അമ്മാളു

Valappottukal

അമ്മാളു എന്റെ വീക്നെസ് ആണ്. പണ്ട് ചേച്ചിയെ കെട്ടിച്ചപ്പോൾ വീട്ടിൽ ഉണ്ടായ രണ്ട് മാസത്തെ ശൂന്യത മാറിയത് മൂന്നാമത്തെ മാസം അവൾ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ആണ്.  വീട്ടിൽ ഒരുത്സവം പോലായിരുന്നു

ഞാൻ ഒരു മാമൻ ആകാൻ പോകുന്നു എന്നതു എന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്നാലും കേട്ടപാടെ അച്ഛനും അമ്മയും എന്നെയും കൂട്ടി അധികം ദൂരത്തു അല്ലാതെ കെട്ടിച്ചു വിട്ടിരിക്കുന്ന അവളുടെ വീട്ടിലേക്കു ഓടി

ഓരോരുത്തരുടെ സന്തോഷപ്രകടനം ഓരോ വിധത്തിൽ ആയിരുന്നു. അച്ഛൻ ഒരു ദീർഘ നിശ്വാസത്തോടെ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ കൊടുത്തു

അമ്മ പിന്നെ എപ്പോഴത്തെയും പോലെ കണ്ണീർ ദ്രാവകം പ്രവഹിപ്പിച്ചു.  അവളെ കെട്ടിപിടിച്ചു

ഞാൻ എന്നാലും എന്റെ ചേച്ചി നിന്നെ കെട്ടിച്ചിട്ടു മാസം മൂന്ന് തികച്ചായോ ???!!എന്നൊരു വരുത്തി തീർത്ത കണ്ണു തള്ളലോടെ ചോദിച്ചു

പോടാ എന്ന അവളുടെ അലർച്ചയോടൊപ്പം,  തലക്കിട്ടു അമ്മയുടെ വകയായി ഒരു കിഴുക്കും,  കൂടെ ഒരു ഭീഷണിയും

"ചെറുക്കാ പണ്ടത്തെ പോലെ തൊട്ടതിനും പിടിച്ചതിനും അവളുടെ മേലേ കേറാനും,  അവളെ ഇട്ടോടിക്കാനും ആണേൽ നിന്റെ കാല് ഞാൻ തല്ലി ഒടിക്കുമെന്നു !!!

പിന്നെ ഒരു തേങ്ങ ഉടക്കാൻ പാട് പെടുന്ന അമ്മയാണ് എന്റെ കാൽ ഒടിക്കാൻ പോകുന്നത് !!ഓരോരോ വ്യാമോഹങ്ങളെ

ഇത് വരെ ഇല്ലാത്ത നാണത്തോടെ അകത്തുന്നു ഇറങ്ങി വന്ന അളിയന്റെ കൈ പിടിച്ചു കുലുക്കുമ്പോൾ ഞാൻ അറിഞ്ഞില്ല ഞങ്ങളു രണ്ടും വെള്ളം കുടിക്കാൻ പോകുന്നേ ഉള്ളു എന്നു

എന്തായാലും അന്ന് മുതൽ ഞാൻ ഒരു ഷട്ടിൽ സർവീസ് കാരൻ ആയിരുന്നു.  ചക്ക പുഴുങ്ങിയാൽ,  അവൾക്കു ഇഷ്ടപെട്ട മീൻ കിട്ടിയാൽ,  വാഴക്കുല പഴുത്താൽ എന്നു വേണ്ടാ എന്തുണ്ടാക്കിയാലും

"വിശന്നു വലഞ്ഞു കേറി വന്നാലും ഞാൻ അതും ചുമ്മി അവളുടെ വീട്ടിൽ പോണം "പലപ്പോഴും എനിക്ക് ചോറും ചായയും തന്നത് അവളുടെ അമ്മയാണ്

എന്റെ അമ്മ "എടാ അവൾക്കു ഇതൊക്കെ തിന്നാൻ കൊതി കാണും !!നീ ഇതൊന്നു അത്രടം കൊടുതേച്ചു വാ " എന്നും പറഞ്ഞു നിൽപ്പാണ്

അവളാകട്ടെ നട്ട പാതിരാത്രിക് വരെ  മസാല ദോശ വാങ്ങിപ്പിക്കലും,  രാവിലെ എഴുന്നേറ്റു ഉള്ള ച്ഛർദിക്കലും,  തല കറക്കവും വിശപ്പില്ലായ്മയും,  ഒക്കെ ആയി അളിയനെയും നന്നായി വലച്ചു

പുളി മാങ്ങാ പറിക്കാൻ നീറുള്ള മരത്തിൽ കേറി ഉറുമ്പ് കടി വാങ്ങി,  പകുതി ദൂരം ഇറങ്ങിയും,  ബാക്കി ദൂരം ഊർന്നും താഴേക്കിറങ്ങി നെഞ്ച് ഉരഞ്ഞു നിന്ന അളിയനെ കണ്ടപ്പോൾ

"എന്റളിയ നിങ്ങള്കിപ്പം ഇതിന്റെ വല്ല കാര്യോം ഉണ്ടായിരുന്നോ എന്നു ചോദിച്ചു പോയി !!

അന്ന് പുള്ളി പറഞ്ഞു.. "ഇന്ന് ഞാൻ നാളെ നീ " എന്നു

എന്തായാലും വയറു കാണലും,  വള ഇടലും കഴിഞ്ഞു,  അവളെ വീട്ടിലോട്ടു കൂട്ടികൊണ്ട് വന്നപ്പോൾ അവൾക്കു വെച്ചുണ്ടാക്കിയതെല്ലാം തിന്നു ഞാൻ കൊഴുത്തു

എന്നിട്ട് തേങ്ങ ചിരണ്ടുന്ന അമ്മയുടെ കൂടെ ഇരുന്നു തേങ്ങാ വാരി തിന്നുന്ന അവളെ നോക്കി ഞാൻ " എന്റെ വീട്ടിലെ എല്ലാം തിന്നു മുടിപ്പിക്കാൻ ചിലര് വന്നിട്ട് ഉണ്ട് "

എന്നു പറഞ്ഞു തീർന്നതും അമ്മ കൈ വീശി എന്റെ ചന്തിക്കിട്ട് ഒന്ന് പൊട്ടിക്കലും ഒന്നിച്ചു കഴിഞ്ഞു

അതു കണ്ടു ചിരി അടക്കാൻ മേലാതെ ഇരിക്കുന്ന അവളുടെ മുൻപിലേക്ക് ബാക്കി തേങ്ങായും തള്ളി വെച്ചു കൊടുത്തു

ഹും പണ്ട് തേങ്ങാ ചിരണ്ടുമ്പോൾ വാരി തിന്നുന്നതിനു അമ്മേടെ അടി വാങ്ങി കൂട്ടിയ ടീം ആണ് അവൾ

"ഞാനവളുടെ വീർത്ത വയറ്റത്തേക്കു നോക്കി വിളിച്ചു പറഞ്ഞു കൊണ്ട് അവിടുന്ന് ഓടി

"എന്റെ പൊന്നു അമ്മാളു നീ എത്രേം പെട്ടന്ന് ഇങ്ങു വന്നിട്ട് വേണം നിന്റെ മാമനോട് ഇവരിപ്പോ ചെയ്യുന്നതിനെല്ലാം നമുക്കു പകരം വീട്ടാൻ എന്നു "

ഈ ചെറുക്കന്റെ ഒരു നാക്കു !!! എന്നു പറഞ്ഞു അമ്മ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.  ഞാൻ അതത്ര ഗൗനിച്ചില്ല

മാസം തികഞ്ഞു അവളുടെ വേദനയും,  കരച്ചിലും കണ്ടു എനിക്ക് പേടിയായി.  ആശുപത്രിയിൽ കൊണ്ട് പോയി അവളെ ലേബർ റൂമിലേക്ക്‌ കൊണ്ട് പോയപ്പോൾ ഞാൻ ആശ്വസിച്ചു

"ഹോ അതു കണ്ടോണ്ട് നില്കണ്ടല്ലോ "

മണിക്കൂറുകൾ കഴിഞ്ഞു നേഴ്സ് ചുമന്നോണ്ട് വന്ന വെളുത്ത പഞ്ഞികെട്ടിലെ ചുമന്ന മുഖം ആണ് "എന്റെ അമ്മാളു "

എല്ലാരും എടുക്കുന്ന കണ്ടു പൂതി മൂത്ത ഞാനും അവളെ ഒന്നെടുത്തു

അവൾ വയറ്റിൽ ഇരിക്കുമ്പോൾ ഞങ്ങളൾ ഉണ്ടാക്കിയ ഉടമ്പടി എല്ലാം മറന്നു ഞാൻ എടുത്തതും,  ഒരു ചിണുങ്ങലിൽ തുടങ്ങി പൊട്ടി കരച്ചിലിലേക്കു വഴി മാറി

കൂടെ അവളെ എടുത്തോണ്ട് ചേർത്ത് പിടിച്ച എന്റെ നെഞ്ചിലും കൈയ്യിലും നനവ് തട്ടിയപ്പൊ എനിക്ക് മനസിലായി

"അവൾ അമ്മേടെ മോളു തന്നെ !!! വന്നതേ എനിക്ക് പണി തന്നു

പിന്നെ പതുക്കെ പതുകെ അവളും ഞാനും കൂട്ടായി. മൂന്നാമത്തെ മാസം അവളെയും കൊണ്ട് അളിയൻ പോയപ്പോൾ എനിക്ക് ചേച്ചിയെ കെട്ടിച്ചു വിട്ടതിനേക്കാൾ സങ്കടം ആയിരുന്നു

പിന്നെ ഞാൻ അമ്മ പറയാതെ പെങ്ങളുടെ വീട്ടിലേക്കു ഷട്ടിൽ അടിച്ചു കളിച്ചു. 

അമ്മാളു കമിഴ്ന്നു വീണതും,  കുത്തി  ഇരുന്നതും,  സംസാരിക്കാൻ തുടങ്ങിയതും,  നിന്നപ്പോഴും,  നടന്നപ്പോഴും ഞാനും സന്തോഷിച്ചു മതി മറന്നു

പക്ഷേ പകൽ ഒക്കെ എന്റെ കൂടെ എത്ര നേരം വേണമെങ്കിലും എന്റെ കൂടെ ഇരിക്കുന്ന അമ്മാളുന് രാത്രി ആയാൽ അമ്മയും അച്ഛയും മതി

അവളെ നോക്കി കെറുവിച്ചു നിക്കുന്ന എന്നെ നോക്കി "നിന്റെ മാവും പൂക്കും അളിയാ " എന്നാശ്വസിപ്പിച്ച അളിയന്റെ മാവ് പിന്നേം പൂത്തത് ഞാൻ അറിഞ്ഞു

അമ്മാളു ഓടി നടക്കാനും,  കൊച്ചരി പല്ല് കൊണ്ട് എന്നെ കടിക്കാനും തുടങ്ങി ഇരുന്നു, ഇത്തവണ അവളെ വീട്ടിലേക്കു കൊണ്ട് വന്നപ്പോൾ കൂടെ വന്ന അമ്മാളു ഞാനുമായി വല്ലാതടുത്തു

എന്നാലും ഉറങ്ങാനും, വിശക്കുമ്പോഴും അമ്മയോ,  അമ്മൂമ്മയോ വേണം

എനിക്കാണെങ്കിൽ ചെറിയ അഹംകാരം വരെ ആയി. "കൊച്ചു പിള്ളേരെ ഒക്കെ പുല്ലു പോലെ നോക്കാമെന്നു "

അതു കൊണ്ടാണ് ചേച്ചി പ്രസവിക്കാൻ പോയപ്പോൾ എന്നേം അമ്മാളുവിനെയും വീട്ടിലോട്ടു വിട്ടപ്പോൾ കോൺഫിഡൻസോടെ ഞാൻ അവളെയും കൂട്ടി വന്നത്

ഇന്നലെ രാത്രി നടന്നതും ഒക്കെ ഓർത്താൽ എനിക്കിപ്പോഴും കരച്ചിൽ വരും

വീടിന്റെ ഗേറ്റ് കണ്ടപ്പോൾ തുടങ്ങിയ കരച്ചിലാണ്....

അതു,  വിശന്നിട്ടാരുന്നോ,  വയറു വേദനിചിട്ടാണോ,  അമ്മയെ കാണാഞ്ഞിട്ടാണോ എന്നെനിക്കു അറിയില്ല

കഴിക്കാൻ കൊടുത്തത് എല്ലാം അവൾ തട്ടി കളഞ്ഞു,  ഉറങ്ങാൻ കിടത്തിയിട്ട് കിടന്നിടത്തുന്നു ചാടി എണീറ്റു കരഞ്ഞു കൊണ്ടിരുന്നു

ഒടുവിൽ അവളെ അളിയൻ നെഞ്ചത്ത് കിടത്തി ഉറക്കുന്ന കണ്ട ഓർമയിൽ അവളെ ഞാനും നെഞ്ചത്ത് കിടത്തി

എപ്പോഴോ ഉറങ്ങി പോയ ഞാൻ ഞെട്ടി എണീറ്റത് ഉറക്കത്തിൽ തിരിഞ്ഞു കിടന്ന എന്റെ നെഞ്ചത്തുന്നു അവൾ താഴെ വീണപ്പോഴാണ് !!!

പിന്നെ അവിടെ നടന്നതെന്താന്നു ഓർക്കാതെ ഇരിക്കുന്നത് ആണ് നല്ലത് !!!

എത്രയും പെട്ടന്ന് അളിയനോട് പറയണം അടുത്ത മാവ് പൂക്കുന്നതിനു മുൻപ് ഇതിനൊരു തീരുമാനം ഉണ്ടാക്കണം എന്നു

ഇല്ലെങ്കിൽ ഞാൻ നാട് വിടുമെന്ന്

ഞാൻ അവളെയും കൊണ്ട് റൂമിലോട്ടു കേറിയതേ,  പ്രസവം കഴിഞ്ഞു ക്ഷീണിച്ചു കിടന്ന ചേച്ചി ചാരി ഇരുന്ന് കൊണ്ട് അമ്മാളൂനെ എടുത്തു

എന്ത് മഹാത്ഭുതം കാട്ടീട്ടാണോ അവളുടെ കരച്ചിൽ പിടിച്ചു കെട്ടിയ പോലെ നിന്നു!!!

സ്ത്രീയെ നിന്നോട് ഞാൻ ഇല്ല !!! സമ്മതിച്ചു... ഞാൻ ഇതാ പോണു...
ഇതേ പോലുള്ള കഥകൾ ദിവസവും വായിക്കുവാൻ വളപ്പൊട്ടുകൾ പേജ് ഹലോയിൽ ഫോളോ ചെയ്യണേ....

രചന: Sabaries RK

To Top