മാംഗല്യം തന്തുനാനേന ഭാഗം 3
ഫോൺ ഉച്ചത്തിൽ ശബ്ദിച്ചു കൊണ്ടിരുന്നു..
"പാത്തു കോളിങ്..."
"ഈ പെണ്ണ് ഇനി അവടെ എത്തണ വരെ വിളിച്ചോണ്ടിരിക്കും.." കല്ലു ഫോൺ എടുത്ത് ചെവിയിൽ വെച്ചു..
"ഹലോ കല്ലൂ.. ഇജ്ജ് ഇറങ്ങീല്യേ.."
"ന്റെ പാത്തൂ.. നീയെനിക്ക് ഇത്തിരി ടൈം തരോ.. പ്രോഗ്രാം തുടങ്ങാറായിട്ടൊന്നൂല്യല്ലോ.. ഞാൻ വന്നോളാം.." അത്രയും പറഞ്ഞ് പാത്തുവിന്റെ മറുപടി കേൾക്കാതെ അവൾ ഫോൺ കട്ട് ചെയ്തു..
സ്‌ക്കൂട്ടി സ്റ്റാർട്ട് ചെയ്തപ്പോഴാണ് കാർത്തിക് ഓടിവന്നത്..
"കല്ലൂ.. നിൽക്ക് ഞാനുമുണ്ട്.."
ഇതിപ്പോ എങ്ങോട്ടാ എന്റെ കൂടെ ചാടി വരണേ ആവോ.. ഇവന്റെ വണ്ടിയെവിടെ പോയി..
"നിന്റെ ബൈക്കെവിടെ ചെക്കാ..?"
"അത് വർക് ഷോപ്പിലാടീ.. നീയെന്നെ ശ്രീജിത്തിന്റെ വീട്ടിൽ വിട്ടാ മതി.. "
"അതൊന്നും പറ്റില്ല.. എനിക്ക് ലേറ്റാവും.."
"അതൊന്നൂല്യ.. നീ 'സാന്ത്വനം' ത്തിലേക്കല്ലേ.. അങ്ങോട്ട് പോവുന്ന വഴിയിലാണല്ലോ അവന്റെ വീടും.."
"ആ വഴി ലോങാ..."
"എനിക്ക് അർജന്റായതോണ്ടാടീ.. ഒന്ന് സമ്മതിക്ക്.."
"സാറിന്റെ ബൈക്കിൽ നമ്മളെ കേറ്റാൻ വല്യേ ഡിമാന്റാണല്ലോ.."
"നീ ഇപ്പോ പ്രതികാരം ചെയ്യല്ലേടീ..."
"ഇല്ലാ.. ഒരുകാര്യം ചെയ്യ്.. മോൻ ഒന്ന് നന്നായി അപേക്ഷിക്ക്.."
"അത്..." അവൻ ശങ്കിച്ചു നിന്നു..
"എന്താ ഇഞ്ചിനീരേ പറ്റൂലേ..." അവളുടെ കളിയാക്കൽ അവനിഷ്ടപ്പെട്ടില്ല.. ഈ പെണ്ണ് എപ്പോഴും ഇഞ്ചിനീരേ എന്ന് വിളിച്ച് കളിയാക്കും..
"ഞാനേ എഞ്ചിനീയറാ... ഇഞ്ചിനീര് നിന്റെ..."
"നിന്റെ.....??" അവൾ അവന്റെ അടുത്തേക്ക് മുഖം നീട്ടി..
തന്റെ സാഹചര്യവും ആവശ്യവും ഓർത്ത് അവൻ സംയമനം പാലിച്ചു..
"നിന്റെ.. നിന്റെ അനിയൻ.. അല്ലാതാരാ..." അങ്ങനെ പറ മോനേ കുഞ്ഞൂട്ടാ.. അവൾ മനസ്സിൽ പറഞ്ഞുകൊണ്ട് ചിരിച്ചു..
"എന്നാ അപേക്ഷ തുടങ്ങിക്കോ..." കല്യാണി കേൾക്കാൻ തയ്യാറായി ഇരുന്നു..
"ടീ കല്ലൂ...."
"എങ്ങനേ....? ചേച്ചീന്ന് വിളിക്കടാ..." അവൾ പറയുന്നത് കേട്ട് അവന് ദേഷ്യം വരുന്നുണ്ടായിരുന്നു.. പക്ഷേ നിയന്ത്രിച്ചേ പറ്റൂ.. ആവശ്യം തന്റെയായി പോയില്ലേ..
"ന്റെ പുന്നാര ചേച്ചീ... എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമോ.." അവൻ വിനയത്തോടെ പറഞ്ഞു.. പക്ഷേ അവൾ ഒന്നും പറഞ്ഞില്ല..
"ഇനീം എന്താ നീ.. അല്ല ചേച്ചി ആലോചിക്കണേ.. നമ്മക്ക് പോവാം..."
"വെയിറ്റ്.. വെയിറ്റ്.. ഒരു കാര്യം കൂടെ.. നിന്റെ അക്കൗണ്ടിൽന്ന് ഒരു ട്വെന്റി തൗസന്റ് സാന്ത്വനം അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യണം.." ഇത്തവണ അവൻ ഞെട്ടി.. കാശ് പോവണ കാര്യമല്ലേ എങ്ങനെ ഞെട്ടാതിരിക്കും..
"ഏ... ട്വന്റി തൗസന്റോ...??" അവന്റെ ഞെട്ടൽ ചോദ്യത്തിലും പ്രതിഫലിച്ചു..
"അതേ.. മലയാളത്തിൽ പറഞ്ഞാൽ ഇരുപതിനായിരം രൂപ..."
"അത്.. അത്.. പിന്നെ ചെയ്യാം.. ഇപ്പോ എങ്ങനാ..."
"പിന്നെയൊന്നും പോര.. ഇപ്പോ തന്നെ ചെയ്യണം... ഓൺലൈൻ ട്രാൻസാക്ഷൻ ഒക്കെയുള്ള കാലമല്ലേ മോനേ ഇത്..." കാർത്തിക് കുറച്ച് നേരം ആലോചിച്ചു നിന്നു.. കല്ലുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ അവനെതന്നെ നോക്കി നിൽപ്പാണ്..
"ഇപ്പോ ചേച്ചിക്ക് സമയം പോകുന്നില്ലേ.." അവൻ ചോദിച്ചു..
"ഒരു നല്ല കാര്യത്തിനല്ലേ.. കുഴപ്പമില്ല..." അവൾ വിടാനുള്ള ഉദ്ദേശമില്ലെന്ന് അവന് മനസ്സിലായി..
"അത്.. എന്റേല് അത്രയൊന്നും ഇല്ലെന്നേ.." അവൾ നെറ്റിചുളിച്ചു കൊണ്ട് അവനെ നോക്കി..
"എടാ മോനേ.. പഠിച്ചോണ്ടിരിക്കുമ്പോ തന്നെ ക്യാംപസ് സെലക്ഷൻ വഴി ജോലിക്ക് കയറിയവനല്ലേ നീ.. അത്യാവശ്യം സാലറി ഉണ്ട് നിനക്ക്.. ഭാരിച്ച ചിലവുകളൊന്നുമില്ല താനും.. എന്നിട്ടിങ്ങനെ പിച്ചത്തരം കാണിക്കല്ലേ..." അവള് പുച്ഛത്തോടെ പറഞ്ഞു..
"അയ്യോ.. സത്യമാടീ.. വൺ ഇയർ കഴിഞ്ഞതല്ലേ ഉള്ളൂ ജോലി ചെയ്യാൻ തുടങ്ങീട്ട്.."
"എന്നാ മോനിവിടെ നിന്നോ.." അവൾ വീണ്ടും വണ്ടി സ്റ്റാർട്ടാക്കി..
"ഏയ്.. പോവല്ലേ..." അവൻ വണ്ടിക്ക് മുന്നിലേക്ക് കയറിനിന്നു..
"നിനക്ക് ഞാൻ പറഞ്ഞത് ചെയ്യാൻ പറ്റില്ലല്ലോ.. മാറിനിൽക്ക്.."
"ഞാൻ ചെയ്യാം.." അതുകേട്ട് അവളുടെ മുഖം തെളിഞ്ഞു..
"അങ്ങനെ വഴിക്ക് വാ.. വേഗമാവട്ടെ..." അവൾ വണ്ടിയിൽ നിന്നും ചാവി ഊരി..
"അവസരം മുതലെടുക്കുന്ന തെണ്ടി..." അവൻ പിറുപിറുത്തു..
"മോനെന്തേലും പറഞ്ഞാർന്നോ.." കല്യാണി ചെവി നീട്ടി പിടിച്ചു..
"ഇല്ല ചേച്ചീ..."
അവൻ ഫോണെടുത്ത് ഓൺലൈനായി ക്യാഷ് ട്രാൻസ്ഫർ ചെയ്തു.. അവളുടെ മുന്നിൽ വെച്ചാണ് അവനോരോന്ന് ചെയ്തതെങ്കിലും കല്യാണിക്കത്ര വിശ്വാസം പോരായിരുന്നു.. അതുകൊണ്ട് അവൻ ഫോണിൽ ഡീറ്റൈയ്ൽസ് കാണിച്ചു കൊടുത്തു.. ഇനിയെങ്കിലും പോവാലോ എന്ന അർത്ഥത്തിൽ അവൻ കല്യാണിയെ നോക്കി.. അവളപ്പോഴും എന്തോ ആലോചനയിലായിരുന്നു..
"കല്ലൂ.. പോവാം.."
"അത്..." ഇനിയും എന്തെങ്കിലും പറയാൻ സമയം കൊടുത്താൽ അവള് വേറെ കണ്ടീഷൻസ് വല്ലതും വെച്ചാലോ എന്ന് കരുതി കല്യാണിയെ മുഴുവനാക്കാൻ സമ്മതിക്കാതെ കാർത്തിക് പിന്നിൽ കയറിയിരുന്നു..
"വണ്ടി പോട്ടേ..." അവളുടെ തോളിൽ തട്ടിക്കൊണ്ട് അവൻ പറഞ്ഞു.. അവൾ പിന്നെ ഒന്നും പറയാതെ ഹെൽമറ്റ് എടുത്തു വെച്ച് വണ്ടി സ്റ്റാർട്ട് ചെയ്തു..
"ടീ ചേച്ചീ.. നീയെന്തിനാ എപ്പോഴും ഈ ഹെൽമെറ്റ് വെക്കണേ.. നാല് പേര് നിന്റെ സൗന്ദര്യം കാണട്ടെ എന്നേ.." അവൻ ഹെൽമറ്റ് അവളുടെ തലയിൽ നിന്നും ഊരിക്കാൻ നോക്കി.. അവളാ കൈ തട്ടിമാറ്റി..
"പൊന്നുമോനെ.. എനിക്ക് എന്റെ ജീവനെക്കുറിച്ചും.. തലയെക്കുറിച്ചും ചിന്തയുണ്ടേ.. മാത്രമല്ല ഭംഗി ആസ്വദിക്കാൻ ന്റെ ഈ മുഖം ഇതുപോലെ തന്നെ അവിടെ വേണ്ടേ.. അതിന് ഹെൽമറ്റ് വെക്കണത് തന്ന്യാ നല്ലത്.."
"അതല്ലെടീ..."
"മോനെന്നെ കൂടുതലുപദേശിക്കാൻ വരാതെ പിടിച്ചിരിക്കാൻ നോക്ക്..." അതും പറഞ്ഞവൾ വണ്ടിയെടുത്തു..
ശ്രീജിത്തിന്റെ വീട്ടിലെത്തിയപ്പോൾ അവനും അമ്മയും അവരെ കാത്ത് ഗെയ്റ്റിനരികിൽ നിൽപ്പുണ്ടായിരുന്നു.. കല്യാണിയോട് വീട്ടിൽ കയറാൻ പറഞ്ഞ് അവർ നിർബന്ധിച്ചപ്പോൾ സമയമില്ലെങ്കിലും കൂടെ ചെന്നു.. അവിടെ കാർത്തിക്കിന്റെ മറ്റ് ചില കൂട്ടുകാരുമുണ്ടായിരുന്നു.. കൂട്ടത്തിൽ കല്യാണി ഇതുവരെ കാണാത്ത ഒരു പെൺകുട്ടിയും.. അവൾ കല്ലുവിനടുത്തേക്ക് വന്നു..
"ഹായ് കല്യാണി മാം..." ആ കുട്ടി പുഞ്ചിരിയോടെ കൈ നീട്ടി.. കല്ലു തിരിച്ചും കൈ കൊടുത്തു.. അവൾ അതാരാണെന്നറിയാൻ കാർത്തിക്കിന് നേരെ നോക്കി.. അതു മനസ്സിലാക്കിയെന്നോണം അവൻ പറഞ്ഞു..
"കല്ലൂ.. ഇത് ഉമ ഹരിപ്രസാദ്.. എന്റെ കൂടെ വർക് ചെയ്യുന്ന കുട്ടിയാ.. വേറെ ബ്രാഞ്ചിലായിരുന്നു.. ഇങ്ങോട്ട് ട്രാൻസ്‌ഫർ ആയി വന്നിട്ട് കുറച്ചേ ആവുന്നുള്ളൂ.." അവൻ പറഞ്ഞപ്പോൾ കല്യാണി തലയാട്ടി..
ഉമ കല്യാണിയെ തന്നെ നോക്കി നിൽക്കുവായിരുന്നു.. ആ നോട്ടത്തിൽ പലതരം ഭാവങ്ങൾ നിറഞ്ഞിരിക്കുന്നതായി കല്ലുവിന് തോന്നി..
"ഞാനൊന്ന് ഹഗ്ഗ് ചെയ്തോട്ടെ മാഡം.."
ആ കുട്ടിയുടെ ചോദ്യം കേട്ടപ്പോൾ കല്ലു ഒന്നന്തം വിട്ടു.. ഇതിന് മാത്രം ഇവൾക്ക് തന്നെ എന്ത് പരിചയമാണുള്ളത്.. എന്തായാലും ചോദിച്ച സ്ഥിതിക്ക് കല്യാണി സമ്മതിച്ചു..
"കുട്ടിയെന്നെ മാഡം എന്നൊന്നും വിളിക്കണ്ട.. കല്യാണി എന്ന് വിളിച്ചോളൂ.."
"ഓകെ..."
"കുട്ടിക്കെന്നെ മുൻപരിചയം ഉണ്ടോ..? എനിക്ക് കണ്ട ഓർമയില്ല്യാ.."
"എന്നെ കണ്ടിട്ടില്ല.. ബട്ട് എനിക്ക് മാമിനെ അല്ല കല്യാണിയെ അറിയാം.." അവൾ പറയുന്നത് കല്യാണി താല്പര്യത്തോടെ കേട്ടു..
"കല്യാണി കൃഷ്ണൻ എന്ന സോഷ്യൽ ആക്ടിവിസ്റ്റ്.. ചെറുപ്രായത്തിൽ തന്നെ മറ്റുള്ളവർക്ക് പ്രചോദനമേകുന്ന തരത്തിലുള്ള കാര്യങ്ങളല്ലേ താൻ ചെയ്യണേ.. തന്നെ പറ്റി വന്ന ലേഖനം ഞാൻ വായിച്ചിട്ടുണ്ട്.. " അത് പറഞ്ഞപ്പോൾ കല്ലു കാർത്തിക്കിനെ നോക്കി.. അവനൊരു ചമ്മിയ ചിരി പാസ്സാക്കി... ലേഖനം വന്നത് ഒരു ലൊക്കടാ മാസികയിലാണ്.. അതാരും വായിച്ചിട്ടുണ്ടാവില്ല എന്ന് പറഞ്ഞ് അവൻ കുറേ കളിയാക്കിയതാണ്..
"ഞാൻ അത്ര വലിയ ആളൊന്നുമല്ലെടോ.."
"താൻ അങ്ങനല്ലേ പറയൂ.."
"ആ ഒരു ലേഖനം വായിച്ചത് കൊണ്ടാണോ താനെന്നെ സോഷ്യൽ ആക്ടിവിസ്റ്റ് എന്ന് വിളിച്ചത്..." കല്യാണി സംശയത്തോടെ ചോദിച്ചു..
"അല്ല.. അതിനു മാത്രം കാര്യങ്ങളൊന്നും അതിലുണ്ടായിരുന്നില്ലല്ലോ.. സലീന ടീച്ചറിലൂടെയാ ഞാൻ കല്യാണിയെ അടുത്തറിഞ്ഞത്.. ഒരുപാട് പറഞ്ഞിട്ടുണ്ട് തന്റെ പ്രിയപ്പെട്ട സ്റ്റുഡന്റിനെ പറ്റി.." ടീച്ചറുടെ പേര് കേട്ടപ്പോൾ കല്യാണിയുടെ മുഖം വിടർന്നു..
"ടീച്ചറിനെ അറിയോ..?"
"എന്റെ നെയ്ബർ ആയിരുന്നു... ടീച്ചർ ഇവിടെ നിന്നും വീട് മാറി വന്നത് ഞങ്ങടെ നാട്ടിലേക്കാ.. നൂറുനാവാ തന്നെ കുറിച്ച് പറയാൻ.. ആ വാക്കുകളിലൂടെയാ ഇയാളെ കാണണം എന്ന ആഗ്രഹം ഉടലെടുത്തേ.."
"ടീച്ചർടെ ക്ലാസിൽ ഞാൻ കുറേ അലമ്പ് കാണിച്ചിട്ടുണ്ട്.. എന്നും വഴക്ക് കേൾക്കുമായിരുന്നു..." കല്യാണി കുട്ടിക്കാലം ഓർത്ത് ചിരിച്ചു..
"അന്നത്തെ കഥകളൊക്കെ പറഞ്ഞു.. ടീച്ചർടെ ചട്ടമ്പി ഇന്ന് ചെയ്യുന്ന കാര്യങ്ങളോർത്ത് അവർ ഒരുപാട് അഭിമാനിക്കുന്നുണ്ട്.. ചട്ടമ്പിക്കല്യാണി എന്നായിരുന്നല്ലേ വട്ടപ്പേര്.."
കല്യാണിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ഈ കല്യാണി കൃഷ്ണന്റെ വട്ടപ്പേര്.. ചട്ടമ്പിക്കല്യാണി.. അതിപ്പോ ഒരാള് കൂടി അറിഞ്ഞിരിക്കുന്നു..
"ഇപ്പോ ഞാനും തന്റെ ഒരു ഫാനാ.." അതുകേട്ടപ്പോൾ കാർത്തികിന് ചിരി വന്നെങ്കിലും അവൻ സ്വയം കണ്ട്രോൾ ചെയ്‌തു.. കല്ലുവിന്റെയും അവസ്‌ഥ അത് തന്നെയായിരുന്നു..
"എന്റെ ഫാനോ..? ചിരിപ്പിക്കല്ലേ.."
"കാര്യമായിട്ട് പറഞ്ഞതാടോ.."
"എന്നാ ആയിക്കോട്ടെ.."
അപ്പോഴേക്കും ശ്രീജിത്തിന്റെ അമ്മ ചായ കൊണ്ട് വന്നു.. എല്ലാവരും അത് കുടിച്ചു..
"ടീച്ചറെ വിളിക്കാറുണ്ട്.. പക്ഷെ ഇങ്ങനൊരാളെ കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ല കേട്ടോ.."
"പറയണ്ട എന്ന് ഞാൻ തന്നെയാ പറഞ്ഞേ.. കല്യാണിയെ നേരിട്ട് കാണാനായിരുന്നു തീരുമാനം.. പിന്നെ കാർത്തിക്കിന്റെ സിസ്റ്റർ ആണെന്ന് ഇന്നലെ ഇവന്റെ ഫോണിൽ ഫോട്ടോ കണ്ടപ്പോഴാ മനസ്സിലായേ.. അപ്പോ തന്നെ കാർത്തിക്കിനോട് കല്യാണിയെ കാണാൻ പറ്റുമോന്ന് ചോദിച്ചു.. ഇവൻ യെസ് പറഞ്ഞു.. വീട്ടിൽ വെച്ചു വേണ്ടെന്ന് ഇവൻ തന്നെയാ പറഞ്ഞേ.. അതാ ഇവിടെ വെച്ചാക്കിയേ.."
കല്ലു കാർത്തിക്കിനെ നോക്കി.. അവൻ അവളെ നോക്കി ചിരിക്കാൻ ശ്രമിക്കുന്നുണ്ട്..
"എന്നാ ശരി ഉമ.. ഞാൻ പോട്ടേ.. കുറച്ച് തിരക്കുണ്ട്.. ഇറ്റ്‌സ് നൈസ് റ്റു മീറ്റ് യൂ.. ബൈ.."
"ബൈ കല്യാണി..."
കല്യാണി എല്ലാവരോടും യാത്ര പറഞ്ഞു.. കുറച്ച് മുന്നോട്ട് നടന്ന് അവൾ തിരിഞ്ഞു നിന്നു..
"ഉമാ.. താൻ രാവിലെ ജോഗിങ്ങിന് വരാറുണ്ടോ..?" കാർത്തിക്കിനെ ഇടം കണ്ണിട്ട് നോക്കിക്കൊണ്ടാണ് അവളത് ചോദിച്ചത്.. അവനവളെ രൂക്ഷമായി നോക്കി..
"ഇവിടെ വന്നിട്ട് ഇതുവരെ പോവാൻ തുടങ്ങിയിട്ടില്ല.. എന്താ കല്യാണി ചോദിച്ചേ..?"
"ഏയ്.. നതിങ്.. ബൈ..."
അവൾ നടന്നപ്പോൾ കാർത്തിക്കും ഗെയ്റ്റ് വരെ ഒപ്പം വന്നു..
"കല്ലൂ... താങ്ക്സ്.."
"ഓ.. വരവ് വെച്ചു.. സാർ ന്റെ സ്‌കൂട്ടിയിൽ കേറാൻ ട്വെന്റി തൗസന്റ് മുടക്കിയപ്പോഴേ ഞാൻ വിചാരിച്ചു എന്തേലും ആവശ്യം കാണുമെന്ന്.."
"ഈ..." അവൻ നല്ല വെടിപ്പായി ഇളിച്ചു കാണിച്ചു..
"വെയിലത്ത് നിന്നിളിക്കാതെ അകത്തോട്ട് ചെല്ലെടാ കുഞ്ഞൂ.. കളറ് കുറഞ്ഞാൽ ചെലപ്പോ ആ കൊച്ചിന് ഇഷ്ടപ്പെട്ടെന്ന് വരില്ല..."
"അയ്യോ കല്ലു.. അങ്ങനൊന്നുമില്ല..."
"ഉം..ഉം.. മോൻ ചെല്ല്.. നമ്മക്ക് വൈകീട്ട് കാണാം.. ബൈ ബൈ..."
"ബൈ ചട്ടമ്പിക്കല്യാണീ ."
"ടാ.. വേണ്ട... വേണ്ട.."
"നീ ചെല്ല് മോളേ ചട്ടമ്പിക്കല്യാണീ.." വീണ്ടും വീണ്ടും അവൻ ഇരട്ടപ്പേര് വിളിച്ചുകൊണ്ടിരുന്നു.. വേണ്ടെന്ന് പറഞ്ഞാൽ അത് വീണ്ടും വിളിക്കും എന്നുള്ളത് കൊണ്ട് പിന്നെയൊന്നും പറയാതെ കല്യാണി വണ്ടി തിരിച്ചു..
സാന്ത്വനത്തിന്റെ ഗെയ്റ്റ് കടന്നപ്പോഴേ പാത്തു കാത്തു നിൽക്കുന്നുണ്ടായിരുന്നു..
"ഇജ്ജ് എബ്ടാർന്നു ന്റെ കല്ലൂ... എത്ര നേരായി ഞമ്മള് നോക്കി നിൽക്കണ്.."
"ഒന്ന് ക്ഷമി ന്റെ പാത്തുമ്മാ.. ന്റെ ഒരു ആരാധികയെ കാണാൻ നിന്നതല്ലേ..."
"ആരാധികയോ...?"
"അതേന്നെ..." സംഭവമെല്ലാം പാത്തുവിനോട് വിശദീകരിച്ചു...
"അതെന്തായാലും കൊള്ളാം.. ന്റെ മുത്തിന്റെ ആരാധിക... നിക്കും ഓളെ ഒന്ന് കാണണം.."
"നോക്കാം... ഇപ്പോ നീ വാ.." കല്ലു പാത്തുവിന്റെ തോളത്തു കയ്യിട്ട് നടന്നു.. പ്രോഗ്രാം കോർഡിനേറ്റർ ആരോടോ ചൂടാവുന്നത് അകലെ നിന്നേ കേൾക്കാമായിരുന്നു..
"ഇന്ന് ടെംപറേച്ചർ ഹൈ ലെവൽ ആണല്ലോ പാത്തൂ.."
"അതേ.. എന്തൊക്കെ കേൾക്കേണ്ടി വരുമോ എന്തോ.."
അവർ നടന്ന് വാതിലിനടുത്തെത്തി..
"മേ ഐ കമിൻ സാർ..." കല്യാണി ചോദിച്ചപ്പോൾ അയാൾ തലയുയർത്തി നോക്കി... മറ്റുള്ളവരോട് പൊയ്ക്കോളാൻ പറഞ്ഞ് അവരെ അകത്തേക്ക് വിളിച്ചു.. രണ്ടാളും ഒരുമിച്ച് അകത്ത് കയറി.. അയാൾ വാച്ചിലേക്കും അവളെയും മാറി മാറി നോക്കി..
"വാട്ട് ഈസ് ദി ടൈം നൗ കല്യാണി.."
അപ്പോഴാണ് വാച്ച് കെട്ടാൻ മറന്നെന്ന് മനസ്സിലായത്.. അവൾ ആ റൂമിലെ ക്ലോക്കിലേക്ക് നോക്കി..
"ലെവൻ തേർട്ടി സർ..."
"ഇപ്പോഴാണോ തന്നോട് വരാൻ പറഞ്ഞത്..." അയാൾ ദേഷ്യത്തോടെ ചോദിച്ചു..
"അത് സാർ അവള്..." പാത്തു പറയാൻ നോക്കിയപ്പോൾ അയാൾ കയ്യുയർത്തി തടഞ്ഞു..
"ചോദിച്ചത് ഫാത്തിമയോടല്ല.. കല്യാണിയോടാണ്..."
"സോറി സാർ..." പാത്തു പറഞ്ഞു..
"സോറി പോലും.. ഫാത്തിമക്ക് എപ്പോഴും സംസാരം കൂടുതലാണ്.. തന്നോട് ചോദിക്കുന്നതിന് മാത്രം താൻ ആൻസർ പറഞ്ഞാ മതി.." പാത്തു തലയാട്ടി.. പക്ഷേ അത് കേട്ടപ്പോൾ കല്ലുവിന് ദേഷ്യം വന്നു.. ഇയാളെന്തിനാ അവളോട് ദേഷ്യപ്പെടുന്നേ..!! കല്യാണിയെ ഫയർ ചെയ്യാനാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ആരോപണങ്ങളെല്ലാം പാത്തുവിന് നേരെയായി..
"മാത്രമല്ല ഫാത്തിമ ചെയ്ത പല കാര്യങ്ങളും ശരിയായിട്ടില്ല..." പാത്തു എല്ലാം കറക്റ്റ് ആയി ചെയ്യുന്ന ആളാണ്.. പിന്നെയെന്തിനാ അവളെ വെറുതെ കുറ്റം പറയണേ.. ഇത് മനപ്പൂർവമാണ്.. തന്നോടുള്ള കലിയാണ് അവളോട് തീർക്കുന്നേ..
"സാർ എന്നോടുള്ള ദേഷ്യം എന്നോട് കാണിച്ചാൽ മതി.. പാത്തുവിന് നേരെ വേണ്ട.."
"അങ്ങനെയാണോ...??"
"അതേ..." കല്യാണി ഉറച്ച ശബ്ദത്തോടെ പറഞ്ഞു.. അയാൾ സീറ്റിൽ നിന്നും എഴുന്നേറ്റ് അവൾക്കടുത്തേക്ക് വന്നു.. ആ കണ്ണുകൾ ദേഷ്യത്താൽ ചുവന്നിട്ടുണ്ടായിരുന്നു.. അയാൾ ഒന്നൂടെ അടുത്തേക്ക് ചെന്ന് അവളോട് ചേർന്ന് നിന്നു.. അവളും ഒരുനിമിഷം അയാളെ തന്നെ നോക്കി നിന്നു...
(തുടരും..)
കൂട്ടുകാരെ വായിക്കുന്ന കൂട്ടുകാർ ആരും ലൈക്ക് ഷെയർ കമന്റ് ചെയ്യുന്നില്ല (എല്ലാവരെയും അല്ലാട്ടോ).. ഈ പോസ്റ്റിനു 300 ലൈക്കുകൾ ആയാൽ ഉടൻ അടുത്ത ഭാഗം ഇടും... ഉറപ്പ്
രചന: അശ്വതി രാവുണ്ണിക്കുട്ടി