ഏട്ടന്റെ അനിയത്തിക്കുട്ടി...

Valappottukal

ഞാന്‍ കണ്ണ് തുറന്നപ്പൊ തൊട്ട് അവളെന്നെ തുറിച്ച് നോക്കുന്നുണ്ട്......

അവള്‍ ആരാണെന്ന് എനിക്കും മനസ്സിലാകുന്നില്ല....

ഇവളെന്തിനാ എന്നെ ഇങ്ങനെ തുറിച്ച് നോക്കുന്നെ....???

എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഞാന്‍ ഒാടികളിച്ച് നടക്കേണ്ട സ്ഥലത്ത് വന്ന് കിടക്കുന്നതും പോരാ അവളുടെ ഒരു നോട്ടം കണ്ടില്ലേ......

മൂക്കിനിട്ട് ഒരിടി കൊടുക്കാന്‍ തോന്നും.......

പിന്നെ ഒരു കാര്യമുണ്ട് കേട്ടോ..... ശ്ശ്...... നിങ്ങള്‍ ആരോടും പറയരുത്........

ഒരു ദിവസം രാത്രി അവള്‍ സുഖായിട്ട് കിടന്നുറങ്ങിയപ്പോള്‍ അമ്മയുടെ ഉണ്ണിയേട്ടന്‍ ഒരുമ്മ തന്നു കേട്ടോ......

എപ്പോഴും പാതി ഉമ്മ അവള്‍ക്ക് കൊടുക്കേണ്ടി വരുന്നതാ... ഈ കാര്യം അവളറിഞ്ഞില്ല......

എനിക്കന്ന് ആദ്യായിട്ട് ഒരു ഉമ്മ മുഴുവനും കിട്ടി.....

അവളെന്നും നേരത്തേ അങ്ങ് ഉറങ്ങണേ ഭഗവാനേ.....

പിന്നെയുണ്ടല്ലോ..... ഒരീസം ഞാന്‍ നോക്കുമ്പൊ അവള്‍ ഭയങ്കര ഉറക്കം.... ഞാനൊത്തിരി നേരം ഒറ്റക്കിരുന്ന് മടുത്തു.... അമ്മയും ഉറക്കമായിരുന്നു എന്ന് തോന്നുന്നു....

അല്ലെങ്കില്‍ അമ്മയുടെ വര്‍ത്താനം കേട്ട് ഞാന്‍ മിണ്ടാതെ കിടക്കണതല്ലേ......

എനിക്കാകെ ദേഷ്യം വന്നു... പെണ്‍കുട്ടികള്‍ ഉച്ചക്ക് ഉറങ്ങരുതെന്ന് പറഞ്ഞപ്പൊ അവളൊരു നോട്ടം... എന്നിട്ട് തിരിഞ്ഞൊരു കിടപ്പും....

ഞാന്‍ അവളുടെ മൂക്കിനിട്ടൊരിടി അങ്ങ് കൊടുത്തു..... എനിക്ക് ശെരിക്കും ദേഷ്യം വന്നിട്ടാ.... നിങ്ങള്‍ക്കറിയില്ലേ ഞാന്‍ ശെരിക്കും പാവാണെന്ന്.....

അന്ന് ഞാന്‍ ശെരിക്കും പേടിച്ച് കേട്ടോ.... അവളുടെ മൂക്കാകെ ചുവന്ന് തുടുത്തു... ചോര വരുമെന്നാ വിചാരിച്ചത്.... അവള്‍ കുറേ കരഞ്ഞു... എന്നിട്ടും അവളെന്നെ ഒന്നും ചെയ്തില്ല.....

അന്ന് തൊട്ട് അവളെ എനിക്ക് വലിയ ഇഷ്ട്ടാ......

പാവം തോന്നി ആ ചുവന്ന മൂക്ക് കണ്ടപ്പൊ... ഉറങ്ങിയപ്പൊ ഞാന്‍ തടകി കൊടുത്തു കേട്ടോ.... പാവല്ലേ ല്ലേ.....

എന്നാലും ഇടക്കൊക്കെ ദേഷ്യം വരും കേട്ടോ....

അമ്മ മാങ്ങയും നെല്ലിക്കയുമൊക്കെ തിന്നുമ്പൊ അവള്‍ വായില്‍ വെള്ളമൂറുന്നത് കാണാം.....

പക്ഷേ അതിന് പുളിയാണെന്നൊക്കെ അമ്മ പറഞ്ഞ് കേള്‍ക്കുന്നതല്ലാതെ എനിക്കറിയില്ലാട്ടോ......

ഈ മധുരവും കയ്പും ഒന്നുമറിയില്ല....

ഒരു കൊഴല് പൊക്കിളില്‍ ഒട്ടിപിടിച്ച് ഇരിക്കുന്നുണ്ട്.... അതില്‍ കൂടിയാ എല്ലാം ഞങ്ങള്‍ക്ക് കിട്ടുന്നെ....

ആ പൊക്കിള്‍കൊടിയുടെ പാതിയും അവളെടുത്തേക്കുവ കേട്ടോ....

ശെരിക്കും പറഞ്ഞാ അവളും കൂടി ഉള്ളത് കാരണം എനിക്കൊന്ന് കളിക്കാന്‍ പോലും സ്ഥലമില്ല......

ഇടക്കൊക്കെ രാത്രി അമ്മയുടെ ഉണ്ണിയേട്ടന്‍ മസാലദോശ കൊണ്ടുവരും കേട്ടോ....

അമ്മ അത് എന്ത് വേഗത്തിലാ കഴിക്കുന്നെ..... ഈ മസാലദോശ അത്ര രുചിയുള്ള സാധനമാണോ....???? അത് കാണാന്‍ എങ്ങനെയാണോ ആവോ...???

ഇടക്കൊക്കെ അമ്മക്ക് കാലിന് വയ്യാതെ വരുന്നുണ്ട് കേട്ടോ.... അമ്മയുടെ ഉണ്ണിയേട്ടന്‍ തടകി കൊടുക്കുമെന്ന് തോന്നുന്നു.....

ഇടക്കൊക്കെ അമ്മയുടെ ഉണ്ണിയേട്ടന്‍ അമ്മയെ ഒത്തിരി സ്നേഹിക്കുന്ന പോലെ തോന്നും.....

ഈ ഉണ്ണിയേട്ടന്‍ ശെരിക്കും ആരാ....??? ഞങ്ങടെ അച്ഛനായിരിക്കും അല്ലേ...???

ശെരിക്കും നിങ്ങളോട് ഞാനൊരു രഹസ്യം പറയാം......

നാളെ ഞങ്ങള്‍ ഇവിടുന്ന് പുറത്ത് വരും കേട്ടോ.... അവള്‍ക്കും അതറിയാം....

അവള്‍ പറയുവ ആദ്യം അവള്‍ക്ക് അമ്മയെ കാണണം എന്ന്.....

ഞാന്‍ സമ്മതിക്കൂല.... എനിക്ക് തന്നെ കാണണം ആദ്യം എന്‍റെ അമ്മയെ.....

ശ്ശ്‌....ശ്ശ്.... നിങ്ങളാരും മിണ്ടല്ലേ..... ഞാനൊന്ന് ഉറങ്ങിയ പോലെ അഭിനയിക്കട്ടെ..... അപ്പൊ അവളുറങ്ങും.... എന്നിട്ട് വേണം അവളറിയാതെ എനിക്കാദ്യം പുറത്ത് കടക്കാന്‍.....

എന്തിനാണെന്നോ....???

അവളുടെ ഏട്ടനാകാന്‍... അവളുടെ ആ ചുവന്ന് തുടുത്ത മൂക്കില്‍ ഇനി ഒരാളും ഇടിക്കാതെ എന്‍റെ കുഞ്ഞനിയത്തിയായി നെഞ്ചോട് ചേര്‍ത്ത് സ്നേഹിക്കാന്‍.....

ഞങ്ങള്‍ പുറത്തേക്ക് വരുമ്പൊ ഞങ്ങടെ അമ്മക്ക് നോവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കണേ എല്ലാരും....

എന്താ.... പ്രാര്‍ത്ഥിക്കില്ലേ..???
ഇതുപോലെ കൂടുതൽ കഥകൾക്കും, നോവലുകൾക്കും വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....

രചന: Amritha Reghu

To Top