"കല്യാണിക്കുട്ടീ... ഇന്ന് മുതൽ എന്നെന്നേക്കുമായി നീയെനിക്ക് സ്വന്തം.. " ആരും കാണാതെ.. മറ്റാരും കേൾക്കാതെ അവനവളുടെ കാതോരം മന്ത്രിച്ചു.. നാണം കൊണ്ട് തുടുത്തിരുന്നു കല്യാണിയുടെ മുഖം.. സമീപത്തിരിക്കുന്ന തന്റെ പുരുഷനെ പ്രണയത്തിൽ ചാലിച്ച പുഞ്ചിരിയോടെ അവൾ നോക്കി.. ആ മുഖത്തെ തേജസ്സ് വർദ്ധിപ്പിച്ചു കൊണ്ട്.. അവളുടെ കാഴ്ചയെ അവ്യക്തമാക്കി കൊണ്ട് സൂര്യപ്രകാശം അവിടെ നിറഞ്ഞു നിന്നിരുന്നു.. മുഖം വ്യക്തമാകുന്നില്ല.. എന്നാലും തന്റെ പ്രാണനാണ് അവിടെ ഇരിക്കുന്നതെന്ന ചിന്ത അവളെ പുളകം കൊള്ളിച്ചു...
"സീതാകല്യാണ വൈഭോഗമേ.. രാമകല്യാണ വൈഭോഗമേ... പവനജസ്തുതിപാത്ര പാവന ചരിത്ര.. രവിസോമ വരനേത്ര രമണീയഗാത്ര......"
കൂട്ടുകാർ എന്തൊക്കെയോ പറഞ്ഞവളെ കളിയാക്കുന്നുണ്ട്.. എന്നാൽ ആ കളിയാക്കലുകൾ അവളിൽ ദേഷ്യമല്ല പുഞ്ചിരിയാണ് വിടർത്തിയത്.. നാണം എന്ന വികാരം ഒത്തിരി സന്തോഷത്തോടെ തന്റേയുള്ളിൽ ഓടിക്കളിക്കുന്നത് അവളറിഞ്ഞു... നാണത്താലങ്ങനെ മതിമറന്നിരിക്കുമ്പോഴാണ് അവളത് കേട്ടത്..
"ഓം....... കൗസല്യാ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർത്തതേ.. ഉത്തിഷ്ഠ നരശാർദൂല! കർത്തവ്യം ദൈവമാഹ്നികം.........."
"ങേ..! ഇതാരാ മ്യൂസിക് ചെയ്ഞ്ചാക്കിയേ..??" അവളുടെ ചോദ്യത്തിനാരും ഉത്തരം നൽകിയില്ല....
"ഈ മ്യൂസിക് ഈ സിറ്റുവേഷന് ചേരില്ല.." വീണ്ടും നിശബ്ദത മാത്രം...
"എന്താ ആരും ഒന്നും മിണ്ടാത്തേ...??" ഇത്തവണ കുറച്ച് ഉച്ചത്തിലാണ് അവളത് ചോദിച്ചത്.. അതിന് അമ്മയുടെ ശബ്ദത്തിൽ എന്തോ മറുപടി വന്നു.. എന്നാൽ ഒന്നും വ്യക്തമായിരുന്നില്ല... ബാഹുബലിയിലെ കാലകേയരുടെ ഭാഷ പോലെ തോന്നി അവൾക്ക്..
"എന്താ അമ്മ പറയുന്നേ...???"
പിന്നെയും വ്യക്തമല്ലാത്ത ഉത്തരം.... അവൾക്ക് ദേഷ്യം വന്നു...
"അമ്മാ.......!!!!" ആ അലർച്ച മാത്രമേ ഓർമയുള്ളൂ... തലയിലൂടെ ഒരു കുടം വെള്ളം വീണിരുന്നു.. ഒപ്പം അമ്മയുടെ കയ്യിന്റെ ചൂടുമറിഞ്ഞപ്പോൾ അവൾ യാഥാർഥ്യത്തിലേക്ക് ഉണർന്നു വന്നു...
"നേരം വെളിച്ചാമ്പോ പിച്ചും പേയും പറയണെന്താ പെണ്ണേ...?" കണ്ണൊന്ന് വലിച്ചടച്ച് തുറന്നപ്പോൾ മുന്നിൽ രൗദ്രഭാവം പൂണ്ട് അമ്മ... അപ്പോ ഇത്രയും നേരം കണ്ടത്...!!??
"കൗസല്യാ സുപ്രജാ......" വീണ്ടും വീണ്ടും കേൾക്കുന്ന സ്തോത്രം അവളെ ഓർമപ്പെടുത്തി.. 'സീതാകല്യാണ വൈഭോഗമേ..' വെറും സ്വപ്നമായിരുന്നെന്ന്....
ച്ഛെ..!! എന്നാലും മുഖം കണ്ടില്ലല്ലോ... ഇതിപ്പോ ഗീതാഗോവിന്ദത്തിലെ ഗോവിന്ദിന്റെ സ്വപ്നം പോലായല്ലോ... അവൻ പക്ഷേ നായികയുടെ മുഖം കണ്ടു... അതോണ്ടവളെ കണ്ടപ്പോ തിരിച്ചറിയാനും പറ്റി.. ഇതിപ്പോ ഞാൻ മുഖമറിയാതെ എങ്ങനെ ആളെ തപ്പാനാ...?
"എന്താടീ ഇരുന്നാലോചിക്കണേ...? എണീറ്റ് പോ.." വീണ്ടും അമ്മയുടെ ആക്രോശം കേട്ടപ്പോൾ അവൾ ചിന്തകളെ ഒതുക്കി കെട്ടി..
"മാതാശ്രീ.. ഇനിയിപ്പോ ഡ്രെസ് ഒന്ന് ചെയ്ഞ്ച് ചെയ്താൽ പോരേ.. കുളിപ്പിക്കൽ അമ്മ ചെയ്തൂലോ.."
"എഴുന്നേറ്റ് പോടീ.. "
"എന്റമ്മേ.. ഞാൻ സീരിയസ് ആയിട്ട് ചോദിച്ചതാ.."
"ഓ.. ഇങ്ങനൊരു പെണ്ണ്.. വയസ്സിത്രയായീന്ന് പറഞ്ഞിട്ട് ഒരു കാര്യോമില്ല.. പോയി പല്ലുതേച്ച് കുളിക്കടീ.." അവളെണീച്ചപ്പോൾ അമ്മ സാരിത്തലപ്പ് കൊണ്ട് തല തുവർത്തി കൊടുത്തു..
"കിണറ്റിലുള്ള വെള്ളം മുഴുവൻ ന്റെ തലേൽ കോരി ഒഴിച്ചിട്ട് ഇപ്പോ തുടച്ചു തരുന്നോ.."
"കണക്കായിപ്പോയി.. ഉറക്കത്തിൽ പിച്ചും പേയും പറഞ്ഞിട്ടല്ലേ.."
"ഞാനൊരു സ്വപ്നം കണ്ടതാ.. അല്ലാതെ പിച്ചും പേയും പറഞ്ഞതല്ല.."
"എന്ത് സ്വപ്നാ നീയ് കണ്ടേ..? എന്തോ മ്യൂസിക് എന്നൊക്കെ പറയണുണ്ടാർന്നല്ലോ.."
"അ..അത് പിന്നെ... ഒന്നൂല്യ..." അവൾ മുറിക്ക് പുറത്തേക്കോടി... മുത്തശ്ശീടെ ടേപ്പ് റെക്കോർഡർ അപ്പോഴും കൗസല്യാ സുപ്രജാ പാടുന്നുണ്ടായിരുന്നു...
"ഭദ്രകാളി അന്തർജനം.. ഗുഡ് മോർണിംഗ്.."
"എണീറ്റോ ചട്ടമ്പിക്കല്യാണി.."
"ഉവ്വല്ലോ ഭദ്രകാളീ.. അവിടുത്തെ മരുമകൾ ഉണ്ടല്ലോ ആര്യാംബിക അന്തർജനം.. കിടക്കാൻ സമ്മതിച്ചില്ല നോമിനെ.. ഒരു കുടം വെള്ളം തലയിലൂടെ അഭിഷേകം ചെയ്തു.. അതും ഇന്നൊരു ഞായറാഴ്ച ആണെന്ന് ഓർക്കണം..."
"ശിവ.. ശിവ.. അവളങ്ങനെ ചെയ്തോ ന്റെ കുട്ട്യോട്.."
"ചെയ്തെന്നേ.."
"നിനക്ക് പല്ല് തേക്കാറായില്ലേ കല്ലൂ.. ഇവിടിരുന്ന് കിന്നാരം പറയാണോ..?"
അമ്മ അങ്ങോട്ട് വന്നു..
"അതമ്മേ.. ഞാനീ ഭദ്രകാളിയോട്.."
"എടീ..." അമ്മ അവൾക്ക് നേരെ കയ്യോങ്ങി..
"സോറി സോറി.. നോമുദ്ദേശിച്ചത് ഭദ്രാദേവി എന്നാ.. ഭദ്രാദേവി അന്തർജനം എന്ന നമ്മുടെയീ മുത്തശ്ശിയോട് കുറച്ച് സീരിയസ് മാറ്റേഴ്‌സ് പറയാനുണ്ടാർന്നു.."
"അവൾടൊരു സീരിയസ് മാറ്റേഴ്സ്.. ചെല്ലടീ അങ്ങോട്ട്.."
"അവൾ വരും ആര്യേ.."
"എന്റമ്മേ.. ഇവൾടെ പ്രായത്തിലുള്ള പെൺകുട്ട്യോളൊക്കെ നേരം പുലരും മുമ്പേ എണീച്ച് കുളിക്കും.. ഞാനൊക്കെ ഇത്തിരി നേരം കൂടുതലുറങ്ങിയാ ന്റെ അമ്മയൊന്നും എന്നെ ചെവിതല കേൾപ്പിക്കില്ലാർന്നു.."
"ഓ.. ആ പ്രതികാരം എന്നോട് തീർക്കാണല്ലേ അമ്മ.."
"പ്രതികാരമല്ലെടീ.. നാളെ മറ്റൊരില്ലത്തേക്ക് കേറി ചെല്ലേണ്ടവളാ നീയ്.. അപ്പോഴും ഇങ്ങനായാ എന്ന്യാ എല്ലാരും കുറ്റം പറയാ.."
"അങ്ങനൊന്നും സംഭവിക്കില്ല.. അമ്മ ഒന്ന് പോയേ.."
"നിന്നോട് പറഞ്ഞിട്ടേ ഒരു കാര്യോമില്ല.." അതും പറഞ്ഞമ്മ അടുക്കളയിലേക്ക് പോയി..
"എടി ചട്ടമ്പീ.. ആര്യ വേറെ ഇല്ലത്തേക്ക് പോണ കാര്യം പറഞ്ഞപ്പോ ഞാൻ വേളി കഴിക്കണില്ല എന്നല്ലേ പറയണ്ടേ.. ആ ഡയലോഗ് അല്ലേ സാധാരണ എല്ലാ പെൺകുട്ട്യോളും പറയാറ്.."
"അയ്യടാ.. അതിനിത്തിരി പുളിക്കും.. ഞാനങ്ങനെ പറയൂല.. എനിക്ക് കെട്ടിയേ പറ്റൂ..." അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..
"മുത്തിയമ്മേ.. അതുപറഞ്ഞപ്പോഴാ വേറൊരു കാര്യം ഓർമ വന്നേ.. ഇതെന്തിനാ എന്നും രാവിലെ ഇങ്ങനെ ഓണാക്കി വെക്കണേ...?"
"ഇത് കേൾക്കണത് നല്ലതാ കുട്ട്യേ.. വെങ്കിടേശ്വര സുപ്രഭാതമാണ്.. ഇതിന്റെ അർത്ഥമറിയോ..? " അവൾ വലിയ താൽപര്യമില്ലാത്തത് പോലെ നിന്നു.. അത് ശ്രദ്ധിക്കാതെ മുത്തശ്ശി പറയാൻ തുടങ്ങി..
"ഓ രാമാ , കൗസല്യയുടെ ഏറ്റവും മിടുക്കനായ പുത്രാ.. ഈ ഉഷസ്സന്ധ്യയിൽ അതാ കിഴക്ക് പ്രഭാതം അതിവേഗത്തിൽ വന്നണയുന്നു.. നരോത്തമനായ അവിടുന്ന് ദൈവീകമായ കർത്തവ്യങ്ങളിലേക്ക് ഉണർന്നാലും.."
"ഇതൊക്കെ എനിക്കറിയാം.. തിരുമലയിൽ കുടികൊള്ളുന്ന ശ്രീ വെങ്കടേശ സ്വാമിയെ പള്ളിയുണർത്താനുള്ള സ്തോത്രം ഞാൻ ഇന്നും ഇന്നലെയൊന്നും കേൾക്കാൻ തുടങ്ങിയതല്ലല്ലോ.. ഞാനും എന്നും പള്ളിയുണരുന്നത് ഇത് കേട്ടാണല്ലോ.." കല്യാണി പറഞ്ഞു..
"സൂര്യോദയത്തിനും മുൻപേ തുടങ്ങുന്ന നാദോദയം.. സുബ്ബലക്ഷ്മിയുടെ സ്വരമാധുര്യമറിഞ്ഞ് ഭാരതീയർ ഉണരാൻ തുടങ്ങിയിട്ട് കാലമെത്ര കഴിഞ്ഞു.. എത്ര തലമുറ മാറി വന്നാലും അതിനൊരു മാറ്റവുമില്ല.. കാലമോ ദേശമോ സംസ്ക്കാരമോ ഒന്നും സുബ്ബലക്ഷ്മിയുടെ സംഗീതത്തിന് ഒരു അതിർവരമ്പല്ല.. ഗാന്ധിജിയും നെഹ്രുവും അങ്ങനെ പല പ്രമുഖരും അവർക്ക് മുൻപിൽ നമിച്ചു പോയവരാണ്...." മുത്തശ്ശി സുബ്ബലക്ഷ്മിയെ കുറിച്ചോർത്തു കൊണ്ട് പറഞ്ഞു..
"എന്റമ്മോ.. മതി മതി.. ഇത്രേം എക്സ്പ്ലനേഷനോ.. സുബ്ബലക്ഷ്മിയുടെ സൗണ്ട് ഒക്കെ നല്ലത് തന്നെ.. ബട്ട് എന്റെ നല്ലൊരു സ്വപ്നമാ കൊണ്ടോയി കുളമാക്കിയേ.."
"സ്വപ്‌നോ..? എന്ത് സ്വപ്നം..?"
"അത് പിന്നെ.. "
"പറയെടീ.. കേൾക്കട്ടെ.." കല്യാണിയുടെ മുഖത്ത് നാണം നിറഞ്ഞു..
"എന്താ ചട്ടമ്പീ കാര്യം.. നമ്രശിരസ്‌കയായി കാലുകളാൽ കളം വരച്ചു കൊണ്ടൊക്കെ നിൽക്കുന്നുണ്ടല്ലോ.."
"അതേയ്.. ന്റെ വേളിയാ കണ്ടേ.."
"ഏഹ്.. വേളിയോ..?"
"അതേന്നേ..."
"എന്നിട്ട് നിന്റെ നമ്പൂരി എങ്ങനുണ്ടാർന്നു..?"
"ആവോ.."
"ആവോന്നോ.. "
"നമ്പൂരിയോ നായരോ മുസൽമാനോ ക്രിസ്ത്യാനിയോ ആരായാലും ഞാനാ തിരുമുഖം കണ്ടില്ലെന്നേ.."
"കഷ്ടായീലോ..! അല്ലാ.. ആളുടെ രൂപം എങ്ങനെയാർന്നു..?"
"ഞാനതൊന്നും ശ്രദ്ധിച്ചില്ല.."
"നീ പിന്നെന്താ ശ്രദ്ധിച്ചേ.." മുത്തശ്ശി കളിയാക്കി ചോദിച്ചു..
"സ്വപ്നം കണ്ടതല്ലേ.. അല്ലാതെ നേരിട്ട് കണ്ടതല്ലല്ലോ.."
"എന്നാലും ആളെ നന്നായി നോക്കണാർന്നു.." മുത്തശ്ശിയുടെ പറച്ചിൽ കേട്ട് കല്യാണി അന്തം വിട്ട് നോക്കി നിന്നു..
"നീ ഇങ്ങനെ നോക്കണ്ട.. ഇനിയെങ്കിലും ശ്രദ്ധിച്ചാ മതി.. പിന്നെ വിഷമിക്കണ്ട.. രാവിലെ കണ്ട സ്വപ്നമല്ലേ.. ഫലിക്കും.. ആ ചെറുക്കൻ നിന്റെ കണ്മുന്നിൽ തന്നെ വരുമെന്നേ..."
"ന്റെ മുത്തിയമ്മേ.. ആ നാക്ക് പൊന്നാവട്ടെ.." അവൾ സന്തോഷത്തോടെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു..
"ഉമ്മയൊക്കെ അവിടിരിക്കട്ടെ.. ഇപ്പോ ഒന്ന് പോയി പല്ലുതേക്കോ.. വായ നാറീട്ട് വയ്യ..."
"യൂ ഓൾഡ് ലേഡി...." അവൾ പല്ലിറുമ്മി..
"യൂ ഗോ യങ് വുമൺ..."
"ന്റെ ദേവ്യേ..! ഇംഗ്ലീഷോ..?"
"എന്ത്യേ.. എനിക്ക് ഇംഗ്ലീഷ് പറയാൻ പാടില്യാന്നുണ്ടോ..."
"ഇല്ല്യേയ്.. പറഞ്ഞോളൂ.. എന്നാ നോം പോയി പ്രഭാതകർമങ്ങളൊക്കെ നിർവഹിക്കട്ടേട്ട്വോ.."
"ആയിക്കോട്ടെട്ട്വോ.. വേഗം ചെന്നോളൂ..."
കല്യാണി പല്ലുതേപ്പും കുളിയും കഴിഞ്ഞ് അടുക്കളയിലേക്ക് ചെന്നപ്പോൾ അമ്മ ദോശ ചുടുകയാണ്... അവൾ വേഗം ഒരു പ്ലേയ്റ്റിൽ ദോശയെടുത്ത് ചട്നി ഒഴിച്ച് കഴിക്കാൻ തുടങ്ങി..
"ഡീ പെണ്ണേ.. നിനക്കാ ടേബിളിൽ വെച്ച് കഴിച്ചൂടേ.."
"ഓ പിന്നേ.. ഇവിടെ ഇരുന്നാലിപ്പോ എന്താ.."
"എന്തു പറഞ്ഞാലും മറുചോദ്യം ചോദിച്ചോളും.. താന്തോന്നി..." അമ്മ പറയുന്നത് കേട്ടവൾ ചിരിച്ചു..
"ബാക്കിയുള്ളോരൊക്കെ കഴിച്ചോന്ന് നീ തിരക്കിയോ.. സ്വന്തം കാര്യം മാത്രമേള്ളൂ.."
"മുത്തശ്ശി കഴിച്ചിണ്ടാവുന്ന് അറിയാം.. ബാക്കി ഉള്ളോരൊക്കേം സമയാവുമ്പോ കഴിക്കുമല്ലോ.. എന്റെ വയറിനേ ഭക്ഷണകാര്യത്തിൽ ഭയങ്കര പങ്ച്വാലിറ്റിയാ.. ടൈം തെറ്റിയാ ദേഷ്യം വരും.. പിന്നെ പ്രഭാതഭക്ഷണം നന്നായി കഴിക്കണമെന്നാണല്ലോ..."
"അതേയതേ..." അവൾ അമ്മയെ ഒന്ന് ഇളിച്ചു കാട്ടി കഴിക്കൽ തുടർന്നു.. പിന്നെ എന്തോ ഓർത്തെന്ന പോലെ അമ്മക്ക് നേരെ തിരിഞ്ഞു..
"ഇവിടെല്ലാരും ഭക്ഷണം കഴിക്കാനുള്ള ടൈം പോലും ആയിട്ടില്ല ലേ.. എന്നിട്ടാണ് ഞാൻ ഉറങ്ങുന്നതിന് ഓരോന്ന് പറഞ്ഞിരുന്നേ..."
"നീയെന്നാ മൂട്ടിൽ സൂര്യൻ ഉദിക്കണ വരെ ഉറങ്ങിക്കോടീ.."
"അയ്യയ്യേ.. എന്തൊക്കെ വേർഡ്‌സാണ് പറയണേ.. കൾച്ചർ വേണം അന്തർജനം.. കൾച്ചർ.."
അമ്മ അതിന് മറുപടി പറയാൻ തുടങ്ങിയപ്പോഴേക്കും ഒരു സ്ത്രീരൂപം അങ്ങോട്ട് വന്നു.. കല്യാണി ദോശയും കൊണ്ട് അവർക്കടുത്തേക്ക് ചെന്നു... അടിമുടിയൊന്ന് നോക്കി..
"കസവുകരയുള്ള സെറ്റുമുണ്ടുടുത്ത് കരിമഷി കണ്ണുകൾ നീട്ടിയെഴുതി വട്ടപ്പൊട്ടും ചന്ദനക്കുറിയും സീമന്തരേഖയിൽ സിന്ദൂരവുമണിഞ്ഞ.. മുട്ടറ്റമെത്തി നിൽക്കുന്ന കേശഭാരം ഭംഗിയായി അലങ്കരിച്ചഈ മുഖത്തിനിതെന്തൊരു തേജസ്സ്.. ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഇതാരാണ്...?? കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷയായതോ..?"
"ഭഗവതി അല്ല മോളേ യക്ഷി.."
"ഹി..ഹി.."
'ചിരിക്കണ്ട.. മുഴുവൻ പറഞ്ഞില്ലല്ലോ.. യക്ഷീടെ ഏട്ടത്തി എന്നാ പറയാൻ വന്നേ.."
"ഓഹോ.. എന്നാലും കുഞ്ഞൂനെ യക്ഷി എന്ന് വിളിക്കണ്ടാർന്നു.. അല്ലാ അവൻ ആണല്ലേ.. യക്ഷി ഫീമെയിൽ അല്ലേ.."
"അതേ.. ഫീമെയിൽ തന്നെയാ.. ഞാൻ യക്ഷി എന്ന് പറഞ്ഞത് ന്റെ മുന്നില് നിൽക്കണ ന്റെ പുന്നാര നാത്തൂനെയാ..."
"ആണോ... യക്ഷിടെ സൗന്ദര്യം ഉദ്ദേശിച്ചു പറഞ്ഞതാവുമല്ലേ.. ആയിക്കോട്ടെ.. " അതുകേട്ട് ഏട്ടത്തി അവളെ സഹതാപത്തോടെ നോക്കി.. അവൾ ചിരിച്ചു കാണിച്ചു..
" അത് വിട്.. തുമ്പുകെട്ടിയിട്ട ചുരുൾമുടിയിൽ തുളസിക്കതിരില ചൂടി എവിടെ പോയതാർന്നു ആത്തോലേ...?"
"ഒന്നമ്പലത്തിൽ പോയതാ അംബ്രാട്ടീ..."
"അപ്പോ അതാണ് അഭിനവസീതയെ ഇവിടെങ്ങും കാണാഞ്ഞേ അല്ലേ.." കല്യാണി ചോദിച്ചു..
"ഡീ.. ഡീ.. നീയെന്തൊക്കെയാ മൈഥിലി മോളെ വിളിക്കണേ..."
"അഭിനവസീതാന്ന്.. എന്താ അമ്മേ അതിലൊരു തെറ്റ്.. ആദർശ വനിതയായ സീതയുടെ പര്യായമായ മൈഥിലി എന്ന നാമധേയമുള്ള ഏഴൂർ മനയിലെ അച്യുതൻ നമ്പൂതിരിപ്പാടിന്റെയും സുഭദ്രാ അന്തർജനത്തിന്റെയും മകളും കീഴാറ്റൂരില്ലത്തെ കൃഷ്ണൻ നമ്പൂതിരിയുടെയും ആര്യാംബിക അന്തർജ്ജനത്തിന്റെയും മരുമകളും ഭദ്രാദേവി അന്തർജ്ജനത്തിന്റെ കൊച്ചുമകളും ഫേയ്മസ് ഗൈനക്കോളജിസ്റ്റ് ഡോക്ടർ കൈലാസ് കൃഷ്ണൻ എന്ന നമ്മുടെ സ്വന്തം കുട്ടേട്ടന്റെ ഭാര്യയും മൂന്നര വയസ്സുകാരി ചിന്നൂട്ടിയെന്ന അദ്രജ കൈലാസിന്റെ അമ്മയും സർവ്വോപരി ഈ കല്യാണി കൃഷ്ണന്റെയും കുഞ്ഞുവെന്ന കാർത്തിക് കൃഷ്ണന്റെയും ഏട്ടത്തിയമ്മയുമായ ഈ ആത്തോലിനെ അഭിനവസീത എന്ന് തന്നെയല്ലേ വിശേഷിപ്പിക്കേണ്ടത്.." കല്ലുവിന്റെ പ്രസംഗം കേട്ട് മൈഥിലി കണ്ണും തള്ളി നിന്നു..
"നീയെന്നെ കുറിച്ച് ഒരു ലോങ് സ്പീച്ച് തന്നെ നടത്തുമല്ലോ കല്ലൂ..." ഏട്ടത്തി പറഞ്ഞത് കേട്ട് അവൾ ചിരിച്ചു.. കൂടെയവരും..
"ഏട്ത്തു.. കുട്ടേട്ടനും കുഞ്ഞൂം ജോഗിങിന് പോയിട്ടിതുവരെ വന്നില്ല്യേ..?" കല്ലു ചോദിച്ചു..
"അതിനിന്ന് കുട്ടേട്ടൻ പോയിട്ടില്ല.. ഏട്ടന്റെ ഒരു പേഷ്യന്റിന് പെയിൻ വന്ന് അഡ്മിറ്റ് ചെയ്തിരിക്കാ.. ഡ്യൂട്ടി ഡോക്ടർ വിളിച്ചപ്പോ പോയി.."
"അപ്പോ കുഞ്ഞു മാത്രേ പോയിട്ടുള്ളൂ..?"
"ആ.."
"എന്നിട്ടെന്താ അവൻ എന്നെ വിളിക്കാഞ്ഞേ.."
"നീ ഉറങ്ങിക്കോട്ടേന്ന് പറഞ്ഞു.."
"ഞാനുറങ്ങിക്കോട്ടെ എന്നോ..? അങ്ങനെ പറയാൻ വഴിയില്ലല്ലോ.. സംതിങ് ഈസ് റോങ്.." കല്ലു ദോശ വായിലേക്കിട്ടു കൊണ്ട് കൊണ്ട് പറഞ്ഞു..
"അതൊന്നും എനിക്കറിയില്ല.."
"ഉം.. ഞാൻ തന്നെ കണ്ടു പിടിച്ചോളാം.." അതും പറഞ്ഞവൾ ചെന്ന് കൈ കഴുകി..
"ന്റെ ചിന്നൂട്ടിയെവിടെ ഏട്ത്തു..?"
"അവളും അച്ഛനും കൂടെ വരണ വഴിക്ക് ശങ്കരമാമേടെ വീട്ടിൽക്കയറി.. നിക്ക് സംഗീത ക്ലാസ് ഉള്ളതോണ്ട് ഞാനിങ്ങട് പോന്നതാ.."
"ശങ്കരേട്ടൻ അപ്പോ വന്നോ..? ദൂരെയുള്ള അമ്പലങ്ങളിലൊക്കെ പോയിരിക്കുവല്ലാർന്നോ.." അമ്മ ചോദിച്ചു..
"ഇന്നലെ രാത്രി വന്നേള്ളൂത്രേ.."
അച്ഛന്റെ ചെറുപ്പം തൊട്ടേ ഉള്ള കൂട്ടുകാരനാണ് ശങ്കരൻ മാമ.. ചങ്ക് ഫ്രണ്ട് എന്നൊക്കെ പറയാം.. രണ്ടുപേരും ഒരേ സ്ക്കൂളിലെ അധ്യാപകരായിരുന്നു.. ഒരുമിച്ച് റിട്ടയർ ആയി.. ഇപ്പോ സ്വസ്ഥം ഗൃഹഭരണം...
"ഉം.. ഇനിയിപ്പോ നിങ്ങടെ അച്ഛൻ സ്നേഹിതന്റെ വിശേഷങ്ങളും കേട്ട് എപ്പോ വരുമോ ആവോ.."
"ചിന്നൂട്ടി ഉള്ളോണ്ട് വേഗം വന്നോളും.."
"ന്റെ ഏട്ത്തു.. എന്തിനാ ന്റെ പാവം കുട്ടീനെ വെളുപ്പാൻ കാലത്ത് എണീപ്പിച്ചോണ്ട് പോയേ.."
"അച്ഛച്ഛന്റെ പിന്നാലെ കൊച്ചുമോള് വരുമെന്ന് നിനക്കറിയില്ലേ കല്ലൂ.. അവളായിട്ട് എണീക്കണതാ.."
"നിന്നെ പോലെയല്ല.. ന്റെ ചിന്നു നല്ല കുട്ടിയാ. നിന്നെ കണ്ട് പഠിക്കാതിരുന്നാ മതി.." അമ്മ പറഞ്ഞു..
"ന്നെ കണ്ട് പഠിച്ചാ അവള് നന്നാവേള്ളൂട്ടോ.. ഈ കല്യാണീ കൃഷ്ണനെ അമ്മക്ക് വിലയില്ലെന്നേയുള്ളൂ.. പുറത്തിറങ്ങിയാ ആളോൾക്ക് നല്ല ബഹുമാനാ.."
"പേരിന് കുറച്ചു സാമൂഹിക സേവനവും ഈ മണല് കൊണ്ടുള്ള ഓരോന്ന് ചെയ്യുന്നതുമൊക്കെ കണ്ടിട്ടുള്ള ആരാധനയല്ലേ.."
"മണല് കൊണ്ട് വെറുതെ ചെയ്യുന്നതല്ല.. ഇറ്റ് ഈസ് സാൻഡ് ആർട്ട്.."
"ഓ..."
"ഇപ്പോ അമ്മക്ക് പുച്ഛം.. ഒരൂസം ന്റെ വില മനസ്സിലാവും.. അമ്മ എന്നെയോർത്ത് അഭിമാനിക്കും.."
"ആയിക്കോട്ടെ.."
അമ്മയുടെ വാക്കുകളിലെ പരിഹാസം മനസ്സിലായെങ്കിലും അവൾ പിന്നെയൊന്നും പറയാൻ നിൽക്കാതെ അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു.. മുത്തശ്ശി പാട്ടും കേട്ടിരിപ്പുണ്ട്.. പതിയെ അടുത്തേക്ക് ചെന്ന് കഴുത്തിലൂടെ കൈ രണ്ടും മുന്നിലേക്കിട്ട് പിടിച്ചു..
"ന്റെ ഭദ്രകാളി പാട്ടിലങ്ങട് ലയിച്ചിരിക്കുവാന്ന് തോന്നുണു.. പണ്ടത്തെ ഓർമകൾ വരുന്നുണ്ടോ..?"
"ആ.. ചില പാട്ടുകൾ ചില ഓർമകളാണ്.. മധുരമുള്ളതും കയ്പ്പേറിയതും അങ്ങനെ പലതും.."
"ഇന്നിപ്പോ ആരെയാ ഓർത്തേ..?"
"എന്റെ പ്രണയത്തെ.."
"മുത്തശ്ശനെയാണോ.." അവളുടെ ചോദ്യം കേട്ട് മുത്തശ്ശി ചിരിച്ചു..
"എന്റെ പ്രണയം നിന്റെ മുത്തശ്ശനാണെന്നാരാ പറഞ്ഞേ.."
"ഏ.. അപ്പോ വേറെ പ്രണയമൊക്കെ ഉണ്ടാർന്നോ..? ഒരു തേപ്പ് നടന്നതാണോ.."
"തേപ്പല്ല വാർപ്പാ നടന്നേ.. ഒന്ന് പോടീ..." മുത്തശ്ശി പരിഭവം കാട്ടി..
"ഞാൻ ചുമ്മാ ചോദിച്ചതല്ലേ.. ഭദ്രകാളി പിണങ്ങണ്ട.."
"പിണക്കം ഒന്നൂല്യ..."
"എന്നാ പറയെന്നേ ന്താ സംഭവം എന്ന്.. മുത്തശ്ശീം മുത്തശ്ശനും നല്ല പ്രണയജോഡി ആയിരുന്നല്ലോ.. ഒരു പ്രണയനൈരാശ്യം ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല..."
"സത്യസന്ധമായ പ്രണയത്തിന്റെ ആഴവും വ്യാപ്തിയും അർത്ഥവുമെല്ലാം നിന്റെ മുത്തശ്ശൻ തന്ന്യാ പഠിപ്പിച്ചു തന്നേ.. പക്ഷേ അതിന് മുന്നേ പ്രണയത്തിന്റെ വിത്തുകൾ ന്റെ മനസ്സിൽ മുള പൊട്ടിയിരുന്നു.." മുത്തശ്ശി ഒരു കള്ളച്ചിരിയോടെ പറഞ്ഞു..
"ഗൊച്ചുഗള്ളീ.. ആരായിരുന്നു ആള്.."
"ന്റെ ഇല്ലത്തിനടുത്തായിരുന്നു.. സമപ്രായക്കാരൻ.." മുത്തശ്ശി ആ ഓർമകളിലേക്കിറങ്ങി ചെന്ന പോലെയിരുന്നു..
"അതേയ്.. ബാക്കി പോരട്ടെ..."
"അത്...."
അപ്പോഴേക്കും കുറച്ചു കുട്ടികൾ അങ്ങോട്ട് കയറിവന്നു.. മൈഥിലിയുടെ അടുത്ത് പാട്ട് പഠിക്കാൻ വരുന്നവരാണ്...
"ഹായ് കല്ലുചേച്ചീ..."
"ഹായ് ഡിയേഴ്സ്.."
"സൺഡേ ആയിട്ടെന്താ പരുവാടി ചേച്ചീ.."
"ഓ.. നമുക്കൊക്കെ ന്ത് പരിപാടി.. എന്നത്തേയും പോലന്ന്യാ.."
"ചേച്ചീടെ എല്ലാ ദിവസവും സൂപ്പറല്ലേ.. ചേച്ചി പൊളിയാ.. അതുപോലെ ചേച്ചീടെ ലൈഫും.." അതിന് മറുപടിയായി അവൾ ചിരിച്ചു..
"എന്താ ചേച്ചീ ഒന്നും പറയാതെ വെറുതേ ചിരിക്കണേ..."
"നിങ്ങടെ പറച്ചില് കേട്ട് ചിരിച്ചതാണേ.."
"എന്തേ.. ഞങ്ങള് പറഞ്ഞത് സത്യല്ലേ..? ഞങ്ങക്കും അങ്ങനെ ആവണം"
"ന്റെ കുട്ട്യോളേ.. ഈ പൊളി ലൈഫ് നല്ലതാക്കണതും ചീത്തയാക്കണതും സ്വയം നമ്മള് തന്നാ.. എല്ലാത്തിലേയും പോസിറ്റീവ് മാത്രം എടുത്ത് നെഗറ്റീവിനെ അങ്ങട് അവോയ്ഡ് ചെയ്താ വല്യേ കുഴപ്പല്യാണ്ട് പോവാം.. പ്രോബ്ലംസിന് മുന്നിലൊക്കെ നെഞ്ചുവിരിച്ച് നിൽക്കെന്നേ.."
"ചേച്ചി പറയണ പോലൊക്കെ പറ്റണ്ടേ.. ന്നാലും നോക്കാം.. ഞങ്ങടെ റോൾമോഡൽ ചേച്ചിയല്ലേ..."
"ഇവളെയൊന്നും കണ്ട് പഠിക്കണ്ട കുട്ട്യോളേ.." ആര്യാംബിക അങ്ങോട്ട് വന്നു..
"അമ്മേ.. ഇനീപ്പോ ഇവരോട് ഓരോന്ന് പറയണ്ട... അവരൊരു നല്ല കാര്യമല്ലേ പറഞ്ഞേ.. കുട്ട്യോളായാലും അവർക്ക് ബുദ്ധിയുണ്ട്.."
"ഉവ്വ് ഉവ്വേ.. നീയാ ഇവർടെ മാതൃക എന്ന് പറയണ കേട്ടപ്പോഴേ ബുദ്ധീടെ കാര്യം മനസ്സിലായി.."
"ഹും.."
"നിങ്ങളകത്തേക്ക് ചെല്ലൂ മക്കളേ.. മൈഥിലി മോള് നോക്കിയിരിപ്പുണ്ട്.."
"ആ.. ന്നാ കാണാട്ടോ കല്ലുചേച്ചി..."
"ഓക്കെ.. നിങ്ങള് ചെന്നോളൂ.."
കുട്ടികളും പിന്നാലെ അമ്മയും അകത്തേക്ക് പോയപ്പോൾ അവൾ വീണ്ടും മുത്തശ്ശിക്കടുത്തേക്ക് ചെന്നു..
"മുത്തിയമ്മേ.. ബാക്കി പറ.."
"എന്ത്..?"
"ഏയ് മറന്നോ.. മ്മടെ ലവ് സ്റ്റോറി.."
"അത്.. നിക്ക് പറയാനൊരു മൂഡില്ല്യ.."
"അങ്ങനെ പറയല്ലേ.. ഒരാള് കേൾക്കാൻ റെഡി ആയിട്ടിരിക്കുമ്പോ ഇങ്ങനാണോ പറയാ.."
"പിന്നൊരിക്കൽ പറയാടീ.. ഇപ്പോ ആ ഫ്‌ളോ അങ്ങ് പോയി.."
"ഓഹോ..."
"ഉം.."
"എങ്കിൽ പിന്നെ മതി.. ഇതൊക്കെ നല്ല ഫീലോട് കൂടി പറയേണ്ട കാര്യങ്ങളാ.."
മുത്തശ്ശി ചിരിച്ചു..
"പിന്നെ പറയണട്ടോ..."
"ആന്നേ.."
അപ്പോഴേക്കും അകത്തുനിന്നും സ്വരങ്ങളും കീർത്തനങ്ങളും ഉയർന്ന് തുടങ്ങി..
"വാതാപിഗണപതിംഭജേഹം.. വാരണാസ്യംവരപ്രദംശ്രീ.. ഭൂതാദിസംസേവിതചരണം.. ഭൂതഭൗതിക പ്രപഞ്ചഭരണം......."
"ആഹാ... എത്ര ശ്രുതിമധുരമായ സംഗീതം..."
ആ ശബ്ദം കേട്ട് കല്യാണി തിരിഞ്ഞു നോക്കി.. നോട്ടത്തിന്റെ ശക്തി മൂലം അവളുടെ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് വന്നു.....
(തുടരും...)
(കല്യാണിയെ നിങ്ങളുടെ കൈകളിലേക്ക് തരുവാണേ.. സ്വീകരിക്കണേ.. പിന്നെ മുൻകൂട്ടി ഒരു കാര്യം പറയാം.. ഈ കഥയുടെ പോക്ക് പതിയെയായിരിക്കും.. കഥ മനസ്സിലാവാൻ സമയമെടുത്തേക്കാം.. സംശയങ്ങൾ തോന്നാം.. പക്ഷേ എല്ലാത്തിനുമുള്ള ഉത്തരം അവസാനം ലഭിക്കുന്നതാണ്.. ഒരു കഥ പറയുന്നതിനോടൊപ്പം തന്നെ വേറെ പല കാര്യങ്ങളും ഇതിന്റെ കൂടെ കൂട്ടിച്ചേർക്കാൻ ഞാനാഗ്രഹിക്കുന്നു.. തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണേ... എന്റെ ശിവനന്ദനവും, ഹൃദയതാളമായി എന്നീ കഥകൾക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു നന്ദി.. ഈ കഥയ്ക്കും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണട്ടോ.....)
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ...
രചന: അശ്വതി രാവുണ്ണികുട്ടി