ദേവു

Valappottukal

"ഈ മനുഷ്യേന് ഇതെന്നാത്തിന്റെ ഏനക്കേടാ... നട്ടപ്പാതിരായ്ക്ക്  എണീറ്റ് മസാലദോശയുണ്ടാക്കാൻ....?

അമ്മയുടെ പരുക്കൻ ശബ്ദത്താലാണ് നിശബ്ദമായി നിന്ന അടുക്കളയാകെ അസ്വസ്ഥമായത്.

"എന്റെ  പൊന്നു ദേവി...നീയൊന്ന് പതുക്കെ  പറ... ആ കൊച്ചു കേൾക്കും ...

" അല്ലേയ്... നിങ്ങൾക്ക് ഇതൊക്കെ  കാണിക്കാം..ഞാൻ പറഞ്ഞാലാല്ലേ പ്രശ്‌നം.. ഇങ്ങനേം ഉണ്ടോ പ്രാന്ത്...'

അമ്മ പിന്നെയും പിന്നെയും ഓരോന്ന് പറഞ്ഞ് പ്രകോപിപ്പിക്കാൻ  ശ്രമിച്ചെങ്കിലും അച്ഛനച്ഛന്റെ ജോലിയിൽ ശ്രദ്ധാലുവായിരുന്നു.

കാലവറയിലെ  അറ്റകുറ്റപ്പണികളും കൂടി കഴിഞ്ഞപ്പോഴേക്കും അമ്മ പതിയെ കളമൊന്ന്  മാറ്റി ചവിട്ടി നോക്കി...

ഏതായാലും ഉണ്ടാക്കിയതയല്ലേ  ഞാനൂടെ രുചിച്ചു നോക്കട്ടെ...

" അയ്യടാ ...അവള് രുചി നോക്കാൻ വന്നേക്കുന്നു..അങ്ങോട്ട് മാറി നിന്നെ...ഇതെന്റെ മോള് നോക്കിക്കോളും...."

"ഓഹ്...അതിനാണോ ഈ ഉറക്കമിളച്ച് നിന്നത്.? ചേലായിട്ടുണ്ട്.."

പിന്നെ നീയെന്താ വിചാരിച്ചേ...അതിനെ മോഹം തോന്നുന്ന സമയാ.. കുറച്ച് നേരം മുന്നേ അവനെ  വിളിച്ച് പറയണത് കേട്ടപ്പോൾ  സങ്കടം തോന്നി... "

" അത്രയ്ക്ക് സങ്കടമാണേൽ  അതിനെ അതിന്റെ വീട്ടിൽ കൊണ്ടേ ആക്കരുതോ....? അവിടെ
അവളുടെ ചേച്ചിയും ചേട്ടനും അമ്മയുമൊക്കെ ഇല്ലേ..ഇഷ്ടങ്ങളും ആഗ്രഹങ്ങളുമൊക്കെ അവര് നടത്തികൊടുത്തോളും.."

" ഹോ....നിന്നക്കൊണ്ടേ ഇതൊക്കെ പറ്റൂ... അപാരം തന്നെ..അവനുള്ളപ്പോൾ കൂടി ഇതൊന്ന്  പറഞ്ഞിരുന്നേൽ നന്നയിരുന്നേനെ.. മോളെ കൊണ്ട് ആക്കണം പോലും....ഹമ്മ്..."

ഒരു വികാരവും പ്രകടിപ്പിക്കാതെയുള്ള  അച്ഛന്റെ അന്നോളമുള്ള  സംസാരത്തിന് എന്തോ മാറ്റം വന്ന പോലെ..

" ഞാൻ ഇനി ഒന്നും പറയുന്നില്ല...പോരെ...?വേഗം ചെല്ല്...ചൂടാറണ്ട.."

അച്ഛനെ ചോദ്യം ചെയ്യാൻ മാത്രം ധൈര്യമൊന്നും ആ പാവത്തിനുണ്ടായിരുന്നില്ല...

"മോൾക്ക് വേണ്ടി ഉണ്ടാക്കിയതാ...നന്നായിട്ട് കഴിച്ചോ.." ന്ന് പറഞ്ഞ് ഒരു പാത്രം തനിക്ക് നേരെ  വച്ചു നീട്ടുംമ്പോൾ ഉള്ളില് ഭയത്തിന്റെ പെരുമ്പറ   കൊട്ടുവായിരുന്നു... കർക്കശകാരരനായ അച്ഛനിൽ നിന്നും ഇങ്ങനൊന്നും  ഇന്നുവരെ  പ്രതീക്ഷിച്ചിട്ടില്ല....

" അച്ഛാ...ഈ രാത്രിയില് ഇതൊക്കെ ....അപ്പുവേട്ടനോട് ഞാൻ വെറുതെ പറഞ്ഞതാ..."

"വെറുതെ ആണെങ്കിലും  അല്ലെങ്കിലും ഇതിപ്പോ കഴിച്ചെ... അച്ഛൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ലേ..."

അടുത്തു പിടിച്ചിരുത്തി നിർബന്ധിച്ചു കഴിപ്പിക്കുന്നത് കണ്ടപ്പോൾ കുറച്ചു നേരത്തേക്ക് എന്റെ അച്ഛനെ ഓർത്തുപോയി..
വഴക്ക് പറയാനും വാരി തരാനും  അച്ഛനോളം പോന്നൊരാളെ ഞാൻ കണ്ടെത്തിയതന്നാണ്..

പിന്നീടുള്ള ദിവസങ്ങളിൽ തലയിൽ എണ്ണ തേച്ചു തരാനും  കുന്തിരിക്കത്തിന്റെ ഗന്ധം മുടിയിൽ കൊള്ളിക്കാനും  അപ്പുവേട്ടന്റെ  അച്ഛനായിരുന്നു ആവേശം കൂടുതൽ.
തോളറ്റം വരെ ഉള്ളുവെങ്കിലും അവരതിനെ മത്സരിച്ച്‌ പരിചരിച്ചു...

രാവിലെയും ഉച്ചയ്ക്കത്തെയും   ഭക്ഷണത്തിൽ സ്വന്തം കൃഷിയിടത്തിലെ  കേമന്മാരെ കൊണ്ട് മുഖ്യസ്ഥാനം അച്ഛൻ പിടിച്ചെടുത്തു.

തൊടിയിലെ  ചേനയ്ക്കും ചേമ്പിനും  കാച്ചിലിനും അത്രയ്ക്ക് രുചിയുണ്ടെന്നറിഞ്ഞത്  അന്നൊക്കെ അച്ഛനുണ്ടാക്കിയ വിഭവങ്ങളിലൂടെയാണ് .

തൊട്ട്കൂടായ്മയിലേക്ക്  എന്നോ തള്ളപ്പെട്ട പാവയ്ക്കയും  പടവലനും  പീച്ചിങയും തുടങ്ങി മുരിങ്ങയിലയും മത്തനിലയും ചീരയും വരെ പല രൂപത്തിലും ഭാവത്തിലും എന്നിലേക്ക് എത്തപ്പെട്ടിരുന്നു.

വയറും മനസ്സും നിറയെ കഴിക്കും.. അപ്പോൾ മാത്രമേ അച്ഛന്റെ മുഖം തെളിഞ്ഞിരുന്നുള്ളൂ.. അപ്പുവേട്ടൻ  മടങ്ങിയെത്തിയപ്പോഴേയ്ക്കും ഏട്ടന്റെ ഇഷ്ടങ്ങളെക്കാൾ  എന്റെ ഇഷ്ടങ്ങൾക്കവിടെ  സ്ഥാനമേറിയിരുന്നു. അതിന്റെ കുശുമ്പ് ഇടയ്ക്കിടെ എന്നോട് തീർക്കാറുണ്ട്.

" അല്ല ഭാനൂ... നീ വല്ല കൈവിഷവും കൊടുത്തോ എന്റെ വീട്ടുകാർക്ക്....?  ഇവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും  ഞാനെവിടുന്നോ വലിഞ്ഞു കേറി വന്നതും  നീ അവരുടെ സ്വന്തം മകളുമാണെന്ന്..."

" ഈ കുശുമ്പിന് മരുന്നില്ലന്ന് പറയുന്നത് എത്ര ശരിയാല്ലേ ചേട്ടാ..?

" ഓഹ്...എനിക്കെന്തു കുശുമ്പ്.. നിന്റെ ടൈമാടി മോളെ ടൈം...."

എന്നെയിങ്ങനെ ചൊടിപ്പിക്കാൻ ഓരോന്ന് പറയുമെങ്കിലും അച്ഛനും അമ്മയും എന്നെ സ്നേഹിക്കുന്നത് കാണുന്നതായിരുന്നു അപ്പുവേട്ടനും സന്തോഷം.

മൂവന്തിയാകുന്ന വരെ വഴയ്ക്കും ചീരയ്ക്കും തടമെടുത്തും നനച്ചും അച്ഛനങ്ങനെ നടക്കുമ്പോൾ പതിയെ ഞാനും ഒപ്പം കൂടാൻ തുടങ്ങി. കട്ടിയുള്ള പണിയൊന്നും ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും വള്ളി പയറിന്റെ തല നുള്ളി കളയാനും കായ്തുരപ്പനെ തുരത്താനുള്ള പുകയില കഷായം തളിക്കാനും എന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതെന്തോ മഹാകാര്യമാണെന്ന രീതിയിലാണ് അമ്മ ഏട്ടനോട് അവതരിപ്പിച്ചത്.

സ്വന്തം ജോലിയിൽ  കൈകടത്താൻ ആരെയും അനുവദിക്കാത്ത  പിടിവശിക്കാരനായ അച്ഛനാണത്രെ ഇപ്പോൾ എന്നെ കൂടെക്കൂട്ടിയത്. അതും മക്കളെ പോലെ നോക്കി വളർത്തുന്ന  വിളകളുടെ  കാര്യത്തിൽ...

"അച്ഛന് മൂക്കത്താണ് ശുണ്ഠി വരുന്നതെന്ന്  അമ്മയെന്നെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരുന്നു . പെട്ടെന്നെങ്ങാനും ദേഷ്യപ്പെട്ടാൽ  എനിക്കതൊരു സങ്കടമായി മാറാതിരിക്കാനുള്ള  മുൻകരുതലാണ്.
എന്നിട്ടും ഒരിക്കൽ പോലും അച്ഛനെന്നോട് ദേഷ്യപ്പെട്ടു കണ്ടില്ല...തെറ്റ് ചെയ്തിട്ടും ശകാരിച്ചില്ല..മുഖം കറുപ്പിച്ചില്ല... സ്നേഹത്തോടെ തിരുത്തി തന്നുവെന്ന് മാത്രം. അമ്മയിൽ നിന്നും അപ്പുവേട്ടനിൽ നിന്നും കേട്ട കഥയിലെല്ലാം അച്ഛനൊരു മൊരടനായി എന്റെ മനസ്സ് ചിത്രീകരിച്ചിരുന്നു.
ആരോടും ഒരുപാട് സംസാരിക്കാത്ത  ഒരുപാട് സന്തോഷിക്കാത്ത വേദനിക്കാത്ത ഒരു മനുഷ്യൻ... അതിന്റെ കാരണവും വളരെ വ്യക്തമായിരുന്നു..
' അപ്പുവേട്ടന്റെ ഒരേയൊരു പെങ്ങളു കുട്ടി...
അച്ഛന്റെ ഓമനയും ഏട്ടന്റെ   പ്രാണനുമായ പെൺങ്കൊടി...

ഏഴാം വയസ്സിൽ അവർക്ക് നഷ്ടമായ അവളെ ഉമ്മറത്തെ ഭിത്തിയിൽ വെച്ച ഫോട്ടോയിലൂടെ  കാണാൻ മാത്രമേ എനിക്ക് ഭാഗ്യം കിട്ടിയുള്ളൂ.

കുസൃതി നിറഞ്ഞ മുഖവും വാലിട്ടെഴുതിയ കണ്ണുകളുമായൊരു കുറുമ്പിപെണ്ണ്.
പൊട്ടിച്ചിരിയും കള്ളകരച്ചിലും കൊണ്ട്  ആ വീടിനെ സ്വർഗ്ഗമാക്കിയവൾ...

വെറുതെ ഇരിക്കുമ്പോഴെല്ലാം ഞാനാക്കുട്ടിയെ ഓർക്കും..സ്വപ്നം കാണും ...ഇന്നിവിടെ ഉണ്ടായിരുന്നേൽ അച്ഛനെത്ര  പ്രീയപ്പെട്ടവളാകുമായിരുന്നു...

ആ തോന്നലിലെല്ലാം  ഞാൻ ചോദിക്കും..

" അപ്പുവേട്ടന്റെ അച്ഛനെ എനിക്ക് തരുവോ ....? ന്ന്

"നിന്റെയല്ലേ...പിന്നെന്താ ഇത്ര ചോദിക്കാൻ ...

" അതല്ല.. ദേവൂനെ പോലെ എന്നെയും കാണുവോ... അതേപോലെ സ്നേഹിക്കുവോ....?

" ഭാനൂന് എങ്ങനാ ദേവു ആവൻ പറ്റുക.. ഭാനു എപ്പോഴും ഇതുപോലായാൽ മതി..വേറെ ആരേം പോലെയാവണ്ട...."

അച്ഛനൊരിക്കലും എന്നെ ആ സ്ഥാനത്ത് കാണില്ലെന്ന് അറിയാവുന്നതിനാലാവാം  എട്ടാനൊരുപക്ഷേ അങ്ങനെ പറഞ്ഞത്..അന്ന് ഞാൻ തെല്ലും വിഷമിച്ചില്ല.കാരണം ഞാൻ ദേവു ആകാൻ ശ്രമിച്ചിരുന്നില്ല.. ആവാൻ എനിക്കൊട്ട് കഴിയുകയുമില്ല.. 

എന്നാൽ  ഇന്ന്  തൊടിയിൽ നിന്നും ഞാൻ കേൾക്കെ അച്ഛനെ പ്പോഴും  വിളിക്കാറുണ്ട് 

"ദേവൂ... തൊടിയിലേക്ക് പോരുമ്പോൾ  അച്ഛന് കുടിക്കാൻ വെള്ളം കൂടി എടുത്തേക്കണേ...യെന്ന്....

ആ നിമിഷം അവിടെ ഞാനെന്ന ഭാനുവിനെക്കാൾ ഞാനാവുന്ന ദേവൂനെയാണെനിക്കേറെ ഇഷ്ടം...
കൂട്ടുകാരെ കഥ ഇഷ്ടമായെങ്കിൽ ഇതേ പോലുള്ള നല്ല കഥകൾ വായിക്കുവാൻ വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ...

രചന: Kavitha Thirumeni.....

To Top