"എന്താടീ കല്ലൂ നീയിങ്ങനെ നോക്കണേ..?"
"ചേച്ചീന്ന് വിളിക്കടാ ചെക്കാ.."
"അതിനാണോ നീ കണ്ണുരുട്ടണേ.." കാർത്തിക് അവൾക്കടുത്തേക്ക് വന്നു..
"അല്ല.."
"പിന്നെന്താ..?" അവൻ അവളുടെ തോളിൽ കയ്യിടാൻ നോക്കിയെങ്കിലും അവൾ തട്ടിമാറ്റി..
"നീ ജോഗിങ്ങിന് പോവുമ്പോ ന്നെ ന്താ വിളിക്കാഞ്ഞേ.." കല്യാണി പിണക്കത്തോടെ ചോദിച്ചു..
"ഓ.. അതാണോ.. നീ അങ്ങനെ സ്ഥിരം വരാറൊന്നുമില്ലല്ലോ.."
"നിങ്ങളെന്നെ വിളിക്കാത്തോണ്ടല്ലേ വരാൻ പറ്റാത്തേ.. ഡോക്ടറും എഞ്ചിനീയറും കൂടെയങ്ങട് പോവും.. എന്നെ കൂട്ടത്തില്ല... രാവിലെ പോവുമ്പോ എന്നേം വിളിച്ചുണർത്താൻ എത്ര വട്ടം പറഞ്ഞേക്കണു.."
"വിളിക്കുമ്പോഴേക്കും എണീച്ച് കൂടെ വരുന്ന ഒരാള്.. ഡീ ഉറക്കപ്രാന്തീ.. നിന്നെ വിളിക്കാൻ നിന്നാൽ മനുഷ്യന് പ്രാന്താവും.." കാർത്തിക് അവളുടെ തലക്കിട്ട് കൊട്ടിക്കൊണ്ട് പറഞ്ഞു..
"എന്നാലും ഇന്ന് വിളിക്കാർന്നു.. കുട്ടേട്ടൻ ഇല്ലാർന്നല്ലോ.. നീയൊറ്റക്കല്ലേ പോയേ.."
"അതിനിപ്പോ എന്താ..?"
"അതിലെന്തോ ഉണ്ട്.. കുട്ടേട്ടനില്ലാത്ത ദിവസം മിക്കവാറും പോവാത്ത നീ ഇന്ന് പതിവിലും നേരത്തെ പോയി വൈകി വന്നിരിക്കുന്നു.."
"അതിന്...??" അവൾ ഉദ്ദേശിക്കുന്നതെന്തെന്ന് അവന് മനസ്സിലായില്ല..
"അതിൽ പല ദുരൂഹതകളുമുണ്ട്..." കല്യാണി സംശയത്തോടെ അവനെ നോക്കി.. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് കാർത്തിക്കിന് പിടികിട്ടി..
"അയ്യോ നിനക്കത് മനസ്സിലായല്ലേ കല്ലൂ..."
"ഇതൊക്കെ എനിക്ക് വേഗം മനസ്സിലാവും.. നീയേതോ പെൺകുട്ടിയെ കാണാനല്ലേ പോയേ.."
"യാ.. കറക്റ്റ്.."
"ആരാ ആള്.."
"നിന്റെ അമ്മായീടെ മോള്.."
"ആര്.. രേവതി ചേച്ചിയോ..? ച്ഛെ..! നീ കല്യാണം കഴിഞ്ഞു കുട്ട്യൊക്കെ ആയവരെയാണോ നോക്കണേ.."
"അതേ.. ന്തേ വല്ല ബുദ്ധിമുട്ടും ഉണ്ടോ.."
"ഉണ്ട്.. എനിക്കല്ല.. ചേച്ചീടെ ഭർത്താവിന് ബുദ്ധിമുട്ട് കാണും.. അടികിട്ടാതെ സൂക്ഷിച്ചോ.."
"അത് ഞാൻ നോക്കിക്കോളാം കേട്ടോ.."
"ഓ..."
"ഏ..."
"എന്താ ആങ്ങളേം പെങ്ങളും കൂടെ.." കൃഷ്ണൻ നമ്പൂതിരിയും ചിന്നുവും അങ്ങോട്ട് കയറിവന്നു..
"അപ്പേ...." ചിന്നു കല്ലുവിനടുത്തേക്ക് ഓടിച്ചെന്നു..
"ചിന്നൂട്ടീ... അമ്പലത്തിൽ പോയിട്ട് എന്താ പ്രാർത്ഥിച്ചേ.."
"അത് പിന്നെ.. അമ്മ തല്ലല്ലേന്നും അച്ഛ വരുമ്പോ മറക്കാതെ ചോക്ലേറ്റ് കൊണ്ടുവര്ണേന്നും..." അവളുടെ കൊഞ്ചിക്കൊണ്ടുള്ള സംസാരം കേട്ട് കല്യാണിക്ക് ചിരി വന്നു..
"അപ്പോ അപ്പക്ക് വേണ്ടിയൊന്നും പ്രാർത്ഥിച്ചില്ലേ.." കല്ലു അവളുടെ കവിളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..
"ആ.. അപ്പക്ക് അച്ഛമ്മടേന്ന് വഴക്ക് കേൾക്കല്ലേന്ന് പറഞ്ഞിണ്ട്.." ഇത്തവണ ചിരിച്ചത് കാർത്തിക്കാണ്..
"നിന്റെ അപ്പക്ക് പറ്റിയ പ്രാർത്ഥന തന്നെയാ.."
അവൻ പറഞ്ഞത് കേട്ട് കല്ലു ദേഷ്യത്തോടെ നോക്കി...
"അല്ലാ.. നിങ്ങടെ ചർച്ച എന്താർന്നൂന്ന് പറഞ്ഞില്ലല്ലോ.." അച്ഛൻ വീണ്ടും ചോദിച്ചപ്പോൾ കല്യാണി അച്ഛന് നേരെ തിരിഞ്ഞു..
"ഒന്നൂല്യ അച്ഛാ.. ഞങ്ങൾ ചുമ്മാ..." കാർത്തിക് ഒഴിഞ്ഞുമാറാൻ നോക്കി.. പക്ഷേ കല്യാണിയുണ്ടോ വിടുന്നു..
" ചുമ്മാതൊന്നുമല്ല അച്ഛാ.. ഇവനേ...." കാർത്തിക് വേഗം കല്ലുവിന്റെ വായ പൊത്തി..
"അവളുടെ വായേൽന്ന് കയ്യെടുക്ക് കുഞ്ഞൂ.. മോളെന്തോ പറയാൻ വന്നല്ലോ.."
"അത്.. ഇവള് ചുമ്മാ ഓരോന്ന് പറയുവാന്നേ.."
"അതല്ല അച്ഛാ.." കല്ലു അവന്റെ കൈ മാറ്റി കൊണ്ട് പറയാൻ തുടങ്ങി.. "ഇവനുണ്ടല്ലോ..."
"കല്ലൂ... നീ ചെന്ന് റെഡിയായിക്കേ..." കാർത്തിക് അവളെ മുഴുവനാക്കാൻ സമ്മതിച്ചില്ല..
"റെഡിയാവടീ.. നിനക്ക് പുറത്ത് പോവേണ്ടതല്ലേ.." അവൾ അവിടെ തന്നെ നിൽക്കുന്നത് കണ്ടവൻ പറഞ്ഞു..
"ഞാനെന്തിനാ ഇപ്പോ റെഡിയാവുന്നെ.. പ്രത്യേകിച്ച് തിരക്കൊന്നുമില്ലല്ലോ.. ഇന്ന് സൺഡേ അല്ലേ..."
"പക്ഷേ നിനക്കെന്തോ പ്രോഗ്രാം ഇല്ലേ...?"
"അതിനു ഇനീം ടൈം ഉണ്ടെന്നേ.. കുറച്ചു കഴിഞ്ഞു റെഡിയാവാം.."
"ഏയ് അത് പറ്റില്ല... നടക്ക് നടക്ക്..." കാർത്തിക് അവളെയും തള്ളിക്കൊണ്ട് അകത്തേക്ക് പോയി.. അച്ഛൻ അത് നോക്കി നിന്ന് ചിരിച്ചു... ഒപ്പം ചിന്നൂട്ടിയും ഒന്നും മനസ്സിലാവാതെ ചിരിച്ചു..
"ടീ.. പിശാശ്ശേ.. നീ അച്ഛനോടെന്താ പറയാൻ പോയേ..." കാർത്തിക് ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു.. കല്ലുവിന് അവന്റെ ദേഷ്യം കണ്ടിട്ട് പേടിയൊന്നും തോന്നിയില്ല.. അവൾ ചിരിച്ചു കൊണ്ട് തന്നെ അവന് മറുപടി നൽകി..
"നിനക്ക് രേവതി ചേച്ചിയെ ഇഷ്ടാന്നാ പറയാൻ വന്നത്.."
"അത് ഞാൻ കളിയായി പറഞ്ഞതാന്ന് നിനക്കറിഞ്ഞൂടേ.."
"അയ്യോ.. ചുമ്മാ പറഞ്ഞതാര്ന്നോ ഇഞ്ചിനീരേ.. നിക്ക് മനസ്സിലായില്യാട്ടോ.." അവൾ കളിയാക്കും പോലെ പറഞ്ഞു..
"ഞ്ഞഞ്ഞായി.. നീ മനസ്സിലാക്കണ്ട.. " അവൻ അവളെ തട്ടിമാറ്റി മുന്നോട്ട് നടന്നു..
"ഡാ.." അവൾ വിളിച്ചപ്പോൾ അവൻ തിരിഞ്ഞു നോക്കി..
"എന്നാലും ഏത് കൊച്ചിനെ കാണാനാടാ നീ പോയേ.." അതും ചോദിച്ചിട്ടവളോടി..
"നിന്നെയിന്ന് ഞാൻ...." അവനവളുടെ പിറകേ ഓടി.. വീട് മുഴുവൻ അവർ കറങ്ങി.. തൂണിനപ്പുറവും ഇപ്പുറവും നിന്ന് തിരിഞ്ഞു.. സംഗീത ക്ലാസ് നടക്കുന്നത് കൊണ്ട് അധികം ശബ്ദമൊന്നും ഉണ്ടാക്കാതെയായിരുന്നു ഈ കലാപരിപാടിയൊക്കെ...
"എന്താ രണ്ടും കൂടെ ഓടിക്കളിക്കണേ.. വയസ്സെത്രയായീന്നാ.. ഒന്നൊതുങ്ങിയിരുന്നൂടേ..." അമ്മ പറഞ്ഞത് കേട്ട് രണ്ടാളും ഓട്ടം നിർത്തി അടുത്തേക്ക് ചെന്നു..
"എന്താ അമ്മ പറഞ്ഞേ...?" കല്ലു ചോദിച്ചു
"നിനക്കെന്താ ചെവികേട്ടൂടേ..? എന്തിനാ വഴക്കടിക്കണേന്ന്.. കുട്ടിക്കളിയാ നിങ്ങൾക്കെപ്പഴും.. ഇനി ഇത് ആവർത്തിച്ചാൽ ഉണ്ടല്ലോ.." അമ്മ ശാസനയോടെ പറഞ്ഞു..
കാർത്തിക്കും കല്ലുവും പരസ്പരം നോക്കി.. ശേഷം ചിരിച്ചു കൊണ്ട് തോളിൽ കയ്യിട്ടു..
"എന്റെ ചേച്ചി..."
" ന്റെ അനിയൻ.."
"ഞങ്ങടെ കാല്.. ഞങ്ങൾ ഓടുന്നു.. അത് ഞങ്ങടെ ഇഷ്ടാണേ.."
"അതന്നെ..." കല്ലു അവനെ സപ്പോർട്ട് ചെയ്തു..
"ഓഹോ.. ഇപ്പോ ചേച്ചീം അനിയനും ഒന്നായല്ലേ.. അല്ല ഇത് സ്ഥിരം ഏർപ്പാടാണല്ലോ.. അതോർക്കാതെ ഇതിലിടപെടാൻ വന്ന എന്നെ വേണം പറയാൻ..." അമ്മ പറഞ്ഞു..
"അതേ.. അമ്മക്കൊരാവശ്യവുമില്ലാർന്നു.." അതുകേട്ട് അമ്മ തല്ലാൻ കയ്യോങ്ങിയപ്പോൾ കാർത്തിക് ഓടി.. കല്ലു അമ്മക്ക് നേരെ കൈ കൂപ്പി.. അവളെ നോക്കിയൊന്ന് ഇരുത്തി മൂളിയ ശേഷം അമ്മ അടുക്കളയിലേക്ക് പോയി.. ഫോൺ അടിക്കുന്ന ശബ്ദം കേട്ട് കല്ലു റൂമിലേക്ക് ചെന്നു.. റിങ് ടൂൺ ഫോണിനൊപ്പം ഏറ്റുപാടിക്കൊണ്ട് ടേബിളിൽ ഇരുന്നിരുന്ന ഫോൺ എടുത്ത് ചെവിയിൽ വെച്ചു..
"ഹലോ... മെ ഐ ആസ്‌ക്ക് ഹൂ ഈസ് കോളിങ്..." കല്യാണി വിനയാന്വിതയായി ചോദിച്ചു..
"അന്റെ കെട്ട്യോൻ വാപ്പുട്ടി..." ഉടനടി മറുപടി വന്നു..
"അപ്പോ വാപ്പുട്ടിക്കാനെ നീ ഡിവോഴ്‌സ് ചെയ്താ പാത്തു...?"
"അതിന് ഞാൻ കെട്ടിയിട്ടില്ലല്ലോ.. ഞമ്മള് സിംഗിൾ അല്ലേ..."
"സിംഗിളാ.. നീയോ..."
"അതേ... എന്തേ ഇന്നെ കണ്ടാ അങ്ങനെ തോന്നൂലേ...."
"തോന്നും തോന്നും... ഇപ്പോ നീ വിളിച്ച കാര്യം പറ..." കല്ലു കൂടുതൽ തർക്കിക്കാൻ നിന്നില്ല..
"ആ.. അതന്നെ പറയാൻ വന്നേ.. "
"എന്നാ പറയങ്ങട്.."
"ഇജ്ജ് ഇന്നത്തെ പ്രോഗ്രാം മറന്നാ..?"
"അതൊക്കെ മറക്കുന്നവളാണോടീ ഈ കല്യാണി..."
"അല്ലാന്ന് അറിയാം.. ഇന്നാലും അന്റെ ഒരനക്കോം കാണാത്തോണ്ട് ചോയ്ച്ചതാ.."
"ടൈം ഉണ്ടല്ലോടീ.."
"ഉണ്ട്.. പക്ഷേ ഇജ്ജ് ഒറക്കത്തിൽ പെട്ട്വോന്ന് അറിയൂലല്ലോ..." പാത്തു ചിരിച്ചു കൊണ്ട് പറഞ്ഞു..
"ഉറക്കം കളയാൻ ന്റെ മാതാശ്രീ ഇവ്ടെ സജജയാണ് കുട്ട്യേ.." കല്യാണിയുടെ സ്വരത്തിൽ നിരാശയുണ്ടായിരുന്നു
"അതാണെന്റെ ഒരാശ്വാസം.."
" ഓ..."
"എന്നാ ഞമ്മള് വെക്കാണേ... എല്ലാം പറഞ്ഞ പോലെ... സമയത്തിന് വന്നേക്കണം.."
"ഞാനെത്തിക്കോളാമെടീ..."
"ഓക്കെ ഡിയർ..."
ഫോൺ വെച്ചിട്ട് കല്ലു അലമാര തുറന്നു.. തനിക്കേറ്റവും ഇഷ്ടപ്പെട്ട നേവി ബ്ലൂ കളർ ടോപ്പും ജീൻസും എടുത്തിട്ടു.. മുടിയെടുത്ത് വട്ടത്തിൽ കെട്ടി ബണ്ണു കൊണ്ട് ഒന്നൂടെ ടൈറ്റാക്കി.. കാതിൽ ഒരു മൊട്ടുകമ്മൽ ഇട്ടു.. മൂക്കിൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിയും മേക്കാതിലെ റിങ്ങും ഒന്ന് തൊട്ടുനോക്കി.. ഫേസ്‌വാഷിട്ട് മുഖം നന്നായി കഴുകി തുടച്ച് പുറത്തേക്ക് നടന്നു..
മുത്തശ്ശി അപ്പോഴും എന്തൊക്കെയോ ചിന്തകളിലാണ്..
"ഠോ..!!" അവൾ ശബ്ദമുണ്ടാക്കിയത് കേട്ട് മുത്തശ്ശി തിരിഞ്ഞു നോക്കി.. എന്നാൽ പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നും തന്നെ ആ മുഖത്ത് കണ്ടില്ല..
"ഇങ്ങനെ ഉറക്കെ വന്ന് ശബ്ദമുണ്ടാക്കീട്ടും പേടി തോന്നിയില്ലേ ന്റെ മുത്തിയമ്മക്ക്.."
"ഈയൊരു ശബ്ദം കേട്ടാലൊന്നും പേടിക്കുന്നവളല്ലെടീ ഈ ഭദ്രാദേവി.."
"അതേ സ്വഭാവാണല്ലോ നിക്ക് കിട്ട്യേക്കണേ..." കല്യാണി അഭിമാനത്തോടെ പറഞ്ഞു...
"ഉം..ഉം..."
"അതേയ്.. ന്റെ ലുക്ക് എങ്ങനുണ്ട്..?" കല്യാണി കൂളിംഗ് ഗ്ലാസ് പോക്കറ്റിൽ നിന്നെടുത്ത് സ്റ്റൈലിൽ മുഖത്ത് വെച്ചു.. പിന്നെ ഫോട്ടോക്ക് പോസ് ചെയ്യും പോലെ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിഞ്ഞ് നിന്നു.. ഇത്രയൊക്കെ ചെയ്തിട്ടും മുത്തശ്ശിയുടെ മറുപടിയൊന്നും കാണാത്തത് കൊണ്ട് അവൾ തല ചെരിച്ച് നോക്കി.. മൂപ്പരാള് തന്നെ വിശദമായി നോക്കിക്കൊണ്ടിരിക്കുവാണ്.. എങ്കിൽ നോക്കിക്കോട്ടെ എന്നവളും കരുതി.. കുറച്ച് കഴിഞ്ഞപ്പോ മുത്തശ്ശീടെ റിപ്ലെ വന്നു..
"ലുക്കൊക്കെ കൊള്ളാം.. പയ്യന്മാരൊക്കെ മൂക്കും കുത്തി വീഴും നിന്നെ കണ്ടാൽ.."
ഇത് പറയാൻ ഇത്രേം നേരം ആലോചിക്കണമായിരുന്നോ ആവോ.. ഇനി ഇപ്പോ തന്നെ കളിയാക്കീതാണോ എന്ന സംശയവും അവൾക്ക് തോന്നാതിരുന്നില്ല.. അവളുടെ നോട്ടത്തിലൂടെ ആ സംശയം മുത്തശ്ശി വായിച്ചെടുത്തു..
"ശരിക്കും പറഞ്ഞതാടീ.. ഒന്നു നോക്ക്യോക്ക് ഏതേലും ചെക്കന്മാരെ വളക്കാൻ പറ്റ്വോന്ന്.."
"ഭദ്രാന്തർജനം.. ഇങ്ങനൊക്കെ പറയാമോ ഈ കൊച്ചുമോളോട്.. അന്തർജനത്തിന്റെ പ്രായത്തിലുള്ളോരൊക്കെ നോർമലി ചെയ്യാ അമ്മേ പോലെ ചീത്ത പറയാ.. ഇതിപ്പോ ന്നെ വഷളാക്കുവാണോ..."
"അങ്ങനൊരു ഓൾഡ് ജനറേഷൻ കിളവിയല്ല ഞാൻ.. എന്നുവെച്ച് വല്യേ ന്യൂ ജനറേഷനും അല്ല... നിക്കെന്താണോ ശരി അത് ഞാൻ പറയും... ചെയ്യും.."
"വെൽഡൺ മൈ ഗേൾ..." അവൾ മുത്തശ്ശിയുടെ ചുളിവുകൾ വീണ കവിൾ സ്നേഹത്തോടെ പിടിച്ച് വലിച്ചു..
"പയ്യെ.. വേദനിക്കുന്നെടി പെണ്ണേ..." മുത്തശ്ശി അവളുടെ കയ്യിൽ പതിയെ അടിച്ചു..
"അച്ചോടാ..." കല്ലു മൃദുലമായ കുഴിഞ്ഞ കവിളിൽ തന്റെ ചുണ്ട് പതിപ്പിച്ചു...
"ഇപ്പോ വേദന ഉണ്ടോ..."
"ഇല്ലെടീ ചട്ടമ്പീ.. നിന്റെ ഉമ്മ കിട്ടുമ്പോ വല്ലാത്തൊരു സുഖമാ.."
അതുകേട്ട് അവൾ ചിരിച്ചു.. അമ്മ അങ്ങോട്ട് വന്നു.. കല്യാണി വേഗം ഗ്ലാസ് ഊരി ജീൻസിന്റെ പോക്കറ്റിൽ തന്നെ വെച്ചു.. മുത്തശ്ശിക്ക് ചിരി വരുന്നുണ്ടായിരുന്നു.. അമ്മ അവളെ അടിമുടി നോക്കി.. ഇനി പറയാൻ പോകുന്നതെന്താണെന്ന് കല്യാണിക്ക് ഊഹിക്കാൻ കഴിഞ്ഞു.. അവൾ അത് കേൾക്കാൻ തയ്യാറായി തന്നെ നിന്നു..
"ന്റെ കല്ലൂ.. നിനക്ക് കുറച്ച് നല്ല രീതിയിൽ പൊക്കൂടേ... എന്ത് കോലമാ ഇത്.."
"അമ്മായിഅമ്മ കുറ്റമൊന്നും പറഞ്ഞില്ലെങ്കിലും മരുമോള് ആവശ്യത്തിലധികം പറയുന്നുണ്ട്.." കല്യാണി മുത്തശ്ശിയുടെ ചെവിയിൽ അടക്കം പറഞ്ഞു..
"എന്താടീ നീ മുത്തശ്ശിയോട് പറയണേ.."
"ഒന്നൂല്യെന്റമ്മോ.. ഇപ്പോ ന്നെ കാണാൻ എന്താ ഒരു കുഴപ്പം.." അവൾ ഗൗരവത്തോടെ ചോദിച്ചു..
"കുഴപ്പം മാത്രേ ഉള്ളൂ.. നിനക്ക് ജീൻസല്ലാതെ വല്ല ഡ്രെസ്സും ഇട്ടൂടേ.. പിന്നെ ഒന്ന് പൊട്ട് തൊട്ട്...."
"പൊട്ട് തൊട്ട്.. കണ്ണെഴുതി.. ആഭരണങ്ങളിഞ്ഞ്... അല്ലേ..?? " അമ്മ പറയാൻ വന്നത് അവൾ മുഴുവനാക്കി..
"ആ.. അതേ.. എങ്കിലൊരു ഭംഗീം ഐശ്വര്യവും ഒക്കെ വരും മുഖത്ത്..." അമ്മയുടെ സ്ഥിരം പല്ലവി കേട്ട് കേട്ട് അവളുടെ ചെവി തഴമ്പിച്ചു തുടങ്ങിയിരുന്നു..
"ന്റമ്മേ.. എന്റെ ഭംഗി നോക്കാൻ തൽക്കാലം ആരുമവിടെ ഇരിപ്പില്ല്യാ.. പിന്നെ ആരേലും നോക്ക്യാ തന്നെ ഇങ്ങനെ കാണാനും ഭംഗി ഉണ്ടെന്ന് മുത്തിയമ്മ ഇപ്പോ പറഞ്ഞതേയുള്ളൂ.." അവളത് പറഞ്ഞപ്പോൾ അമ്മ മുത്തശ്ശിയെ നോക്കി.. മുത്തശ്ശിക്ക് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവമായിരുന്നു..
"അമ്മ ഇവൾക്ക് സപ്പോർട്ട് നിക്കാണോ..? ചെറുപ്പത്തിലൊക്കെ എങ്ങനെ നടന്നേർന്ന കുട്ട്യാ.. ഇതിനേക്കാൾ ചന്തം ഇണ്ടാർന്നില്ല്യേ അപ്പോ..." അമ്മ പറഞ്ഞപ്പോൾ മുത്തശ്ശി വെറുതെ തലയാട്ടി...
"അമ്മ എന്താ ഒന്നും പറയാതെ വെറുതെ തലയാട്ടണേ.... "
"ഇവള് നീ പറയണ പോലൊക്കെ ഒരുങ്ങാറുണ്ടല്ലോ ആര്യേ.."
"എപ്പോ..? ആണ്ടിനും ശംക്രാന്തിക്ക്വോ.. ഇവളെ എന്നും അങ്ങനെ കാണാൻ ഞാനിനി ന്താ ചെയ്യാ.." കല്യാണിക്ക് ദേഷ്യമല്ല.. സഹതാപമാണ് തോന്നിയത്.. അമ്മ എല്ലാ ദിവസവും ഇത് പറയും.. താൻ ഇതുപോലെ തന്നെ പോവേം ചെയ്യും.. എന്നാലും അമ്മക്കിത് പറയണത് ഒരു രസം.. അതിനൊരു മുടക്കും വരാറില്ല..
"അമ്മ ഒന്നും ചെയ്യണ്ട.. നിക്ക് തോന്നുമ്പോ തോന്നണ പോലെ ഞാൻ ഒരുങ്ങിക്കോളാമെന്നേ.."
"എന്താ ഒരുക്കത്തിന്റെ കാര്യമൊക്കെ പറയണേ.."അച്ഛനത് ചോദിച്ചു കൊണ്ട് വന്നു.. പിന്നാലെ വാല് പോലെ ചിന്നൂട്ടിയും..
"ന്റെ അച്ഛാ.. നിക്ക് സൗന്ദര്യം പോരാന്ന് അമ്മക്ക് പരാതി.. നന്നായി ഒരുങ്ങി നടക്കാൻ.."
"അങ്ങനെ പറഞ്ഞോ നീ ആര്യേ.. ന്റെ മോള് എപ്പോഴും സുന്ദരി തന്ന്യാ.. പൊന്നുംകുടത്തിനെന്തിനാ പൊട്ട്.." അച്ഛൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
"അങ്ങനെ പറഞ്ഞു കൊടുക്കെന്റെ അച്ഛാ.. " കല്യാണി അച്ഛനെ കെട്ടിപ്പിടിച്ചു..
"നിങ്ങൾ അച്ഛനും മോളും ഒക്കെ ഒരു സെറ്റ് ആണല്ലോ... നമ്മൾ മാത്രം ഒറ്റ.." അമ്മ പരിഭവത്തോടെ പറഞ്ഞു..
"അങ്ങനല്ല അമ്മേ.. പിന്നേയ്.. ചുരിദാറോ ദാവണിയോ സാരിയോ ഒക്കെ ഉടുത്ത് കണ്ണെഴുതി പൊട്ടും കുറിയുമൊക്കെ തൊട്ട് നടന്നാലേ നല്ല കുട്ടിയാവൂ.. ഭംഗി ഉണ്ടാവൂ.. എന്നൊക്കെ അമ്മോടാരാ പറഞ്ഞേ.. ഒരാൾക്ക് ഉള്ള ഭംഗി എപ്പോഴും ഉണ്ടാവും.." കല്ലു പറഞ്ഞു..
"അതേ ആര്യേ.. ഈ പുറമേയുള്ള ഭംഗിയിൽ ന്താ കാര്യം ഉള്ളേ.. മനസ്സിനല്ലേ സൗന്ദര്യം വേണ്ടേ.. അത് നമ്മടെ മോൾക്ക് ആവോളം ഉണ്ട്.." അച്ഛന്റെ വാക്കുകളിൽ മകളെ കുറിച്ചുള്ള അഭിമാനം നിറഞ്ഞിരുന്നു.. അദ്ദേഹം തുടർന്നു..
"പിന്നെ എങ്ങനെ നടക്കണം.. എന്ത് ധരിക്കണം എന്നൊക്കെ ഓരോരുത്തർടേം ഇഷ്ടാണ്.. എല്ലാരുടേം ഇഷ്ടം ഒരുപോലാവില്ല.. മാത്രമല്ല ആ ഇഷ്ടങ്ങൾ കാലത്തിനനുസരിച്ചു മാറിക്കൊണ്ടും ഇരിക്കും.. " അച്ഛൻ തന്റെ അഭിപ്രായം വ്യക്തമാക്കി.. അമ്മ ഒന്നും മിണ്ടിയില്ല.. കല്യാണി അമ്മക്കടുത്തേക്ക് നീങ്ങി നിന്നു..
"അമ്മ പറഞ്ഞ രീതി നിക്കിഷ്ട്ടൊക്കെ തന്ന്യാ.. ന്നാലും എന്നുമങ്ങനെ നടക്കാൻ പറ്റൂല..."
"നിന്നോട് പറയണതേ വ്യർത്ഥം.. തർക്കിച്ചു നിൽക്കാൻ കേമ്യാ നീയ്.. ആ കേമത്തരത്തിന് കൂട്ട് നിൽക്കാൻ ഓരോരുത്തരും.." അച്ഛനെയും മുത്തശ്ശിയെയും നോക്കിയാണ് അത് പറഞ്ഞത്..
"ഓഹോ.. എന്നാ ഈ കേമി പോയിട്ട് വരട്ടെ മാതാശ്രീ..." അവളമ്മക്കൊരുമ്മ കൊടുത്തു.. ആ ഉമ്മയിൽ അവരുടെ മുഖത്തെ പരിഭവവും ദേഷ്യവുമെല്ലാം അലിഞ്ഞില്ലാതായി..
"നോക്കി പോണേ നീ..." കുറച്ചു മുൻപേ ദേഷ്യപ്പെട്ട ആളാണ് അത് പറയുന്നതെന്ന് തോന്നേയില്ല.. അല്ലെങ്കിലും അമ്മമാർ അങ്ങനാണല്ലോ...
"ശരി അമ്മേ.. ഡോണ്ട് വറി..."
മുത്തശ്ശിയോടും അച്ഛനോടും ചിന്നൂട്ടിയോടും കെട്ടിപ്പിടിച്ചു കൊണ്ട് യാത്ര പറഞ്ഞു.. പാട്ട് പഠിപ്പിക്കുന്ന ഏട്ത്തുവിനും പഠിക്കുന്ന കുട്ടികൾക്കും നേരെ കൈവീശി കാണിച്ചു.. എന്നിട്ട് സ്‌കൂട്ടിയുടെ ചാവി കയ്യിലിട്ട് കറക്കിക്കൊണ്ട് ഒരു മൂളിപ്പാട്ടും പാടി തന്റെ ശകടത്തിനടുത്തേക്ക് നടന്നു.. വണ്ടി സ്റ്റാർട്ട് ചെയ്യാനൊരുങ്ങുമ്പോഴേക്കും അവളുടെ ഫോൺ ശബ്ദിച്ചു...
"പാത്തു കോളിംഗ്..."
(തുടരും..)
ഇഷ്ടമായെങ്കിൽ അഭിപ്രായങ്ങൾ അറിയിക്കണേ, ലൈക്ക് ഷെയർ ചെയ്യണേ...
രചന: അശ്വതി രാവുണ്ണിക്കുട്ടി