചു ചിരിയോടെ നിന്നു.

പതിയെ ബൽകണിയിലേക്കു നടന്നു. പുറത്തേക്കു നോക്കിയാൽ കാണുന്നത് വയലുകളാണ്. അവിടെ നിന്നും വരുന്ന തണുത്ത കാറ്റിന്റെ കുളിരിൽ അവൻ ഓർമകളുമായി നിന്നു. ഒരുപാട് ഇഷ്ടമായിരുന്നു ലക്ഷ്മിയെ... തന്റെ ജൂനിയർ ആയി വന്നതായിരുന്നു. എപ്പോഴൊക്കെയോ മനസ്സിൽ കൂടി... പേരുപോലെ തന്നെ മഹാലക്ഷ്മിയായിരുന്നു അവളെ കാണാൻ... അത്ര ഐശ്വര്യവും സൗന്ദര്യവുമുള്ള പെണ്ണിനെ മുൻപ് കണ്ടിട്ടില്ലായിരുന്നു. തന്റെ പ്രണയം വീട്ടിലറിയിച്ചപ്പോൾ തന്റെ ഇഷ്ടത്തെക്കാൾ വലുതായി ഒന്നുമില്ലായിരുന്നു അച്ഛനും അമ്മക്കും. എങ്കിലും എന്തുകൊണ്ടോ അമ്മക്ക് അവളെ മരുമകളായി കാണാൻ തോന്നിയിരുന്നില്ല. ഒരു പെണ്ണിന് മറ്റൊരു പെണ്ണിനെ മനസിലാക്കാൻ പറ്റു... ഒരുപക്ഷേ അമ്മക്ക് മുന്നേ തോന്നിയിരിക്കാം അവളുടെ സ്വഭാവം... താൻ എങ്ങനെയെല്ലാം സ്നേഹിച്ചതായിരുന്നു... തന്റെ ഹോസ്പിറ്റലിൽ നല്ല ശമ്പളത്തിൽ തന്നെ അവൾക്കു ജോലിയും ശരിയാക്കി... എന്നിട്ടും... ഒരു അമേരിക്കകാരന്റെ ആലോചന വന്നപ്പോൾ.... എല്ലാം മറന്നു... ഇപ്പൊ ആലോചിക്കുമ്പോൾ പുച്ഛം തോന്നുന്നു... അവളോടൊപ്പം മനസ്സും ശരീരവും പങ്കുവച്ച നിമിഷങ്ങൾ ആലോചിക്കുമ്പോൾ... അതു മാത്രമായിരുന്നോ... കഴിഞ്ഞ ഒന്നൊന്നര വർഷമായി ജീവിക്കാൻ മറന്നിട്ടു... നല്ല ഡോക്ടർ എന്ന ആ ഒരു പേരു മാത്രം നിലനിർത്തുന്നു.... ജീവിതത്തിൽ ഇനി ചെയ്യാത്ത ദുശീലങ്ങൾ ഒന്നും തന്നെയില്ലെന്നു ഓർത്തു പോയി... സ്ത്രീ ശരീരങ്ങൾ വെറും കാമത്തിനുമാത്രമായി ഉപയോഗിച്ചു തുടങ്ങി... ഒരു അനിയത്തിയും അനിയനും ഉണ്ടെന്നു ഓർക്കാതെ... അവരുടെ നല്ല ജീവിതത്തെ കുറിച്ചു ഓർക്കാതെ ചെയ്തുകൂട്ടിയത് എന്തൊക്കെയായിരുന്നു... ഒടുവിൽ അമ്മയുടെ ആത്മഹത്യ ഭീഷണി... അതാണ് ഇന്നലെ ചെയ്തത്... ഒരുത്തിയുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്നത്... ഓർമകളുടെ നെരിപൊടിൽ അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു... ഒരു പെണ്ണു കാരണം തന്റെ ജീവിതം തന്നെ.... ഓർമകളുടെ വേലിയേറ്റത്തിൽ നിന്നും മനസ്സിനെ പതുക്കെ പിൻവലിച്ചു കണ്ണുകൾ അമർത്തി തുടച്ചു അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ കണ്ടത് തന്റെ അലമാരയിൽ ഡ്രെസ്സുകൾ അടുക്കി വയ്ക്കുന്ന ദേവിയെയായിരുന്നു. അവനു പിന്നേം ദേഷ്യം കൂടി അതു കണ്ടു.
"ഡി... ആരോടു ചോദിച്ചിട്ട എന്റെ അലമാരയിൽ നിന്റെ ഈ വൃത്തികെട്ട ഡ്രെസ്സൊക്കെ കുത്തി തിരുകി വയ്ക്കുന്നെ" അവൻ വാക്കുകൾ കൊണ്ടു നോവിക്കാനാരംഭിച്ചു...
"ഈ മുറിയിൽ കിടക്കുമ്പ ഇതൊക്കെ പിന്നെ ഇവിടെയല്ലാതെ വേറെ എവിടെ വയ്ക്കും.. അമ്മയ പറഞ്ഞേ" അവന്റ് വാക്കുകൾ വേദനിപ്പിച്ചെങ്കിലും അവൾ മുഖത്തു പ്രകടമാക്കാതെ പ്രതിരോധിച്ചു നിന്നു.
മഹി അവളുടെ കൈയ്യിലുള്ള ഡ്രെസ്സുകളിലേക്കു നോക്കി. പഴയതായ നിറം മങ്ങിയ കുറച്ചു കോട്ടൻ ചുരിദാറുകൾ. അവൻ അതിലേക്കു പുച്ഛത്തോടെ നോക്കി...
"അതേ... ഇതിലിരിക്കുന്നതു നല്ല വിലകൂടിയ ബ്രാൻഡഡ് ഷർട്ടുകളാണ്. നിന്റെയി പഴകിയ പഴഞ്ചാടി ഡ്രസ് ഇവിടെ വയ്ക്കാൻ പറ്റില്ല.... വീട്ടിൽ തുടച്ചു വൃത്തിയാക്കാൻ ഉപയോഗിക്കുന്നത് ഇതിലും വിലയുള്ള തുണികൾ ഉപയോഗിച്ചാണ്" അവൻ പുച്ഛത്തോടെ...അതിലുപരി അവളെ ഇത്തരത്തിൽ മാത്രേ വേദനിപ്പിക്കാൻ കഴിയു എന്ന തിരിച്ചറിവിൽ വാക്കുകൾ ഓരോന്നായി ശരങ്ങൾ കണക്കെ അവളുടെ നെഞ്ചിലേക്ക് തൊടുത്തു വിട്ടുകൊണ്ടിരുന്നു. അവളെ നോക്കുമ്പോൾ കണ്ണു നിറഞ്ഞു നിന്നിരുന്നു അവൾ. ഒന്നു പതറിയ പോലെ... അവളുടെ കണ്ണുനിറഞ്ഞതിനെക്കാളും അവളുടെ ആ പതറിച്ചയിലായിരുന്നു അവന്റെ സന്തോഷം. ഒഴുകി ഇറങ്ങിയ കണ്ണുനീരിനെ കൈകളാൽ തുടച്ചു നീക്കി അവന്റെ കണ്ണുകളിൽ നോക്കി വീറോടെ അവൾ അവൾക്കുമേലെ വീണ ശരങ്ങൾ തിരിച്ചു അവന്റെ മേലേക്ക് തന്നെ എയ്തു. "വായിൽ സ്വർണ്ണ കരണ്ടിയുമായി ജനിച്ച തനിക്കു ഇതൊന്നും മനസിലാകില്ല. ശരീരം മറയ്ക്കാൻ പഴകിയ തുണിയെങ്കിലും ഉണ്ടല്ലോയെന്നു കരുതി ജീവിക്കുന്ന ഒരുപാട് പേരുണ്ട്... ഇതൊക്കെ ഞാൻ സ്വയം കഷ്ടപ്പെട്ടു ജോലി ചെയ്തതും എന്റെ അച്ഛന്റെ വിയർപ്പിന്റെ വിലകൂടിയുമാണ്. ആ വില അച്ഛന്റെ തണലിൽ നിന്നും വളർന്നു പന്തലിച്ച തനിക്കു മനസിലാകില്ല." അവളുടെ വാക്കുകൾക്ക് അവന്റെ വായും അടഞ്ഞു പോയി. ചെ... ഇന്നും അവൾ കേറി സ്കോർ ചെയ്തല്ലോ.... പക്ഷെ, അവൾ പറഞ്ഞതിനെ പറ്റി ആലോചിച്ചപ്പോൾ ശരിയാണ്... അച്ഛന്റെ തണലിലും പ്രൗഢിയിലും പ്രതാപത്തിലുമായിരുന്നില്ലേ തന്റെ ജീവിതം... അവൾ തന്റെ ഡ്രെസ്സുകൾ തിരികെ കൊണ്ടുവന്ന പെട്ടിയിൽ തന്നെ വയ്ക്കുമെന്നു കരുതിയ അവനെ ഞെട്ടിച്ചുകൊണ്ട് അവന്റെ ഡ്രെസ്സുകൾക്കു അടുത്തായി തന്നെ അവളുടെ ഡ്രെസ്സുകൾ ഓരോന്നും അടുക്കി വച്ചു. മഹി ദേഷ്യത്തിൽ നിന്നു വിറച്ചു. അപ്പോഴും ഒരു കൂസലില്ലാതെ അവൾ പറഞ്ഞു "തന്റെ ബ്രാൻഡഡ് ഷർട്ടുകളെക്കാൾ വിലയുണ്ട് ഈ ഡ്രെസ്സുകൾക്കു..." അവനു നേരെ പുച്ഛിച്ച ഒരു ചിരിയും സമ്മാനിച്ചു അവൾ പുറത്തേക്കു ഇറങ്ങി പോയി. അവൻ ദേഷ്യം കൊണ്ടു ചുമരിൽ ആഞ്ഞിടിച്ചു.

അവൾ താഴേക്കു ചെന്നു അടുക്കളയിൽ കയറി ബാക്കിയുള്ള പണികൾ ഓരോന്നായി ചെയ്തു കൊണ്ടിരുന്നു. ആ സമയം അച്ഛനും അമ്മയും കൂടി വന്നു. അച്ഛൻ തന്നെ സംസാരത്തിനു തുടക്കമിട്ടു. "മോളെ.... അച്ഛന്  ഷുഗറും കൊളസ്ട്രോളും ബിപി യും എല്ലാം ഉണ്ട്. എല്ലാത്തിനും മരുന്നും കഴിക്കുന്നുണ്ട്. എനിക്ക് ഭക്ഷണത്തിന് ഒരു നിയന്ത്രണവുമില്ലായെന്നു അറിയുന്നതുകൊണ്ടു വളരെ ചിട്ടയോടെയുള്ള ഭക്ഷണരീതിയാണ്. അല്ലെങ്കിൽ അവൻ നന്നായി വഴക്കു പറയും. മോൾക്ക്‌ അതറിയില്ലായിരുന്നല്ലോ... മോൾ വിഷമിക്കരുത്" അവൾക്കെന്തെങ്കിലും വിഷമമായി എന്നു കരുതി സമാധാനിപ്പിക്കാൻ വന്നതായിരുന്നു അവർ.
"അതു സാരമില്ല അച്ഛാ. ഞാനും ഓർക്കേണ്ടതായിരുന്നു. എനിക്കറിയില്ലായിരുന്നു... ഇതിലുമപ്പുറം ആയിരിക്കും മഹിയേട്ടന്റെ പ്രതികരണം എന്നറിഞ്ഞുകൊണ്ട ഞാൻ..." കുറച്ചു സങ്കടത്തോടെ പറഞ്ഞു കൊണ്ട് അവൾ തല കുമ്പിട്ടു കണ്ണീർ മറയ്ക്കാനായി... അച്ഛൻ വാക്കുകൾ ഒന്നും പറയാതെ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു. ചില സമയങ്ങളിൽ വാക്കുകൾ അന്യമായി നിൽക്കും. അവിടെ ഇതുപോലുള്ള നിഴല്പോലെ ഒരു സാന്നിധ്യം മാത്രം മതിയാകും. അമ്മയും അവർക്കൊപ്പം കൂടി....
"മോളെ... കല്യാണം കഴിഞ്ഞുള്ള വിരുന്നും മറ്റും... " അതിനെ കുറിച്ചു പറയാനായി അമ്മക്ക് ഒരു ജാള്യത തോന്നി. അതു മനസിലാക്കിയ പോലെ ദേവി അവരെ സമാധാനപ്പെടുത്തി. "അതിന്റെയൊന്നും ആവശ്യമില്ല അമ്മേ. അതു മാത്രമല്ല ഏട്ടന് ഞങ്ങളുടെ വീട്ടിൽ അഡ്ജസ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാകും... അതു വേണ്ട... " ഒട്ടും വിഷമമില്ലാതെ ചിരിയോടെ തന്നെ ദേവി അതു പറഞ്ഞപ്പോൾ സുഭദ്രക്കു തെല്ലൊരു ആശ്വാസമായി.

അടുക്കളയുടെ പുറത്തുനിന്ന് മഹിയും അവരുടെ സംഭാഷണങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. അനുവിനെ കാണാഞ്ഞതുകൊണ്ടു കാര്യം അന്വേഷിക്കാൻ ചെന്ന മഹിയോട് പൊടിപ്പും തൊങ്ങലും ചേർത്തു പറഞ്ഞു പിടിപ്പിച്ചിരുന്നു. ആ ദേഷ്യത്തിൽ അവളെ നോക്കി വരുമ്പോഴാണ് അവരുടെ സംഭാഷണം കേൾക്കുന്നത്. "ദേവി"  അടുക്കളയിൽ കയറാതെ മഹി പുറത്തു നിന്നു വിളിച്ചു. അച്ഛനും അമ്മയ്ക്കും ഒപ്പം അവളുമൊന്നു ഞെട്ടി. കാരണം തന്നെ പേരെടുത്തു വിളിച്ചിരിക്കുന്നു.... അതും കുറച്ചു മയപ്പെട്ടു. "എന്താ ഏട്ടാ" പെട്ടന്ന് സ്വബോധം വീണ്ടെടുത്തു അവൾ ചോദ്യമെറിഞ്ഞു. അവളോട്‌ മേലേക്ക് വരാൻ കണ്ണുകൾകൊണ്ടു കാണിച്ചു അവൻ സ്റ്റെപ് കയറി മുകളിലേക്ക് പോയി...

അവൾ അച്ഛനെയും അമ്മയെയുമൊന്നു നോക്കി അവർ കണ്ണുകൾകൊണ്ടു "ചെല്ലു" എന്നു പറഞ്ഞതും അവൾ മുകളിലേക്ക് പതുക്കെ കയറി. മഹിയുടെ മുറിയിലേക്ക് കടന്നതും അവൻ അതിനടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ മുറിയിലേക്ക് കയറിയതും മഹി കതകു വലിച്ചടച്ചു. വാതിൽ അടയുന്ന ശബ്ദത്തിൽ അവളൊന്നു ഞെട്ടിയെങ്കിലും ഉള്ളിൽ ഒരു പേടിയും ഉണ്ടായിരുന്നില്ല. അവൾ കൂർപ്പിച്ചു അവനെ തന്നെ നോക്കി നിന്നു. വാതിലും അടച്ചു അവൻ നേരെ വന്നു അവളുടെ ഒരു കരണത് ഒന്ന കൊടുത്തു.... അവളൊന്നു പുറകിലേക്ക് വേച്ചു പോയി.... ദേവിയുടെ കവിളിൽ കുത്തി പിടിച്ചു അവൻ അവൾക്കു നേരെ ചീറി..."നീയാരാടി എന്റെ പെങ്ങളെ അടിക്കാനും നല്ല നടപ്പ് പഠിപ്പിക്കാനും..." ഓഹ് അപ്പൊ അതാണ് കാര്യം... അവൾക്കു വേദന നന്നായി എടുക്കുന്നുണ്ടായിരുന്നു... "കയ്യെടുക്കു... കയ്യെടുക്കാൻ" ദേവി മുഖത്തു നിന്നും അവന്റെ കൈകൾ മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

കൈയെടുക്കുന്നില്ല എന്നു കണ്ടു അവൾ അവന്റെ നെഞ്ചിൽ പിടിച്ചു ആഞ്ഞു തള്ളി. പെട്ടന്നുള്ള അവളുടെ പ്രവൃത്തിയിൽ അവളുടെ മുഖത്തു നിന്നു പിടി വിട്ടു പുറകിലേക്ക് വേച്ചു പോയി അവൻ. മഹി നോക്കുമ്പോൾ ഇന്നലെ കണ്ട അതേ ഭദ്രകാളിയുടെ മുഖം പോലെ തോന്നിച്ചു. ദേഷ്യം കൊണ്ടു അവളുടെ വെളുത്ത കവിളുകളും മൂക്കിന് തുമ്പുമെല്ലാം ചുവന്നു തുടുത്തു... സ്വതവേയുള്ള ഉണ്ടക്കണ്ണുകൾ ഒന്നുകൂടി വലുതാക്കി... അവിടവിടായി രക്ത വർണ്ണം നിറഞ്ഞിരുന്നു അവളുടെ കണ്ണുകളിൽ... ആ നാക്ക് കൂടി പുറത്തേക്കിട്ടാൽ ശരിക്കും ഭദ്രകാളി തന്നെ... അവനോർത്തു...

ഒരു മിന്നൽ പോലെ പാഞ്ഞു ചെന്നു അവന്റെ കരണത്തും കിട്ടി ഒന്നു. അവൻ ഒന്നു ഞെട്ടി പിടഞ്ഞു പോയി. അടികിട്ടിയ കവിളിൽ കൈ വച്ചു അവൻ കണ്ണും തുറിപ്പിച്ചു നിന്നു... "അടി ഇടിയൊക്കെ കൊടുക്കാൻ മാത്രമല്ല കിട്ടാനും കൂടിയുള്ളതാണ്. താൻ എന്താ കരുതിയത് തന്റെ അടിയും ചവിട്ടുമൊക്കെ കൊണ്ടു ഞാൻ ഇവിടെത്തന്നെ അങ്ങു ചുരുണ്ടു കൂടുമെന്നോ.... സാറിന്റെ പോലെ വെറും സ്റ്റതസ്കോപ്പ്  മാത്രം പിടിച്ച കൈ അല്ല എന്റേതു... നല്ലോണം പണിയെടുത്തു തഴമ്പിച്ച കൈകളാണ്... കവിളിൽ നല്ല പുകച്ചിലുണ്ടാകും... " അവളുടെ തലക്കു മുകളിലൂടെയൊക്കെ പുക പോകുന്നപോലെയൊക്കെ അവനു തോന്നി. കവിളിൽ നല്ല പുകച്ചിലും...
"പിന്നെ ഡോക്ടർ സാറേ... ഇപ്പൊ കിട്ടിയതു എനിക്ക് ഇന്നലേയും ഇന്നും തന്നതിന്റെ കണക്കല്ല... ഇതിനു കുറച്ചു കാലപ്പഴക്കമുണ്ട്... ഒരു രണ്ടു വർഷത്തോളം... ഡോക്ടർ സാറിനു ഓർമയുണ്ടോ" അവളുടെ ചോദ്യത്തിൽ അവൻ കണ്ണു മിഴിഞ്ഞു പോയി... ഇതേതു കണക്കു...അവന്റെ തലയും പുകയാൻ തുടങ്ങി...

(തുടരും)

നിങ്ങളുമൊന്നു തല പുകയ്ക്കു... ഇതിൽ കുറച്ചു അടി ഇടി തിരിച്ചടിയൊക്കെ കാണും. അധികം ആർക്കും ദഹിക്കില്ല... ഞങ്ങൾ പെണ്ണുങ്ങൾ എങ്ങനെയെങ്കിലും സങ്കടം തീർക്കട്ടെ.... പുരുഷ പ്രജകൾ ഒന്നു ക്ഷമി...
നോവൽ Express ഒന്നിന് പുറകേ ഒന്നായി ഓരോ ഭാഗങ്ങളും വായിക്കൂ, അടുത്ത ഭാഗം 200 ലൈക്കുകൾ പൂർത്തിയായ ശേഷം....


To Top