എൻ ജീവൻ, ഭാഗം: 14

Valappottukal

"എവിടെ? എനിക്കുള്ളത്?" കീർത്തി എന്നെ കണ്ടപാടെ ചോദിച്ചു.
" അതൊക്കെ നിന്റെ ഏട്ടൻ തന്നോളും. വാ നടക്ക്. വയലിന്റെ അവിടെ നിൽക്കാൻ പറഞ്ഞു"
" ഈശ്വരാ... സിറ്റിയിൽ പോയി  കറങ്ങിയിട്ടും മതിയായില്ലേ. ഈ ഏട്ടന്റെ കാര്യം കൊണ്ട് തോറ്റു. പ്രേമം തലയ്ക്കു പിടിച്ചാൽ ഇങ്ങനെയായിരിക്കും. അല്ലേ രെച്ചു ചേച്ചി?"
ഞാൻ ഒന്നും പറയാതെ അവളെ നോക്കി ചിരിച്ചു. ഞങ്ങൾ അവിടെ എത്തിയപ്പോഴേക്കും കാർത്തിയും വന്നു.
" കീർത്തി കുട്ടി...ഒരു 10 മിനിറ്റ് ഞങ്ങളിപ്പോൾ  വരാം"
"മ്മ്...മ്മ്...ചെല്ല്  ചെല്ല്. നേരം സന്ധ്യ ആകാറായി. വേഗം വരണോട്ടൊ"
"മ്മ്...ശെരി"
അന്ന് ഇരുന്ന കരിങ്കൽ ബേസ്മെന്റിൽ ഞങ്ങൾ ഇരുന്നു.
"ഇനി എപ്പോഴാ ഇതുപോലെ നിന്നെയും കൊണ്ട് ഇവിടെ ഇരിക്കാൻ പറ്റുക. അതോണ്ടാടി..."
കാർത്തി പറയുന്നതെല്ലാം കേട്ടുകൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു.
" നീയെന്താ പെണ്ണേ  ഒന്നും മിണ്ടാത്തത്?"
അതിനു മറുപടി ആയി എന്ന വണ്ണം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ താഴേക്ക്  ഊർന്നു വീണു.
കാർത്തി അത് കണ്ടു. പിന്നെ ഒരു നിമിഷത്തേക്ക് മുഖം തിരിച്ച് ഇരുന്നു.
"എണീക്ക്...വാ പോകാം"

ഞങ്ങൾ കീർത്തിയുമായി  വീട്ടിലെത്തി. അവൾക്കുവേണ്ടി കാർത്തി വാങ്ങി വെച്ചത്  ഒരു ഫാമിലി പാക്കിന്റെ  വാനില ഐസ് ക്രീം ആയിരുന്നു. അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഞങ്ങൾ രണ്ടുപേർക്കും അവൾ ഉമ്മ തന്നു.
"ഡീ...ഇത്ര റൊമാന്റിക് ആയിരുന്നോ ഈ പുള്ളിക്കാരൻ. എന്നാലും ഇത്രയും സംഭവങ്ങൾ നടന്നിട്ട് എന്നോട് ഒന്നും പറഞ്ഞില്ലാലോ. തെണ്ടി...
നീ ബാക്കി പറയ്‌. എല്ലാം പറഞ്ഞു കഴിഞ്ഞിട്ട് നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. ഹ്മ്മ്...പിന്നെ?"
അന്ന് രാത്രി കിടക്കാൻ പോകുന്നതിനുമുമ്പ് കാർത്തി എന്നെ വിളിച്ചു.
"അതേ... ഉറങ്ങുന്നതിനു മുമ്പ് എന്റെ റൂമിലേക്ക് ഒന്നു വരാമോ?"
"എന്തിന്?"
"അതേ...ചേച്ചിയെ വിടാൻ പറ്റില്ല. ഇത്രയും നേരം സംസാരിച്ചത് പോരെ? ഇനി ചേച്ചി എന്നോട് സംസാരിച്ചാൽ മതി"
"ഡീ...ഒരു 15 മിനിറ്റ്. എനിക്കൊരു കാര്യം ഇവൾക്ക് കൊടുക്കാനാ. ഞാൻ മറന്നു പോയി"
"ഓഹോ...മ്മ്...ശെരി. വിടാം.  പക്ഷേ, എനിക്ക് ഒരു കാര്യം വേണം"

എന്താണാവോ ഇവൾ പറയാൻ പോണേ എന്ന മട്ടിൽ ഞങ്ങൾ നോക്കികൊണ്ടിരിക്കെ കീർത്തി ഉടനെ കാർത്തിയുടെ റൂമിൽ കയറി ഫോൺ എടുത്തു.
"ഇത് ഞാൻ എടുക്കുവാണേ. അരമണിക്കൂർ കഴിഞ്ഞ് തരാം" 
എന്നും പറഞ്ഞ് അവൾ മുറിയിൽ ഓടിക്കയറി.
കാർത്തി അതു കണ്ട് ചിരിച്ചു.
"മ്മ്...അവൾ അവസരം മുതലാക്കുവാ. ആഹ്...ഈ തവണ കൊണ്ടു പോയി കളിക്കട്ടെ. രെച്ചു...നീ വന്നേ..."
മുറിയിൽ ചെന്ന് കാർത്തി മേശയുടെ ഡ്രോയർ വലിച്ചു. എന്നിട്ട് ഒരു ചെറിയ കവർ എടുത്തു. അതിൽ കയ്യിട്ട് എന്തോ എടുത്തു. എനിക്ക് കാണാൻ പറ്റിയില്ല.
"നീ കൈ നീട്ടിക്കേ..."
ഞാൻ കൈ നീട്ടി. കാർത്തി എന്തോ കയ്യിൽ വെച്ചിട്ട് പെട്ടന്ന് എന്റെ വിരലുകൾ  മടക്കി.
"ഇനി തുറന്ന് നോക്ക്. നിനക്ക് ഇഷ്ടമാകും"
ഞാൻ നോക്കിയപ്പോൾ വിജയുടെ ഒരു കീ ചെയിൻ朗.
ഞാനിത് പ്രതീക്ഷിച്ചതേ ഇല്ല.
സന്തോഷം കൊണ്ട് എന്ത് പറയണമെന്നറിയാതെ ഞാൻ കാർത്തിയുടെ മുഖത്തുനോക്കി.
കാർത്തി എന്റെ തൊട്ടരികിൽ വന്നിരുന്നു. എന്നിട്ട് എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മുഖത്ത് നോക്കി ചിരിച്ചു.

"ഇനി ഒരു കാര്യം കൂടി ഉണ്ട്"
 
എന്നും പറഞ്ഞ് എന്റെ കയ്യിലേക്ക് രണ്ടു വളകൾ ഇട്ടു.
ബ്ലാക്കിൽ ഫുൾ വൈറ്റ് സ്റ്റോൺ പതിപ്പിച്ചത് . എനിക്ക് നല്ല ഇഷ്ടമായി അത്.
"ഒരുപാട് ഇഷ്ടമായെന്ന് നിന്റെ മുഖം പറയുന്നുണ്ട്. So, I'm Very Happy"☺️
കാർത്തി എന്റെ കൈ പിടിച്ച് വളകളെ നോക്കി ചിരിച്ചിട്ട് പറഞ്ഞു.
"നീ അന്ന് സിനിമ കാണാൻ പോയപ്പോൾ ഇട്ടില്ലേ ഒരു ബ്ലാക്ക് കുർത്ത. അതിൽ കയ്യിന്റെ താഴെയും പിന്നെ കഴുത്തിൽ ഡിസൈൻ വരുന്നതും ഇത് പോലെത്തെ വൈറ്റ് സ്റ്റോൺ അല്ലേ?
ആ ഡ്രസ്സ്‌ എനിക്ക് നല്ല ഇഷ്ടായി. നിനക്ക് ഈ  കീ ചെയിൻ വാങ്ങിച്ചപ്പോൾ ഇത് പെട്ടന്ന്  കണ്ണിൽപ്പെട്ടു. അങ്ങനെ വാങ്ങിയതാ"
"ഓഹോ...അപ്പോൾ ആ ഡ്രസ്സ്‌ നല്ലതു പോലെ നോക്കിയല്ലേ?"
"പിന്നെ, നിന്നെ നോക്കാതെ..."
കാർത്തി ഒരു കള്ളച്ചിരിയോടെ പറഞ്ഞു.
ഞാൻ കാർത്തിയെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു ഇരുന്നു.
"ഹലോ...ഏട്ടാ...സംസാരിച്ചു കഴിഞ്ഞോ?"
പുറത്ത് നിന്നും കീർത്തിയുടെ ശബ്ദം കേട്ടപ്പോൾ ഞങ്ങൾ ഉടനെ എണീറ്റു.
"നീ ഗെയിം കളിച്ചു കഴിഞ്ഞോ? അതിന് അര മണിക്കൂർ ആയില്ലലോ?!"
"ആഹ്... പക്ഷേ, ഗെയിം കളിക്കാൻ ഏട്ടന്റെ ഫോണിൽ ചാർജ് വേണ്ടേ? ദേ കൊണ്ടുപോയി ചാർജ് വെക്ക്"
കാർത്തി ഫോൺ വാങ്ങി ചാർജിൽ ഇട്ടു.
"വാ ചേച്ചി നമുക്ക് പോകാം"
കീർത്തി എന്റെ കൈ പിടിച്ചു കൊണ്ടുപോയി.
"ഡീ...ഡി...10 മിനിറ്റ് പോലും ആയില്ല. നില്ക്കവിടെ"
എന്നും പറഞ്ഞ് കാർത്തി അവളുടെ കൈ എന്നിൽ നിന്നും വിടുവിച്ചു.
"ശ്ശെടാ... ഇന്ന് ഇനി  ശിവരാത്രി ആക്കാൻ ഏട്ടന് വല്ല ഉദ്ദേശവും ഉണ്ടോ?"
"ആഗ്രഹമുണ്ട്. പക്ഷേ, നീ സമ്മതിക്കില്ലലോ"
"ഓഹോ...അങ്ങനെ ഇപ്പോൾ ശിവരാത്രി ആക്കണ്ട. സംസാരിച്ചത് മതി. പോയി കിടന്നു ഉറങ്ങാൻ നോക്ക്. ഇനി ചേച്ചിയെ വിടില്ല"

ഇത് കേട്ട് കാർത്തി എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടാതെ നിന്നു.
"രെച്ചു...നീ പൊയ്ക്കോ...ഗുഡ് നൈറ്റ്‌"
എന്നും പറഞ്ഞ് കാർത്തി മുറിയിൽ കയറി വാതിൽ അടച്ചു. ഇത് കണ്ടതും ഞാൻ  കീർത്തിയെ നോക്കി.
"അയ്യോ...സോറി ചേച്ചി. ഏട്ടന് വിഷമം ആയെന്ന് തോന്നുന്നു. ഞാൻ ചുമ്മാ പറഞ്ഞതാ. ചേച്ചി പോയി സംസാരിച്ചിട്ട് വാ"
കീർത്തി മുറിയിൽ കേറി പോയി. ഞാൻ അവിടെ തന്നെ നിന്നു. ഇനി വാതിലിൽ മുട്ടണ്ടേ?
ഞാൻ പതിയെ വാതിലിൽ മുട്ടാൻ പോയതും കാർത്തി വാതിൽ തുറന്നു. ഞാൻ പെട്ടന്ന് ചെറുതായി ഞെട്ടി. കാർത്തി ആണേൽ എന്നെ നോക്കി ചിരിക്കുന്നു.
" എനിക്ക് തോന്നി നീ പോയില്ലാന്ന്"
"ആഹാ... അതേ...ഞാൻ ഗുഡ് നൈറ് പറയാൻ വേണ്ടി നിന്നതാ. ഗുഡ് നൈറ്"
എന്നും പറഞ്ഞ് ഞാൻ തിരിച്ചു നടന്നു. ഉടൻ തന്നെ കാർത്തി കയ്യിൽ കയറി പിടിച്ചു.
"എവിടെ പോണു? ഗുഡ് നൈറ് മാത്രമേ ഉള്ളോ? എനിക്ക് വേറെ ഒന്നും ഇല്ലേ?"
"ഈ പറയുന്ന ആളും ഗുഡ് നൈറ്റ് പറഞ്ഞിട്ട് അങ്ങ് പോയില്ലേ?"
"പിന്നെ, കീർത്തി നിൽക്കുമ്പോൾ നിനക്ക് ഉമ്മ തരാൻ പറ്റുവോടി? ഉമ്മ തരാൻ അല്ലേ നിന്റെ ഈ കാർത്തി ഇപ്പോൾ വാതിൽ തുറന്നെ?"
 
കാർത്തി എന്റെ നേർക്ക് നിന്ന് കാർത്തിയുടെ  നെറ്റി എന്റെ നെറ്റിയുമായി മുട്ടിച്ചു. എന്നിട്ട് എന്റെ ഇടത്തെ കവിളിൽ ഉമ്മ തന്നു.
"ഇനി എന്റെ പെണ്ണ് പോയി കിടന്നോ. രാവിലെ കാണാം"
ഞാനും അതുപോലെ കാർത്തിക്കു ഉമ്മ കൊടുത്തിട്ട് മുറിയിൽ പോയി. കീർത്തി അവിടെ ഉറങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞങ്ങൾ കുറേ നേരം സംസാരിച്ചിട്ട് കിടന്നുറങ്ങി.
നേരത്തെ എണീറ്റാൽ  അത്രയും സമയം കാർത്തിയോട് സംസാരിക്കാമല്ലോ എന്ന് കരുതി ഞാൻ ഒരു അഞ്ചര ആയപ്പോൾ എണീറ്റ് കുളിച്ച്  പോകാനുള്ള ഡ്രസ്സ് എടുത്തിട്ടു. തലമുടി ഒരു കുളി പിന്നൽ  ഇട്ടുകൊണ്ട് ഞാൻ മുറിക്കു പുറത്തിറങ്ങി. കീർത്തി നല്ല ഉറക്കമായിരുന്നു.
ഞാൻ കാർത്തിയുടെ മുറിയിലേക്ക് നോക്കിയപ്പോൾ മനസ്സിലായി വാതിൽചാരിയിട്ടെ  ഉള്ളൂ എന്ന്. ഞാൻ ഒച്ച  ഉണ്ടാക്കാതെ വാതിൽ തുറന്നു അകത്തു കയറി.
കാർത്തി അറിഞ്ഞില്ല. ഉറക്കം തന്നെയാണ്. കാർത്തിയുടെ മുഖത്ത് ഞാനൊന്നു നോക്കി. ഉറങ്ങുമ്പോഴും ആ  ചിരി പ്രതിഫലിച്ചു നിൽക്കുന്നു. ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷ്കളങ്കമായി ഉറങ്ങുന്നത് പോലെ എനിക്ക് തോന്നി.
ഞാൻ മെല്ലെ കുനിഞ്ഞു കാർത്തിയുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു. പെട്ടെന്ന് കാർത്തി കണ്ണുതുറന്നു. എന്നെ കണ്ട് അതിശയിച്ചു.
"അയ്യോ...നീ പോകാൻ റെഡി ആയോ? നിന്നെ സ്വപ്നം കണ്ട് കിടക്കുകയായിരുന്നു.  സമയം പോയത് അറിഞ്ഞില്ല"
ഞാൻ ഇത് കേട്ടപ്പോൾ ചിരിച്ചു.
"എന്താടി നിന്ന് ചിരിക്കുന്നെ?"
കാർത്തി ഉടൻ വാച്ച് എടുത്തു നോക്കി.
"6:10 അല്ലേ ആയുള്ളൂ .ഈ സമയത്ത് എവിടെ പോകുന്നു. 11 മണി കഴിഞ്ഞുള്ള ട്രെയിനിൽ പോകുമെന്നല്ലേ ഇന്നലെ പറഞ്ഞെ?"
"അതേ...നേരത്തെ എണീറ്റാൽ അത്രയും സമയം മോനോട് സംസാരിക്കാമല്ലോ എന്നു വിചാരിച്ച് ഞാൻ...."
"ശ്ശെടാ...ഇത് എന്നോട് ഇന്നലെ പറയാമായിരുന്നില്ലേ? ഞാനും റെഡി ആയി ഇരിക്കുമായിരുന്നല്ലോ. ഇനിയിപ്പോൾ വന്ന സ്ഥിതിക്ക്..."
എന്നും പറഞ്ഞ് കാർത്തി എന്നെ പിടിച്ച്  നെഞ്ചിലേക്ക് വലിച്ചിട്ടു. ഉമ്മ വെക്കാൻ വന്നതും....
"അയ്യോ...സോറി. ഞാൻ പല്ല് തേച്ചില്ലലോ. നീ ഇവിടെ ഇരിക്ക്. ഞാൻ ബാത്‌റൂമിൽ പോയിട്ട് വരാം"
"ങേ? ഞാൻ പോണു. കീർത്തി ഉണരും" ഞാൻ എണീക്കാൻ പോയി.
"നീ എന്നോട് സംസാരിക്കാൻ വന്നതല്ലേ? സംസാരിച്ചിട്ട് പോയാൽ മതി. നിന്നെ കണ്ടില്ലേൽ കീർത്തി എന്റെ അടുത്തേ വരുള്ളൂ. അതുകൊണ്ട് മര്യാദക്ക് ഞാൻ വരുന്നത് വരെ ഇവിടെ ഇരുന്നോണം"
എന്നും പറഞ്ഞ് കാർത്തി ബാത്‌റൂമിൽ കയറി. ഞാൻ അവിടെ കട്ടിലിൽ തന്നെ ഇരുന്നു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ കാർത്തി വന്നു.എന്നിട്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. നേരെ പോയി വാതിൽ കുറ്റിയിട്ടു.
അത് കണ്ടതും ഞാൻ എണീറ്റു. കാർത്തി അടുത്ത് വരുന്നത് കണ്ടപ്പോൾ നെഞ്ച് വല്ലാതെ മിടിച്ചു.
"നീ എന്തിനാ എണീറ്റത്? അവിടെ ഇരിക്ക്"
കാർത്തി വന്ന് എന്റെ തൊട്ടടുത്ത് ഇരുന്നു.
"ഇനി നമുക്ക് സംസാരിക്കാം"
ഇത് കേട്ടപ്പോൾ ഞാൻ അറിയാതെ ഒരു നെടുവീർപ്പ് ഇട്ടു.
"എന്റെ മോള് പേടിച്ചോ?
കാർത്തി എന്റെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു. ഞാൻ ഇല്ലെന്ന് ചുമൽ കുലുക്കി കാണിച്ചു.
"എനിക്ക് അറിയില്ലേ നിന്നെ?"
എന്ന് പറഞ്ഞിട്ട് കാർത്തി ഒരു നിമിഷം മൗനമായി എന്നെ നോക്കി ഇരുന്നു.

"സത്യത്തിൽ ഇപ്പോൾ എന്നെക്കാളും ഭ്രാന്തമായി സ്നേഹിക്കുന്നത് നീയാണ്. അത് കാണുമ്പോൾ എനിക്ക് അറിയില്ല എന്റെ ഉള്ളിൽ എത്ര മാത്രം സന്തോഷം ഉണ്ടാകുന്നു എന്ന്.
ട്രെയിനിങ്ങിനു പോകുമ്പോൾ ഞാൻ നിന്നെ മിസ്സ്‌ ചെയ്യില്ല. കാരണം, നിന്റെ ഓർമകൾക്ക് ജീവനുണ്ട് പെണ്ണേ. ഓർക്കുംതോറും നീ അടുത്തുള്ളത് പോലെ തോന്നും"☺️
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. കരയും എന്ന് ഉറപ്പായപ്പോൾ ഞാൻ എണീറ്റു. കാർത്തി എന്റെ കയ്യിൽ കേറി പിടിച്ചു.
"ദേ...ഇനി കോളേജിലേക്കാണ്. നല്ലതു പോലെ പഠിക്കണം. അവിടെ കുറേ പാർട്ടികൾ കാണും. ഒരു പ്രശ്നത്തിലും അകപ്പെടാതെ സൂക്ഷിച്ചു നടക്കണം. ആളും തരവും നന്നായി മനസ്സിലാക്കിയിട്ടേ കൂട്ട് കൂടാൻ പാടുള്ളു. കേട്ടോ?"
ഞാൻ തല കുലുക്കി.
"മ്മ്...തല കുലുക്കിയാൽ പോര. അനുസരിച്ചോണം കേട്ടോടി ഭാവി പൊണ്ടാട്ടി "
കാർത്തി അങ്ങനെ പറഞ്ഞപ്പോൾ  എനിക്ക് ചിരി വന്നു. ഞാൻ കാർത്തിയെ നോക്കി ചിരിച്ചിട്ട് പോകാൻ തിരിഞ്ഞു. പെട്ടന്ന് കാർത്തി എണീറ്റ് എന്നെ പുറകിലൂടെ കെട്ടിപ്പിടിച്ചു.
"അങ്ങനെ അങ്ങ് പോയാലോ"
എന്നും പറഞ്ഞ് കാർത്തി എന്റെ കഴുത്തിൽ നനഞ്ഞൊട്ടി കിടക്കുന്ന തലമുടിയെല്ലാം എടുത്ത് മുമ്പിലേക്ക് ഇട്ടു. എന്നിട്ടവിടെ അമർത്തി ചുംബിച്ചു. പെട്ടന്ന് ശരീരമാകെ  എനിക്ക് ചെറിയൊരു വിറയലു പോലെ തോന്നി. ഞാൻ കഴുത്ത് ചെരിച്ച് കൊണ്ട് ഇടത്തെ തോളൊന്നു അറിയാതെ പൊക്കി പോയി. കാർത്തി ഉടൻ എന്നെ തിരിച്ചു നിർത്തി.
(തുടരും)
രചന: ഗ്രീഷ്മ. എസ്
വായിക്കുന്ന കൂട്ടുകാർ ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കാൻ മടിക്കല്ലേ...
To Top