മാംഗല്യം തന്തുനാനേന ഭാഗം 6

Valappottukal

മറ്റു ചില വക്കീലന്മാർ വന്നപ്പോൾ ജോൺ  അവരോട് സംസാരിച്ചു കൊണ്ട് നിന്നു.. കല്ലു അവിടെ നിന്നും മാറി നിന്ന് ഫോൺ വിളിച്ചു..

"ഹലോ..." മറുതലക്കൽ ഒരു പെൺശബ്ദമായിരുന്നു...

"ഇന്നാണ് വിധി..!!"

"ഉം.. എനിക്കും വരണം എന്നുണ്ടായിരുന്നു.. പക്ഷേ.. സാരമില്ല.. ചേച്ചിക്കുട്ടി അവരുടെ കൂടെയില്ലേ.. ഞാനും പ്രാർത്ഥിക്കാം.. ഉചിതമായ ശിക്ഷ തന്നെ അവർക്ക് ലഭിക്കും.."

"ന്റെ മനസ്സിപ്പോഴും ആഗ്രഹിക്കാറുണ്ട് മോളൂട്ടീ.. അവൾ.. സാനിയ.. രക്ഷപ്പെട്ടിരുന്നെങ്കിലെന്ന്...!"

അവർ രണ്ടുപേരും കുറച്ചുനേരം മൗനമായി..

"ഇനിയതോർത്തിട്ട് എന്താ കാര്യം.. ചേച്ചി തന്നല്ലേ പറയാറ് ദുഃഖം തരുന്ന ഓർമകളെ മറന്ന് സന്തോഷമുള്ളത് ഓർക്കാൻ..."

"അതേ.. എന്നാലും.. അവളുടെ മുഖം മനസ്സിലേക്ക് വന്നപ്പോൾ.. അത് പോട്ടേ.. ഇന്ന് സാനിയക്ക് നീതി ലഭിക്കുന്ന ദിവസമാണ്.. സന്തോഷിക്കേണ്ട ദിനമാണ്..

ഞാൻ ഫോൺ വെക്കാ മോളേ.. പിന്നെ വിളിക്കാം.."

ഫോൺ വെച്ചു കഴിഞ്ഞ് കല്യാണി ആ ദിവസത്തെക്കുറിച്ച് ആലോചിച്ചു.....

ഒരു കമ്പനിയുടെ ആനിവേഴ്‌സറി പ്രോഗ്രാമിന് സാൻഡ് ആർട്ട് അവതരിപ്പിച്ച് തിരിച്ചു വരുമ്പോഴാണ് വഴിയിൽ കുറച്ച് ആളുകൾ നിൽക്കുന്നത് കണ്ടത്.. ചില കഞ്ചാവ് അടിച്ചു നടക്കുന്ന ചെക്കന്മാർ ആരോടോ അപമര്യാദയായി പെരുമാറി.. അത് ചോദ്യം ചെയ്യുകയായിരുന്നു.. അവരെ ഒന്ന് നോക്കിയിട്ട് പോവാൻ തുടങ്ങിയപ്പോൾ എന്തോ ശബ്ദം കേട്ടപോലെ തോന്നി.. അവിടെ നിന്നിരുന്നവരോടും പറഞ്ഞു.. എല്ലാരും ചെന്ന് നോക്കിയപ്പോൾ ഒരു പെൺകുട്ടി...!!!! അവളുടെ അവസ്‌ഥ കണ്ടപ്പോൾ ആർക്കും സഹിക്കാനായില്ല.. കല്യാണി വേഗം അവൾക്കടുത്തേക്ക് ഓടിച്ചെന്നു.. ആരുടെയൊക്കെയോ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് ദിവസത്തെ ജീവൻ മരണ പോരാട്ടത്തിനൊടുവിൽ അവൾ യാത്രയായി... ആ പയ്യന്മാർ തന്നെയായിരിക്കും ഈ ക്രൂരത ചെയ്തതെന്ന് എല്ലാവരും ഊഹിച്ചു.. അത് ശരിയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.. അവിടെ അടുത്തുള്ള ഒരു കുട്ടി ഇത് നേരിട്ട് കണ്ടിരുന്നു.. ഭയം കൊണ്ടാണ് അവൻ ആദ്യം പറയാതിരുന്നത്.. അവനായിരുന്നു ഒന്നാം സാക്ഷി.. ചില നാട്ടുകാരും കല്യാണിയും സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നു.. നാട്ടുകാരിൽ ചിലർ പ്രതികളുടെ സ്വാധീനം മൂലം മൊഴിമാറ്റി പറഞ്ഞു.. എന്നാൽ പ്രധാന സാക്ഷിയായ ആ കുട്ടി ഉറച്ചുനിന്നു.. അതിന് ധൈര്യം കൊടുത്തത് കല്യാണിയായിരുന്നു.. ഭീഷണികൾക്കോ പ്രലോഭനങ്ങൾക്കോ അവർ വശംവദരായില്ല.. അവസാനമായി കാണുമ്പോൾ സാനിയ എന്ന ആ പെൺകുട്ടിയുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ദയനീയ ഭാവം കണ്ടപ്പോൾ കല്യാണി അവൾക്ക് കൊടുത്ത വാക്കായിരുന്നു തെറ്റുകാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കും എന്നത്.. ഇന്നാണ് ആ വിധിപ്രഖ്യാപനം...!!

ഫോണിലെ മെസ്സേജ് ശബ്ദം അവളുടെ ചിന്തകളെ കോടതി മുറ്റത്തേക്ക് തിരികെ കൊണ്ടുവന്നു.. പാത്തുവിന്റെ മെസ്സേജ് ആണ്.. "വിധി അറിഞ്ഞാൽ വിളിക്കണം" ഓഫീസിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു മീറ്റിങ് ഉള്ളതോണ്ടാണ് അവൾ കൂടെ വരാഞ്ഞത്.. ഇല്ലെങ്കിൽ വേണ്ടെന്ന് പറഞ്ഞാലും വരും..

"കല്ലൂ.. നീ ഒറ്റക്കിരുന്ന് ബോറടിച്ചോ.." ജോൺ അവൾക്കടുത്തേക്ക് വന്നു..

"ഇല്ലച്ഛായാ.. "

"കേസിനെ കുറിച്ച് പറയുവാർന്നു.. ആ ലോയേർസെല്ലാം നമ്മുടെ  ഭാഗം ജയിക്കും എന്നാണ് പറയുന്നേ.."

"അത് പിന്നെ ഭീഷണികളെ ഒന്നും വകവെക്കാത്ത നിയമത്തിന്റെ എല്ലാ വകുപ്പുകളും ഹൃദിസ്ഥമാക്കിയ മിടുക്കനായ അഡ്വക്കേറ്റ് ജോൺ മാത്യു അല്ലേ കേസ് വാദിക്കുന്നേ..."

"ഓ..." അവൻ ചിരിച്ചു..

"ഈ സന്തോഷം അധികം കാണില്ല മക്കളേ.."
അവരുടെ സംസാരത്തെ കീറിമുറിച്ചു കൊണ്ട് അയാൾ കടന്നുവന്നു.... ഇല്ലിക്കൽ മത്തായി.. കേസിലെ ഒന്നാം പ്രതി ഇല്ലിക്കൽ ജിന്റോയുടെ അപ്പൻ.. ഒരു പണച്ചാക്ക്...

"എന്റെ കൊച്ചനെ അകത്തിടുന്ന കാര്യം പറഞ്ഞു ചിരിക്കുവായിരിക്കും കൂട്ടുകാര് അല്ല്യോ.." അവർ ഒന്നും മിണ്ടിയില്ല..

"നിങ്ങളൊന്നും വിചാരിച്ചാൽ അവനെ അകത്തിടാൻ പറ്റത്തില്ല മക്കളേ.."

"നിങ്ങടെ മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെട്ടിരിക്കും... അതിനി ഏത് കൊലകൊമ്പൻ അവന് വേണ്ടി വാദിച്ചാലും ശരി.." കല്യാണി പറഞ്ഞു..

"ഒലത്തും... നീയധികം വെളയല്ലേടീ കൊച്ചേ.. പെണ്ണാ.. ഓർത്തോ...." അയാളുടെ സ്വരത്തിൽ ഭീഷണി പ്രകടമായിരുന്നു...

"പെണ്ണാണ് എന്ന ഓർമയുണ്ട് മിസ്റ്റർ.. അത് നിങ്ങളും ഓർത്താൽ നന്ന്.. ഒരു പെണ്ണിന് സംഹാരരുദ്രയായ കാളിയാവാനും കഴിയും എന്ന്....." അവളുടെ കണ്ണുകളിലെ തീക്ഷ്ണത ആ വാക്കുകളിലും നിറഞ്ഞു നിന്നു...

"വാ അച്ഛായാ..." അവൾ ജോണിനെയും വിളിച്ചുകൊണ്ട് നടന്നു..

"ഓർത്ത് വെച്ചോടീ നീ.. ഇതിനുളള മറുപടി ഞാൻ നിനക്ക് തന്നിരിക്കും.." മത്തായി തന്റെ കൈ അവിടെ കണ്ട മരത്തിലിടിച്ച് കലിയടക്കി...*

സാനിയയുടെ അച്ഛനും അമ്മയും വിധി കേൾക്കാൻ എത്തിയിട്ടുണ്ടായിരുന്നു.. പ്രതികൾക്ക് വേണ്ടി വാദിച്ചിരുന്നത് ലീഡിങ് അഡ്വേക്കേറ്റ് ആയിരുന്നെങ്കിലും അവരെ മലർത്തിയടിക്കും വിധമായിരുന്നു ജോണിന്റെ പ്രകടനം.. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദങ്ങൾക്കൊടുവിൽ.. സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു... വിധി കേട്ട് സാനിയയുടെ അമ്മയുടെ കണ്ണിൽ നിന്നും തുള്ളികൾ താഴേക്ക് പതിച്ചു... കല്യാണി എല്ലാവരെയും വിളിച്ചു പറഞ്ഞു.. വധശിക്ഷയാണ് ഏവരും ആഗ്രഹിച്ചതെങ്കിലും ജീവപര്യന്തം ലഭിച്ചതിലും എല്ലാവരും സന്തോഷിച്ചു..

ജിന്റോയെ ജയിലിലേക്ക് കൊണ്ട് പോകുമ്പോൾ അവൻ കല്യാണിയെ നോക്കി.. അവന്റെ പക ആ കണ്ണുകളിൽ വ്യക്തമായിരുന്നു... എന്നാൽ കല്യാണി അത് കാര്യമാക്കിയില്ല.. നിറഞ്ഞ മിഴികളുമായി നന്ദി പറഞ്ഞ സാനിയയുടെ അമ്മയുടെ മുഖമായിരുന്നു അവളുടെ മനസ്സിൽ.. മത്തായിയും അവളെ വെല്ലുവിളിക്കാൻ മറന്നില്ല.. എന്നാൽ അതൊന്നും അവളെ ഭയപ്പെടുത്തിയില്ല.. സാനിയക്ക് നീതി ലഭിച്ചുവെന്ന ആശ്വാസം അവളിൽ നിറഞ്ഞുനിന്നു...*

കോടതിയിൽ നിന്നിറങ്ങി സാന്ത്വനത്തിലും പോയി വീട്ടിൽ തിരിച്ചെത്തിയപ്പോൾ വൈകുന്നേരമായിരുന്നു.. അകത്തേക്ക് കയറിയപ്പോൾ ചോക്ലേറ്റ് നിറച്ച ഒരു കൈ അവൾക്ക് നേരെ നീണ്ടു...

"കുട്ടേട്ടൻ..." അവൾ പുഞ്ചിരിയോടെ പറഞ്ഞു.. എന്നിട്ട് ചോക്ലേറ്റ് എടുത്ത് ഒരെണ്ണം അവന്റെ വായിലേക്കും ഒന്ന് അവളുടെ വായിലേക്കും ഇട്ടു..

"അവർക്ക് ശിക്ഷ ലഭിച്ചുവല്ലേ.."

"അതേ ഏട്ടാ.. അല്ല ഏട്ടന്റെ ആ പേഷ്യന്റ് പ്രസവിച്ചോ..?"

"ഉം.. പെൺകുഞ്ഞ്..."

"ആഹാ.. അവൾക്ക് സുരക്ഷിതത്വത്തോടെ കഴിയാൻ സാധിക്കട്ടെ... ആരെയും പേടിക്കാതെ പാറിപ്പറക്കാൻ കഴിയട്ടെ..." ഏട്ടൻ ചിരിച്ചു.. ചിന്നൂട്ടി അങ്ങോട്ട് ഓടിവന്നു..

"അപ്പേ.. നിച്ച് ചോക്ലേറ്റ് കിട്ടി.."

"നിക്കും കിട്ടീലോ..."

"അപ്പച്ച്  ങ്ങന്യാ കിട്ട്യേ..."

"നിന്റെ അച്ഛൻ ന്റെ ഏട്ടനാണേ.. അപ്പോ നിക്ക് തരാണ്ടിരിക്കോ..."

"ന്നാ അതൂടെ നിച്ച് തരോ അപ്പേ.." അവള് കൊഞ്ചിക്കൊണ്ട് ചോദിച്ചു..

"അമ്പടി കേമീ.. നീയാള് കൊള്ളാലോ.."
കൈലാസിന് അവരുടെ സംസാരം കേട്ട് ചിരി വരുന്നുണ്ടായിരുന്നു..

"നല്ല അപ്പയല്ലേ.. പ്ലീച്ച്.. ഒന്ന് പറ അച്ഛേ.."

"മോൾടെ കയ്യിൽ ഉണ്ടല്ലോ.. കല്ലുവിന്റേൽ ഉളളത് അവൾ എടുത്തോട്ടെ.."

"ഹും.." അവൾ കൈലാസിനോട് പിണങ്ങിക്കൊണ്ട് മുഖം തിരിച്ചു..

"നിനക്കെല്ലാം കൂടെ തന്നാ നിന്റമ്മ ന്നെ ചീത്ത പറയും.. പുഴുപ്പല്ല് വരുന്ന് പറഞ്ഞിട്ട്.. "

"ഇല്ല.. പ്ലീച്ച്.. പ്ലീച്ച്..അപ്പേ.. "

അവളുടെ കെഞ്ചൽ കണ്ടപ്പോ കല്യാണി മിഠായി അവൾക്ക് കൊടുത്തു.. ചിന്നു സന്തോഷത്തോടെ കല്ലുവിന് ഒരുമ്മയും കൊടുത്ത് ഓടിപ്പോയി..

"അമ്മ ഇവിടില്ലേ ഏട്ടാ.. ശബ്ദമൊന്നും കേൾക്കാൻ ഇല്യാലോ.."

"അമ്മേം മൈഥിലീം കൂടെ ശേഖരമാമേടെ വീട്ടിൽപ്പോയി.. ശാരിമാമിക്ക്(ശേഖരമാമയുടെ ഭാര്യ) കാലുള്ക്കി ഇരിക്ക്യാന്ന്.. അപ്പോ അത്രേടം വരെ ഒന്ന് പോയിട്ട് വരാന്ന് പറഞ്ഞു.. മുത്തശ്ശീം അച്ഛനും തൊടിയിൽ ഉണ്ട്.."

"ആ.. അമ്മ ഇടവിട്ട് ഇടവിട്ട് എന്നെ വിളിച്ചോണ്ടിരിക്കാർന്നു.. പാവം.."

"അമ്മക്കറിയില്ലേ.. ഈ ചട്ടമ്പിക്കല്യാണിക്ക് ഭയങ്കര ധൈര്യാന്ന്.."  ഏട്ടൻ അവളുടെ തോളിൽ കയ്യിട്ട് കൊണ്ട് ചോദിച്ചു..

"ഇല്യാന്നേ.. സില്ലി മമ്മി.." അവരിരുവരും ചിരിച്ചു..

"എന്നാ മോള് ചെന്ന് ഫ്രഷായിട്ട് എന്തേലും കഴിക്ക്.."

"ശരി ഏട്ടാ..." അവൾ മുറിയിലേക്ക് കയറിപ്പോയി.. കുളിച്ചിറങ്ങിയപ്പോൾ അമ്മയും ഏട്ത്തുവും വന്നിട്ടുണ്ടായിരുന്നു.. രാത്രി ഭക്ഷണത്തിന് ശേഷം പുറത്തെ വരാന്തയിലിരുന്ന് കോടതിയിൽ നടന്നതെല്ലാം ഏട്ത്തുവിനോട് വിശദീകരിച്ചു..

"ജീവപര്യന്തം കുറഞ്ഞു പോയല്ലേ കല്ലൂ.. ഇവനെപ്പോലുള്ളവർക്ക് തൂക്കുകയർ തന്നെയാണ് വേണ്ടത്.."

"സത്യമതാണ്.. എന്നാലും അപൂർവ്വം ചില കേസിലല്ലേ അങ്ങനെ വിധിക്കാറുള്ളൂ.."

"ഉം.. ഇവനൊക്കെ ജയിലിൽ കിടന്ന് പുഴുത്ത് ചാവും.." അതുംപറഞ്ഞ് മൈഥിലി എഴുന്നേറ്റ് പോയി..

കല്ലു കുറച്ചു നേരം കൂടെ പലതും ആലോചിച്ചുകൊണ്ട് അവിടെ തന്നെയിരുന്നു... പിന്നെ എഴുന്നേറ്റ് റൂമിലേക്ക് നടന്നു... ഡയറിയിൽ ചിലത് കുറിച്ചിട്ടു.. പണ്ട് സ്ഥിരമായി ഡയറി എഴുതിയിരുന്നു.. ഇപ്പോൾ വല്ലപ്പോഴും മാത്രം.. ചില ദിവസങ്ങൾ മാത്രം അടയാളപ്പെടുത്തും.. അല്ലെങ്കിലും ബാല്യത്തിലെ പല ശീലങ്ങളും തന്നിൽ നിന്നും അകന്ന് പോയിരിക്കുന്നുവല്ലോ എന്നവളോർത്തു...

ജനലിലൂടെ മൂവാണ്ടൻ മാവിന്റെ ചുവട്ടിലേക്ക് നോക്കിയപ്പോൾ ഒരു ഊഞ്ഞാൽ അവിടെയുള്ളത് പോലെ അവൾക്ക് തോന്നി.. അതിലിരുന്ന് ആടുന്ന തന്നെയും ആട്ടിത്തരുന്ന ആളെയും അവൾ വ്യക്തമായി കണ്ടിരുന്നു.. സ്വപ്നത്തിൽ താൻ കണ്ട അവ്യക്തമായ മുഖം ഇതായിരുന്നോ..?? അറിയില്ല..!! ഒരുപക്ഷേ അത് തന്റെ ആഗ്രഹം മാത്രമായി അവശേഷിക്കാം... എന്നാലും ഈ കല്യാണി വിഷമിക്കില്ല.. സ്വയം പറഞ്ഞു പഠിപ്പിച്ചു കൊണ്ട് അവളെഴുന്നേറ്റു..

രാവിലെ എന്നത്തേയും പോലെ അമ്മയുടെ ചീത്ത വിളിയും സുബ്ബലക്ഷ്മിയുടെ ശബ്ദവും കേട്ടാണ് കല്ലു ഉണർന്നത്.. പ്രഭാതകർമ്മങ്ങളൊക്കെ നിർവഹിച്ചു താഴേക്ക് ചെന്നപ്പോൾ എല്ലാരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അവളെ കാത്തിരിക്കുവാർന്നു.. നല്ല തുമ്പപ്പൂ പോലത്തെ ഇഡ്ഡലിയും സാമ്പാറും കഴിച്ച് അവൾ സ്കൂളിലേക്ക് പോവാൻ റെഡിയായി..

"നിനക്കൊന്ന് അമ്പലത്തിലൊക്കെ പൊയ്ക്കൂടേ കല്ലൂ.. ചെറുപ്പത്തിൽ അമ്പലത്തിൽ പോകാൻ വലിയ ഉത്സാഹമായിരുന്നു.. ഇപ്പോ ആരേലും നിർബന്ധിക്കണം.."

"എന്നും അമ്പലത്തിൽ പോയില്ലെങ്കിലും ഞാനും ദേവിയും തമ്മിൽ കൂട്ടാ അമ്മേ.. ന്റെ കാര്യൊക്കെ പറയാണ്ട് തന്നെ അറിയാം.."

"നീ വല്യേ സാമൂഹിക പ്രവർത്തക അല്ലേ.. അപ്പോ ദേവിക്ക് അറിയണുണ്ടാവും.."

"അതേ.. അതേ.. ഇന്നലേം കൂടെ ഞങ്ങൾ തമ്മിൽ സംസാരിച്ചതേ ഉള്ളൂ.."

"എന്തൊക്കെയാ ഈ പെണ്ണ് പറയണേ.."

"സത്യങ്ങൾ...."

"വെറുതെ ഓരോന്ന് പറയാൻ പാടില്യാട്ടോ കല്ലൂ.. ദേവി നിന്റെ കളിക്കുട്ടി ഒന്നുമല്ല.."

അമ്മയുടെ ശാസന കേട്ട് കല്യാണി ചിരിച്ചു..

"അല്ല നിനക്ക് ചുരിദാർ ഇടാർന്നില്ലേ.. ഈ ജീൻസ് തന്നെ വേണാർന്നോ.. നിനക്ക് ഇതിനേക്കാൾ ഭംഗി ചുരിദാറും സാരിയുമൊക്കെയാ.." അമ്മ സ്ഥിരം പല്ലവി തുടങ്ങി.. എത്ര പറഞ്ഞാലും മതിയാവില്ലല്ലോ അമ്മക്ക്...

"അമ്മ എന്നും ഇത് പറയണം എന്ന് വ്രതം വല്ലതും എടുത്തിണ്ടോ.."

"നീ നന്നാവാൻ വ്രതം എടുത്തിണ്ടെടീ.."

"അതിന്റെ ആവശ്യല്ല്യാ.. ഞാൻ പണ്ടേ നല്ല കുട്ടിയല്ലേ.."

"പിന്നേ.. ഒരു നല്ല കുട്ടി... മുഖത്ത് എഴുതി ഒട്ടിച്ചോ.."

"ആലോചിക്കാമേ..." അമ്മയുടെ കവിളിൽ മുത്തം നൽകിക്കൊണ്ട് അവൾ മുറ്റത്തേക്ക് നടന്നു.. അവളെ നോക്കി ചിരിച്ചു കൊണ്ട് അമ്മ അകത്തേക്കും..... വണ്ടി സ്റ്റാർട്ടാക്കിയപ്പോഴാണ് ഇന്നും കാർത്തിക്കിന്റെ വിളി..

"നിന്റെ ബൈക്ക് വീണ്ടും പഞ്ചറായോടാ കുഞ്ഞൂ.. ഞാൻ ഡ്രോപ്പ് ചെയ്യണോ... ഏതെങ്കിലും ഫാൻസ് ഉണ്ടേൽ കാണേം ചെയ്യാലോ.." അവൾ കളിയാക്കി കൊണ്ട് പറഞ്ഞു..

"ആക്കല്ലേ..."

"ഹി.. ഹി.. സാറെന്തിനാണാവോ വിളിച്ചത്.."

"അത് പിന്നെ ഈ ബുക്ക് ഒന്ന് വായനശാലയിൽ കൊടുക്കോ.. ഞാനിന്ന് ആ  വഴിക്കല്ല പോണേ.. ഇന്നാണ് വെക്കണ്ട ദിവസം.."

"അതിന്.. നീ കറക്റ്റ് ദിവസമൊന്നും കൊണ്ടോയി വെക്കാറില്ലല്ലോ.."

"ഈ ബുക്ക് ആരോ അന്വേഷിച്ചൂന്ന് വിജയേട്ടൻ പറഞ്ഞു.. അതാ.. ഒന്ന് വെക്കടീ.."

"ഉം.. ശരി ശരി.."

അവൾ ആ പുസ്തകം വാങ്ങി നോക്കി.. 'ഹൈമവത ഭൂവിൽ- എം.പി വീരേന്ദ്രകുമാർ..'

"നല്ല ബുക്കാ അല്ലേ.. ഞാൻ വായിച്ചിട്ടുണ്ട്.." അവൾ പറഞ്ഞു..

"ഉം.." അവൻ പതിയെ മൂളി

"അതെന്താടാ ആ മൂളലിന് വല്യേ ശക്തി പോരാത്തേ..??"

അവൻ പല്ലിളിച്ചു കൊണ്ട് അവളെ നോക്കി..

"സത്യം പറയെടാ.. നീയിത് മുഴുവൻ വായിച്ചോ.." അവൻ ചുമൽ കൂച്ചി കാണിച്ചു..

"ബെസ്റ്റ്... നീ പിന്നെന്തിനാടാ ബുക്ക് എടുക്കണേ..."

"ടൈം കിട്ടാത്തോണ്ടാടീ.."

"ടാ.. സമയം ഉണ്ടാവണതല്ല.. ഉണ്ടാക്കണതാ..."

"ഓ.. നീയെനിക്ക് ക്ലാസ് എടുക്കാതെ പോവാൻ നോക്ക്.."

"ആയിക്കോട്ടെ.. ബൈ..."

അവൾ സ്‌കൂട്ടി എടുത്ത് പറന്നു.. വായനശാലയിൽ കേറി ബുക്ക് വെച്ചു.. ഇത്തിരി നേരം വിജയേട്ടനോട് സംസാരിച്ചിരുന്ന് സ്‌കൂളിലേക്ക് പോയി.. ഇന്ന് കുട്ടികൾക്ക് ഒരു രാജകുമാരിയെ ആണ് വരക്കാൻ പഠിപ്പിച്ചത്.. അവർ അത് വരച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കല്യാണിക്ക് ഒരു ഫോൺ വന്നു.. അപ്പുറത്ത് നിന്നും പറഞ്ഞ വാർത്ത അവളിൽ ഞെട്ടലുണ്ടാക്കി..

"വാട്ട്...!!!????" ഫോൺ അവളുടെ കയ്യിൽ നിന്നും താഴേക്ക് പതിച്ചു...

(തുടരും..)
എവിടെയെങ്കിലും വലിച്ചു നീട്ടുന്നതായി തോന്നുണ്ടെങ്കിൽ ക്ഷമിക്കണം.....
രചന: അശ്വതി രാവുണ്ണികുട്ടി

To Top